നൂറിലേറെ നാടകങ്ങൾ സംവിധാനം ചെയ്തും അത്രത്തോളം നാടകങ്ങളിൽ വേഷമിട്ടും അരങ്ങിൽ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ സുരേഷ്ബാബു. മൂന്നു തവണ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തിന് അർഹനായി, ഈ കലാകാരൻ. വി.ടി. സ്മാരക അവാർഡ്, നാട്യഭൂഷൺ പുരസ്‌കാരം, ബാലൻ കെ. നായർ അവാർഡ്... തുടങ്ങി ഒട്ടേറെ ബഹുമതികളും സുരേഷ്ബാബുവിന്റെ പ്രതിഭയ്ക്ക് ശോഭ ചാർത്തുന്നു.
അരങ്ങിനെ ആത്മാവിന്റെ ഭാഗമായി കരുതി നാലു പതിറ്റാണ്ടോളം കേരളത്തിലങ്ങോളമിങ്ങോളം നാടകം കളിച്ചുനടന്ന ഒരാൾ. നടനും സംവിധായകനും സംഘാടകനും ലൈറ്റ്്് ഡിസൈനറുമെല്ലാമായി അരങ്ങിൽ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. നാടകഗ്രാമം എന്ന സംഘടനയുടെ അമരക്കാരൻ കൂടിയായ ഇദ്ദേഹം കോഴിക്കോട് നഗരത്തിലെ കലാസാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമാണ്. നാടകമില്ലെങ്കിൽ ജീവിതമില്ല എന്ന കണ്ടെത്തലിൽ ഗ്രാമങ്ങളിൽ നാടകക്കൂട്ടായ്മ വളർത്തിയെടുക്കാനും അദ്ദേഹം മുൻപന്തിയിലുണ്ട്. ടി. സുരേഷ് ബാബു എന്ന അരങ്ങിലെ ഈ അതികായന് വിശേഷണങ്ങളേറെ... കേരള സംഗീത നാടക അക്കാദമിയുടെ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനും അദ്ദേഹം അർഹനായി.
അമ്മയുടെ വീടായ മാഹിയിൽ താമസിക്കുന്ന കാലത്ത് ജ്യേഷ്ഠനോടൊപ്പം നാടകം കാണാൻ പോയതും മൂന്നാം ക്ലാസിൽവെച്ച് ടീച്ചർ പഠിപ്പിച്ചുതന്ന നാടകത്തിൽ പെൺവേഷം കെട്ടി കുരുത്തംകെട്ടവനേ, കടക്കെടാ പുറത്ത് എന്നുപറഞ്ഞതുമെല്ലാം മറക്കാനാവാത്ത ഓർമ്മ. ചുങ്കം സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന് തുടർന്നും ലഭിച്ചത് പെൺവേഷംതന്നെ. ഊർന്നുപോയ സാരി വാരിപ്പിടിച്ച് വേദിയിൽനിന്നത് ഇന്നും മനസ്സിലുണ്ട്.

കുട്ടിക്കാലംതൊട്ടേയുള്ള ഈ നാടകക്കമ്പം മോഡൽ ഹൈസ്‌കൂളിലും പിന്നീട് ആർട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനകാലത്തും തുടർന്നു. പഠനശേഷം മിഠായിത്തെരുവിലെ കുട്ടൻ ബ്രദേഴ്‌സ് മെഡിക്കൽ സ്‌റ്റോറിലെ ജോലിക്കാരനായെത്തിയപ്പോഴും മനസ്സുനിറയെ നാടകമായിരുന്നു. പന്ത്രണ്ടു മണിക്കൂർ ജോലിക്ക് ആറുരൂപ കൂലി കിട്ടിയിരുന്ന കാലത്തും സൈക്കിൾ ചവിട്ടി പെരുമ്പൊയിലിൽപോയി കാശ്യപമുനിശ്രേഷ്ഠന്റെ വേഷം കെട്ടിയതും ഓർമ്മയിലുണ്ട്.
