പെണ്ണിന്റെ കണ്ണീർഭാരം  

നജീബ് മൂടാടി അദ്ദേഹത്തിന്റെ പുതിയ രചന വായനാലോകത്തിന് സമർപ്പിക്കുമ്പോൾ, അസമത്വങ്ങൾക്കുള്ളിലും മുൻവിധികൾക്കുള്ളിലും യുഗങ്ങളായി ബന്ധനസ്ഥരാക്കപ്പെട്ട നിരവധി സ്ത്രീജീവിതങ്ങളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ തുറന്നെഴുതപ്പെടുന്നു.
വായന അവസാനിക്കുമ്പോൾ, ഒരു വായനക്കാരിയെന്ന നിലയിലുള്ള എന്റെ ചിന്തകളെകുറിച്ച് നിങ്ങൾക്ക് ആഴത്തിൽ വ്യക്തമാക്കിത്തരാൻ എന്റെ അക്ഷരങ്ങൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഉള്ളിലെവിടെയോ ഞാനെന്ന സ്ത്രീ അഭിമാനത്തിന്റെ വിസ്‌ഫോടനം അനുഭവിക്കുന്നുവെന്ന് പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കണമെന്നുമില്ല. സത്യം ഇതാണ് ഉള്ളിൽ ഒരു പെരുമഴ പെയ്തു തോരുന്നു. 
ഒരുകാലത്ത്, ആരാണ് അവൾക്ക് വേണ്ടിയൊരു ചൂണ്ടുവിരൽ സമൂഹത്തിന് നേർക്ക് ഉയർത്തുന്നതെന്ന് ചിന്തിച്ചവളാണ്. ആർക്കാണ് പെണ്ണെന്നത് വെറുമൊരു ഉടല് മാത്രമല്ലെന്ന് സംവദിക്കാൻ ത്രാണിയുണ്ടാകുന്നതെന്ന് ആശങ്കപ്പെട്ടവളാണ്. അവൾ, എന്നത് മൂന്നക്ഷരങ്ങൾ പരസ്പരം കോർത്തുവച്ച വെറുമൊരു വാക്കല്ലെന്ന് ഈ പുസ്തകം തെളിയിക്കുന്നു.
പേജുകൾക്കിടയിൽ ഞാൻ അവളെ കണ്ടു. പ്രിയപ്പെട്ട ഒരുവളെ... പഠിക്കാനും ഉയരങ്ങളിലെത്താനും ആഗ്രഹിച്ചവൾ. മോഹിച്ചു വന്ന പുരുഷനിലേക്ക് അവളേയും ചേർത്ത്‌കെട്ടാൻ വീട്ടുകാർ തീരുമാനിക്കുമ്പോൾ ആരും അവളെന്ന പെണ്ണിന്റെ താൽപര്യങ്ങൾ ആരാഞ്ഞില്ല, ആരും അവളുടെ സ്വപ്‌നങ്ങളുടെ വർണങ്ങൾ തിരഞ്ഞില്ല. അതിമനോഹരമായ കർമ്മത്തിന്റെ പേരിട്ട് അവർ അവളുടെ ചിറകുകളരിഞ്ഞു.
ഒരുപക്ഷേ അന്ന് അണിഞ്ഞൊരുങ്ങി മണവാട്ടിയായി നടന്നകന്ന പെണ്ണിന്റെ കണ്ണീർഭാരം ഇന്നും മനസ്സിൽ ചുമക്കുന്നത് കൊണ്ടാവാം സമൂഹത്തിന് നേരെയുള്ള എഴുത്തുകാരന്റെ ഓരോ ചോദ്യങ്ങൾക്കും എന്നെ അതിയായി സന്തോഷിപ്പിക്കാൻ കഴിഞ്ഞത്.
 
