Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

ഇൻ ദ മാഡ് ഏരിയാസ് ഓഫ് അഹമ്മദാബാദ്... 

കോൺഗ്രസ് മുക്ത ഭാരമെന്നത് ഓക്‌സിജൻ മുക്ത ഭാരതമെന്നായെന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ പ്രയോഗം. അമ്മയുടെ മൃതദേഹം കൊണ്ടു പോകാൻ ആംബുലൻസോ മറ്റു വാഹനങ്ങളോ ലഭിക്കാതെ വന്നപ്പോൾ ബൈക്കിൽ ചേർത്തു പിടിച്ച് ശ്മശാനത്തിലേക്ക് കൊണ്ടു പോയ സഹോദരങ്ങളുടെ വാർത്ത ഒരു ഒറ്റപ്പെട്ട സംഭവമല്ല. സംഭവിച്ചത് വടക്കേ ഇന്ത്യയിലുമല്ല. തെക്കേ ഇന്ത്യയിൽ ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം ജില്ലയിൽ. ഇതു പോലെ നിരവധി ദാരുണ സംഭവങ്ങളുണ്ടായി. 130 കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയെന്ന വിസ്തൃത രാജ്യത്ത് നല്ല കാര്യങ്ങളും സംഭവിക്കാറുണ്ട്. രാജ്യ തലസ്ഥാനത്തുൾപ്പെടെ തലയുയർത്തി നിൽക്കുന്ന എയിംസ് പോലുള്ള ആരോഗ്യ രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ മികവുറ്റ ചികിത്സാ കേന്ദ്രങ്ങളാണ്. ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് എന്നീ വിഖ്യാത പ്രസിദ്ധീകരണങ്ങളും ബിബിസി, സിഎൻഎൻ തുടങ്ങിയ ചാനലുകളിലും കൂടുതൽ വരുന്നത് ഇന്ത്യയെ കുറിച്ചുള്ള നെഗറ്റീവ് വാർത്തകളാണ്. ഏറ്റവുമൊടുവിൽ കവർ സ്റ്റോറി നൽകി ടൈം മാഗസിനും ദൗത്യം നിർവഹിച്ചു. ശരിയാണ് അല്ലെങ്കിലും മൂന്നാം ലോക രാജ്യങ്ങളിലെ ഭരണ വൈകല്യങ്ങൾക്ക് എപ്പോഴും പ്രാധാന്യം ലഭിക്കുന്നു. ഇതിനൊരു മറുവശമുള്ളത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ പലതും കണ്ടില്ലെന്ന്് ഭാവിക്കുമ്പോൾ അൽജസീറയും ബ്രിട്ടനിലെ സ്‌കൈ ന്യൂസും സമഗ്ര കവറേജ് നൽകുന്നതിലൂടെ ലോകജനത വിവരമറിയുന്നു. അല്ലെങ്കിലും ട്വിറ്ററും ഫേസ്ബുക്കും സജീവമായിരിക്കുന്നിടത്ത്് ഭൂഗോളത്തിന്റെ ഏത് ഭാഗത്തും കാര്യങ്ങളറിയാൻ സെക്കന്റുകൾ മതിയല്ലോ? നൂറ്റിയമ്പത് രൂപയ്ക്ക് ഒരു ഡോസ് വിറ്റാലും കോവിഡ് വാക്‌സിൻ കച്ചവടത്തിൽ മിതമായ ലാഭം ലഭിക്കുമെന്നാണ് സിറം മുതലാളി അദാർ പൂനെവാല എൻഡിടിവിയോട് പറഞ്ഞത്. ഇപ്പാഴിതാ ആളും തരവും നോക്കി നാനൂറിനും അറുനൂറിനുമൊക്കെയാണ് കച്ചവടം. എല്ലാവർക്കും അത്യാവശ്യമുള്ള ഒന്നാകയാൽ നിമിഷങ്ങൾക്കകം കോടികൾ കുമിഞ്ഞു കൂടും. ഇത്രയും വലിയ തുകയുമായ  രാത്രി കമ്പനി അടച്ചു പോകുന്ന പൂനെവാലയുടെ തടി സംരക്ഷിക്കുകയെന്നത് പ്രധാനമല്ലേ. പിടിച്ചുപറിക്കാർ കണ്ണുംനട്ടിരിക്കുന്നത് മുൻകൂട്ടി കണ്ടാണ് അദ്ദേഹത്തിന് വൈ പ്ലസ് സുരക്ഷ തന്നെ ഒരുക്കിയത്. 
