കവിതയുടെയും പാട്ടിന്റെയും പട്ടുനൂലുകൾ 

കഴിഞ്ഞ ദിവസം അന്തരിച്ച സുകുമാർ കക്കാടിനെക്കുറിച്ച്

സർഗാത്മക രചനകളിലൂടെ അര നൂറ്റാണ്ടിലധികംകാലം മലയാളി വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് സുകുമാർ കക്കാട്. അഞ്ച് കവിതാ സമാഹാരങ്ങളും മുപ്പത്തഞ്ചിലധികം നോവലുകളും ആ എഴുത്തുകാരനിൽ നിന്ന് മലയാള സാഹിത്യത്തിന് കിട്ടിയിട്ടുണ്ട്. സമാഹരിക്കപ്പെടാത്ത കവിതകളും പുസ്തക രൂപം കൈകൊള്ളാത്ത കഥകളും വേറെയുമിരിക്കുന്നു.


മനുഷ്യ മനസ്സുകൾ ശിഥിലമാകുകയും സ്‌നേഹ ബന്ധങ്ങൾ തകരുകയും ചെയ്യുന്ന ആധുനിക ലോകത്തെ ഒന്നായി കാണുകയും  മത സൗഹാർദത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയും ചെയ്ത കക്കാട് മാഷ് അടിസ്ഥാനപരമായി കവിയാണെങ്കിലും കൂടുതൽ പ്രശസ്തിയാർജിച്ചത് നോവലിസ്റ്റ് എന്ന പേരിലാണെന്നത്  ഒരു വസ്തുതയാണ്. 1983-ൽ മലയാള മനോരമയുടെ മാമൻ മാപ്പിള അവാർഡ് അദ്ദേഹം രചിച്ച 'മരണച്ചുറ്റ്' എന്ന കൃതിക്ക് ലഭിച്ചതാവാം അതിന് കാരണം. പെരുന്തച്ചൻ കോംപ്ലക്‌സിന്റെ കരിനിഴലിൽ പകയും വിദ്വേഷവുമായി കഴിയുന്ന ഒരു സമുദായത്തിന്റെ നേർക്കാഴ്ചയുണ്ട് ആ കൃതിയിൽ.


തഴമ്പ്, പാട്ടിന്റെ പട്ടുനൂലിൽ, ജ്വാലാമുഖികൾ, മരുപ്പൂക്കൾ, സ്‌നേഹ ഗോപുരം തുടങ്ങിയവയാണ് കവിതാ സമാഹാരങ്ങൾ. കൃതികളുടെ പേര് തന്നെ കവിക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത വിളിച്ചു പറയുന്നുണ്ട്. ഡൈസ് നോൺ, മരണച്ചുറ്റ്, കണ്ണുകളിൽ നക്ഷത്രം വളർത്തുന്ന പെൺകുട്ടി, വെളിച്ചത്തിന്റെ നൊമ്പരങ്ങൾ, കലാപം കനൽ വിതച്ച മണ്ണ്, ലൈലാ മജ്‌നൂൻ (നോവൽ പുനരാവിഷ്‌കാരം), അകലുന്ന മരുപ്പച്ചകൾ, കണ്ണീരിൽ കുതിർന്ന കസവു തട്ടം എന്നിവയാണ് കക്കാട് സാറിന്റെ പ്രധാന നോവലുകൾ. അദ്ദേഹത്തിന്റെ കൃതികളിൽ മുക്കാൽ പങ്കും ഇസ്ലാമിക ജീവിത ഗന്ധികളാണെന്നതും മറ്റൊരു സവിശേഷതയാണ്.


1939-ൽ തിരൂരങ്ങാടിക്കടുത്തുള്ള കക്കാട് ഗ്രാമത്തിൽ കെ.പി.കെ ആചാരിയുടെയും കൈപ്പോളിൽ അമ്മു അമ്മയുടെയും മൂത്ത മകനായി ജനിച്ച കക്കാട് മാഷ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് കൗതുകമെന്ന നിലയിൽ കവിതയെഴുത്ത് തുടങ്ങിയത്. നിമിഷ കവി കുഞ്ഞിക്കുട്ടൻ തമ്പുരാനെ അനുകരിച്ച് പദ്യരൂപത്തിൽ കത്തും, അദ്ദേഹത്തെ കവച്ചു കടക്കണമെന്ന ആഗ്രഹത്താൽ പദ്യത്തിൽ മേൽവിലാസവുമെഴുതി അയച്ചതിന് പിതാവിൽ നിന്നും കിട്ടിയ ശകാരമാണ് ആദ്യത്തെ അവാർഡ്!