സജീവമായിരുന്ന ഗ്രാമങ്ങളിലെ കലാസമിതികൾ വാർഷികാഘോഷത്തിന് നാടകങ്ങൾ അവതരിപ്പിച്ചിരുന്നത് തന്നിലെ നാടകക്കാരന് കൂടുതൽ കരുത്താർജിക്കാനുള്ള അവസരമായി. മാധവൻ കുന്നത്തറയുടെയും കെ.ആർ. മോഹൻദാസിന്റെയും ജയപ്രകാശ് കാര്യാലിന്റെയും മധു മാസ്റ്ററുടെയും പി.എം. താജിന്റെയുമെല്ലാം നാടകങ്ങളിൽ വേഷമിടാൻ അവസരം ലഭിച്ചതും ഇക്കാലത്തായിരുന്നു.

പ്രൊഫഷണൽ നാടകങ്ങളോട് എന്നും മുഖംതിരിച്ചുനിന്നിരുന്ന ഈ നാടകപ്രേമി അമേച്വർ നാടകങ്ങളിലൂടെ എന്നും പരീക്ഷണങ്ങൾക്കൊപ്പമായിരുന്നു. പ്രൊഫഷണൽ നാടകങ്ങൾക്കു മുൻപായി സംഘാടകർ അവതരിപ്പിച്ചിരുന്ന കൊച്ചുനാടകങ്ങൾ എന്നും അവർക്ക് ഭീഷണിയായിരുന്നു. അതുകൊണ്ടുതന്നെ കിട്ടുന്ന പ്രതിഫലത്തിൽ ലളിതമായി ജീവിക്കാൻ അന്നേ പഠിച്ചു.
മെഡിക്കൽ സ്്്്‌റ്റോറിലെ ജീവിതകാലത്താണ് കെ.എ. കൊടുങ്ങല്ലൂരിനെയും തിക്കോടിയനെയും താജിനെയും ഉറൂബിനെയും എൻ.പി.മുഹമ്മദിനെയും എം.ടി.യെയുമെല്ലാം അടുത്തുകണ്ടത്. സായാഹ്നങ്ങളിൽ കിഡ്‌സൺ കോർണറിൽ ഒത്തുകൂടിയിരുന്ന ഇവരുടെ തമാശകൾ കേൾക്കാനും അവരുടെ ജീവിതരീതികൾ അടുത്തറിയാനും കഴിഞ്ഞു.

നടനിൽനിന്നും സംവിധായകനിലേയ്ക്കുള്ള വളർച്ചയാണ് പിന്നീട് കണ്ടത്. നാട്ടിൻപുറങ്ങളിലെ കലാസമിതികൾക്കും ബാലസംഘങ്ങൾക്കുമെല്ലാം നാടകമൊരുക്കി. ഗ്രാമങ്ങളിൽനിന്നും സ്‌കൂളുകളിലേയ്ക്കും കോളേജുകളിലേക്കും തെരുവിലേക്കുമെല്ലാം അദ്ദേഹത്തിന്റെ നാടകങ്ങൾ കടന്നുചെന്നു. കലാലയനാടകങ്ങളും തെരുവുനാടകങ്ങളുമെല്ലാം മനുഷ്യമനസ്സാക്ഷിയെ ഉണർത്താൻ പര്യാപ്തമായുള്ളവയായിരുന്നു. മധുമാസ്റ്ററും ജയപ്രകാശ് കുളൂരും സഹദേവൻ മക്കടയുടെയുമെല്ലാമായിരുന്നു വഴികാട്ടികൾ. അക്കാദമിക് പാണ്ഡിത്യവും സാങ്കേതികമേന്മയുമല്ല, സാധാരണക്കാരന്റെ പച്ചയായ ജീവിതാനുഭവങ്ങൾ തുറന്നുകാട്ടാനുള്ള വേദിയാണ് നാടകമെന്ന് വിശ്വസിച്ചിരുന്ന നാളുകൾ.
