ഒരിക്കൽകൂടി യുവന്റസ് വിടാനൊരുങ്ങുകയാണ് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂജി ബുഫോൺ. പക്ഷെ 43-ാം വയസ്സിലും കളി നിർത്താൻ ഭാവമില്ല.
ചോ: 2017 ൽ കളി നിർത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ 2021 സീസൺ കഴിയാറായി?
ഉ: ഫുട്‌ബോൾ ഇല്ലെങ്കിൽ ജീവിതം ശൂന്യമാണ് എന്ന ചിന്തയാണ് എന്നെ നയിക്കുന്നത്. 2017 ൽ യുവന്റസിൽ 17-ാം സീസൺ പൂർത്തിയാക്കി വിരമിക്കണമെന്നായിരുന്നു കരുതിയത്. പക്ഷെ ഫ്രാൻസിൽ കളിക്കാൻ അപ്രതീക്ഷിതമായി അവസരം കിട്ടി. കീലിയൻ എംബാപ്പെക്കും നെയ്മാറിനുമൊപ്പം പി.എസ്.ജിയിൽ കളിക്കാനുള്ള അവസരം തട്ടിക്കളയാൻ തോന്നിയില്ല. പുതിയ സാഹചര്യങ്ങളും പുതിയ സാഹസവുമായിരുന്നു അത്. ഇനി 2023 ജൂണാണ് എന്റെ മനസ്സിലെ ലിമിറ്റ്. ചിലപ്പോൾ നാലു മാസത്തിനകം കളി നിർത്തിയെന്നും വരാം. ജീവിതത്തിൽ ഒന്നും ഉറപ്പിക്കാനാവില്ല.
ചോ: വല്ലാത്തൊരു കാലത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച രാജ്യമായിരുന്നു ഇറ്റലി?
ഉ: ജീവിതത്തെക്കുറിച്ച നഗ്നയാഥാർഥ്യങ്ങളുമായി മുഖാമുഖം വന്ന വർഷമായിരുന്നു 2020. ദിവസങ്ങൾക്കകം ഇറ്റലി ഒന്നാകെ ലോക്ഡൗണായി. സത്യം പറഞ്ഞാൽ ലോക്ഡൗണിന്റെ ആദ്യ ദിനങ്ങൾ വ്യക്തിപരമായി ആഹ്ലാദകരമായിരുന്നു. ഒരുപാട് കാലത്തിനു ശേഷം സ്വയം വിലയിരുത്താൻ ഒരുപാട് സമയം കിട്ടി. ഭാര്യക്കും മക്കൾക്കുമൊപ്പം ദിവസം മുഴുവൻ കഴിയാൻ സാധിച്ചു. എന്റെ ഹോബികൾക്കായി സമയം കിട്ടി. ഇങ്ങനെയൊരു കാലം അപ്രതീക്ഷിതമായിരുന്നു. അത് പൂർണമായി ഉപയോഗിച്ചു. ക്രമേണ മറ്റുള്ളവരുടെ പ്രയാസങ്ങൾ വേദന സൃഷ്ടിച്ചു.
ചോ: ലോക്ഡൗൺ എന്താണ് പഠിപ്പിച്ചത്?
ഉ: തോട്ടങ്ങളും ഒരുപാട് മുറികളുമുള്ള എന്റെ വീട്ടിലെ അവസ്ഥയല്ല അംഗങ്ങളേറെയുള്ള കൊച്ചു അപാർട്‌മെന്റുകളിൽ. പണം എല്ലാത്തിനും പരിഹാരമല്ല എന്നെനിക്കറിയാം. എന്റെ ഇരുപതുകളിൽ ഞാൻ അനുഭവിച്ചതാണ് അത്. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തതു പോലെ തോന്നിയ വിഷാദകാലം. ഉള്ളിലെ സന്തോഷത്തിലാണ് കാര്യം. ഭാര്യക്കും മക്കൾക്കുമൊപ്പം കഴിയുമ്പോൾ എനിക്ക് മറ്റൊന്നും വേണ്ട.
ചോ: വീട് ഇത്ര സന്തോഷം നൽകുന്നുവെങ്കിൽ കളി ഉപേക്ഷിക്കാൻ എന്താണ് മടി? 27-ാം സീസണിലേക്കാണ് കടക്കുന്നത്..
ഉ: പാർമയിലായിരിക്കുമ്പോൾ കൂടെ കളിച്ച എൻറിക്കൊ ചിയേസയുടെ മകൻ ഫെഡറിക്കൊ ചിയേസ ഇപ്പോൾ യുവന്റസിൽ കൂടെയുണ്ട്. ഇനിയും ഒരുപാട് കളിക്കാനുണ്ട് എന്നാണ് എന്റെ വിശ്വാസം. 43-ാം വയസ്സിലല്ലേ ടോം ബ്രാഡി അമേരിക്കൻ ഫുട്‌ബോളിൽ ഏഴാമത്തെ സൂപ്പർബൗൾ കിരീടം നേടിയത്. കളിയിൽ ഒരു പിഴവ് പറ്റിയാൽ വല്ലാത്ത അസ്വസ്ഥതയാണ് എനിക്ക്. ഒരു പ്രായമെത്തുമ്പോൾ കഴിവ് പൊടുന്നനെ അപ്രത്യക്ഷമാവുമെന്ന് പലരും പറയാറുണ്ട്. അത് ശരിയല്ല. വിധിയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. യുവന്റസ് വീണ്ടും എനിക്ക് കരാർ ഓഫർ ചെയ്തപ്പോൾ ഒരു വലിയ ചരിത്രം എന്നെ കാത്തിരിക്കുന്നുവെന്നു തോന്നി.
ചോ: പ്രിയ സുഹൃത്ത് ആന്ദ്രെ പിർലോയാണ് ഇപ്പോൾ യുവന്റസിന്റെ കോച്ച്?
ഉ: 2006 ലെ ലോകകപ്പിൽ കിരീടം നേടുന്നതിന്റെ പിരിമുറുക്കം ഒരുമിച്ചനുഭവിച്ചവരാണ് നമ്മൾ. ആയുഷ്‌കാലം കാത്തിരുന്ന മുഹൂർത്തമായിരുന്നു അത്. അതിനും മുമ്പെ തുടങ്ങിയതാണ് പിർലോയുമായുള്ള സൗഹൃദം. 1993 മുതൽ പിർലോയും ഞാനും ജെന്നാരൊ ഗട്ടൂസോയും ഒരുമിച്ചുണ്ട്. ലോകകപ്പ് വിജയം ഞങ്ങളുടെ ബന്ധത്തിന്റെ പൂർണതയായിരുന്നു. എന്നാൽ എല്ലാ നേട്ടങ്ങൾ കൊണ്ട് അളക്കേണ്ടതല്ല സൗഹൃദം. ഒരിക്കലും പൊട്ടാത്ത കണ്ണിയാണ് അത്.
പിർലൊ യുവന്റസ് കോച്ചായപ്പോൾ ഇനി താങ്കളെ ബോസ് എന്ന് വിളിക്കേണ്ടി വരുമോയെന്നാണ് ഞാൻ ട്വീറ്റ് ചെയ്തത്. എല്ലാ കളിക്കാർക്കും മുന്നിൽ പിർലോയെ ഞാനാണ് ആദ്യം ബോസ് എന്നു വിളിച്ചത്. ആ പദവി അർഹിക്കുന്ന ആദരമാണത്. ഇവിടെ നിന്ന് പിരിയുമ്പോൾ ഞങ്ങൾ വീണ്ടും ജീജി എന്നും ആന്ദ്രെ എന്നും വിളിക്കും.