1984 ഡിസംബർ പത്താം തീയതി തിങ്കളാഴ്ചയാണ് ഞാൻ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നത്. മലയാള ത്തിൽ മാത്രമുളള ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ചാനൽ. ഇക്കാലത്ത് ഊഹിക്കാൻ പോലും പറ്റാത്ത ഒട്ടേറെ കടമ്പകളുണ്ട്. ജനുവരി ഒന്നാം തീയതി ഉദ്ഘാടനം നടത്താനുളള അനുമതി കിട്ടിയിരിക്കുന്നു. ഒരു മണിക്കൂർ നേരത്തെ പരിപാടികൾ, പതിനഞ്ച് മിനിട്ട് നേരം മലയാളം വാർത്തകൾ. പരിപാടികൾ തയ്യാറാക്കുന്ന, തൽസമയം വാർത്തകൾ സംപ്രേഷണം ചെയ്യുന്ന താൽക്കാലിക സ്റ്റുഡിയോ സംവിധാനം, നിർമ്മാണത്തിലിരിക്കുന്ന സ്റ്റുഡിയോ (അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും ആധുനിക സംവിധാനങ്ങളോട് കൂടിയത്) സെറ്റുകൾ ഒരുക്കുന്ന ഒരു ഷെഡ് താൽക്കാലിക സ്റ്റുഡിയോ ആക്കി മാറ്റിയതിന് പിന്നിലെ പ്രവർത്തനം സാങ്കേതികത്വത്തിൽ മികവുറ്റതായിരുന്നു; സ്റ്റുഡിയോവിന്റെ കൺട്രോൾ റൂം ജലന്തർ ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് ഉപേക്ഷിച്ചു കളഞ്ഞ ഒ. ബി വാൻ! (ഔട്ട് സൈഡ് ബ്രോഡ് കാസ്റ്റിംഗ് വാൻ).
അക്കാലത്തെ സഹപ്രവർത്തകരെല്ലാം തന്നെ ചെറുപ്പത്തിന്റെ ആവേശത്തി ലായിരുന്നു. എന്ത് വന്നാലും ജനുവരി ഒന്നിന് കേന്ദ്രം തുടങ്ങണം. ഏഴ് പ്രൊഡ്യൂസർമാരും പ്രൊഡക്ഷൻ അസിസ്റ്റന്റ്മാരായ അഞ്ച് പേരുമാണ് പരിപാടികളുടെ നിർമ്മാണച്ചുമതലയുളളവർ. പരിശീലനം കഴിഞ്ഞ് വെറുതെ യിരിക്കുന്നതിന്റെ മടുപ്പിൽ അവരും വളരെ ഉത്സാഹത്തിമർപ്പിലായിരുന്നത് ഭാഗ്യം.

പരിപാടികൾ വൈവിധ്യം നിറഞ്ഞതായിരുന്നു. പതിനഞ്ച്, മുപ്പത് മിനുട്ട് സമയത്തേക്കുളള സ്ലോട്ടുകൾ പരിപാടികൾക്കും അവതാരകരും വാർത്താവ തരണത്തിനും അവതാരകർ വേണം. അവരാണ് താരങ്ങളും. അവരെ കണ്ടെത്തി പരിശീലനം നൽകണം. അതൊരു ഭഗീരഥയത്‌നമായിരുന്നു. ടെലിവിഷൻ സ്‌ക്രീനിൽ കാണുമ്പോൾ ആകർഷകമായ മുഖമാവണം; നല്ല പ്രക്ഷേപണ യോഗ്യമായ ശബ്ദം വേണം, പൊതുവിജ്ഞാനം ഭേദപ്പെട്ടതായിരിക്കണം. കല, സംഗീത, സാഹിത്യാദി വിഷയങ്ങളിൽ അഭിരുചി വേണം. ഈ യോഗ്യതകളും ചുരുങ്ങിയത് ഡിഗ്രി വരെയുളള വിദ്യാഭ്യാസയോഗ്യതയും വേണം. അപേക്ഷകരെ കണ്ടെത്താൻ പത്രങ്ങളിൽ അറിയിപ്പ് നൽകി. അപേക്ഷ ഫോറങ്ങൾക്കുളള ആവശ്യം തന്നെ ആയിരക്കണക്കിന്! ഞങ്ങളെല്ലാം ഞെട്ടിപ്പോയി. കേരളകൗമുദി പത്രം നീണ്ടക്യൂവിന്റെ വാർത്ത കൊടുത്തത് ഒന്നാം പേജിൽ ആറ് കോളത്തിൽ, ഗേറ്റിന് പുറത്തേക്ക് നീണ്ട വലിയ ക്യൂവിന്റെ ഫോട്ടോ സഹിതം. വേണ്ടിയിരുന്നത് വാർത്തകൾക്കും അവതരണത്തിനുമായി ഏതാനും പേരെ മാത്രം. അവരുടെ ഒരു പാനൽ ഉണ്ടാക്കി അതിൽ നിന്ന് ആളുകളെ ആവശ്യാനുസരണം വിളിക്കുകയെന്നാണ് പതിവ്. മാസത്തിൽ ആറ് തവണയിൽ കൂടുതൽ എത്ര നല്ല അവതരണമായാലും കരാർ നൽകിക്കൂടാ.
ആയിരക്കണക്കിന് വന്ന യുവതീയുവാക്കളുടെ അപേക്ഷകളിൽ നിന്ന് ചുരുക്കപ്പട്ടികയുണ്ടാക്കി അവരെ ഓഡീഷൻ നടത്തി വേണം അന്തിമമായ തെരഞ്ഞെടുപ്പ്. ഇതൊരു സ്ഥിരം ജോലിയാണെന്ന് കരുതിയായിരുന്നു ഇത്രയധികം യുവതിയുവാക്കൾ അപേക്ഷിച്ചത്. അപേക്ഷിച്ചവരെയെല്ലാം ഓഡീഷന് വിളിച്ചു. സ്റ്റുഡിയോവിലെ ക്യാമറകളിൽ കൂടി നടത്തുന്ന ഓഡീഷന് മുമ്പേ നല്ല ഭാഷകളിലെഴുതിയ ഖണ്ഡികകളും, ഖരഘോരാക്ഷര ങ്ങളടങ്ങിയ വാക്കുകളും ഓരോരുത്തരോടും വായിക്കാനാവശ്യപ്പെട്ടു. പ്രൊഡ്യൂസർമാരും സഹപ്രവർത്തകരുമടങ്ങുന്ന സംഘം. പക്ഷെ ഭാഷാ ശുദ്ധിയും ഉച്ചാരണ ശുദ്ധിയും 99% യുവതിയുവാക്കൾക്കും ഇല്ലായിരുന്നു! ശേഷിക്കുന്നവരിൽ ആകർഷകമായ ക്യാമറാമുഖവും ശബ്ദ, ഭാഷാ ശുദ്ധിയും ഉളളവർ നന്നേ പരിമിതം. സമകാലീന വിഷയങ്ങളിൽ താൽപര്യമുളളവരെ കണ്ടെത്തുന്നത് അതിലും വിഷമം. ഏകദേശം ഒരാഴ്ചയോളം നീണ്ടുനിന്നു പ്രാഥമികമായ തെരഞ്ഞെടുപ്പ് പ്രക്രിയ. അക്കാലത്ത് എനിക്ക് കിട്ടിയത്രയും ശുപാർശകൾ, കത്ത്, ഫോൺ, സന്ദർശനം മുഖേന ജീവിതത്തിൽ മറ്റൊരി ക്കലും കിട്ടിയിട്ടില്ല.