*** *** ***
ഓക്‌സിജൻ കിട്ടാതെ പിടഞ്ഞ് വീഴുന്ന രോഗികൾക്കും ബന്ധുക്കളോടും പോയി ആൽമര ചുവട്ടിൽ ഇരിക്കാൻ നിർദേശിച്ച് ഉത്തർപ്രദേശ് പോലീസ്. യുപിയിലെ പ്രയാഗ് രാജിലാണ് സംഭവം.  നിരവധി പേരാണ് ഇവിടെ പ്രാണവായു കിട്ടാതെ കോവിഡിനോട് മല്ലിടുന്നത്. ആൽമര ചുവട്ടിൽ ഇരുന്നാൽ ഓക്‌സിജൻ കിട്ടുമെന്ന് പോലീസ് പറയുന്നു. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരിടത്തേക്ക് ഓക്‌സിജൻ ഇല്ലാത്തത് കാരണം ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് പോലീസ് കണ്ണിൽ ചോരയില്ലാത്ത നിർദേശം രോഗികൾക്ക് നൽകിയിരിക്കുന്നത്. ആശുപത്രികളിലെ അവസ്ഥ രോഗികളുടെ ബന്ധുക്കൾ വിറങ്ങലോടെയാണ് പറയുന്നത്. ആശുപത്രികളിലേക്ക് വരുന്നതിന് പകരം വീടുകളിൽ തന്നെ തുടരാനാണ് ആശുപത്രി അധികൃതർ നിർദേശിക്കുന്നത്. ആശുപത്രിയിൽ തിരക്ക് കൂടുമെന്നാണ് അവർ പറയുന്നത്. പക്ഷേ വീടുകളിൽ പരിചരിക്കണമെങ്കിൽ പോലും ഇവർക്ക് ഓക്‌സിജൻ ആവശ്യമാണ്. ഓക്‌സിജൻ എത്തിച്ച് നൽകാൻ ആരുമില്ലാത്ത അവസ്ഥയാണ്. കടുത്ത ഓക്‌സിജൻ ക്ഷാമമാണ് യു.പിയിൽ. ഇതിനടുത്തുള്ള ബിജെപിയുടെ പ്രയാഗ്‌രാജ് എംഎൽഎ ഹർഷവർധൻ വാജ്‌പേയിയുടെ ഓക്‌സിജൻ പ്ലാന്റിന് രോഗികളുടെ ബന്ധുക്കളുടെ നീണ്ട നിരയാണ്. ഇക്കാര്യം റിപ്പോർട്ട്് ചെയ്തത് ഇന്ത്യാ ടുഡേ ടിവിയാണ്. 
*** *** ***
ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യതക്കുറവ് രൂക്ഷമാവുകയും അവശേഷിക്കുന്ന സിലിണ്ടറുകൾ കരിഞ്ചന്തയിൽ 30,000 രൂപയ്ക്ക് വരെ വിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽനിന്ന് സന്തോഷം നൽകുന്ന ഒരു വാർത്ത.  കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഒരു രൂപയ്ക്ക് ഓക്‌സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്തു കൊടുക്കുകയാണ് ഹാമിർപുർ ജില്ലയിൽനിന്നുള്ള മനോജ് ഗുപ്ത എന്ന വ്യവസായി. ഹാമിർപുരിലെ സുമർപുർ ഇൻഡസ്ട്രിയൽ ഏരിയയിലെ റിംജിം ഇസ്പത്ഫാക്ടറിയുടെ ഉടമയായ മനോജ് ഗുപ്ത ഇതുവരെ കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാനായി ഒരു രൂപ നിരക്കിൽ 1000 ഓക്‌സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്തു നൽകി. 
