ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളം ഇരുപതാം തവണയും ചാമ്പ്യന്മാര്‍ 

ഡിസ്‌കസ് ത്രോയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ അലക്‌സ് പി തങ്കച്ചന്‍.

റോത്തക്- ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ ഇരുപതാം തവണയാണ് കേരളം   കിരീടം നേടുന്നത്. ഹരിയാനയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് നേട്ടം. ഒമ്പത് സ്വര്‍ണവും എട്ട വെള്ളിയും ആറ് വെങ്കലവുമടക്കം 86 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 53 പോയിന്റാണ് നേടാന്‍ കഴിഞ്ഞത്. 
ഡിസ്‌കസ് ത്രോയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ അലക്‌സ് പി തങ്കച്ചനാണ് നാലാം ദിവസത്തെ താരം. മീറ്റ് ചരിത്രത്തിലാദ്യമായാണ് ഡിസ്‌കസ് ത്രോയില്‍ കേരളം സ്വര്‍ണം നേടുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പെണ്‍കുട്ടികളില്‍ വിഷ്ണുപ്രിയ സ്വര്‍ണവും ആണ്‍കുട്ടികളില്‍ അനന്തു വിജയന്‍ വെള്ളിയും കരസ്ഥമാക്കി. 
1,500 മീറ്ററില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളം സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിയും ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപിയുമാണ് ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ കേരളത്തിന്റെ കെ.ആര്‍. ആതിര വെള്ളി നേടി. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ അശ്വിന്‍ ബി. ശങ്കറും രണ്ടാമതെത്തി. 
 

Latest News