Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആകാശ  പൊയ്കയിലുണ്ടൊരു പൊന്നിൻ തോണീ... 

ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി പിറന്നു വീണത് തലശ്ശേരിക്കടുത്ത പാറപ്രം ഗ്രാമത്തിലാണ്. ഇതിനടുത്തുള്ള ചിറക്കുനി എന്ന മറ്റൊരു ഗ്രാമത്തിൽ മൂന്ന് നാല് ദശകങ്ങൾക്കപ്പുറം എസ്.എഫ്.ഐയുടെ ഏരിയാ സമ്മേളനം നടക്കുന്നു. അന്നത്തെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ ആവേശമായ കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടകൻ. തൊഴിലാളി വർഗ സർവാധിപത്യത്തെ കുറിച്ചും വർഗ സമരത്തെ പറ്റിയുമെല്ലാം ശ്രോതാക്കൾക്ക് മനസ്സിലാവുന്ന വിധത്തിലാണ് അദ്ദേഹം വിവരിച്ചത്. 
വിപ്ലവം തലശ്ശേരി ബസ് സ്റ്റാന്റാണെന്ന് വിചാരിക്കുക. നമ്മളിപ്പോൾ നിൽക്കുന്ന പോയന്റിൽനിന്ന് തലശ്ശേരിയെത്താനുള്ള ദൂരമേ ഉള്ളൂ വിപ്ലവത്തിലേക്ക്. അതായത് ഏഴോ, എട്ടോ കിലോ മീറ്ററുകളുടെ യാത്രയുടെ കാര്യം.  
എസ്.എഫ്.ഐയുടെ പ്രവർത്തന രീതി മാറ്റണമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചതായി റിപ്പോർട്ടർ ചാനലിൽ കഴിഞ്ഞ വാരത്തിൽ വാർത്ത. ഇതിനൊപ്പം പ്രചരിച്ച മറ്റൊരു വാർത്തയാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തതിനെ വിമർശിച്ചു കൊണ്ടുള്ള കോടിയേരിയുടെ പ്രസ്താവന. ഇത് വൻ വിവാദമായി. കോൺഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക നിരത്തിയുള്ള മറുപടിയും ലഭിച്ചു.  കോടിയേരി ചിറക്കുനിയിലെ പ്രഭാഷകനിൽനിന്ന് ഏറെയൊന്നും മാറിയിട്ടില്ലെന്ന് വ്യക്തം. 

 
***    ***    ***

കൗമാരക്കാരിയായ സിനിമാതാരത്തിന്റെ കരച്ചിലാണ് വാരാദ്യത്തിൽ കേട്ടത്. വിമാന യാത്രയ്ക്കിടെ സഹയാത്രികനിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ദംഗൽ നടി സൈറ വസീം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഡൽഹിയിൽ നിന്നു മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ യാത്ര ചെയ്യവെയാണ് ലൈംഗിക അതിക്രമം നടന്നതെന്ന് സൈറ പറഞ്ഞു. തന്റെ സീറ്റിനു പിന്നിൽ ഇരുന്ന യാത്രക്കാരനാണ് അതിക്രമത്തിനു ശ്രമിച്ചത്.  പിന്നിലിരുന്ന യാത്രക്കാരൻ അയാളുടെ കാല് കൊണ്ട് തന്റെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താൻ ഞെട്ടിയുണർന്ന സമയത്താണ് അയാളുടെ കാൽ കാണാൻ കഴിഞ്ഞതെന്നും സൈറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ട്.  കരഞ്ഞുകൊണ്ടാണ് നടന്ന സംഭവങ്ങൾ സൈറ വിവരിക്കുന്നത്. 
അക്രമിയുടെ ചിത്രമെടുക്കാൻ താൻ ശ്രമിച്ചെന്നും മങ്ങിയ വെളിച്ചമായതിനാൽ അതിനു സാധിച്ചില്ലെന്നും താരം വ്യക്തമാക്കി. എന്നാൽ അക്രമി കാൽ ഉപയോഗിച്ച് ഉരസുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. വിമാന യാത്രയ്ക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ മുമ്പൊരു മന്ത്രിയുടെ കൈ നാൽപത്തിയഞ്ച് ഡിഗ്രിയിൽ ചെരിഞ്ഞത് പോലെ വ്യവസായി ഉറങ്ങി പോയതാണെന്ന് പറയുന്നു. പീഡകന്റെ ഭാര്യ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉറങ്ങുന്നത് താൻ കണ്ടുവെന്ന് വിമാനത്തിലുണ്ടായിരുന്ന സഹയാത്രികനും പറയുന്നു. ഷൊർണൂരിലെ സൗമ്യ, പെരുമ്പാവൂരിലെ ജിഷ സംഭവങ്ങളുണ്ടായപ്പോൾ അതായിരിക്കും ഏറ്റവുമൊടുവിലേതെന്ന് എല്ലാവരും കരുതി. സൈറ വസീം പോലുള്ള സെലിബ്രിറ്റികൾക്കും ഇതാണ് അനുഭവം. വെറുതെയല്ല മി റ്റു കാമ്പയിൻ ടൈം മാഗസിന്റെ പേഴ്‌സൺ  ഓഫ് ദ ഇയറായത്. 

