യമുനാതീരത്തെ 'ന്യൂഡൽഹി'  

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് താണ്ഡവം തുടരുകയാണ്. ഇനി എത്ര വരവുണ്ടാവുമെന്നുറപ്പില്ല. ഓഗസ്റ്റിലെ അവതാരം അതിഗംഭീരമായിരിക്കുമെന്ന ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകളുണ്ട്. അനാവശ്യ ഭീതി സൃഷ്ടിക്കാതിരിക്കാൻ ഇന്ത്യയിലെ പ്രധാന മാധ്യമങ്ങൾ കരുതലോടെയാണിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അങ്ങിനെയാണ്. വാട്ട്‌സപ്പും ഗാർഡിയനും ടൈമും ന്യൂയോർക്ക് ടൈംസും ഉള്ളത് കൊണ്ട് ലോകജനത തൽക്ഷണം എല്ലാമറിയുന്നു. അപൂർവ പ്രതിഭാസം പോലെ ഔട്ട്‌ലുക്ക് വാരിക മിസ്സിംഗ് എന്ന ശീർഷകത്തിലിറക്കിയ കവർ സ്‌റ്റോറി ശ്രദ്ധേയമായി. മുംബൈയിലെ ഹാത്ത്്‌വേ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ഔട്ട്‌ലുക്ക് ആരംഭിച്ച കാലത്ത് ന്യൂസ് സ്റ്റാന്റുകളിൽ ഹോട്ട് കേക്കായിരുന്നുവല്ലോ. കോവിഡ് പ്രതിസന്ധി കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ ആർഎസ്എസിനുള്ളിൽ അതൃപ്തിയുണ്ടെന്ന്് എൻഡിടിവി റിപ്പോർട്ട്് ചെയ്തു.  
പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലിരുന്ന ഏഴ് വർഷക്കാലയളവിനിടയിൽ കേന്ദ്ര ഭരണത്തെക്കുറിച്ച്് ആർഎസ്എസ് ഇത്രയധികം ആശങ്ക രേഖപ്പെടുത്തത് ആദ്യമായാണ്.  'നിങ്ങൾക്ക് ആരെയെങ്കിലും നഷ്ടപ്പെട്ടാൽ അതിന്റെ ദുഃഖവും കോപവും ഒരുപാട് കാലത്തേക്ക് നീണ്ടു നിൽക്കുന്നു. അതേത് തരത്തിലും പ്രകടിപ്പിക്കാം'- പേരു വെളിപ്പെടുത്താത്ത ഒരു മുതിർന്ന നേതാവ് എൻഡിഡിവിയോട് പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്ന് വർഷം കൂടി ബാക്കിയുണ്ടെങ്കിലും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടുത്ത വർഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ കോവിഡ് വിഷയം പ്രതിഫലിക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ ആശങ്ക. ഇതിന്റെ അലയൊലികളാണല്ലോ യു.പിയിലെ അയോധ്യയിലും വാരാണസിയിലും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ കണ്ടത്. 

                    *****             *****             *****

ഇന്ത്യയിൽ നിത്യേന കോവിഡ് ബാധിച്ച് ഒരു ദിവസം മാത്രം ആയിരങ്ങളാണ് മരണപ്പെടുന്നത്. മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് മാസമാകുമ്പോഴേക്കും  മരണ നിരക്ക് പത്ത് ലക്ഷത്തിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതേ കുറിച്ച് ലാൻസെറ്റ് എന്ന അന്താരാഷ്ട്ര ജേണലിൽ വന്ന ലേഖനത്തിലും പറയുന്നുണ്ട്. ലാൻസെറ്റ് ലേഖനത്തിലെ അത്തരമൊരു ഭാഗം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് നടി സ്വരാ ഭാസ്‌കർ. ഓഗസ്‌റ്റോടെ രാജ്യത്ത് പത്ത് ലക്ഷം പേർ മരണപ്പെടുകയാണെങ്കിൽ ആ ദേശീയ ദുരന്തത്തിന് ഉത്തരവാദികൾ മോഡി സർക്കാർ ആയിരിക്കുമെന്നാണ് സ്വര പങ്കുവെച്ച ഭാഗം. ലേഖനത്തിൽ ഏറ്റവും ഭയപ്പെടുത്തിയ ഭാഗമാണതെന്നും സ്വര കൂട്ടിച്ചേർത്തു.  ഇന്ത്യ ടുഡേയുടെ കവറും അത്തരത്തിൽ ഒരു ചർച്ചക്ക് വഴിയൊരുക്കിയിരുന്നു. രാജ്യത്തെ സംഭവവികാസങ്ങളെ ഒറ്റ ചിത്രത്തിൽ പറഞ്ഞു വെക്കുന്ന ഒന്നാണ് ഈ മാഗസിൻ കവർ. വരി വരിയായി കിടക്കുന്ന ശവശരീരങ്ങളാണ് കവർ ചിത്രം. നിരവധി പേർ 2014ൽ ആദ്യമായി മോഡി അധികാരമേറ്റപ്പോൾ പുറത്തിറങ്ങിയ ഇന്ത്യ ടുഡേയുടെ കവറും ഇന്നത്തെ കവറും തമ്മിൽ താരതമ്യം ചെയ്ത് പ്രധാനമന്ത്രിയെ വിമർശിച്ച്  രംഗത്തെത്തിയിരുന്നു. 2014ൽ മോഡി സർക്കാർ അധികാരമേറ്റപ്പോൾ ജേതാവ് എന്ന തലക്കെട്ടോടു കൂടിയാണ് ഇന്ത്യ ടുഡേ മോഡിയെ അഭിസംബോധന ചെയ്തത്. ഇനി മോഡി രാജ്യത്തെ നല്ല നാളുകൾ തിരിച്ചുകൊണ്ടു വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് മാഗസിനിൽ വന്ന ലേഖനം. 

