അവകാശവാദം പൊളിഞ്ഞു, ഐ.പി.എല്‍ നിര്‍ത്തിവെച്ചു

മുംബൈ - ജൈവകവചത്തിലെ ഐ.പി.എല്‍ ഏറ്റവും സുരക്ഷിതമാണെന്ന് അവകാശവാദം നടത്തി ദിവസങ്ങള്‍ പിന്നിടും മുമ്പെ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ നിര്‍ബന്ധിതമായി. ഇതോടെ ഇന്ത്യയിലെ ലോകകപ്പും അനിശ്ചിതത്വത്തിലാണ്. പല ഫ്രാഞ്ചൈസികളിലായി നിരവധി കളിക്കാര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെയാണ് ഐ.പി.എല്‍ നീട്ടിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി പെയ്‌സ്ബൗളര്‍ സന്ദീപ് വാര്യര്‍ക്കുമാണ് ആദ്യം കോവിഡ് ബാധിച്ചത്. അതോടെ മുംബൈയില്‍ മാത്രമായി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനും യാത്രകള്‍ പരമാവധി ഒഴിവാക്കാനും ബി.സി.സി.ഐ ആലോചിച്ചിരുന്നു. മൂന്നു ടീമുകളിലെ കൂടുതല്‍ കളിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നിര്‍ത്തിവെക്കുകയല്ലാതെ വഴിയില്ലെന്നായി.
 

Latest News