Sorry, you need to enable JavaScript to visit this website.

മരുക്കാറ്റിലെ തിരയിളക്കം

സൗദി അറേബ്യയിലെ മണൽക്കുന്നുകളിൽ വീണ്ടും തിരയിളക്കത്തിന് സമയമായി. ദകാർ റാലിയുടെ 2022 ലെ സീസണിന് പശ്ചാത്തലമൊരുക്കാൻ തയാറെടുക്കുകയാണ് സൗദി മരുഭൂമി. വരും സീസണിൽ കൂടുതൽ മരുപ്രദേശങ്ങളെ കൂടി ഉൾപെടുത്തിയായിരിക്കും റാലി ഒരുക്കുന്നത്. സൗദിയിൽ ദകാർ റാലിയുടെ മൂന്നാം സീസണായിരിക്കും ഇത്. 
കഴിവും മനക്കരുത്തും പരമാവധി പരീക്ഷിക്കപ്പെടുന്നതാണ് ദകാർ റാലി. സൗദിക്ക് പുതുവർഷം തുടങ്ങുക ഈ ആവേശക്കാഴ്ചകളിലൂടെയായിരിക്കും. ജനുവരി രണ്ടിന് ഹായിലിൽ നിന്നാണ് റാലി ആരംഭിക്കുക. വിശ്രമ ദിനം റിയാദിലാണ്. ജനുവരി 14 ന് ജിദ്ദയിൽ സമാപിക്കും. 
1979 ൽ ആഫ്രിക്കൻ രാജ്യമായ സെനഗലിന്റെ തലസ്ഥാനമായ ദകാറിലാണ് ഈ സാഹസിക റാലിയുടെ തുടക്കം. പാരിസിൽനിന്ന് തുടങ്ങി ദകാറിൽ അവസാനിച്ച റാലി സഹനത്തിന്റെയും ക്ഷമയുടെയും സാഹസികതയുടെയും പര്യായമായി മാറി. പിന്നീട് ലാറ്റിനമേരിക്ക ദകാർ റാലിയുടെ വേദിയായി മാറി. അതുകഴിഞ്ഞ് 2020 ലാണ് സൗദി മരുഭൂമി ദകാർ റാലിക്ക് പശ്ചാത്തലമൊരുക്കുന്നത്. 
സൗദിയുടെ അതിർത്തികളും മനസ്സും വിശാലമാക്കുന്നതിന്റെ ഭാഗമായ വിഷൻ 2030 പദ്ധതിയുടെ ഭാഗമാണ് ദകാർ റാലി. മറ്റനേകം കായിക മഹോത്സവങ്ങൾ സൗദിയിലേക്കെത്തിയതിന്റെ കൂടെയാണ് ദകാർ റാലിയും വിരുന്നെത്തിയത്. ക്രിസ്റ്റിയാനൊ റൊണാൾഡോയും ലിയണൽ മെസ്സിയുമുൾപ്പെടെയുള്ളവർ സമീപകാലത്ത് സൗദിയിൽ കളിച്ചു, ഫോർമുല ഇ റാലിയും ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് പോരാട്ടവും അരങ്ങേറി. ഗോൾഫ് മുതൽ സൈക്ലിംഗിന് വരെ സൗദി വേദിയൊരുക്കി. 
ഈ തുറസ്സിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് ദകാർ ഡയറക്ടർ ഡേവിഡ് കാസ്റ്റേര പറയുന്നു. പാശ്ചാത്യരുണ്ട്, ടൂറിസ്റ്റ് വിസകൾ ലഭ്യമാണ്, ദകാറിൽ വരെ സ്ത്രീകൾ മത്സരിക്കുന്നു, വനിതകൾക്ക് ഡ്രൈവ് ചെയ്യാം, മാറ്റത്തിന്റെ തുടക്കമാവാം ഇത്. ഇത് മതിയെന്നല്ല. വേഗം വേണം, പക്ഷെ മാറ്റം സംഭവിക്കുന്നുണ്ട്. ഇന്റർനാഷനൽ കായിക മത്സരങ്ങളൊക്കെ അതിവേഗ മാറ്റത്തിന്റെ ഭാഗമാണ് -അദ്ദേഹം പറഞ്ഞു. 