***    ***    ***

ഇക്കാലത്ത് ഒരാളെ ഒതുക്കാൻ ഏറ്റവും നല്ല വഴി ഏതാണ്? സമുദായമേതെന്ന് മനസ്സിലാക്കി സമൂഹ മാധ്യമങ്ങളിലൂടെ അത് സംബന്ധിച്ച് പ്രചാരണം നൽകുക. മലയാളത്തിലെ രണ്ട് പ്രധാന വാർത്താ ചാനലുകളിൽ തിളങ്ങുന്ന രണ്ട് വനിതാ അവതാരകർക്ക് പുതിയ പേരുകൾ നൽകി തൽപര കക്ഷികൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു വരികയാണ്. അന്ന, ഫാത്തിമ എന്നീ പേരുകളാണ് മിനി സ്‌ക്രീനിൽ പേരെടുത്ത ന്യൂസ് റീഡർമാർക്ക്  നൽകിയത്. കോൺഗ്രസ് നേതാവ് കൂടിയായ സിനിമാ താരം ഖുഷ്ബുവും  വിദ്വേഷത്തിന് പാത്രമായി. ഖുശ്ബുവിന്റെ യഥാർത്ഥപേര് നഖാത് ഖാൻ ആണെന്ന കണ്ടുപിടിത്തമാണ് വിദ്വേഷ ട്രോളർമാർ നടത്തിയത്. ഖുശ്ബുവിന്റെ പ്രതികരണമാണ് കൂടുതൽ രസകരം.  
രക്ഷിതാക്കൾ എനിക്ക് നൽകിയ പേരാണ് നഖാത് ഖാൻ എന്നത്. നിങ്ങൾ അത് കണ്ടെത്താൻ 47 വർഷം വൈകി, കഷ്ടം. എന്നായിരുന്നു  ഖുശ്ബുവിന്റെ ട്വീറ്റ്.  

***    ***    ***

പുര നിറഞ്ഞു നിൽക്കുന്ന അനുഷ്‌കയുടെ കാര്യത്തിൽ തീരുമാനമായി. കോഹ്‌ലിയ്ക്ക് ഇനി മനസ്സമാധാനത്തോടെ കളിക്കാം. ഓസ്‌ട്രേലിയയിൽ ചെന്ന് കളിച്ചാലും ഗ്യാലറിയിൽ അനു ഇരിക്കുമ്പോൾ മനുഷ്യരല്ലേ ശ്രദ്ധ മാറിപ്പോകാതിരിക്കുന്നതെങ്ങിനെ? ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി അനുഷ്‌ക ശർമയുടെ വിരലുകളിൽ അണിയിച്ച മോതിരം അപൂർവ വജ്രങ്ങൾ ഉപയോഗിച്ച് ഓസ്‌ട്രേലിയയിൽ നിർമിച്ചതാണ്. ഒരു കോടി രൂപയാണ് വില. ദേശീയ ചാനലുകളുടെ റിപ്പോർട്ടിൽ വിശദ വിവരങ്ങളുണ്ടായിരുന്നു. വിവാഹ ചടങ്ങിന് എത്തിയവരുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു മോതിരം. മൂന്ന് മാസം സമയമെടുത്താണ് കോഹ്‌ലി അനുഷ്‌കയ്ക്കായി മോതിരം തെരഞ്ഞെടുത്തത്. ടസ്‌കനിലെ ഹെറിറ്റേജ് റിസോർട്ടിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ത്യാ ടുഡേ ടിവിയുടെ ഫേസ്ബുക്ക് പേജിൽ വിവാഹ വാർത്തയുണ്ടായിരുന്നു. ദീർഘ സുമംഗലീഭവ പോലുള്ള മാന്യമായ പ്രതികരണങ്ങളായിരുന്നു ഏറെയും. മല്ലു സ്റ്റൈലിലുള്ള പൊതുമേഖല, സ്വകാര്യ മേഖല കമന്റുകൾ കണ്ടതേയില്ല. കൈരളി ടിവിയാണ് ഗോപ്യമായി കൈകാര്യം ചെയ്യേണ്ട വിഷയം പൊതുമണ്ഡലത്തിൽ ചർച്ചയ്‌ക്കെടുത്തിട്ട് പൊങ്കാല ഏറ്റുവാങ്ങിയത്. ചില ചാനലുകളിൽ പകൽ സമയത്ത് പല തവണ ആവർത്തിക്കുന്ന കോണ്ടം പരസ്യത്തിന് കേന്ദ്ര പ്രക്ഷേപണ മന്ത്രി നിയന്ത്രണം കൊണ്ടുവന്നത് ഉചിതമായി. അരോചകമായ വിസ്തരിച്ചുള്ള പരസ്യം ഏഷ്യാനെറ്റിലും പകൽ നേരത്ത് യഥേഷ്ടം സംപ്രേഷണം ചെയ്തിരുന്നു. 

