പ്രവാസത്തിന്റെ കളിപ്പെരുമ

ഫുട്‌ബോൾ മതവും സംസ്‌കാരവുമാണ്. കലയും കവിതയും അതിൽ ഇഴചേർന്നിരിക്കുന്നു. ഭാഷയും വർണവും അത് അപ്രസക്തമാക്കുന്നു. സാംബയുടെ താളത്തിൽ തെരുവിലൂടെ അലസഗമനം നടത്തുന്ന ബ്രസീൽ ബാലൻ മുന്നിൽ കാണുന്ന പലതും പന്തായി സങ്കൽപിക്കും. ഉരുളൻകല്ലു പോലും ഒരു വേള പന്തായി മാറിയെന്നിരിക്കും. മാരിവിൽ കണക്കെ പറന്നിറങ്ങുന്ന മനോഹരമായ 'ഫാളിങ് ലീഫ്' കിക്കു പോലെ പെലെയെയും മറഡോണയെയും ഫുട്‌ബോൾ ദൈവങ്ങളായി മനസിൽ താലോലിക്കും. ടിക്കി ടാക്കയും പവർ ഗെയിമും അവന്റെ രക്തത്തിലുണ്ട്. ലാറ്റിനമേരിക്കയുടെ ടോട്ടൽ ഫുട്‌ബോളും യൂറോപ്പിന്റെ വേഗവും ആഫിക്കൻ ഫുട്‌ബോളിന്റെ കരുത്തും അവന് അനുഭവവേദ്യം. 
മലബാറിലെ കൊയ്‌തൊഴിഞ്ഞ പാടങ്ങളിലും സ്‌കൂൾ മൈതാനങ്ങളിലും കാൽപന്തുകളിയുടെ ആരവമുയർത്തിയവർക്ക് പ്രവാസത്തിന്റെ മരുമണ്ണിലേക്ക് പറിച്ചുനടപ്പെടുമ്പോഴും കളിയാരവങ്ങൾക്ക് ചെവികൊടുക്കാതിരിക്കാനാവില്ല. എന്തിനെ വെറുത്താലും പന്തിനെ സ്‌നേഹിക്കുന്നവർ. അതുകൊണ്ടാണ് അർജന്റീനാ ആരാധകന്റെ തുറന്ന വാഹനത്തിൽ അവർക്കിടയിൽ ബ്രസീലിന്റെ ജഴ്‌സിയും പതാകയും കാണുന്നത്. 23 വർഷമായി ജിദ്ദയിൽ നടന്നുവരുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ സിഫ് ഫുട്‌ബോൾ ടൂർണമെന്റിന്റെ വേരുകളും സംസ്‌കാരവും പദമൂന്നിനിൽക്കുന്നതും ആ പാടങ്ങളിലും വയലേലകളിലുമാണെന്ന് കാണാം. നിയോൺ ബൾബുകളുടെ നയനമനോഹരമായ വെള്ളിവെളിച്ചത്തിൽ സെവൻസ് വേദികളിൽ ഉദിച്ചുയർന്ന താരങ്ങൾ നിരവധി. 
കായിക മേഖലയുടെ ശോഭന ഭാവിക്ക് നല്ല കായിക സംസ്‌കാരം വളർത്തുകയെന്നതാണ് പ്രഥമവും പ്രധാനവുമായ പാഠം. 1995 ൽ രൂപീകരിച്ച സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം മലയാളി പ്രവാസലോകത്തെ നല്ലൊരു കാൽവയ്പാണെന്ന് നിസ്സംശയം പറയാം. പ്രഫഷണൽ രീതിയിൽ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ നിയമാവലികൾ പാലിച്ച് വർഷം തോറും ലീഗ് ടൂർണമെന്റ് സംഘടിപ്പുവരുന്ന സിഫിൽ ആയിരത്തിലധികം പ്രവാസി താരങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാല് ഡിവിഷനുകളിലായി 32 ടീമുകൾ മാറ്റുരക്കുന്നു. സിഫിലെ അതിഥിതാരങ്ങളായി ബൂട്ടണിയാൻ ദേശീയ-അന്തർദേശീയ കളിക്കാർ കടൽ കടക്കുന്നു. സന്തോഷ് ട്രോഫി താരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ്, സർവകലാശാല താരങ്ങളും സിഫ് ടൂർണമെന്റിൽ സ്ഥിരമായി പന്തുതട്ടുന്നുണ്ട്.