*** *** ***

യമുനയും ഗംഗയും ഇന്ത്യക്കാരുടെ പ്രത്യേക വികാരമാണ്. മനസ്സിൽ ലവലേശം പ്രണയമില്ലാത്ത കണാരന്മാർക്ക് പോലും കാൽപനിക ഭാവം വരും യമുന നദിക്കരയിൽ തലയുയർത്തി നിൽക്കുന്ന ലോകാത്ഭുതങ്ങളിലൊന്നായ താജ്് മഹൽ ദർശിച്ചാൽ. കോവിഡ് ബാധിച്ച് മനുഷ്യർ ശ്വാസം മുട്ടി മരിച്ച ഇന്ത്യയുടെ തലസ്ഥാന നഗരവും യമുനയുടെ ഓരത്താണ്. ഗംഗയുടെ തീരങ്ങളിലാണ് പ്രയാഗ്് രാജായി മാറിയ അലഹബാദും കാൺപൂരും വാരാണസിയും പട്‌നയും മറ്റും. 20,000 കോടി രൂപ മുടക്കിയാണ് മോഡിക്കാലത്ത് ഗംഗാ നദിയെ ശുദ്ധീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായിരുന്നു ഇത്. മക്കൾ നീതി മയ്യം എന്ന പാർട്ടി തമിഴ്‌നാട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പൊടി പോലുമില്ല കണ്ടുപിടിക്കാനെന്ന അവസ്ഥയിലായെങ്കിലും താരവും ആക്ടിവിസ്റ്റുമായ കമൽ ഹാസൻ  കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഗംഗാ നദിയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരേ ആഞ്ഞടിച്ചു. ബിഹാറിലെയും ഉത്തർപ്രദേശിലെയും ഡസൻ കണക്കിന് മൃതദേഹങ്ങളാണ് ഗംഗയുടെ തീരത്തായി ഒഴുക്കിയത്. 20,000 കോടിയുടെ 'നമാമി ഗംഗ'യിൽ കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണ്. സർക്കാർ ജനങ്ങളെയും സംരക്ഷിക്കുന്നില്ല നദികളെയും സംരക്ഷിക്കുന്നില്ല-കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.
 *** *** ***

മമ്മൂട്ടിയുടെ സിനിമാ ജീവിതം അടുത്തിടെ വിട പറഞ്ഞ ഡെന്നീസ് ജോസഫ് എന്ന പേരിനൊപ്പം ചേർന്നാലേ പൂർണമാകൂ. ഉയർച്ചയിലും താഴ്ചയിലും മമ്മൂട്ടിക്കൊപ്പം നിന്ന തിരക്കഥാകൃത്തും സംവിധായകനുമാണ് ഡെന്നീസ്. മമ്മൂട്ടിക്ക് ഉയരങ്ങളിലേക്ക് പറക്കാൻ തുടർച്ചയായി തൂലിക ചലിപ്പിച്ച ഹിറ്റ് മേക്കർ കൂടിയാണ് അദ്ദേഹം.തുടർ പരാജയങ്ങളിൽ നിരാശനായ മമ്മൂട്ടിക്ക് രക്ഷകനായി അവതരിച്ചത് ഡെന്നീസ് ജോസഫാണ്. ശ്യാമയും നിറക്കൂട്ടും പോലെ മറ്റൊരു വിജയചിത്രം മമ്മൂട്ടിക്ക് സമ്മാനിക്കുകയെന്ന ലക്ഷ്യം മാത്രമേ ഡെന്നീസിന് ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് 1987 ൽ ന്യൂഡൽഹിയുടെ തിരക്കഥ പൂർത്തിയാക്കുന്നത്. പിന്നെ സംഭവിച്ചതെല്ലാം ചരിത്രം. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ക്ലാസിക് എന്നാണ് ന്യൂഡൽഹിക്ക് ലഭിച്ച വിശേഷണം. ഡെന്നീസ് തന്റെ തൂലികയിൽ ജീവൻ നൽകിയ ജി.കൃഷ്ണമൂർത്തിയെന്ന കഥാപാത്രമായി മമ്മൂട്ടി ജീവിച്ചു. 
സത്യജിത് റായ് വരെ അഭിനന്ദിച്ച സിനിമ. മലയാളത്തിനുമപ്പുറം ന്യൂഡൽഹിയുടെ ഖ്യാതി പരന്നു. സിനിമയുടെ അവകാശം തേടി രജനികാന്ത് കേരളത്തിലെത്തി. സിനിമ കരിയറിനു ഫുൾസ്‌റ്റോപ്പ് ഇടേണ്ടിവരുമോ എന്ന് വിഷമിച്ചു നിന്നിരുന്ന മമ്മൂട്ടി ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുപൊങ്ങി. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ വല്യേട്ടനായി മമ്മൂട്ടി താരസിംഹാസനത്തിലുണ്ട്. എല്ലാ പടങ്ങളും പൊളിയുന്ന കാലത്ത് വരും പോലെ വരട്ടെയെന്ന് കരുതി വൻതുക മുടക്കി ദൽഹി ടൈംസ് ഓഫ് ഇന്ത്യ ഓഫീസിലും മറ്റും ചിത്രീകരിച്ചതാണ് ന്യൂഡൽഹി. അതിനു കാരണക്കാരനായത് ഡെന്നീസും. 
ന്യൂഡൽഹിക്ക് ശേഷവും ഡെന്നീസ്-മമ്മൂട്ടി കൂട്ടുകെട്ടിൽ ഹിറ്റുകൾ പിറന്നു. സംഘം, മനു അങ്കിൾ, ദിനരാത്രങ്ങൾ, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ പിന്നെയും പിറന്നു. മമ്മൂട്ടിയുടെ ഹീറോയിസം എങ്ങനെ ഉപയോഗിക്കണമെന്ന് ഡെന്നീസ് ജോസഫിന് കൃത്യമായി അറിയാമായിരുന്നു. മോഹൻലാലിന് സൂപ്പർതാരപരിവേഷം നൽകിയ രാജാവിന്റെ മകൻ പോലും മമ്മൂട്ടിയെ കണ്ടാണ് ഡെന്നീസ് ജോസഫ് എഴുതിയത്.

*** *** ***

ദേശീയ ചാനലുകളിൽ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്ത വാർത്തയാണ് ഓക്‌സിജൻ കരിഞ്ചന്തയിൽ വിറ്റ ഹോട്ടൽ വ്യവസായി മുങ്ങിയെന്നത്. ദൽഹിയിൽ  ഓക്‌സിജൻ കരിഞ്ചന്തയിൽ വിറ്റ ഹോട്ടൽ വ്യവസായി നവനീത് കൽറയും കുടുംബവുമാണ് ഒളിവിൽ പോയത്. ഇതേത്തുടർന്ന് കൽറക്കെതിരേ ദൽഹി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അനധികൃതമായി സൂക്ഷിച്ച ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ഹോട്ടലിൽ പാവ് ബാജിയും പുട്ടും കടലയും വിൽക്കുന്നതിലും നല്ല ഏർപ്പാടാണല്ലോ ഓക്‌സിജന്റെ ബ്ലാക്ക് ഇടപാട്. കേസിൽ മുൻകൂർ ജാമ്യം തേടി കൽറ കോടതിയെ സമീപിച്ചിട്ടുണ്ട്.നവനീതിന്റെ മൂന്ന് ഹോട്ടലുകളിൽനിന്നായി കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന റെയ്ഡിലാണ് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഹോട്ടൽ മാനേജർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹോട്ടൽ ഉടമ നവനീത് കൽറ ഒളിവിൽപോയത്. ദൽഹിയിലെ ഖാൻ ചാച്ച ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് നവനീത് കൽറ.  ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്ന ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ഇരട്ടിയിലധികം വിലയ്ക്കാണ് നവനീതും സംഘവും കരിഞ്ചന്തയിൽ വിറ്റിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയത്.