***    ***    ***

മലയാളത്തിലെ പുതുതലമുറ നടിമാരിൽ ബുദ്ധിജീവി പട്ടത്തിന് അർഹത നടി പാർവതിയ്ക്കാണ്. പത്മാവതി സിനിമയിലെ നായിക ദീപികയുടെ തല അരിയാൻ നടക്കുന്നവരോട്  'നന്നായിക്കൂടേ'യെന്നാണ് പാർവതി ചോദിച്ചത്. 
സിനിമയെന്താണെന്നും കലയെന്താണെന്നും ആദ്യം മനസിലാക്കുക. ആരെയെങ്കിലും അവഹേളിക്കാനോ ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ. ഇഷ്ടമില്ലാത്ത സിനിമകൾ കാണണ്ട. അന്യോന്യം കൊല്ലാൻ നടന്നാൽ ആരും ബാക്കിയുണ്ടാകില്ലല്ലോ. പത്മാവതിയെ താൻ പിന്തുണയ്ക്കുന്നെന്നും പാർവതി പറഞ്ഞു. തിരുവനന്തപുരം ചലച്ചിത്ര മേളയിലെ  ഓപ്പൺ ഫോറം പരിപാടിയിലായിരുന്നു തുറന്നു പറച്ചിൽ. സിനിമയിൽ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി  മമ്മൂട്ടിയ്ക്കും, കസബ സിനിമയ്ക്കുമെതിരെ താരം പ്രതികരിച്ചു. പൂർണ നിരാശയാണ് ആ ചിത്രം എനിക്ക് സമ്മാനിച്ചത്. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നു. ഒരു പാട് സിനിമകൾ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.  എന്നാൽ നമ്മൾ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിർവരമ്പ്. ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്-പാർവതി വിശദീകരിച്ചു. ശ്വേതാ മേനോന്റെ കളിമണ്ണ് എന്ന ബ്ലസി ചിത്രം താരം കണ്ടിട്ടില്ലെന്ന് ആശ്വസിക്കാം. 