ഇന്ത്യയിൽ പോലും പ്രഫഷണൽ ഫുട്‌ബോൾ ലീഗുകൾ വിരളമാണെന്ന് നാം ഓർക്കണം. പേരുകേട്ട ഫുട്‌ബോൾ ടൂർണമെന്റുകളായ സിസേഴ്‌സ് കപ്പ്, ഡ്യൂറന്റ് കപ്പ്, സേട്ട് നാഗ്ജി ഫുട്‌ബോൾ, നെഹ്‌റു കപ്പ് തുടങ്ങിയവ നിലച്ചുപോയ നാട്ടിൽ നിന്നെത്തിയവർ പ്രവാസലോകത്ത് ലീഗ് ടൂർണമെന്റ് വിജയകരമായി നടത്തുന്നുവെന്ന് മാത്രമല്ല, കഴിഞ്ഞ വർഷം കോഴിക്കോട് നാഗ്ജി ഫുട്്‌ബോളിന് പുതുജീവൻ നൽകാനും റൊണാൾഡീഞ്ഞോയെ എത്തിക്കാനും സാധിച്ചു. 


കാൽപന്ത് കളിയുടെ വശ്യസൗന്ദര്യം നുകരാൻ വാരാന്ത്യങ്ങളിലെ സായന്തനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് സിഫ് ടൂർണമെന്റ് വേദിയായ മദീന റോഡിലെ സൗദി വിദ്യാഭ്യാസ മന്ത്രാലയ സ്‌റ്റേഡിയത്തിൽ എത്തുന്നത്. പ്രവാസത്തിന്റെ ഊഷരതയിലും മനസിനെ സ്വന്തന്ത്രമാക്കുന്ന പന്തിനൊപ്പം ഉർവരതയിലേക്കുള്ള ഏതാനും മണിക്കൂറുകൾ. മിക്കപ്പോഴും പ്രവാസലോകത്തെ ഫുട്‌ബോൾ ജീവകാരുണ്യത്തിന്റെയും മതമൈത്രിയുടെയും സൗർഹാർദത്തിന്റെയും മുഖമായി മാറുന്നതു കാണാം. നാല് കുമ്മായ വരയ്ക്കുള്ളിലേക്ക് പന്തിനോടൊപ്പം ചെറുതാവുകയല്ല, മാനവസാഹോദര്യത്തിന്റെ ഭൂഗോള വിശാലതയിലേക്ക് ഒഴുകിപ്പരക്കാനും ഫുട്‌ബോളിന് ശേഷിയുണ്ട്. 110 മീറ്റർ നീളവും 65 മീറ്റർ വീതിയുമുള്ള യുദ്ധക്കളത്തിൽ നിന്ന് എതിരാളിയെ അടിയറ പറയിച്ചും വിജയഭേരി മുഴക്കിയും കണ്ണീർ വീഴ്ത്തിയും വിടവാങ്ങുമ്പോൾ പോലും പരസ്പരം ചുമലിൽ തട്ടി അഭിനന്ദിക്കാൻ കഴിയുന്ന ജെന്റിൽമാൻ ഗെയിമാണത്. പതിനെട്ടിന്റെ നിറവിലെത്തി നിൽക്കുന്ന സിഫിനും പറയാനുള്ളത് ഈ സാഹോദര്യത്തിന്റെ കഥയാണ്. ജിദ്ദയിലെ എല്ലാ സന്നദ്ധസംഘടനകളുടെയും കൂട്ടായ്മകളുടെയും പൂർണമായ സഹകരണം സിഫിന് ലഭിക്കുന്നുണ്ട്. രാഷ്ട്രീയവൈരമെല്ലാം മറന്ന് ഇത്രയും മികച്ച ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയെന്നത് ഒരു പക്ഷേ തുകൽപന്തിന് മാത്രം സാധ്യം. 
