Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

സർഗപഥത്തിലെ സഹയാത്രികർ

ഖത്തറിൽ സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയരായ മലയാളി ദമ്പതികളാണ് മജീദ് നാദാപുരവും നസീഹ മജീദും. കലയും സാഹിത്യവും സംഗീതവും, സൗഹൃദവും സേവനവുമൊക്കെ ഒത്തിണങ്ങിയ ഈ ദമ്പതികൾ മനുഷ്യ സ്‌നേഹത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളിലൂടെയാണ് ജീവിതം മനോഹരമാക്കുന്നത്. 

രണ്ട് പതിറ്റാണ്ട് നീണ്ട ഖത്തർവാസം സമ്മാനിച്ച സൗഹൃദങ്ങളാണ് ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നതെന്ന് ഈ ദമ്പതികൾ സാക്ഷ്യപ്പെടുത്തുമ്പോൾ സമകാലിക ലോകത്ത് ശ്രദ്ധേയമായ ചില അടയാളപ്പെടുത്തലുകളാണത്. സമൂഹം കൂടുതൽ സങ്കുചിത വൃത്തങ്ങളിൽ പരിമിതമാവുകയും ജീവിതം വീടുകളുടെ നാലു ചുമരുകൾക്കുള്ളിൽ ശ്വാസം മുട്ടുകയും ചെയ്യുമ്പോൾ നസീഹയും മജീദും തുറന്നുവെക്കുന്ന സ്നേഹത്തിന്റെ ജാലകങ്ങൾ മാനവസൗഹൃദത്തിന്റെ പരിമളം പരത്തുന്നവയാണ്.
കോഴിക്കോട് ജില്ലയിൽ നാദാപുരത്ത് പ്രമുഖ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതവുമായ ഖാലിദ് മുസ്ലിയാരുടെ (കലന്തൻ മുസ്ലിയാരുടെ) മകനായ ഖാസിയും പണ്ഡിതനുമായ അബ്ദുറഹീം മുസ്‌ല്യാർ - ഫാത്തിമ ദമ്പതികളുടെ മൂന്നാമത്തെ മകനായാണ് മജീദ് ജനിച്ചത്. ചെറുപ്പം മുതലേ വായനയോട് താൽപര്യമുണ്ടായിരുന്നു. ഈ വായനക്കമ്പമാണ് നാട്ടിലെ ഐഡിയൽ ലൈബ്രറിയുടെ ചുമതലക്കാരനാക്കിയത്. പരന്ന വായന ശീലമാക്കാൻ ഈ അവസരങ്ങളുപയോഗിച്ചാണ് മജീദ് വളർന്നത്. സ്‌കൂൾ വോളിബോൾ ടീമിൽ അംഗമായിരുന്ന മജീദ് ഇന്നും വോളിബോളിനെ പ്രണയിച്ചാണ് ജീവിക്കുന്നത്. ഖത്തറിലെ വോളിബോൾ ലവേഴ്‌സ് ഇൻ ഖത്തറിന്റെ ഭാഗമായാണ് ആ രംഗത്ത് അദ്ദേഹം സജീവമാകുന്നത്. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിലെ പഠനകാലത്ത് മാഗസിൻ എഡിറ്ററായി തന്റെ എഴുത്തിലും വായനയിലുമുള്ള കഴിവുകൾ പ്രയോജനപ്പെടുത്തി. അക്കാലത്ത് ബ്രെയിൻ മാസികയിൽ 8,9,10 ക്ളാസുകളിലേക്കുള്ള അറബി പാഠങ്ങൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചു. അങ്ങനെയാണ് കോഴിക്കോട് ഫിംഗർ പ്രിന്റ് കംപ്യൂട്ടറിൽ നിന്നും പേജ് സെറ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചത്.കോളേജിൽ പഠിക്കുമ്പോൾ തന്നെ പുടവയിലും ശബാബിലുമൊക്കെ ചെറുതായി എഴുതുമായിരുന്നു. 1998 ലാണ് ഖത്തറിലെത്തുന്നത്. ആഭ്യന്തര മന്ത്രാലയത്തിലായിരുന്നു ജോലി. രണ്ട് വർഷം കഴിഞ്ഞ് മിഡിൽ ഈസ്റ്റ് ഇൻഫർമേഷൻ കമ്പനിയിലേക്ക് മാറി. ഗ്രാഫിക് ഡിസൈനറായി ജോലിക്ക് കയറിയ അദ്ദേഹം നീണ്ട 15 വർഷം ജോലി ചെയ്ത് പ്രൊഡക്ഷൻ മാനേജറായാണ് അവിടെ നിന്നും വിരമിച്ചത്. ഖത്തർ ബിസിനസ് ഡയറക്ടറിയുടെ രൂപകൽപനയിൽ മജീദിന് അനിഷേധ്യമായ പങ്കുണ്ട്. ഖത്തറിലെ പ്രമുഖ അറബിക് പത്രമായ അൽ റായയിലും ഇംഗ്ലീഷ് പത്രമായ ഗൾഫ് ടൈംസിലും ജോലി ചെയ്യുന്നു.