***    ***    ***

മിനിസ്‌ക്രീനിലെ പരിപാടികൾ വിജയിപ്പക്കാൻ ആങ്കർമാർക്കുള്ള കഴിവ് ശ്രദ്ധേയമാണ്. വിവിധ ചാനലുകളിൽ ഗംഭീരമായി മുന്നേറുന്ന പല പരിപാടികളും പ്രേക്ഷകരെ ആകർഷിക്കുന്നതിന് പിന്നിൽ ഇവരാണ്. 
രഞ്ജിനി ഹരിദാസും അശ്വതി ശ്രീകാന്തുമാണ് സ്റ്റാർ സിംഗർ പരിപാടി, കോമഡി സൂപ്പർ നൈറ്റ് പരിപാടികളുടെ വിജയശിൽപ്പികൾ. എത്ര നല്ല ഉള്ളടക്കമാണെങ്കിലും അവതാരകരുടെ പ്രസന്റേഷൻ പ്രധാനമാണ്.  പ്രേക്ഷകനെ പിടിച്ചിരുന്ന തരത്തിലാണ് പല പരിപാടികളുടേയും അവതരണ ശൈലി. ലക്ഷങ്ങൾ പ്രതിഫലമായി വാങ്ങുന്നവരാണ് ഈ രംഗത്തെ പലരും. രഞ്ജിനി ഹരിദാസ് അറിയപ്പെടുന്ന ആങ്കറാണ്. ചാനൽ പരിപാടികൾക്ക് പുറമെ മറ്റ് പരിപാടികളിലും രഞ്ജിനി അവതാരകയായി എത്തുന്നു. മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസിലൂടെയാണ് പേളി മാണി ശ്രദ്ധിക്കപ്പെട്ടത്. 
ഫഌവഴ്‌സ് ചാനലിൽ സംപ്രേഷണം  ചെയ്യുന്ന കട്ടുറുമ്പ് എന്ന പരിപാടിയും പേളിയാണ് അവതരിപ്പിക്കുന്നത്. അവതരണത്തിൽ തന്റേതായ ശൈലി സൂക്ഷിക്കുന്ന താരമാണ് ഗൾഫ് റേഡിയോ സ്റ്റേഷൻ പശ്ചാത്തലമുള്ള നൈല ഉഷ. പിന്നണി ഗായിക മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് താനെന്ന് റിമി ടോമി തെളിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ ആര്യയെ സഹതാരങ്ങൾ എത്ര പരിഹസിച്ചാലെന്താ ലക്ഷങ്ങളാണ് പ്രതിഫലമായി ലഭിക്കുന്നത്. വാർത്താ ചാനലുകളിൽ ശമ്പളം മുടങ്ങുന്നതിനിടയ്ക്ക് ആശ്വാസം പകരുന്ന വാർത്തയാണ് വിനോദ ചാനലുകളിലെ കലാകാരികളുടെ നേട്ടം. 

***    ***    ***

മാതൃഭൂമി ന്യൂസിൽ അൻവറിന്റെ അതിക്രമങ്ങൾ മൂന്നാം വാരത്തിലേക്ക് കടന്നു. 
ഓരോ ബുള്ളറ്റിനിലും ഒരു സെഗ്‌മെന്റ് നിലമ്പൂർ എം.എൽ.എയ്ക്കായി മാറ്റി വെക്കുന്നു.  സൂപ്പർ പ്രൈം ടൈമിൽ ഒന്നും മിണ്ടാത്ത അൻവർ എന്ന് വിശേഷിപ്പിച്ചതിന്റെ പിറ്റേ ദിവസമാണ് എം.എൽ.എ മാധ്യമ പ്രവർത്തകരുമായി സംസാരിച്ചത്. 
ആഴ്ചകൾക്കപ്പുറം കോടിയേരി കൊടുവള്ളിയിലെ കൂപ്പറിൽ കയറിയപ്പോഴാണ് പുതുശ്ശേരി രജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ തട്ടിപ്പിനെ കുറിച്ച് മാതൃഭൂമി ന്യൂസ് പരമ്പര തുടങ്ങിയത്. ഇന്ത്യൻ പ്രണയ കഥ പോലെ ഫഹദ് ഫാസിലും അമല പോളും ഒരേ വാഹനത്തിലെത്തി പരിഹാരമുണ്ടാക്കി. പ്രധാനമന്ത്രി തെരഞ്ഞെടുത്ത എം.പി സുരേഷ് ഗോപിയാണ് അടുത്ത ഇര. അഭ്രപാളികളിൽ നീതിക്കായി പോരാടുന്ന കമ്മീഷണറെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് കോടതി.  
മാതൃഭൂമി ന്യൂസ് ഓഖി ചുഴലിക്കാറ്റിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ കൈത്താങ്ങ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നല്ല കാര്യം. ഇക്കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച അറിയിപ്പുകളിൽ കേട്ടത് സഹായിക്കാൻ താൽപര്യമുള്ള വായനക്കാർക്കും പങ്കാളികളാകാമെന്നാണ്. ടെലിവിഷൻ ചാനലിനും വായനക്കാരുണ്ടാവുമോ? 

Latest News