Sorry, you need to enable JavaScript to visit this website.

കൗൺസിലർ കാമാക്ഷി കരുണൻ

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വാസുവിന്റെ വീട്ടുമുറ്റത്ത് ഉത്സാഹപൂർവം അണികൾ കാത്ത് നിന്നു. അതിൽ ബംഗാളി, ബിഹാരി എല്ലാവരുമുണ്ട്. പണത്തിനായി എന്തും ചെയ്യാൻ അവർ സന്നദ്ധർ. കോവിഡൊന്നും അവരുടെ കുതിപ്പിന് തടസ്സമല്ല. അവരുടെ ജോലി വാസുവിനു വേണ്ടി മുദ്രാവാക്യങ്ങളുയർത്തണം.
കടുത്ത വെയിൽ കൊള്ളുന്നതിനും ഉച്ചത്തിൽ മുദ്രാവാക്യമുയർത്തുന്നതിനും ഓരോരുത്തർക്കും കിട്ടുന്ന തുക ആയിരമാണ്.  നിലാവുള്ള രാവുകളിൽ ലഹരിയുടെ ഊഷ്മളതയിൽ വാസുവിന്റെ മനസ്സിൽ ഒരു ഭയം ഒളിഞ്ഞുകിടന്നു. എതിരാളി സുധാകരൻ തന്നെ തോൽപ്പിക്കുമോ? പെട്ടെന്ന് മനസ്സിലേക്ക് മുളച്ചുവന്നത് സായിപ്പിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച കൗൺസിലർ കാമാക്ഷി കരുണനാണ്. അണികളെ തൃപ്തിപ്പെടുത്താൻ ഒരു പുതിയ മുഖം. കാമാക്ഷിയെ ഒരു  ഐശ്വര്യദേവതയായി വാസു കണ്ടു. കൊണ്ടുനടന്നു. നാടൻപെണ്ണിനെപ്പോലെ നാണിച്ചുനിൽക്കുന്നവളല്ല കാമാക്ഷി.  തെരഞ്ഞെടുപ്പ് വേദികളിൽ കാമാക്ഷിയുടെ സൗന്ദര്യപ്പൊലിമ  തിളങ്ങിക്കൊണ്ടിരുന്നു.
സുധാകരൻ മൂകനായി. മനസ്സ് കിഴ്‌മേൽ മറിഞ്ഞു. മനസ്സ് ചുഴലിക്കാറ്റിൽ ദൂരേക്ക് പറന്നു.  തന്റെ സത്യസന്ധതയും കഠിനാധ്വാനവും വൃഥാവിലാകുമോ? അപരിചിതയായ കൗൺസിലർ കാമാക്ഷി തനിക്കെതിരെ  മത്സരിക്കുന്ന അഴിമതിക്കാരനായ വാസുവിന് വോട്ടുപിടിക്കാൻ എന്തിന് വന്നു?     സുധാകരന്റെ മനസ്സ് ചുഴലിക്കാറ്റിൽ ദൂരേക്ക് പറന്നു.  തന്റെ സത്യസന്ധതയും കഠിനാധ്വാനവും വൃഥാവിലാകുമോ?  കനത്ത ഇരുളിലേക്ക് സുധാകരൻ തുറിച്ചു നോക്കിയിരിക്കെ ഏകാന്തതയുടെ നടുവിൽ നിലാവുപോലെ  ഒപ്പം പഠിച്ച വിദേശത്തുള്ള ജോൺസൺ തെളിഞ്ഞു വന്നു. തെല്ലും ശങ്കകൂടാതെ ഫോണിൽ വിളിച്ചു് മനസ്സിന്റെ ചാഞ്ചല്യമറിയിച്ചു. എല്ലാം കൗതുകത്തോടെ ജോൺസൺ കേട്ടു.
'എത്ര ലജ്ജാവഹം' ജോൺസൺ മറുപടി പറഞ്ഞു.
മനസ്സിന്റെ മനോവിഭ്രമം മാറ്റാനാണ് വിളിച്ചത്. വീണ്ടും ചോദിച്ചു.
'നീ എന്താ ഈ പറയുന്നേ ലജ്ജാവഹമോ? എടാ ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ?'
ജോൺസൺ മധുരമായിട്ടൊന്ന് പുഞ്ചിരിച്ചു. ഹൃദയത്തിൽ കുടികൊണ്ടിരിന്ന മറുപടിയാണ് കൊടുത്തത്.
'നീ പറഞ്ഞത് മനസ്സിലായി. അതിന്റ മറുപടിയാണ് പറഞ്ഞത്. ലജ്ജ മാത്രമല്ല പുച്ഛവും തോന്നുന്നു'. കാമാക്ഷിയുടെ ചില കെട്ടുകൾ ജോൺസൺ പൊട്ടിച്ചു വായിച്ചു.  ഈ ലോകത്ത്്് പേരിനും പ്രശസ്തിക്കും സോഷ്യൽ മീഡിയ ലൈക്കിനും ആരെയും മാറോടമർത്തി ഒട്ടിച്ചേരുന്ന സൈബർ പോരാളികളുള്ള കാമാക്ഷി  വാസുവിന് ജയഗീതം മുഴക്കാനല്ല മറിച്ച് ഒരു ഉപകാരസ്മരണ നിലനിർത്താനാണ്.  അവരുടേതെന്ന് പറയുന്ന 'കാമാക്ഷിയുടെ കഥകൾ' ഒരു പുസ്തകം വാസുവഴി അച്ചടിച്ച് പുറത്തുവന്നിട്ടുണ്ട്. അത്രയും കേട്ടതോടെ മനസ്സിൽ തുടിച്ചു നിന്ന ഉൽകണ്ഠ മാറി.