കഴിഞ്ഞ വർഷം കോവിഡ് വ്യാപനം തുടങ്ങിയ സമയത്ത് രോഗബാധിതനായിരുന്ന വ്യക്തിയും കൂടിയാണ് മനോജ് ഗുപ്ത. 'കോവിഡ് രോഗബാധ ഉണ്ടായതുകൊണ്ട് തന്നെ രോഗികൾ കടന്നുപോകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് അനുഭവത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. തന്റെ ബോട്ടിലിങ് പ്ലാന്റിന് ദിവസേന ആയിരം ഓക്‌സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യാനുള്ള ശേഷിയുണ്ട്. റീഫിൽ ചെയ്ത സിലിണ്ടറുകൾ ഒരു രൂപ നിരക്കിലാണ് രോഗികൾക്കായി നൽകുന്നത്’ അദ്ദേഹം പറഞ്ഞു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളുടെ ബന്ധുക്കൾ രോഗിയുടെ ആർ ടി പി സി ആർ പരിശോധനയുടെ ഫലം, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സമർപ്പിക്കുന്ന മുറയ്ക്ക് ഓക്‌സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്ത് നൽകും. ഝാൻസി, ബന്ദ, ലളിത്പൂർ, കാൺപൂർ, ഒറായി, ലഖ്്‌നൗ എന്നിങ്ങനെ നിരവധി ജില്ലകളിൽനിന്ന് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി ഓക്‌സിജൻ തേടി മനോജ് ഗുപ്തയുടെ ഓക്‌സിജൻ ബോട്ടിലിങ് പ്ലാന്റിലേക്ക് എത്തുന്നു. എബിപി ചാനലാണ് ഇത് റിപ്പോർട്ട്് ചെയ്തത്. 
*** *** ***
നാരങ്ങ വിറ്റാൽ ഇത്രക്കൊക്കെ ധനികനാവാൻ പറ്റുമോ? സാധിക്കുമെന്നാണ് ടൈംസ് നൗ ചാനൽ സംപ്രേഷണം ചെയ്ത ഇരുളടഞ്ഞ കാലത്തെ നല്ല വാർത്ത തെളിയിക്കുന്നത്. കർണാടകയിലെ കുടകും മഹാരാഷ്ട്രയിലെ നാഗ്്പൂരുമാണ് പണ്ടേക്ക് പണ്ടേ നാരങ്ങയ്ക്ക് കേളികേട്ട സ്ഥലങ്ങൾ. തലശ്ശേരിയിലെ നാരങ്ങാപുറത്ത് സീസണുകളിൽ രണ്ട് വെറൈറ്റിയും എത്താറുണ്ട്. 1995-ൽ നാഗ്പൂർ റെയിൽവേ സ്‌റ്റേഷന് പുറത്ത് ഓറഞ്ച് വിൽപന ആരംഭിച്ച പ്യാരെ ഖാൻ താജ്ബാഗിലെ ചേരിയിലെ ഒരു ചെറിയ പലചരക്ക് വ്യാപാരിയുടെ മകനാണ്.  രണ്ടു മൂന്ന് ദശകങ്ങൾ പിന്നിട്ടപ്പോൾ ആഷ്മി കാരിയേഴ്‌സ് എന്ന ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഉടമ കൂടിയായി  പ്യാരേഖാൻ. സ്ഥാപനത്തിന്റെ ടേൺ ഓവർ 400 കോടി രൂപയും. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ട്രക്കുകളുടെ ശൃംഖലയാണ് പ്യാരേ ഖാന്റേത്. അദ്ദേഹത്തിന് കീഴിൽ ആയിരത്തി ഇരുന്നൂറോളം ജീവനക്കാരുമുണ്ട്. ഇന്ത്യ  ഓക്‌സിജൻ പ്രതിസന്ധിയിൽ വലയുകയാണ്. അപ്പോഴാണ് പ്യാരേ ഖാൻ എന്ന വ്യവസായി ആശുപത്രികളിൽ ഓക്‌സിജൻ എത്തിച്ച വകയിൽ തനിക്ക് ലഭിക്കേണ്ട ലക്ഷങ്ങൾ വേണ്ടെന്ന് വെച്ചത്. ഇത് റമദാനിലെ  സക്കാത്താണെന്നാണ്  പ്യാരേ ഖാൻ പറയുന്നത്.  ഓക്‌സിജൻ എത്തിച്ചതിനുള്ള പണം സ്വീകരിക്കില്ലെന്നാണ് ചാനലിനോട്  പ്യാരേ ഖാൻ പ്രതികരിച്ചത്. എൺപത്തി അഞ്ച് ലക്ഷം രൂപയാണ് ഇത്തരത്തിൽ പ്യാരേ ഖാൻ വേണ്ടെന്ന് വെച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ നാഗ്പൂരിലും സമീപ പ്രദേശങ്ങളിലുമുള്ള സർക്കാർ ആശുപത്രികളിലേക്കായി നാനൂറ് മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജനാണ് പ്യാരെ ഖാൻ എത്തിച്ചത്. ഇതിന് എൺപത്തി അഞ്ച് ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടതായി വന്നത്. ഈ പണം നൽകാമെന്ന് സർക്കാർ അധികൃതർ പ്യാരേ ഖാന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ഇത് വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഓക്‌സിജൻ എത്തിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ്.  ഇതിന് പുറമേ  ബ്രസ്സൽസിൽനിന്ന് ഓക്‌സിജൻ ടാങ്കറുകൾ  എയർലിഫ്റ്റ്് ചെയ്ത് എത്തിക്കാൻ  പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
*** *** ***
ഇന്ത്യയിലെ കോവിഡ് രോഗികൾക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ‘ഇന്ത്യ എന്റെ വീടാണ് എന്നും അതിന്റെ ചോരയൊലിക്കുന്നു' എന്നും ഇതുമായി ബന്ധപ്പെട്ട വീഡിയോയിൽ പ്രിയങ്ക പറഞ്ഞു. ജോലിയുടെ ഭാഗമായി  ലണ്ടനിൽ കഴിയുകയാണ് താരം. 
ഇന്ത്യയിലെ ഓക്‌സിജൻ പ്രതിസന്ധി, ആശുപത്രി ബെഡുകളുടെ കുറവ്, മരുന്നുകളുടെയും വാക്‌സിനുകളുടെയും കുറവ് എന്നിവയെ കുറിച്ച് വീഡിയോയിൽ പ്രിയങ്ക സംസാരിക്കുന്നുണ്ട്. ‘ഞാൻ ലണ്ടനിലിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലുള്ള കുടുംബവും സുഹൃത്തുക്കളും ഇന്ത്യയിലെ ആശുപത്രികളെ കുറിച്ച് സംസാരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. അവിടെ റൂമുകളും ഐസിയും ഒഴിവില്ല. ആംബുലൻസുകൾ തിരക്കിലാണ്. ഓക്‌സിജൻ വിതരണം കുറവാണ്. ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു' - അവർ പറഞ്ഞു.
ഇന്ത്യയെന്റെ വീടാണ്. അതിന്റെ ചോരയൊലിക്കുന്നു. നമ്മൾ, ആഗോള സമൂഹം ഇന്ത്യയ്ക്ക് പരിരക്ഷ നൽകേണ്ടതുണ്ട്. എല്ലാവരും സുരക്ഷിതരല്ല എങ്കിൽ നമ്മളാരും സുരക്ഷിതരല്ല' -അവർ കൂട്ടിച്ചേർത്തു. ഭർത്താവ് നിക് ജോനാസും പ്രിയങ്കയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ടുഗദർ ഫോർ ഇന്ത്യ എന്ന ഹാഷ്്് ടാഗോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തത്. തന്നെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ഒരു ലക്ഷം പേർ പത്ത് ഡോളർ മാത്രം നൽകിയാൽ ഒരു ദശലക്ഷം ഡോളറാകുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. അതു വളരെ വലുതാണ്. നിങ്ങളുടെ സംഭാവന കോവിഡ് കെയർ സെന്ററുകൾ, ഐസൊലേഷൻ കേന്ദ്രങ്ങൾ, ഓക്‌സിജൻ വിതരണം തുടങ്ങിയ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾക്കാണ് വിനിയോഗിക്കുക അവർ വ്യക്തമാക്കി. ഇത് പോലെ ആഗോള തലത്തിൽ അറിയപ്പെടുന്ന ഡസൻ കണക്കിന് സെലിബ്രിറ്റികളുണ്ടല്ലോ. അവരൊക്കെയും ക്രൗഡ് ഫണ്ടിംഗ് തുടങ്ങിയാൽ ഓക്്‌സിജൻ പ്ലാന്റുകൾ തട്ടി നക്കാനാവാത്ത സ്ഥിതിയാവും. 
*** *** ***
മാർക്കറ്റിലെ ഇറച്ചിവെട്ടുകാരനും സർജനും ഒരു പോലെയല്ല. ശസ്ത്രകിയ വിദഗ്ധൻ മനുഷ്യശരീരം കീറിമുറിക്കുന്നതിന് മുമ്പ് നാഡിവ്യൂഹങ്ങളെ വിലയിരുത്തും. വെയ്ൻ എവിടെ, ആർട്ടറി എവിടെ എന്നെല്ലാം നോക്കിയാണ് കലാപരിപാടി തുടങ്ങുന്നത്.  മാംസക്കടയിലെ ബുചർ കസ്റ്റമറെത്തുന്ന മുറയ്ക്ക്് ഇഷ്ടം പോലെ  കഷ്ണങ്ങൾ മുറിച്ചു കൊടുക്കും. ഇംഗഌഷ് നമ്മുടെയൊന്നും മാതൃഭാഷയല്ല. എന്നാലും ഗ്രാമറും സ്ട്രക്്ചറും പഠിച്ചവർ വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കൂ. എവിടെയെങ്കിലും തെറ്റിപ്പോയോ എന്ന വേവലാതി അവർക്കുണ്ടാവും. ഗൂഗിൾ കാലത്തെ പണ്ഡിറ്റുകൾക്ക് ഇതൊന്നും ബാധകമല്ല. പ്രഷർ കുക്കറിലിട്ട്് അരി വേവിച്ചെടുക്കുന്നത് പോലെ അവർ മലയാളത്തിലെഴുതുന്നതെല്ലാം ഗൂഗിൾ ആന്റി ആംഗലേയമാക്കി കൊടുക്കും. ലണ്ടനിലേക്ക്് കുബേരന്മാർ തടിയെടുത്തുവെന്നൊരു വാർത്ത കുറച്ചു നാളായി കറങ്ങി നടക്കുന്നു. ഇതിൽ ആവേശം പൂണ്ട്് ആരോ റിപ്പോർട്ട്് ചെയ്ത ഗുജറാത്തിലെ ധനികരെ പറ്റിയുള്ള വാർത്ത മലയാളത്തിലെ ന്യൂസ് ചാനലിന്റെ വെബ് സൈറ്റിലും ഫേസ്ബുക്കിലും. കോവിഡിനെ പേടിച്ച് അംബാനി ജാംനഗറിൽ, അദാനി  അഹമ്മദാബാദിന്റെ പ്രാന്തപ്രദേശങ്ങളിൽ... അതാ വരുന്നു ഗൂഗിളിന്റെ ട്രാൻസ്്്‌ലേഷൻ. അദാനി  ഇൻ മാഡ് ഏരിയാസ് ഓഫ് അഹമ്മദാബാദ്. പ്രാന്തിന് പിന്നെയെന്താണ് പറയുക? അത്യുത്സാഹിയായ ഒരാൾ ആഹ്ലാദകരമായ ഒരു നേട്ടത്തെ പറ്റി  മുഖപുസ്തകത്തിൽ പോസ്റ്റി. അത് കാണാൻ വായച്ചി ഇല്ലാത്തതിന്റെ സങ്കടവും പങ്ക് വെച്ചു. തെക്കേ മലബാറിലെ ചില പ്രദേശങ്ങളിൽ വാപ്പയ്ക്ക് വായച്ചിയെന്ന് പറയുന്നവരുണ്ട്.. അതാ വരുന്നു കിടിലൻ തർജമ. മൈ റീഡർ നോട്ട്് റ്റു വിറ്റ്്‌നസ് ദിസ്. പൂവാലൻ എന്ന വാക്കിന് മമ്മുട്ടി എന്നർഥം കൊടുത്തതിൽ നിന്ന് ഏറെയൊന്നും പുരോഗമിച്ചിട്ടില്ല ഗൂഗിൾ ആന്റി,  വിട്ടേക്കാം.
 

Latest News