എ. ശാന്തകുമാറിന്റെ പെരുങ്കൊല്ലൻ എന്ന നാടകം ഇത്തരമൊരു തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു. പറമ്പിൽ യുവജനകലാസമിതിയുടെ ബാനറിൽ ഒരുക്കിയ ഈ നാടകം കൊലപാതകരാഷ്ട്രീയത്തിന്റെ വിത്തുകൾ മുളച്ചുവരുന്ന സമകാലീന കേരളത്തിന്റെ പ്രതിബിംബമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ ചേരികൾക്ക് അടരാടാൻ ആയുധമുണ്ടാക്കിക്കൊടുക്കുന്ന ഒരു കൊല്ലന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് നാടകം വികസിക്കുന്നത്. മധുമാസ്റ്റർ രചിച്ച് ബേപ്പൂർ നാടക പാഠശാല ഒരുക്കിയ 'അർത്ഥം അ'-ന'ർത്ഥം' എന്ന നാടകത്തിൽ അഭിനയിക്കാനെത്തി ഒടുവിൽ അതിന്റെ സംവിധാനചുമതല ഏറ്റെടുക്കേണ്ടിവന്ന കഥയുമുണ്ട്. ആ നാടകത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നാടകസംവിധായകനുള്ള പുരസ്‌കാരം ലഭിച്ചതോടെയാണ് സംവിധാനരംഗത്ത് നിലയുറപ്പിച്ചത്.
നാടകത്തോടുള്ള അഗാധപ്രണയം ഉപജീവനമാർഗങ്ങൾ പലതും ഇല്ലാതാക്കി. പി.എം. താജിന്റെ ജീവിതം ഇതിവൃത്തമാക്കി സതീഷ് കെ. സതീഷ് രചിച്ച ഗ്രീൻറൂം എന്ന നാടകത്തിൽ അഭിനയിച്ച് സമ്മാനവുമായെത്തിയപ്പോഴാണ് നഗരത്തിലെ കാലിത്തീറ്റക്കമ്പനിയിലെ ജോലി നഷ്ടമായത്. പിന്നീട് സേലത്തുള്ള ഒരു കമ്പനിയിൽ ജോലി നേടിയെങ്കിലും അധികനാൾ തുടർന്നില്ല. സിനിമയിലേക്കും സീരിയലിലേക്കുമുള്ള ക്ഷണവും നിരസിച്ചു. മനുഷ്യന്റെ പൊള്ളുന്ന ജീവിതം ആവിഷ്‌കരിക്കാൻ നാടകങ്ങൾക്കു മാത്രമേ കഴിയുകയുള്ളു എന്ന നിലപാടിലായിരുന്നു അദ്ദേഹം. ചില അധ്യാപകരുടെ ഉപദേശത്തിലാണ് എൽ.ഐ.സി ഏജന്റായത്. തന്റെ ആശയങ്ങൾക്ക് യോജിച്ചതല്ലെങ്കിലും ജീവിതായോധനത്തിന് തൊഴിലുണ്ടായേ മതിയാകൂ എന്ന നിലയിൽ തുടർന്നു. ഏറെ മാനസികസംഘർഷംഅനുഭവിച്ച നാളുകൾ. എനിക്കുവേണ്ടിമാത്രം പോളിസി വാങ്ങിയവരുണ്ടായിരുന്നു.
ജയപ്രകാശ് കുളൂരിന്റെ 'സോപ്പ് ചീപ്പ് കണ്ണാടി' എന്ന നാടകം ജില്ലാ കലോത്സവത്തിൽ സി ഗ്രേഡ് നൽകി തള്ളിയത് ഏറെ വിഷമമുണ്ടാക്കി. നാടകത്തിൽനിന്നും വഴിമാറിയാലോ എന്നു ചിന്തിച്ച നാളുകൾ. എന്നാൽ പിന്നീട് സ്‌കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിൽതന്നെ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു ഈ നാടകം. മകന് സ്‌കൂളിൽ അവതരിപ്പിക്കാനായി ഒരുക്കിയ ജയപ്രകാശ് കുളൂരിന്റെ പാൽപ്പായസവും ഏറെ സമ്മാനങ്ങൾ നേടിയിരുന്നു. നാടകത്തിൽ അവനും പെൺവേഷമായിരുന്നു കെട്ടിയത്.