ക്യാമറക്കണ്ണുകളെ ചതിക്കാൻ കഴിയില്ലെന്ന സത്യം ടെലിവിഷൻ പോലെ പ്രകടമാവുന്ന മാധ്യമമില്ല. അതിനാൽ ശുപാർശകളൊന്നും ചെവിക്കൊളളാൻ കഴിഞ്ഞില്ല. മാത്രവുമല്ല, തെരഞ്ഞെടുപ്പ് നടത്തുന്നവരുടെ വ്യക്തി താൽപര്യങ്ങൾക്കും സ്ഥാനമാനമുണ്ടായിരുന്നില്ല. റേഡിയോ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ചിലർക്ക് പരിചിതരായ ഒട്ടേറെ അപേക്ഷകരുണ്ടായിരുന്നു. ഭാര്യാഭർത്തൃബന്ധം. അധ്യാപക - വിദ്യാർത്ഥിബന്ധം, മുഖ്യമന്ത്രി, യാഥാർത്ഥ്യം, ആധ്യക്ഷ്യം, ഗാനനിർഝരി തുടങ്ങി ഉച്ചാരണ ശുദ്ധിവേണ്ട വാക്കുകളുടെ നീണ്ട പട്ടിക തയ്യാറാക്കുന്നതിന് അവരുടെ അനുഭവം വളരെ വിലപ്പെട്ടതായി.

ചെന്നൈ തൊലൈക്കച്ചി നിലയത്തിൽ ഒരവതരണത്തിൽ വന്ന അക്ഷര, ഉച്ചാരണപ്പിശകിന്റെ പേരിൽ ഞാൻ നേരിട്ട പ്രതിഷേധം സ്മരണീയമാണ്. മഹാകവി വളളത്തോൾ നാരായണമേനോനെ കുറിച്ചുളള തമിഴ് പരിപാടിയെ കുറിച്ചായിരുന്നു സംഭവം. കലാമണ്ഡലത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഫിലിംസ് ഡിവിഷൻ നിർമ്മിച്ച ഒരു ഡോക്യുമെന്ററിയും വളളത്തോൾ കവിതകളെക്കുറിച്ച് തമിഴ് പണ്ഡിതൻമാരുടെ ചർച്ചയും. നിർഭാഗ്യവശാൽ തമിഴിൽ അവതാരക ആവർത്തിച്ച് ഉച്ചരിച്ചത് 'വല്ലത്തോൽ' എന്നായിരുന്നു. പിറ്റേന്ന് രാവിലത്തെ പ്രോഗ്രാം മീറ്റിംഗിൽ ഉച്ചാരണപ്പിശകിനെക്കുറിച്ച് ക്ഷുഭിതരായി കേന്ദ്രത്തിലെ പ്രൊഡ്യൂസർമാർ സംസാരിച്ചു. സാധാരണയായി അവതാരകർ സ്‌ക്രീനിൽ പറയുന്നതെല്ലാം ഹൃദിസ്ഥമാക്കി, അവതരണ വിഭാഗത്തിന്റെ ചുമതലയുളള പ്രൊഡ്യൂസറെ കേൾപ്പിക്കണം. ഉച്ചാരണത്തെറ്റ് തിരുത്തേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. അക്കാലത്ത് ചുമതലയുളള പ്രൊഡ്യൂസർ തമിഴിൽ പ്രശസ്തനായ എഴുത്തുകാരനും പണ്ഡിതനുമാണ്. അവതാരകയാവട്ടെ, മദ്രാസ് ദൂരദർശനിലെ അവതാരകമാരിൽ ഏറ്റവും മിടുക്കിയും. പ്രോഗ്രാം മീറ്റിംഗ് കഴിഞ്ഞ് ഞാൻ ഓഫീസ് മുറിയിൽ എത്തിയപ്പോൾ, റിസപ്ഷനിൽ നിന്നൊരു വിളി. മദിരാശിയിലെ മലയാളി സംഘടനയുടെ ഏതാനും പ്രതിനിധികൾ കാണാൻ കാത്തിരിക്കുന്നു. അവർ മുറിയിലെത്തിയത് ഒരു പ്രതിഷേധക്കുറിപ്പുമായിട്ടായിരുന്നു. വളളത്തോളിനെ 'വല്ലത്തോൽ' ആക്കിയതിൽ. അതും മലയാളിയായ ഞാൻ ഡെപ്യൂട്ടി ഡയറക്ടർ ആയി ഇരിക്കുമ്പോൾ! വല്ല വിധേനയും അവരെ സമാധാനിപ്പിച്ചു. അടുത്ത തവണ അനൗൺസ്‌മെന്റ് ജോലിക്ക് അവതാരക വന്നപ്പോൾ പ്രൊഡ്യൂസർ അവരെയും കൂട്ടി എന്റെ മുറിയിൽ വന്നു. അദ്ഭുതം! മദിരാശിയിൽ തന്നെ ജനിച്ച് വളർന്ന്, തമിഴ് ഭാഷാ സ്‌കൂളിലാണ് പഠിച്ചത്. ഇംഗ്ലീഷ് അക്ഷരങ്ങളിലെഴുതിയപ്പോഴാണ് 'വല്ലത്തോലായത്'! ദൂരദർശനിൽ ഭരതനാട്യം അവതരിപ്പിക്കാനുളള അപേക്ഷയുമായി വന്നപ്പോഴാണ് അവതരണത്തിൽ താൽപര്യമുണ്ടോ എന്ന് പ്രൊഡ്യൂസർ ചോദിച്ചതും ഓഡിഷൻ നടത്തി തെരഞ്ഞെടുത്തതും. വിജയശ്രീ തമിഴിലെ ഏറ്റവും നല്ല അനൗൺസർ ആയിരുന്നു. അക്കാലത്ത് പേരുപോലെ മുഖശ്രീയുളള വിജയശ്രീ വല്ലത്തോലിനെ പറ്റിയുള്ള തെറ്റിന്ന് പ്രേക്ഷകരുടെ കത്തുകൾ വായിക്കുന്ന എതിരൊളി പരിപാടിയിൽ മാപ്പ് പറഞ്ഞു.
പ്രക്ഷേപണഭാഷ മാതൃകാപരമാവണമെന്നും ചോദ്യം ചെയ്യപ്പെടാനാവാ ത്തതാകണമെന്നും അലിഖിത നിയമമാണ്. തിരുവനന്തപുരം ദൂരദർശൻ തുടങ്ങിയ കാലം തൊട്ടേ ഭാഷാ ശുദ്ധിയില്ലായ്മയും ഉച്ചാരണ വൈകല്യങ്ങളും ഒഴിവാക്കാൻ കഴിയുന്നത്ര ശ്രമിച്ചിരുന്നു. മുൻപെഴുതിയ അവതാരകരുടെ നൂറുക്കണക്കിന് അപേക്ഷകരിൽ ശരാശരി ഒരു ശതമാനം പേർപോലും ഉച്ചാരണശുദ്ധിയും ശബ്ദസൗകുമാര്യവും ക്യാമറയ്ക്ക് പറ്റിയ മുഖസൗന്ദര്യ വുമുളളവരായി ഉണ്ടായിരുന്നില്ല. ആദ്യത്തെ ആയിരത്തിലേറെ അപേക്ഷകളിൽനിന്ന് എല്ലാം ഒത്തിണങ്ങിയ അവതാരകരും വാർത്താ വായനക്കാരുമായി ഇരുപതോളം ആളുകളെയാണ് തെരഞ്ഞെടുത്തത്. അതിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഏതാനും യുവതീ യുവാക്കളെ തെരഞ്ഞെടുത്തു. എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് അവർ ഹൃദിസ്ഥമാക്കേണ്ടിയിരുന്നു. സംപ്രേഷണത്തിന്റെ തുടക്കത്തിൽ അതാതു ദിവസത്തെ പരിപാടികളുടെ സംക്ഷിപ്ത വിവരണം നൽകണം. ദൽഹിയിൽനിന്ന് റിലെ ചെയ്യുന്ന പരിപാടികളാണ് മാതൃക. വാർത്താവതാരകർ കുറെകൂടി അവധാനത കാണിക്കണം. വാർത്താ ബുളളറ്റിനിലെ ദൃശ്യങ്ങളെപ്പറ്റി സൂക്ഷ്മമായി ശ്രദ്ധിച്ച് വേണം വാർത്തകളവതരിപ്പിക്കാൻ. ഡിജി പ്രോംപ്്ടർ ആലോചിക്കാൻ പോലും പറ്റാത്ത കാലം. സമകാലിക വാർത്തകളെപ്പറ്റി സമഗ്രമായ ബോധം വേണമെന്നത് അവതാരകരുടെ തെരഞ്ഞെടുപ്പിന് മാനദണ്ഡമായത് ഇതു കൊണ്ടാണ്.
കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി ഒന്നാം തീയതിയെന്നത് നിശ്ചയിച്ചു കഴിഞ്ഞിരുന്നതിനാൽ എല്ലാം ഒരുക്കങ്ങളും അടയന്തിരമായി നടത്തേണ്ടി യിരുന്നു. ഒരു മണിക്കൂർ നേരം പ്രസംഗങ്ങൾ കഴിഞ്ഞാൽ രണ്ട് മണിക്കൂർ നേരം കേരളത്തിന്റെ തനതായ കലാപരിപാടികൾ എന്നായിരുന്നു നിശ്ചയിച്ചത്. എല്ലാം തൽസമയം സംപ്രേഷണം. ബോംബെയിൽ നിന്നും മദിരാശിയിൽ നിന്നും അതിനോടുളള സാങ്കേതികോപകരണങ്ങൾ വന്നു. ഓരോ പരിപാടിയും തൽസമയസംപ്രേഷണം നടത്താൻ തന്നെ തീരുമാനിച്ചു. പരിപാടികളുടെ അവതരണവും സംപ്രേഷണവും പ്രൊഡ്യൂസർമാർ ഏറ്റെടുത്തു. ടാഗോർ തിയേറ്ററിൽവെച്ച് പ്രശസ്തരായ സംഘങ്ങളെക്കൊണ്ട് റിഹേഴ്‌സലുകൾ നടത്തിച്ചു. അവതാരകരുടെ പരിശീലനം തുടങ്ങിയപ്പോൾ, തെരഞ്ഞെടുത്തിരുന്ന ചിലരെങ്കിലും നിലവാരം പുലർത്തുന്നില്ലെന്നും അതിനാൽ ഒഴിവാക്കുന്നതാവും നല്ലതെന്നും അഭിപ്രായമുയർന്നു. പിറ്റേദിവസം (ജനുവരി 2) മുതൽ കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് എല്ലാ ദിവസവും പരിപാടികൾ സംപ്രേഷണം ചെയ്യണം. സാധാരണഗതിയിൽ ഒരു ടെലിവിഷൻ കേന്ദ്രം ചാനൽ തുടങ്ങുമ്പോൾ മൂന്ന് മാസത്തേക്കുളള മെറ്റീരിയലുകൾ സ്റ്റോക്ക് കരുതണം. പക്ഷെ അതിനൊന്നും സമയമില്ല. അതിനാൽ നിർമാണത്തിന് അധികം ബുദ്ധിമുട്ടില്ലാത്ത അഭിമുഖങ്ങളും ചർച്ചകളും കുറെയേറെ പരിപാടികളിൽ ഉൾപ്പെടുത്തേണ്ടിവന്നു.