22 വർഷം മുമ്പ് ഡോ. അബ്ദുല്ല മൂപ്പൻ പ്രസിഡന്റും യൂസുഫ് കുട്ടി സെക്രട്ടറിയും കെ പി അബ്ദുൽ സലാം ട്രഷററുമായാണ് പ്രഥമ കമ്മിറ്റി രൂപീകരിക്കുന്നത്. ബേബി നീലാമ്പ്ര, ഷബീറലി ലവ, അബ്ദുൽ കരീം എന്നിവരാണ് നിലവിൽ സിഫിന്റെ മുഖ്യ സാരഥികൾ. ജെ.എ നാസർ ശാന്തപുരം, നിസാം മമ്പാട്, അയ്യൂബ് മുസ്‌ല്യാരകത്ത്, അംജദ് വാഴക്കാട് എന്നിവർ വൈസ് പ്രസിഡന്റുമാരായും നാസർ ഫറോക്ക്, അൻവർ വല്ലാഞ്ചിറ, മുഹമ്മദ് ഷരീഫ് മാസ്റ്റർ, സലാം എന്നിവർ സെക്രട്ടറിമാരായും പ്രവർത്തിച്ചുവരുന്നു. ഷഫീഖ് പട്ടാമ്പിയാണ് ജനറൽ ക്യാപ്റ്റൻ. നിസാം പാപ്പറ്റ വൈസ് ക്യാപറ്റനായി സേവനമനുഷ്ഠിക്കുന്നു. മുൻ പ്രസിഡന്റ് ഹിഫ്‌സുറഹ്മാൻ മുഖ്യ രക്ഷാധികാരിയും വി.കെ.എ റഊഫ് മുഖ്യ ഉപദേശകനുമാണ്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രവാസി കായിക സംഘടന എന്ന ഖ്യാതിയും ഏറ്റവും വലിയ കായിക മാമാങ്കം എന്ന ഖ്യാതിയും നേടിയെടുക്കാൻ സിഫിന് വളരെ പെട്ടെന്ന് സാധിച്ചു. എ.സി.സി ടീം ആണ് ഏറ്റവും കൂടുതൽ തവണ ജേതാക്കളായത്. നാലു തവണ കിരീടമുയർത്തിയ എസിസി മൂന്നു തവണ റണ്ണേഴ്‌സ്അപായി. അൽ ദോറാഖ് സ്‌പോർട്‌സ് ക്ലബ് മൂന്നു തവണ വിജയകിരീടം ചൂടിയപ്പോൾ റിയൽ കേരള രണ്ടു തവണ കപ്പുയർത്തി. ഫ്രണ്ട്‌സ് ജിദ്ദ ഒരു തവണ ജേതാക്കളും രണ്ടു തവണ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഏതാനും വർഷങ്ങളിൽ പല കാരണങ്ങളാൽ ടൂർണമെന്റ് മുടങ്ങി. നാല് ഡിവിഷനുകൾക്കു പുറമേ കുരുന്നു താരങ്ങളെ വാർത്തെടുക്കുന്നതിന് ജൂനിയർ വിഭാഗം ടൂർണമെന്റും ഇതോടൊപ്പം നടത്തിവരുന്നു. സ്‌പോർട്ടിങ് യുനൈറ്റഡ് ജൂനിയർ വിഭാഗത്തിൽ രണ്ടു തവണയും ഗ്രീൻഷോർ ഒരു തവണയും ജേതാക്കളായി.

Latest News