2000 ലായിരുന്നു നാടകഗ്രാമം എന്ന നാടകസംഘങ്ങളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. നാടകഗ്രാമത്തിന്റെ പ്രവർത്തന വിപുലീകരണത്തിനായി മജീഷ്യൻ പ്രദീപ് ഹുഡിനോയുടെ നിർദ്ദേശത്തിൽ
ടാഗോർ ഹാളിൽ മൂന്നു ദിവസത്തെ സുരേഷ് ബാബു റിട്രോസ്‌പെക്ടീവ് അരങ്ങേറിയിരുന്നു. അതുവരെ അവതരിപ്പിച്ച എഴുപതിലേറെ നാടകങ്ങളിൽനിന്നും തെരഞ്ഞെടുത്ത ഏഴു നാടകങ്ങളായിരുന്നു അവിടെ അവതരിപ്പിച്ചത്. കൂടാതെ കവി മധുസൂദനൻ നായരുടെ ഭാരതീയം എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി.

കഴിഞ്ഞ വർഷം ദൽഹിയിലെ അന്താരാഷ്ട്ര നാടകോത്സവമായ ഭാരത് രംഗ് മഹോത്സവിൽ നാടകഗ്രാമം കോഴിക്കോടിന്റെ അടയാളം എന്ന നാടകം അവതരിപ്പിച്ചത് ഏറെ ചലനങ്ങളുണ്ടാക്കിയിരുന്നു. രാജസ്ഥാനിലെ ബൽവാരിയിൽ ക്രൂര പീഡനത്തിനിരയായ ബാവ്‌രിദേവിയുടെ കഥയാണ് ഈ നാടകം. അധികാരം മനുഷ്യനെ എന്തുമാത്രം അപകടകാരിയാക്കുന്നു എന്നതാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകം വിളിച്ചോതുന്നത്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷയ്ക്കായുള്ള നിയമത്തിന് ആധാരമായതിന് ഈ സംഭവമായിരുന്നു നിമിത്തമായത്്. ഡോ. സാംകുട്ടി പട്ടംകരി രചിച്ച ഈ നാടകത്തിന്റെ സംവിധായകനായിരുന്നു സുരേഷ് ബാബു.
അടയാളങ്ങൾ പിന്നീട് നാട്ടിലും അവതരിപ്പിച്ചു. മൊകവൂർ കാമ്പുറത്ത് കാവിന് സമീപം ഒരു ദേശമൊന്നാകെ നാടകം ജീവിതമാക്കുകയായിരുന്നു. നാട്ടുകാരും നാടകക്കാരുമെല്ലാം ചേർന്നായിരുന്നു നാടകം അവതരിപ്പിച്ചത്. നാടകം നാടിനോളം പ്രധാനമെന്ന് കരുതിയ അവരിൽ കുട്ടികളും കൃഷിക്കാരും തൊഴിലാളികളും വീട്ടമ്മമാരുമെല്ലാമുണ്ടായിരുന്നു. രണ്ടുമാസത്തോളം നീണ്ട പരിശീലനത്തിനുശേഷമാണ് നാടകം അരങ്ങിലെത്തിയത്. നാടകപ്രേമികളിൽനിന്നും രണ്ടരലക്ഷം രൂപ കടംവാങ്ങിയാണ് അടയാളങ്ങൾ അരങ്ങിലെത്തിച്ചത്. എല്ലാവർക്കും കടപ്പത്രവും നൽകി. പ്രളയത്തിലും നാടകത്തെ നാട് കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ പെരുമഴയത്താണ് അടയാളങ്ങൾ അരങ്ങിലെത്തിയത്. മുതലാളിയില്ലാത്ത ഈ സംരംഭത്തിൽ എല്ലാവർക്കും ഒരേ പ്രതിഫലം. ഒരു വിഹിതം നാടകഗ്രാമത്തിനും.