'അവൻ ആണല്ലേ' ഇങ്ങനെയൊരു പ്രയോഗമുണ്ട് നാട്ടിൽ.
അവൻ ആണല്ലേ അവന് എന്തുമാകാം നീ വെറുമൊരു പെണ്ണല്ലേ ഒതുങ്ങു, വിട്ട് വീഴ്ച്ചകൾ ചെയ്യൂ എന്നതാണ് ഈ പ്രയോഗത്തിന്റെ ധ്വനി. എഴുത്തുകാരൻ എഴുതിവച്ചത് പോലെ ആണിനെപ്പോലെ തന്നെ ചിന്താശേഷിയും കഴിവും വികാരവിചാരങ്ങളുമുള്ള ഒരു മനുഷ്യജീവി തന്നെയാണ് പെണ്ണുമെന്ന് അംഗീകരിക്കാനുള്ള സമൂഹത്തിന്റെ ബുദ്ധിമുട്ട് തന്നെയാണ് ഈ പ്രയോഗത്തിന്റെ കാതൽ. 
അങ്ങനെയങ്ങനെ നിസ്സാരമെന്ന് സമൂഹം എഴുതിത്തള്ളി കളയുന്ന അവൾക്കുള്ളിലെ പൊട്ടിത്തെറികളുടെ ആകെ തുകയാണ് ഈ പുസ്തകം. അവൾക്ക് മാത്രം ബാധകമാണെന്ന് വിധിയെഴുതപ്പെട്ട ചാരിത്ര്യം, പരിശുദ്ധി.... അവളെമാത്രം പൊതിഞ്ഞു കൊണ്ടുനടക്കുന്ന ആക്ഷേപവാക്കുകൾ.
സൂര്യനെല്ലി പെൺകുട്ടി? ഇങ്ങനെയൊരു ചോദ്യചിഹ്നം വായനക്കാരന്റെ ഹൃദയത്തിലേക്ക് എറിഞ്ഞു തരുന്നുണ്ട് എഴുത്തുകാരനിടയിൽ. പൊതുസമൂഹമേ നിങ്ങൾക്ക് തെറ്റ് പറ്റിയല്ലോ എന്ന് ആരോ ഉള്ളിന്റെ ഉള്ളിൽ നിന്നുമപ്പോൾ വിളിച്ചു പറയും. വായനയുടെ ഓരോ ഇടവേളകളിലും ചേർത്ത് വായിക്കാൻ ചില ജീവിതങ്ങൾ നമുക്ക് മുന്നിൽ തെളിയും. സ്വയം അനുഭവിച്ചറിഞ്ഞവന്റെ ഉരുക്കത്തിലോ എഴുത്തുകാരൻ ജീവിതങ്ങളെ അച്ചടിയിൽ പതിച്ചതെന്ന് നമ്മൾ അത്ഭുതപ്പെടും. 
ഇടയിലെവിടെയോ സദാചാര പോലീസിനെ വായിച്ചപ്പോൾ ഞാൻ അവരെ ഓർത്തു. 
ആത്മഹത്യ ചെയ്ത ഒരു പെണ്ണിനെ. ഭർത്താവിന്റെ മദ്യപാനവും ദേഹോപദ്രവവും അങ്ങനെ സകലപോരായ്മകളും സഹിച്ചവൾ ജീവിക്കുമ്പോ സഹിച്ചങ്ങു ജീവിക്കട്ടെയെന്ന് വിധിയെഴുതിയ സമൂഹമാണ്. എന്നിട്ടോ ഭർത്താവിന്റെ മരണശേഷം അവളൊരു ജീവിതം തെരഞ്ഞെടുത്തപ്പോൾ, പാതിരാത്രിക്ക് അവിഹിതം കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ചു. സദാചാര പോലീസ് ചമഞ്ഞു. അപമാനഭാരത്താൽ അവര് ആത്മഹത്യ ചെയ്തപ്പോൾ ഒരുമ്പെട്ടവൾ മരിക്കട്ടെയെന്ന വാക്കിൽ ഒരു ജീവിതത്തെ മരണത്തിലേക്ക് എഴുതിത്തള്ളി. 
സ്ത്രീയെ കുറിച്ച് ഇത്രക്കും ശക്തമായി രേഖപ്പെടുത്താൻ ഒരു പുരുഷന് സാധിക്കുന്നു എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ വിജയം. 
ഇടയ്്ക്ക് ഞാൻ ചിന്തിച്ച ഒരു കാര്യമുണ്ട്, ആരോടെല്ലാമോ എനിക്ക് പറയാൻ കഴിയാതിരുന്നത് അല്ലെങ്കിൽ പറഞ്ഞിട്ടും മനസിലാക്കാതെ പോയ പിടച്ചിലുകൾ ചില വരികളിൽ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. 
ഇവിടെ എഴുത്തുകാരൻ പറയുന്നത് ശ്രദ്ധിക്കു, 
ഛീ എന്നത് ചെറിയ വാക്കല്ലത്രേ.
അവനവന്റെ ഇഷ്ടങ്ങളെ സന്തോഷങ്ങളെ ആഗ്രഹങ്ങളെ സ്വപ്‌നങ്ങളെ പരിമിതികളെ തിരിച്ചറിയാനാവാതെ ഉൾക്കൊള്ളാതെ അടിച്ചേൽപ്പിക്കപ്പെടുന്ന തിരുമാനങ്ങളോട് അപ്പോൾ തന്നെ ഛീ പറയാൻ തന്റെടം കാണിക്കണമത്രേ. തീർച്ചയായും പെണ്ണുങ്ങളെ നോ എന്നത് ചെറിയൊരു വാക്കല്ല. 
എന്തിനാണ് സഹോദിമാരെ നിങ്ങളിതൊക്കെ സഹിക്കുന്നത്? ആർക്ക് വേണ്ടി? എന്തിന് വേണ്ടി? ഉടലിനുമപ്പുറം ഉള്ളിൽ നീയുണ്ട് പെണ്ണെ.... നോ, പറയണം പ്രിയപ്പെട്ടവളെ നിനക്ക് തന്നെ നഷ്ടപ്പെടുത്തുന്ന എല്ലാ സാഹചര്യങ്ങളോടും ഉച്ചത്തിൽ തന്നെ ഇല്ല എന്ന് പറയണം.
 
പുസ്തകം : ഉടലിനുമപ്പുറം 
അവൾ / നജീബ് മൂടാടി 
പ്രസാധകർ : പെൻഡുലം 
ബുക്സ്‌
 

Latest News