2022 ലെ റൂട്ടിൽ ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത കൂടുതൽ മേഖലകളിൽ ദകാർ റാലി എത്തും. മണൽപരപ്പുകൾക്കും മരുക്കുന്നുകൾക്കുമായിരിക്കും പ്രാധാന്യം നൽകുക. 12 സ്റ്റെയ്ജുകളിലായാണ് മത്സരം. ആദ്യം തെക്കു കിഴക്കേക്കായിരിക്കും യാത്ര. അറബ് ഉപദ്വീപിന്റെ തെക്കൻ ഭാഗത്തുള്ള റൂബുൽ ഖാലി മുറിച്ചു കടക്കും. മണൽക്കുന്നുകളും റോഡില്ലാത്ത വഴികളും എങ്ങനെ തരണം ചെയ്യുന്നുവെന്നതിനനുസരിച്ചായിരിക്കുനം വിജയം. 
രണ്ടു ദിവസം പൂർണമായും മണൽക്കുന്നുകളിലായിരിക്കും സഞ്ചാരം. വിജയിയെ നിർണയിക്കുക ഈ ഘട്ടമായിരിക്കും. മണലാണ് കൂടുതലെങ്കിൽ അത് സന്തോഷവാർത്തയാണെന്ന് പതിനാലാം കിരീടം തേടുന്ന ഫ്രഞ്ച് ഡ്രൈവർ സ്റ്റെഫാൻ പീറ്റർഹാൻസൽ പറഞ്ഞു. 
ദകാർ റാലിയുടെ 44-ാം എഡിഷനാണ് ഇത്. കാർ, ബൈക്ക്, ക്വാഡ്, ബഗ്ഗി, എസ്.എസ്.വി എന്നിവയിലായിരുന്നു ഇതുവരെ മത്സരങ്ങൾ. അടുത്ത സീസണിൽ ഒരു ക്ലാസ് കൂടിയുണ്ടാവും. ടി1-ഇ. കാർ ബഹിർഗമനം കുറഞ്ഞ വണ്ടികളുടെ മാതൃകകളായിരിക്കും ഈയിനത്തിൽ മത്സരിക്കുക. 2030 ആകുമ്പോഴേക്കും കാറുകളുടെ വിഭാഗത്തിലെങ്കിലും മാറ്റം പ്രതീക്ഷിക്കുകയാണ്, എഞ്ചിൻ ചൂടായി വണ്ടിയോടുന്ന പ്രക്രിയ അവസാനിപ്പിക്കുകയാണ്. 
തുടർച്ചയായ നാലാം വർഷമാണ് ദകാർ റാലി ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ തുടങ്ങുന്നതും അവസാനിക്കുന്നതും. 2019 ൽ പെറുവിലായിരുന്നു ആദ്യമായി രാജ്യത്തിന്റെ അതിർത്തി വിടാതെ ദകാർ റാലി പൂർത്തിയായത്. കഴിഞ്ഞ രണ്ടു സീസണിൽ സൗദിയിലും. 1978 ലെ ആദ്യ എഡിഷൻ മുതൽ മറ്റെല്ലാ വർഷവും പല രാജ്യങ്ങളിലൂടെ റാലി കടന്നു പോയി. 
കോവിഡ് സാഹചര്യത്തിൽ ഒരു രാജ്യത്തിന്റെ അതിർത്തി കടന്ന് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ഒരുപാട് പ്രയാസമുണ്ടെന്ന് കസ്റ്റേര പറഞ്ഞു. പക്ഷെ അതിന്റെ കുറവൊന്നും സൗദിയിൽ ഇല്ല. എല്ലാ വൈവിധ്യങ്ങളും ഇവിടെയുണ്ട്. അടുത്ത വർഷം മുതൽ കൂടുതൽ രാജ്യങ്ങളിലൂടെ യാത്ര ആവാമെന്നാണ് തോന്നുന്നത്. ജോർദാനും യു.എ.ഇയും ഒമാനുമൊക്കെയുൾപ്പെടുന്ന റാലി സംഘടിപ്പിക്കാം -അദ്ദേഹം അഭിപ്രായപ്പെട്ടു. 

Latest News