ഇന്നത്തെ പോലെ സർഗാത്മകതയെ പ്രോൽസാഹിപ്പിക്കാൻ പഴയ കാലത്ത്  വ്യക്തികളോ സംഘടനകളോ അധികമൊന്നും ഉണ്ടായിരുന്നില്ല. നിരുൽസാഹപ്പെടുത്താൻ ധാരാളം പേർ ഉണ്ടായിരുന്നുതാനും. അക്കാലത്ത് യുവ 'കപി'യെന്ന് വിളിച്ച് അധിക്ഷേപിക്കപ്പെട്ട കക്കാട് മാഷിന് ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച 'പ്രതിക്കൂട്ടിൽ' എന്ന കവിതയുടെ പേരിൽ സമുദായഭ്രഷ്ടും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  'അഗ്നിഗാനം' എന്ന കവിതയെഴുതി പ്രസിദ്ധം ചെയ്താണ് തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർക്ക് അന്നദ്ദേഹം മറുപടി നൽകിയത്.
താനൊരു കവിയാണെന്ന ആത്മബോധം ജനിച്ചത് 1969-ൽ പാലക്കാട് ജില്ലാ കവി - കാഥിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല കവിതാ മൽസരത്തിൽ 'ദുഃഖം' എന്ന കവിതക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോഴാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.


നാൽപതോളം ഗ്രന്ഥങ്ങളെഴുതി മലയാള ഭാഷയെയും സാംസ്‌കാരിക മണ്ഡലത്തെയും സമ്പന്നമാക്കിയ ഈ പ്രതിഭാശാലിക്ക് അർഹമായ അംഗീകാരം സമൂഹം നൽകിയോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇന്നുവരെ അദ്ദേഹത്തിന്റെ കവിതകളെയും നോവലുകളെയും ആസ്പദിച്ച് ഒരു ചർച്ചയും ഇവിടെ നടന്നിട്ടില്ല. എന്തുകൊണ്ട് എന്ന ചോദ്യം നിഷ്പക്ഷത കൈമോശം വന്ന കോക്കസ് സാഹിത്യകാരൻമാരും ജാതി, മത, രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം മറ്റൊന്നും കാണാത്ത അക്കാഡമിഷ്യൻമാരും മറ്റും ചേർന്ന് വൃത്തികേടാക്കിയ സാഹിത്യ തറവാടിന്റെ അകത്തളങ്ങളിലാണ് മുഴങ്ങേണ്ടത്.

 

'മരുപ്പൂക്കൾ' എന്ന കവിതാ സമാഹാരത്തിലെ കവിതകളെല്ലാം ഇസ്‌ലാമിക വിഷയങ്ങളെ പുരസ്‌കരിച്ചെഴുതിയതാണ്. അവയിൽ പന്ത്രണ്ടോളം കവിതകൾ പ്രവാചകൻ മുഹമ്മദ് നബിയെ പ്രകീർത്തിക്കുന്നവയാണ്. 'സ്‌നേഹ ഗോപുര'ത്തിലും തിരുനബിയെ വാഴ്ത്തുന്ന കവിതകളുണ്ട്. പ്രവാചകനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ കവിതകളെഴുതിയ അമുസ്ലിം കവിയാരെന്ന ചോദ്യത്തിന് കേരളീയർക്ക് ഒറ്റ മറുപടിയേയുള്ളൂ - സുകുമാർ കക്കാട്.
നബിയെ കുറിച്ച് എന്തിനാണ് ഇത്രയധികം കവിതകളെഴുതുന്നതെന്ന ചോദ്യത്തിന് കക്കാട് മാഷിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. ലോകത്ത് മാനവികതക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ഇത്രയേറെ വാദിച്ച വേറെയൊരു മഹാപുരുഷനില്ലെന്നാണ് അതിന് കാരണമായി അദ്ദേഹം പറയാറുണ്ടായിരുന്നത്. 

Latest News