നമ്മുടെ നാട്ടിൽ ചില അഴിമതിക്കാർ പണമുണ്ടാക്കി തെരഞ്ഞെടുപ്പിൽ രഹസ്യത്തിൽ വീതിക്കുന്നതുപോലെ ഇവിടെ ജീവകാരുണ്യത്തിന്റെ പേരിൽ പണം പിരിച്ചെടുത്തു ചില ഏഷ്യൻ മത്സരാർത്ഥികൾ വൈൻ കുപ്പികളുമായി സായിപ്പിന്റെ വാതിലുകളിൽ മുട്ടിവിളിക്കാറുണ്ട്. പഴയെ കുപ്പിയിലെ വീഞ്ഞ് മുളച്ചു പുതിയ മുളകളായി വരുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. മഞ്ഞിൻ ശകലങ്ങൾ തങ്ങി നിൽക്കുന്ന ക്രിസ്മസ് രാവുകളിൽ പല വാതിലുകളും തുറക്കപ്പെടും. സാധാരണ ജനങ്ങളും സമ്മാനപ്പൊതികൾ ധാരാളമായി കൈമാറും. കാമാക്ഷിയുടെ സമ്മാനമായ വീര്യമുള്ള വീഞ്ഞുകുപ്പികളിൽ സായിപ്പ് -മദാമ്മയുടെ കണ്ണുകൾ തിളങ്ങും. കൗൺസിലർ കാമാക്ഷി എല്ലാ ക്രിസ്മസ് നാളുകളിലും ഇങ്ങനെ വിതരണം ചെയ്യാറുണ്ട്.   ജയിച്ചുകഴിഞ്ഞാൽ സായിപ്പിനെ മുട്ടുകുത്തിച്ചുവെന്ന് ലോകമെങ്ങും ആളിക്കത്തിക്കും. അതിനേക്കാൾ വിചിത്രമായുള്ളത്  വൈൻ കുപ്പി മാത്രമല്ല മറ്റാരോ എഴുതിക്കൊടുത്ത ഒരു ഇംഗ്ലീഷ് പുസ്തകം സ്വന്തം പേരിലാക്കിയത് കുടി സമ്മാനമായി കൊടുക്കും. ഉന്തിനൊരു തള്ള്. സായിപ്പ് ഹൃദയത്തിലെന്നപോലെ സ്‌നേഹവായ്‌പോടെ സ്വീകരിക്കും? കാമാക്ഷി മന്ദഹാസത്തോടെ മടങ്ങും. 
കേരളത്തിലേതുപോലെ ഒരു വാർഡിൽ കിട്ടുന്ന ആയിരക്കണക്കിന് വോട്ടുകൾ ഇവിടുത്തെ കൗൺസിലർക്കില്ല. നൂറിലധികം വോട്ടുകൾ നേടി ജയിക്കുന്നവരുമുണ്ട്. ഇവിടെ ധാരാളം മലയാളി കൗൺസിലർ, മേയർമാരുണ്ട്. അവരാരും ലോകമെങ്ങും ഇത് കിലുക്കി നടക്കാറില്ല. ജോൺസൻ ഉള്ളുതുറന്നുപറഞ്ഞത് സുധാകരൻ കേട്ടിരുന്നു.
'നിനക്കറിയാമോ നാല്പത് വർഷങ്ങളായി ഞാനിവിടെ ജീവിക്കുന്നു. എനിക്കറിയില്ല എന്റെ വാർഡ് കൗൺസിലർ ആരെന്ന്. ഇവിടുത്തെ എം.പിക്ക് ഞാൻ വോട്ടു ചെയ്യുന്നത് തപാൽ വഴിയാണ്. 
പത്തോളം പേരുകൾ തിരഞ്ഞെടുപ്പ് മത്സരരംഗത്തുള്ളവരെ കടലാസിൽ കാണും.  പക്ഷെ അവർ ആരെന്നറിയില്ല. തലച്ചോറുള്ള രാജ്യത്ത് ഇത് നൂറ്റാണ്ടുകളായി നടക്കുന്ന പ്രക്രിയയാണ്. 
തിന്മകൾക്കതിരെ  പോരടിക്കുന്ന യഥാർത്ഥ സൃഷ്ടികർത്താക്കളാണ് ഇവിടുത്തെ വോട്ടർമാർ. നിരന്തരം ഇവർ സൃഷ്ടി നടത്തുന്നു.  ഒരിക്കലും അരാജകത്വ രാഷ്ട്രീയത്തിന് കൂട്ടുനിൽക്കരുത്.ഈ സ്വാർഥന്മാർക്ക്  സ്വയം മാറാനോ സമൂഹത്തെ മാറ്റിമറിക്കാനോ സാധിക്കില്ല.  കുറുക്കന്റെ ഓരി കേട്ട് ആന വിരളുമോ? നീ ധൈര്യമായി മുന്നോട്ട് പോകുക. സുഹൃത്തിന്റെ വാക്കുകൾ വളരെ ആശ്വാസം പകർന്നു. 
നാട്ടിലെങ്ങും കൊട്ടും പാട്ടും വാദ്യവുമായി കിലോമീറ്ററുകൾ ജാഥ നയിച്ച വാസു ഭീകരമായി തോറ്റു.  കാലത്തിനു നേരെ ജനങ്ങൾ കണ്ണുതുറന്നു. വാസുവിന്റെ  മുന്നിൽ തോറ്റുകൊടുക്കാൻ അവർ തയ്യാറായില്ല. സുധാകരൻ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു.  അന്നേരം തെരഞ്ഞെടുപ്പിലെ ചാപല്യങ്ങൾ ഒരു കീഴടങ്ങലായി സുധാകരന് തോന്നി.

Latest News