Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ ജനതക്കൊപ്പം  ഉറച്ചുനിൽക്കും -ഖത്തർ

അഹമ്മദ് ബിൻ സൈദ് അൽമഹമൂദ്‌

ദോഹ- അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ ഫലസ്തീൻ ജനതക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ശൂറാ കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് അൽമഹമൂദ് പ്രസ്താവിച്ചു. അറബ് ഇന്റർ പാർലമെന്ററി യൂനിയൻ സംഘടിപ്പിച്ച അറബ് പാർലമെന്റ് സ്പീക്കർമാരുടെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീൻ പ്രശ്‌നം തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയമാണ്. 
അൽഖുദ്‌സും അൽഅഖ്സാ പള്ളിയും അറബ്, ഇസ്‌ലാമിക ലോകത്തിന് തിരിച്ചുകിട്ടുന്നതിനും 1967 ജൂൺ നാലിലെ അതിർത്തികൾ പ്രകാരം കിഴക്കൻ ഖുദ്‌സ് തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുമാണ് ഖത്തർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നത്.


ഇസ്രായിൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഖത്തർ ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമത്തോടുള്ള വ്യക്തമായ വെല്ലുവിളിയായും ദശലക്ഷക്കണക്കിന് അറബികൾ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ എന്നിവരുടെ വികാരങ്ങളെ അവഗണിച്ചും കഴിഞ്ഞ ദിവസം ഇസ്രായിൽ തങ്ങളുടെ സൈന്യത്തെയും പോലീസിനെയും കുടിയേറ്റക്കാരെയും ഉപയോഗിച്ച് വംശീയവും മനുഷ്യത്വരഹിതവുമായ ആക്രമങ്ങളാണ് ഫലസ്തീനികൾക്കെതിരെ നടത്തിയത്.
അൽഅഖ്‌സാ പള്ളി, ഡമസ്‌കസ് ഗേറ്റ്, ശൈഖ് ജറാഹ് പ്രദേശങ്ങൾ, ഗാസ എന്നിവയെ വെടിയുണ്ടകളിൽനിന്നും സംരക്ഷിക്കാൻ നിലകൊള്ളുന്ന പലസ്തീൻ ജനതയെ അഭിവാദ്യം ചെയ്യുന്നതായും ശൂറാ കൗൺസിൽ സ്പീക്കർ പറഞ്ഞു.
സംയുക്ത അറബ് പ്രവർത്തനങ്ങളിൽ വിശ്വാസം വീണ്ടെടുക്കുന്ന ഒരു ഏകീകൃത നിലപാടോടെ അറബ് ലോകം മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Latest News