*** *** ***

ആങ്കറിങ് മേഖലയിൽ വേറിട്ട രീതി കൊണ്ടുവന്ന താരമാണ് രഞ്ജിനി ഹരിദാസ്. 2007 മുതൽ ഏഷ്യാനെറ്റിന്റെ സ്റ്റാർ സിംഗർ പരിപാടിയുടെ അവതാരകയായി എത്തിയ രഞ്ജിനി അതുവരെയുള്ള ആങ്കറിങ് പതിവ് പൊളിച്ചെഴുതി. മലയാളത്തേക്കാൾ കൂടുതൽ ഇംഗ്ലീഷ് സംസാരിച്ച്, അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനി അന്ന് മലയാളികൾക്ക് ഒരു അത്ഭുമായിരുന്നു. നീണ്ട ഏഴ് വർഷക്കാലം ഒരേ പരിപാടിയുടെ അവതാരകയായി രഞ്ജിനി തുടർന്നതും അവരുടെ അവതരണ രീതിയും ശൈലിയും മലയാളികൾ ഏറ്റെടുത്തതുകൊണ്ടായിരുന്നു. ഇതേസമയം തന്നെ വലിയ വിമർശനങ്ങളും രഞ്ജിനി ഹരിദാസ് നേരിടേണ്ടി വന്നിരുന്നു. ആങ്കറിങ് രംഗത്ത്  ചുവടുറപ്പിച്ചു തന്നെയാണ് രഞ്ജിനി മുന്നോട്ടു പോകുന്നത്. എന്നാൽ താൻ ഇപ്പോൾ ഫീൽഡിൽ ഇല്ലെന്നാണ് ചിലർ കരുതുന്നതെന്നും എന്നാൽ ഇന്നും കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ആങ്കർമാരിൽ ഒരാൾ താൻ തന്നെയാണെന്നും രഞ്ജിനി കൗമുദിയ്ക്ക്്  നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
2007 മുതൽ 2014 വരെ ഞാൻ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോൾ ആ ചാനലിൽ ജോലി ചെയ്യുന്നില്ല. അപ്പോൾ ആളുകൾ കരുതുന്നത്  ഔട്ടായെന്നാണ്. മറ്റു ചാനലുകളിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. കോർപ്പറേറ്റ് ഷോകളും ബിസിനസ് ഷോകളും അവതരിപ്പിക്കുന്നുണ്ട്. ആളുകൾ അവ കാണുന്നില്ല എന്നതിനർത്ഥം പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ.ഫിനാൻഷ്യലി നോക്കുകയാണങ്കിൽ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തിൽ കൂടുതൽ പ്രതിഫലം കിട്ടുന്ന ആങ്കർമാരിൽ ഒരാളാണ് ഞാനെന്ന് എനിക്കറിയാം. എന്റെ പ്രതിഫലത്തിൽ കുറവ് വരുത്തില്ലെന്ന് ഞാൻ തന്നെയെടുത്ത തീരുമാനമാണ്. പിന്നെ, സോഷ്യൽമീഡിയയിൽ ആളുകൾ എനിക്കെതിരെ സംസാരിക്കുന്നു എന്നത് എന്നെ ഒരു തരത്തിലും ബാധിക്കുന്ന കാര്യവുമല്ല. അതൊന്നും എന്റെ ജോലിയെയും ബാധിച്ചിട്ടില്ല. എന്റെ അഭിപ്രായങ്ങളിൽ ഞാൻ എന്നും ഉറച്ച് നിൽക്കും. പത്ത് വർഷം മുമ്പേ ആളുകൾ എന്നോട് പറയുന്നുണ്ട് ഈ പണി അധികകാലം പറ്റില്ല, വേറെ ജോലി നോക്ക് എന്നൊക്കെ. പക്ഷേ, ഇന്നും ഞാനിവിടെയുണ്ട്. റിപ്പീറ്റ് ക്ലയന്റ്‌സ് ഉണ്ടെനിക്ക്. അതായത് 20 വർഷമായി അവരുടെ പരിപാടിക്ക് ആങ്കർ ചെയ്യാൻ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ലയന്റ്‌സ്.നല്ല എജ്യുക്കേഷൻ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കാപ്പബിലിറ്റി എനിക്കുണ്ട്. രഞ്ജിനിയോട് ആളുകൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഈ അഭിമുഖത്തിൽ പ്രകടമായ ഒന്നുണ്ട്. സെൽഫ് കോൺഫിഡൻസ്. ജീവിത വിജയത്തിന് അത് പ്രധാനവുമാണ്.
 

Latest News