ഖത്തർ 'വർത്തമാന'ത്തിലെ എഡിറ്റർ മുജീബ് റഹ്മാൻ കരിയാടനുമായുണ്ടായ സൗഹൃദം മജീദിലെ എഴുത്തുകാരനെ പുറത്തേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു. വർത്തമാനത്തിന്റെ വാരാന്ത്യപതിപ്പുകളിൽ അറബി സാഹിത്യത്തിലെ ശ്രദ്ധേയമായ പല ഏടുകളും പരിചയപ്പെടുത്തുന്ന സചിത്ര ലേഖനങ്ങൾ മജീദിന്റേതായി പ്രത്യക്ഷപ്പെട്ടു. നള്റാത്തിലെ കഥകൾ, ഇബ്നു തുഫൈലിന്റെ ഹയ്യ് ബിൻ യഖ്ളാൻ തുടങ്ങി വായനക്കാർക്ക് പുതുമയുള്ള ഒട്ടേറെ വിഭവങ്ങളാണ് മജീദ് സമ്മാനിച്ചത്. നൂറോളം ലേഖനങ്ങളും സചിത്ര ഫീച്ചറുകളും വർത്തമാനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആർട് ഓഫ് വേവ്, എന്ന ബ്ലോഗും , ആര്ട്ട് ഓഫ് ലിപി എന്ന അറബിക് ബ്ലോഗും ഉണ്ട്.
നിസാർ ഖബ്ബാനിയുടെ കവിതകൾ ജിബ്രാന്റെ കഥകൾ, ഇബ്‌നു രുഷ്ദിന്റെ തത്വ ചിന്തകൾ, ബെൻ ഒക്രിയുടെയും പൗലോ കൊയ്ലോയുടെയും ഗബ്രിയേൽ ഗാർസിയ മാർക്യസ്സിന്റെ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവയും മജീജിന്റെതായുണ്ട്.
ഹ്രസ്വ ചിത്രങ്ങളാണ് കലാരംഗത്തെ മജീദിന്റെ മറ്റൊരു പ്രധാന മേഖല. ലിറ്റിൽ സ്റ്റാർ, അകലെ, ലൗ അൺഫോൽഡ്, ഗിഫ്റ്റ്, ആൽഫ ബഡ്‌സ് , ദി ഹാബിറ്റ് തുടങ്ങിയവയായിരുന്നു പ്രധാന ഷോർട്ട് ഫിലിമുകൾ. ദി ഗിഫ്റ്റിനും ആൽഫ ബഡ്സിനും അവാർഡുകൾ ലഭിച്ചിരുന്നു. കൂടും തേടി എന്ന റേഡിയോ നാടകത്തിലും മജീദിന് ശ്രദ്ധേയമായ പങ്കാളിത്തമുണ്ടായിരുന്നു.