ജനുവരി രണ്ടാം തീയതി ദൂരദർശൻ കേന്ദ്രത്തിൽ നിന്നുളള മലയാള സംപ്രേഷണം ആരംഭിച്ചു. ആദ്യത്തെ അനൗൺസർ തുളസി ആയിരുന്നു. മറ്റുളളവരുടെ കൂട്ടത്തിൽ ഇന്ദു, ഷീല രാജഗോപാൽ, പത്മകുമാർ (അയാൾ പിന്നീട് പൂന ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലും ഏഷ്യാനെറ്റിലും ജോലി ചെയ്തു.) കലാദേവി, നാരായണൻ, അന്നാ കുരുവിള, ഇംതിയാസ് അഹമ്മദ്, ബിന്ദു, ഷീല രാജഗോപാൽ തുടങ്ങിയ പേരുകൾ ഓർമ്മയിലുണ്ട്. ആദ്യത്തെ സംഘത്തിന് ശേഷം വന്നവരിൽ ആശാഗോപൻ, ശ്രീകല, ആർ. ബാലകൃഷ്ണൻ എന്നിവർ വളരെക്കാലം തുടർന്നു. ഇവരെല്ലാവരും പ്രേക്ഷകരുടെ കത്തുകൾ വായിച്ച് മറുപടി പറയുന്ന 'പ്രതികരണം' പരിപാടിയിലും പങ്കെടുത്തിരുന്നു. ആദ്യമൊരു ഇംഗ്ലീഷ് ചുവയുളള മലയാളമായിരുന്നെങ്കിലും ശ്രീകല പിന്നീട് കൂട്ടത്തിൽ മികച്ചുനിന്നു.
വാർത്താവതാരകരിൽ ആദ്യത്തെയാൾ (ജനുവരി 2) കണ്ണനായിരുന്നു. ആദ്യത്തെ അവതാരകരുടെ കൂട്ടത്തിൽ സന്തോഷ്, രാജേശ്വരി മോഹൻ, അലക്‌സ് വളളക്കാലിൽ (ഇവർ രണ്ട് പേരും ആകാശവാണിയിൽ ഉദ്യോഗസ്ഥരായിരുന്നു) മായ ശ്രീകുമാർ, ഹേമലത തുടങ്ങിയവരുണ്ടായിരുന്നു. വാർത്താബുളളറ്റിനുകളെപ്പറ്റി ഏറ്റവും സൂക്ഷ്മമായ അഭിപ്രായങ്ങൾ പറയു മായിരുന്നു അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ. തിരുവനന്തപുരത്തുണ്ടെങ്കിൽ കാണാമായിരുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അക്ഷരത്തെറ്റു കളെപ്പറ്റി കൃത്യമായ നിരീക്ഷണങ്ങളദ്ദേഹം നടത്തിയിരുന്നു.
സംസ്ഥാന ഗവൺമെന്റുമായി ബന്ധപ്പെട്ട് പലകാര്യങ്ങൾക്കും എനിക്ക് കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ പോകേണ്ടിയിരുന്നു. ഉളളിൽ കടക്കാൻ സന്ദർശക രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ടു കാത്തു നിൽക്കുന്നത് ഒഴിവാക്കാൻ അന്നത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറി എൻ. കാളീശ്വരൻ എനിക്കൊരു സ്ഥിരം പാസ് തന്നു. അത് വാങ്ങാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയപ്പോൾ ചുമതലയുളള അഡീഷണൽ സെക്രട്ടറി രാജലക്ഷ്മിയെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ച് പരിചയപ്പെടുത്തി. അവർ ആദ്യം പരിപാടികളെപ്പറ്റി വളരെ ക്രിയാത്മകമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറഞ്ഞു.

പിന്നീടവർ കുറെയധികം നേരം സംസാരിച്ചത് അവതാരകമാരെയും വാർത്താവായനക്കാരെയും കുറിച്ചായിരുന്നു. അവരുടെ വേഷവിധാനങ്ങൾ ശ്രദ്ധിക്കാൻ ചമയക്കാരൊന്നുമില്ലേ എന്നവർ ചോദിച്ചു. അനൗൺസർമാർ സാരി വലിച്ചുവാരിച്ചുറ്റുന്നു, തലയിൽ എണ്ണയൊലിപ്പിച്ചാണ് സ്‌ക്രീനിൽ കാണുന്നത് എന്നിങ്ങനെ! ഉച്ചാരണപ്പിശകുകൾ വേറെ. ഞാൻ ക്ഷമയോടെ കേട്ടിരുന്നു. ദൽഹിയിൽ നിന്നുളള അനൗൺസർമാരുടെ ഉടുപ്പും രീതികളും നോക്കി പഠിക്കാൻ പറയണമെന്നാരുപദേശവും അവർ തന്നു. പിറ്റേ ദിവസത്തെ പ്രോഗ്രാം മീറ്റിംഗിൽ ഇക്കാര്യങ്ങൾ പറഞ്ഞു.
ആദ്യമാസങ്ങളിൽ കുറെയധികം യുവതിയുവാക്കളെ അവതാരകരുടെ പാനലിലെടുത്തിരുന്നു. നിത്യേന ഓരോരുത്തരുടെയും അവതരണം കൂട്ടായി വിലയിരുത്തിയിരുന്നു; ഗ്രേഡിംഗും നൽകിയിരുന്നു. അവതരണം മെച്ചപ്പെടുത്താൻ ഓരോരുത്തരുടെയും അവതാരകരുടെയും വാർത്താവായനക്കാരുടെയും അവതരണം റെക്കോർഡ് ചെയ്ത് അവരെയെല്ലാം ഒന്നിച്ചിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരോടൊപ്പം മാസത്തിലൊരിക്കൽ പ്ലേ ബാക്ക് ചെയ്ത്, വിലയിരുത്താറുണ്ടായിരുന്നു. എല്ലാവരും അവതരണത്തിൽ വന്ന പിശകുകൾ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത പരിപാടികൾ കൂടുതൽ നന്നാക്കാൻ സ്വയം വിലയിരുത്താനും ഇതൊരവസരം നൽകുമെന്നതിനാലായിരുന്നു ഇത് ചെയ്തിരുന്നത്. പക്ഷെ ചിലർക്കെങ്കിലും ഇതിഷ്ടപ്പെട്ടില്ല. മാത്രവുമല്ല ഏറ്റവും മികച്ചവരെ മാത്രം നിലനിർത്തുക, ബാക്കിയുളളവരെ ഒഴിവാക്കുക. കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്ന പ്രക്രിയ തുടരുക എന്നതായിരുന്നു നയം. വിലയിരുത്തുമ്പോൾ ഇകഴ്ത്തലും പുകഴ്ത്തലും സ്വാഭാവികമാണല്ലൊ. സ്ഥാപനത്തിന്റെ അന്തിമമായ ഉത്തരവാദിത്തം എനിക്കായിരുന്നതിനാൽ അവസാന വാക്ക് എന്റെതായിരുന്നു. ഇത് ചിലർക്കെങ്കിലും എന്നോട് ആജന്മശത്രുതക്കിടയാക്കി.
1992 ആദ്യം ഞാൻ ഡൽഹിയിലേക്ക് പോയതിന് ശേഷം അവരെയെല്ലം മറന്നിരുന്നു. മലയാളത്തിലെ പുതുതായി തുടങ്ങിയ ഒരു ചാനലിലെ ജീവനക്കാരുടെ യോഗത്തിൽ (2006 ൽ) ദൂരദർശനിൽ ഇപ്പോഴും വാർത്ത വായിക്കുന്ന ഹേമലത, വാർത്താവതരണം മെച്ചപ്പെടുത്തുന്നതിന് ഞാൻ ചെയ്തതുപോലെ, റെക്കോർഡ് ചെയ്തു കാണിച്ച് അവലോകനം നടത്തുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് പറഞ്ഞതറിഞ്ഞപ്പോൾ തോന്നിയ സന്തോഷം ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു. ഇപ്പോഴാരും അങ്ങനെ ചെയ്യുന്നില്ല. ചെയ്തിരുന്നെങ്കിൽ ഇത്രയധികം വികലമായ മലയാള ഭാഷയല്ല സംപ്രേഷണം ചെയ്യപ്പെടുക.