നൂറിലേറെ നാടകങ്ങൾ സംവിധാനം ചെയ്തും അത്രത്തോളം നാടകങ്ങളിൽ വേഷമിട്ടും അരങ്ങിൽ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ സുരേഷ്ബാബു. മൂന്നു തവണ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തിന് അർഹനായി, ഈ കലാകാരൻ. വി.ടി. സ്മാരക അവാർഡ്, നാട്യഭൂഷൺ പുരസ്‌കാരം, ബാലൻ കെ. നായർ അവാർഡ്... തുടങ്ങി ഒട്ടേറെ ബഹുമതികളും സുരേഷ്ബാബുവിന്റെ പ്രതിഭയ്്ക്ക് ശോഭ ചാർത്തുന്നു.

അഭ്രപാളിയിൽനിന്നും എന്നും അകലം പാലിച്ചിരുന്നെങ്കിലും പിന്നീട് ആ മേഖലയിലും സഞ്ചരിച്ചുതുടങ്ങി. ജിയോ ബേബിയുടെ ഗ്രേറ്റ്്് ഇന്ത്യൻ കിച്ചനിലെ അമ്മായിഅഛൻ പുരുഷമേധാവിത്തത്തിന്റെ പ്രതീകമായിരുന്നു. വീട്ടുജോലികൾ സ്ത്രീകളുടെ മാത്രം ജോലിയാണെന്ന പാരമ്പര്യവാദം പൊളിച്ചെഴുതുകയാണിവിടെ. കപ്പേളയുടെ സംവിധായകനായ മുസ്തഫയാണ് ഇതിന് അവസരം ഒരുക്കിയത്. 19 (അ)1 എന്ന ചിത്രത്തിൽ വിജയ് സേതുപതിയോടൊപ്പവും വേഷമിട്ടു. ഷെരീഫ് ഈസ സംവിധാനം ചെയ്ത ഒരു സ്വപ്‌നംപോലെ, ജിജു അശോകന്റെ പുള്ളി തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും വേഷമിട്ടിരുന്നു.
ഭാര്യ സായിജയും മക്കളായ ഛന്ദസും ധീരജും അടങ്ങിയതാണ് സുരേഷ് ബാബുവിന്റെ കുടുംബം. മകൻ ഛന്ദസ് കുട്ടിക്കാലംതൊട്ടേ അരങ്ങിലുണ്ട്. അച്ഛനും മകനും ഒന്നിച്ചും വേഷമിട്ടിട്ടുണ്ട്. പി.എം.താജ് അവാർഡ് നേടിയ കോഴിയങ്കം എന്ന തെരുവുനാടകം, ചാർളി ചാപ്ലിന്റെ ജീവിതം ഇതിവൃത്തമാക്കിയ കുട്ടികളുടെ നാടകം, രാജ്യത്തെ ശൗചാലയങ്ങളുടെ അപര്യാപ്ത വെളിവാക്കുന്ന രാഷ്ട്രപതി, യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ മീശപ്പുലിമല എന്നിവയും ഛന്ദസിന്റെ സൃഷ്ടികളാണ്.
''മനുഷ്യനുള്ള കാലംവരെ നാടകമുണ്ടാകും. പറയാനുള്ള ആശയങ്ങൾ അവൻ പറഞ്ഞുകൊണ്ടിരിക്കും. ശാന്തതയ്ക്കായി അവന് പറഞ്ഞേ തീരൂ. ചിലപ്പോൾ തെങ്ങിൽ കയറിയായിരിക്കും അവൻ പറയുന്നത്. അല്ലെങ്കിൽ അവൻ പൊട്ടിത്തെറിക്കും. സ്‌നേഹത്തിന്റെ കൂട്ടായ്മയായ നാടകം ഒരിക്കലും മരിക്കില്ല.'' നാടകലോകത്തെ അതികായൻ പറഞ്ഞുനിർത്തുന്നു.