ഖത്തർ കെ.എം.സി.സിയുടെ സർഗവിഭാഗമായ സമീക്ഷ ചെയർമാനായ മജീദ് ക്യൂ മലയാളം, ഹാർമണി ഖത്തർ, സർഗ ജാലകം, ഫ്രന്റ്സ് കൾചറൽ സെന്റർ, ടോസ്റ്റ്മാസ്റ്റേർസ് എന്നീ വേദികളിലും സജീവമാണ്. എഫ്.സി.സി.യിലെ അറബിക് ടോസ്റ്റ് മാസ്റ്റേർസായ അസ്ദിഖാഇന്റെ പ്രസിഡണ്ടായ മജീദ് അറബി സംസാരം പ്രോൽസാഹിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
പൊന്നാനി മഖ്ദൂം കുടുംബത്തിലെ ആറാം തലമുറക്കാരനും കുറ്റിയാടിയുടെ പരിഷ്‌ക്കർത്താവും പണ്ഡിതനുമായ എം. അബ്ദുല്ലക്കുട്ടി മൗലവിയുടെ മകൾ റുഖിയ്യയുടെയും എടത്തനാട്ടുകര എം. അഹമ്മദ് മൗലവിയുടെ മകൻ അബ്ദുൽ ജലീൽ മാസ്റ്ററുടെയും മകളാണ് നസീഹ. വീട്ടിൽ എഴുത്ത്, പാട്ട്, രചനകൾ എന്നിവ സജീവമായതിനാൽ ചെറുപ്പം മുതലേ നസ്വീഹ കലാ രംഗത്ത് സജീവമായിരുന്നു.
എൽ.പി. സ്‌ക്കൂളിൽ പഠിക്കുമ്പോഴേ മാപ്പിളപ്പാട്ടിൽ സബ് ജില്ല തലത്തിൽ സമ്മാനം ലഭിച്ചു. ഒപ്പന, ഡാൻസ്, സ്പോർട്സ് തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ സോണൽ മൽസരങ്ങളിൽ പങ്കെടുത്തു. മാഗസിനുകളിലും എഴുതാറുണ്ടായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് കല്യാണം നടന്നത്. പഠിച്ച് ജോലി വാങ്ങണമെന്ന മോഹം ഒരിക്കലും ഉപേക്ഷിച്ചില്ല. വിവാഹ ശേഷവും പഠനം തുടർന്നു. എം.കോമും കംപ്യൂട്ടറിൽ പി.ജി.ഡി.സി.എയും ഹോം സയൻസുമൊക്കെ സ്വന്തമാക്കി.
2000 - ൽ ദോഹയിലെത്തിയ നസീഹ ട്രാൻസ് കോൺടിനന്റൽ, ബഹ്സാദ് കോർപറേഷൻ എന്നിവിടങ്ങളിൽ കുറച്ച് കാലം ജോലി ചെയ്തു. 2007 മുതൽ ഹമദ് മെഡിക്കൽ കോർപറേഷനിലാണ് ജോലി. ഇപ്പോൾ ഖത്തർ മെഡിക്കൽ ജർണലിന്റെ മാനേജിംഗ് എഡിറ്റർ ഹമദ് ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിന്റെ കോ ഓർഡിനേറ്ററുമാണ്.
ഫ്രന്റ്സ് കൾചറൽ സെന്ററിലൂടെയാണ് നസീഹ പൊതുപ്രവർത്തന രംഗത്ത് സജീവമായത്. ക്യൂ മലയാളത്തിലും ഹാർമണി ഖത്തർ, സർഗ ജാലകം മുതലായ വേദികളിലും മജീദിനോടൊപ്പം നസീഹയുമുണ്ടായിരുന്നു. ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ മൽസര പരിപാടികളുടെ ജഡ്ജിംഗ് പാനലുകളിലെ സ്ഥിരസാന്നിധ്യമായും ഈ ദമ്പതികൾ ശ്രദ്ധേയരാണ്.
പൂക്കളോടും ചെടികളോടും പ്രണയമാണ് നസീഹക്ക്. വീടിനകത്തും പുറത്തും മനോഹരമായ ചെടികൾ നട്ടുവളർത്തുന്നതിലും പരിചരിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന നസീഹ കവിതകളും പാചകക്കുറിപ്പുകളുമൊക്കെ എഴുതാറുണ്ട്. പ്രശസ്ത പാചക ഗ്രൂപ്പായ മലബാർ അടുക്കള ഖത്തർ കോർഡിനേറ്ററാണ്. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മംവാഖ് നടത്തിയ കവിതാമൽസരത്തിൽ സമ്മാനം നേടിയത് ഈ കോഴിക്കോട് ജില്ലക്കാരിയായിരുന്നു.
റാസി, റയാൻ എന്നിവരാണ് മക്കൾ. ഇരുവരും കലാരംഗത്ത് കഴിവുള്ളവരാണ്. ഇറാദ എന്ന പേരിൽ സിറിയൻ കുരുന്നിനെക്കുറിച്ച് റാസി മജീദിന്റെ ലഘുചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest News