Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

കുട്ടേട്ടന്റെ കട്ടൻചായക്ക് ഇരട്ടിമധുരം

കോഴിക്കോട്ടെത്തുന്നവർക്ക് കുട്ടേട്ടന്റെ കടയിലേയ്ക്ക് എപ്പോഴും കടന്നുവരാം. ആരോടും മുഖം കറുപ്പിച്ച് ഒരു വാക്കുപോലും പറയാത്ത ആ സൗമ്യസാന്നിധ്യം അനുഭവിച്ചറിയാം. ഒരു രൂപ നൽകിയാൽ സ്‌നേഹം ചാലിച്ച കട്ടൻചായയും കുടിച്ച് മടങ്ങാം.

മറ്റുള്ളവർക്കായ് സ്വയം പ്രകാശം പൊഴിച്ചുനിൽക്കുന്ന ചിലരുണ്ട്. സ്‌നേഹത്തിന്റെയും കരുതലിന്റെയും കരങ്ങളായി ആരിൽനിന്നും യാതൊന്നും പ്രതീക്ഷിക്കാതെ നിസ്വമായ ജീവിതം നയിക്കുന്നവർ. അപൂർവജനുസ്സുകളായ അത്തരക്കാർക്കിടയിലാണ് കുട്ടേട്ടന്റെ സ്ഥാനം.
കോഴിക്കോട് നഗരത്തിൽ തളിയിലെ മാരിയമ്മൻ കോവിലിനടുത്ത് കഴിഞ്ഞ മുപ്പത്തെട്ടു വർഷമായി വിലയിൽ യാതൊരു മാറ്റവുമില്ലാതെ ഒരു രൂപയ്ക്ക് കട്ടൻ ചായ വിൽക്കുന്ന കടയുണ്ട്. അപൂർവമായ കടക്കാരനും. അതാണ് കുട്ടേട്ടൻ. നരച്ചുനീണ്ട താടിയും മുടിയും വെളുത്ത വസ്ത്രങ്ങളുമായി ഒരു മുനിശ്രേഷ്ഠനെ ഓർമിപ്പിക്കുന്ന രൂപം. സംസാരമാകട്ടെ വളരെ ലാളിത്യം നിറഞ്ഞതും.


അനർഹമായി യാതൊന്നും നേടാതെ തന്നേക്കാൾ ദരിദ്രരായവർ ഇവിടെയുണ്ടെന്നും അവർക്കാണ് തന്നേക്കാൾ അർഹതയെന്നും വിശ്വസിക്കുന്നയാൾ. 
ദുരഭിമാനംകൊണ്ടല്ല ഈ പ്രവൃത്തി. അതുകൊണ്ടുതന്നെ സർക്കാരിൽനിന്നും യാതൊരു ആനുകൂല്യവും ഇന്നുവരെ കുട്ടേട്ടൻ കൈപ്പറ്റിയിട്ടില്ല. വാർധക്യകാല പെൻഷനുപോലും അപേക്ഷ നൽകിയിട്ടില്ല.
പിന്നെയെങ്ങിനെ കുടുംബം നോക്കും? ചോദ്യം കേട്ട മാത്രയിൽ കുട്ടേട്ടന്റെ മറുപടി. പലപ്പോഴും ഞാൻ തന്നെ ചിന്തിക്കും. ഏതോ ഒരു ശക്തിയാണ് എന്നെ താങ്ങിനിർത്തുന്നത്. ശരിക്കും അത്ഭുതമാണത്. ഇതൊരു കഴിവാണെന്നു പറയുന്നില്ല. നല്ല ബിസിനസാണെങ്കിൽ ചെറിയ മാർജിൻ മതി. എന്നാൽ ഈ ചെറിയ ചായക്കച്ചവടംകൊണ്ട് എന്തു നേടാൻ. നഷ്ടങ്ങളുടെ കണക്കുനിരത്തി കുട്ടേട്ടൻ ചിരിക്കുന്നു.
ചില കാര്യങ്ങളിൽ കുട്ടേട്ടന് സ്വന്തമായ നിഷ്ഠകളുണ്ട്. ആ നിഷ്ഠകളിൽ അടിയുറച്ചുനിൽക്കും. ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചായയുടെ വില വർധിപ്പിക്കാൻ നിർബന്ധിക്കാറുണ്ട്. എന്നാൽ കുട്ടേട്ടൻ ഒരു രൂപയിൽതന്നെ ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും. മൂന്നു പതിറ്റാണ്ടു മുൻപ് വാടകയ്‌ക്കെടുത്ത ആ ഒറ്റമുറിക്കടയിലെ മണ്ണെണ്ണ സ്റ്റൗവിൽ ഇപ്പോഴും സമോവർ തിളച്ചുകൊണ്ടിരിക്കുന്നു. സമോവറും സ്റ്റൗവും ഗ്ലാസുകളും മാറിക്കൊണ്ടിരുന്നു. പക്ഷേ, കുട്ടേട്ടൻ മാത്രം മാറിയില്ല.
1983 ലാണ് കുട്ടേട്ടന്റെ ചായക്കട രൂപമെടുക്കുന്നത്. കൂട്ടിന് ഒരു സ്‌നേഹിതനുമുണ്ടായിരുന്നു. കടയുടെ ഉദ്ഘാടനം തന്നെ നഷ്ടത്തിലാണ് തുടങ്ങിയത്. അഞ്ചര മണിക്ക് കട തുറന്ന് ആദ്യത്തെയാൾ എത്തിയത് ഏഴുമണിക്ക്. അതും ഊന്നുവടിയുമായി എത്തിയ പ്രായമായ ഒരു മനുഷ്യൻ. ഒരു ചായ തരുമോ എന്നു ചോദിച്ചുകൊണ്ടായിരുന്നു വരവ്. ചായയും വടയും കഴിച്ച് അയാൾ നടന്നുപോയി. കാശിനായി സ്‌നേഹിതൻ പിറകെ പോകാൻ തുനിഞ്ഞതാണ്. കുട്ടേട്ടൻ തടഞ്ഞു. ആദ്യവിൽപന തന്നെ സൗജന്യമായി നൽകിയാണ് തുടക്കം. അന്ന് പാൽച്ചായയായിരുന്നു ഒരു രൂപയ്ക്ക് നൽകിയിരുന്നത്. എന്നാൽ കട്ടൻചായയ്ക്ക് ആവശ്യക്കാർ ഏറിയതോടെ പാൽ മിച്ചം വന്നുതുടങ്ങി. അതോടെ കട്ടൻചായ മാത്രമാക്കി.


അക്കാലത്ത് മണ്ണെണ്ണയ്ക്ക് ലിറ്ററിന് രണ്ടു രൂപയായിരുന്നു വില. പഞ്ചസാര കിലോയ്ക്ക് മൂന്നു രൂപയും. ഉദ്ഘാടന ദിവസം മുന്നൂറു രൂപ ചെലവിലായിരുന്നു തുടങ്ങിയതെങ്കിലും കൈയിൽ കിട്ടിയത് 149 രൂപ. അന്ന് കൂട്ടിന് സഹായിയുമുണ്ടായിരുന്നു. ലാഭകരമല്ലെന്നു കണ്ട് സ്‌നേഹിതൻ പിൻവാങ്ങി. അതോടെ ഒറ്റയാനായി. അതിപ്പോഴും തുടരുന്നു.
അതിരാവിലെ തുടങ്ങുന്ന കച്ചവടം ഉച്ചക്ക് അടയ്ക്കുമ്പോഴും ചായയ്ക്കായി ആളുകളുടെ വരവ് തുടർന്നുകൊണ്ടിരിക്കും. നിന്നനിൽപിൽ നൂറ്റമ്പതോളം ചായ വരെ കൊടുത്തിട്ടുണ്ട് കുട്ടേട്ടൻ. ഉച്ചയ്ക്ക് വീണ്ടുമെത്തും. രാത്രി പത്തുമണിവരെ കട തുറന്നിരിക്കും. പിന്നീട് മകളെ സ്‌കൂളിൽനിന്നും കൊണ്ടുവരേണ്ട ഉത്തരവാദിത്തം വന്നതോടെ വൈകീട്ട് തുറക്കാതായി. ആദ്യകാലത്ത് ചായയോടൊപ്പം പലഹാരങ്ങളും ഉണ്ടാക്കുമായിരുന്നു. പിന്നീട് പുറത്തുനിന്നും വാങ്ങി വെക്കാറായി പതിവ്. അതുകൊണ്ട് അഞ്ചുരൂപ മുതൽ ഏഴു രൂപവരെ കടികൾക്ക് നൽകേണ്ടിവരുന്നു.
മൂന്നുവർഷം മുൻപ് ആറുമാസത്തോളം ചായക്കട അടച്ചിടേണ്ടിവന്നു. ഹൃദയാഘാതത്തിന്റെ രൂപത്തിൽ ശരീരം പണിമുടക്കി. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം മുടങ്ങാതെ ഇന്നും മരുന്നു കഴിക്കേണ്ടിവരുന്നു. ഇപ്പോൾ കുഴപ്പമില്ലെന്നു പറയുമ്പോഴും സംസാരത്തിൽ കിതപ്പുയരുന്നുണ്ട്.
അതിരാവിലെ ഉറക്കമുണരുന്ന കുട്ടേട്ടൻ വീട്ടിൽ ഭാര്യയെയും മക്കളെയും സഹായിച്ച ശേഷമാണ് കടയിലെത്തുക. തിരക്കിന്റെ ലോകമാണവിടെ. ഉന്തുവണ്ടി തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും നാട്ടിൻപുറങ്ങളിൽനിന്നും പച്ചക്കറികളും മലഞ്ചരക്കുകളുമെല്ലാം വാങ്ങാനെത്തുന്നവരും കുട്ടേട്ടന്റെ പറ്റുകാരാണ്. അതുകൊണ്ടുതന്നെ എവിടെയെത്തിയാലും കുട്ടേട്ടന്റെ സൗഹൃദവലയത്തിൽപ്പെട്ട ആരെങ്കിലുമുണ്ടാകും. അതും ഒരനുഗ്രഹമായാണ് അദ്ദേഹം കാണുന്നത്.
സ്‌കൂൾ പഠനകാലംതൊട്ടേ കോൺഗ്രസ് സഹയാത്രികനായിരുന്നു കുട്ടേട്ടൻ. കോൺഗ്രസിലെ പിളർപ്പിനുശേഷം ഇന്ദിരാഗാന്ധിയുടെ ആശയങ്ങളിൽ അടിയുറച്ചുനിന്നു. രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന കാലത്ത് മണ്ഡലം പ്രസിഡന്റ്്് വരെയായി. ചായക്കടയിൽ തിരക്കേറിയതോടെ സജീവരാഷ്ട്രീയത്തിൽനിന്നും അകന്നുതുടങ്ങി. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കെ. കരുണാകരനുമെല്ലാം ഗാന്ധിയനായ കുട്ടേട്ടന്റെ ഇഷ്ടനേതാക്കളാണ്. രാഷ്ട്രം നമുക്ക് എന്തുനൽകി എന്നല്ല, നാം രാഷ്ട്രത്തിനുവേണ്ടി എന്തു ചെയ്തു എന്നതാണ് കുട്ടേട്ടന്റെ മതം.
സേവാദൾ വളണ്ടിയറായിരുന്ന കാലത്ത് ഒരിക്കൽ ദൽഹിയിൽ നടന്ന ക്യാമ്പിൽ കുട്ടേട്ടൻ പങ്കെടുത്തിരുന്നു. ക്യാമ്പ് നടക്കുന്നതിനിടയിൽ ഒരു ദിവസം രാവിലെ ചായ കുടിക്കാനായി പുറത്തിറങ്ങി. നല്ല മഞ്ഞുണ്ടായിരുന്നു. എതിരെ ഒരാൾ നടന്നുവരുന്നതുകണ്ടു. ശരിക്കും വ്യക്തമായില്ലെങ്കിലും തന്നെ മാടി വിളിച്ചു. അടുത്തു ചെന്നപ്പോഴാണ് ആളെ മനസ്സിലായത്, രാജീവ് ഗാന്ധി. അദ്ദേഹം കുട്ടേട്ടന്റെ ഷർട്ടിന്റെ ബട്ടണുകളെല്ലാം ശരിയായി ഇട്ടുകൊടുത്തു. ഇത് കേരളമല്ല, ഡൽഹിയാണ് എന്നുപറഞ്ഞ് സ്‌നേഹപൂർവ്വം തോളിൽതട്ടി. തണുപ്പത്ത് ഇറങ്ങിനടന്നാൽ രോഗം പിടിപെടുമെന്നു പറഞ്ഞ് തിരിച്ച് യാത്രയാക്കി. മറ്റൊരിക്കൽ കോഴിക്കോട്ട് നടന്ന ആർ.എസ്.എസ് സമ്മേളനത്തിനെത്തിയ അടൽബിഹാരി വാജ്‌പേയിക്കൊപ്പം അളകാപുരിയിൽവച്ച് ചായ കുടിച്ച അനുഭവവും കുട്ടേട്ടനുണ്ട്. അളകാപുരിയിലെ നിത്യസന്ദർശകനായിരുന്ന കാലത്ത് അവിടെ അതിഥിയായെത്തിയ നടൻ സത്യനെ നേരിട്ടു കണ്ടതും മറ്റൊരിക്കൽ യക്ഷി എന്ന സിനിമ പുഷ്പ തിയേറ്ററിൽ സത്യനൊപ്പം ഒന്നിച്ചുപോയി കണ്ടതുമെല്ലാം കുട്ടേട്ടന്റെ മനസ്സിൽ തിളക്കമുള്ള ഓർമ്മയായി നിലകൊള്ളുന്നു.


ഭാര്യ ധനലക്ഷ്മിയും മക്കൾ ആതിരയും ഭദ്രയും ചേർന്നതാണ് കുട്ടേട്ടന്റെ കുടുംബം. ഭാര്യ ധനലക്ഷ്മി കല്ലായിക്കാരിയാണ്. മകൾ ആതിര ഫാറൂഖ് കോളേജിൽ എം.എസ്‌സി കെമിസ്ട്രി അവസാന വർഷ വിദ്യാർത്ഥിനിയാണ്. ഇളയ മകൾ ഭദ്ര, മുക്കം കെ.എം.സി.ടി കോളേജിൽ ബയോ മെഡിക്കൽ എൻജിനീയറിംഗിന് പഠിക്കുന്നു.
നിസ്വാർത്ഥസേവനത്തിനുള്ള അംഗീകാരമെന്നോണം ഈയിടെ കുട്ടേട്ടനെയും കുടുംബത്തെയും കാരശ്ശേരി സഹകരണ ബാങ്ക് ദത്തെടുത്തിരുന്നു. എം.കെ.രാഘവൻ എം.പിയുടെ നേതൃത്വത്തിൽ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാനാണ് പ്രഖ്യാപനം നടത്തിയത്. മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. പഠനശേഷം മക്കളിൽ ഒരാൾക്ക് കാരശ്ശേരി ബാങ്കിന്റെ മ്യൂസിയത്തിൽ ജോലി നൽകാമെന്നും ഉറപ്പു നൽകി. വീടും നവീകരിച്ചുനൽകുമെന്ന വാഗ്ദാനവും അവർ നൽകിയിട്ടുണ്ട്. ബാങ്കിന്റെ സഹായം സ്വീകരിക്കാൻ വിമുഖതയുണ്ടായിരുന്നെങ്കിലും പൊതുസേവനത്തിനു ലഭിക്കുന്ന അംഗീകാരമായാണ് കുട്ടേട്ടൻ ഇതിനെ കാണുന്നത്.
''മക്കളുടെ പേരിൽ പണം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. എങ്കിലും ആരേയും ബുദ്ധിമുട്ടിക്കാൻ കുട്ടേട്ടൻ ഒരുക്കമല്ല. ഇപ്പോഴും ചോർന്നൊലിക്കുന്ന പഴയ ഓടിട്ട വീട്ടിൽ കഴിയുകയാണിവർ. സഹായത്തിനായി മറ്റൊരാളുടെ മുൻപിൽ ചെന്നുനിൽക്കാൻ മനസ്സ് അനുവദിക്കാത്തതാണ് കാരണം. മകളുടെ വിദ്യാഭ്യാസം കഴിഞ്ഞാൽ ഒരു ജോലി നൽകാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. മ്യൂസിയത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. അത് പൂർത്തിയായാൽ ജോലി ലഭിക്കുമായിരിക്കും. ആവശ്യം പറഞ്ഞ് ആരേയും ബുദ്ധിമുട്ടിക്കാനില്ല. ഇങ്ങനെ പറഞ്ഞതുതന്നെ വലിയ സന്തോഷം.''- കുട്ടേട്ടൻ പറയുന്നു.
കഴിഞ്ഞ കോവിഡ് കാലത്ത് മാർച്ച് മുതൽ നവംബർ വരെയുള്ള ഒൻപതു മാസത്തോളം കട പൂട്ടിയിട്ടിരുന്നു. സ്വതവേ താളം തെറ്റിയാണ് യാത്ര. കോവിഡ് ആ യാത്രയെ കൂടുതൽ അവതാളത്തിലാക്കുകയായിരുന്നു. കോവിഡിന്റെ രണ്ടാം വരവിൽ നഗരത്തിൽ നിയന്ത്രണങ്ങൾ കടുത്തതോടെ പലരും വരാതായി. അതോടെ നിലനിൽപ്്് തന്നെ ഭീഷണിയിലാകുമെന്ന അവസ്ഥയിലാണിപ്പോൾ.
എന്റെ അവസ്ഥ മനസ്സിലാക്കിയാവണം ഭാര്യയും മക്കളും അനാവശ്യ കാര്യങ്ങളൊന്നും പറയാറില്ല. ആവശ്യങ്ങൾ നേരത്തെ അറിയിക്കണമെന്ന് മക്കളോട് പറയാറുണ്ട്. എന്റെ പ്രയാസങ്ങളൊന്നും അവരെ അറിയിക്കാറില്ല. വലുതായിട്ടൊന്നുമില്ലെങ്കിലും ചെറിയ രീതിയിൽ കാര്യങ്ങളെല്ലാം മുടക്കമില്ലാതെ നടക്കുന്നത് സർവേശ്വരന്റെ അനുഗ്രഹംകൊണ്ടാണെന്ന് കുട്ടേട്ടൻ പറയുന്നു.
കോഴിക്കോട്ടെത്തുന്നവർക്ക് കുട്ടേട്ടന്റെ കടയിലേയ്ക്ക് എപ്പോഴും കടന്നുവരാം. ആരോടും മുഖം കറുപ്പിച്ച് ഒരു വാക്കുപോലും പറയാത്ത ആ സൗമ്യസാന്നിധ്യം അനുഭവിച്ചറിയാം. ഒരു രൂപ നൽകിയാൽ സ്‌നേഹം ചാലിച്ച കട്ടൻചായയും കുടിച്ച് മടങ്ങാം.

Latest News