അഗ്നിമീളേ പുരോഹിതം..

ഓർമ

മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ  1977 ലെ കഥാമത്സരത്തിൽ സമ്മാനം നേടിയ 'അഗ്‌നിമീളേ പുരോഹിതം' എന്ന കഥയിലൂടെയാണ് കിഷോർ സാഹിത്യരംഗത്ത്  ശ്രദ്ധിക്കപ്പെടുന്നത്. അതിലെ ചിത്തിരവാധ്യാർ എന്ന ബ്രാഹ്മണപുരോഹിതൻ പിന്നീടുള്ള പല കഥകളിലും പ്രത്യക്ഷപ്പെട്ടു. ഏറ്റവും അവസാനമെഴുതിയ 'ഇഹ ജന്മനി, പൂർവ ജന്മനി ജന്മജന്മാന്തരേഷു' എന്ന കഥയിൽ പോലും. തന്റെ വംശത്തിന്റെ രേഖപ്പെടുത്തലുകളുടെ തുടർച്ചക്ക്  ചിത്തിരവാധ്യാരെ കിഷോർ നല്ലവണ്ണം ഉപയോഗപ്പെടുത്തി. കാൾ യുങ്ങിന്റെ ഭാഷയിൽ പറഞ്ഞാൽ ചിത്തിരവാധ്യാർ  ഒരു ആർക്കിടൈപ് ആണ്. തനിക്കു പൈതൃകമായി ലഭിച്ച അടിസ്ഥാന വിശ്വാസങ്ങളുടെ മൂശയിൽ കിഷോർ കരുപ്പിടിപ്പിച്ചെടുത്ത കഥാപാത്രം.
ഞാൻ ആദ്യമായി കാണുമ്പോൾ കിഷോർ ലജ്ജാലുവായ ഒരു ചെറിയ കുട്ടിയായിരുന്നു. അവന്റെ മൂത്ത ചേച്ചി ടി.പി.ലത  ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്‌കൂളിൽ എട്ടാംക്ലാസിൽ എന്റെ സഹപാഠിയായി  വന്നു. ലതയുടെ അനിയത്തി ടി.പി.ലളിത താഴെയുള്ള ക്ലാസിൽ വിദ്യാർത്ഥിനിയായിരുന്നു. ലത നീണ്ട മുടിയും പ്രശാന്തമായ മുഖവുമുള്ള സുന്ദരിയെങ്കിൽ ലളിത പ്രസരിപ്പുനിറഞ്ഞുതുളുമ്പുന്ന കുസൃതിക്കുടുക്കയായിരുന്നു. ഇന്റർവെൽ സമയത്തും ഊണുസമയത്തുമൊക്കെ ചേച്ചിയെക്കാണാൻ ഞങ്ങളുടെ ക്ലാസിൽ ഓടിവന്നിരുന്ന ലളിതയോടായിരുന്നു എനിക്ക് കൂടുതൽ ആഭിമുഖ്യം. രണ്ടുപേരും നല്ല ചിത്രകാരികളായിരുന്നു. 'ഞങ്ങളുടെ അനിയനാണ് ഞങ്ങളെക്കാൾ നല്ലോണം വരക്കുന്നത്,' ലളിത പറഞ്ഞു.
ഒരു വൈകുന്നേരം അനിയനേയും കൂട്ടി രണ്ടാളും എന്റെ വീട്ടിൽ വന്നു. അന്നാണ് കിഷോറിനെ ആദ്യമായി ഞാൻ കാണുന്നത്. ലതയുടെ  വിരൽത്തുമ്പിലെ പിടി വിടാതെ, നാണിച്ചു മുഖം കുനിച്ച് , ഒരു ചോദ്യത്തിനും ഉത്തരം തരാതെ നിന്ന കിഷോറിൽ ഞാൻ ഉണ്ണിക്കണ്ണനെ ദർശിച്ചു. ഇരുണ്ട  നിറവും വൃത്തമൊത്ത  വട്ടമുഖവും അവനിൽ ശ്രീകൃഷ്ണൻെറ ഛായ ഉണ്ടാക്കിയിരുന്നു. ജനിക്കാതെപോയ അനുജനോടുള്ള വാത്സല്യം എന്നിൽ നിറഞ്ഞു.
പിന്നെ കിഷോർ വളർന്നു. അവന് കഥയോടും കവിതയോടുമുള്ള താൽപര്യം ലത പറഞ്ഞു. ലത എൻജിനീയറിങ്ങിലേക്കു തിരിഞ്ഞെങ്കിലും പാൽക്കുളങ്ങരക്കാരായ ഞങ്ങൾ ഇടയ്ക്കിടെ കാണുമായിരുന്നു. അങ്ങനെ ഒരു ദിവസം കിഷോർ എന്നെ കാണാൻ വന്നു. കൂടെ ഒന്നുരണ്ടു സ്‌നേഹിതരും. മുതിർന്നുവെങ്കിലും അവന്റെ മുഖത്ത് കുട്ടിത്തം വിടാതെനിന്നു. 'നീലിമ' എന്ന പേരിൽ ഒരു കൈയ്യെഴുത്തു മാസിക തുടങ്ങുന്നുവെന്നും എന്റെ കഥ വേണമെന്നും പറഞ്ഞു. ഞാൻ കൊടുക്കുകയും ചെയ്തു. കിഷോറിന്റെ വർണങ്ങളും വരകളും കൊണ്ട് സമ്പന്നമായിരുന്നു 'നീലിമ'. പി.എസ്.പ്രദീപ്, വിശാഖവർമ്മ  തുടങ്ങി നല്ല ഒരു സംഘം കൂട്ടുകാർ അവനോടൊപ്പം എന്നുമുണ്ടായിരുന്നു.
'നീലിമ'യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്  അവർ ഒരു കഥാസായാഹ്നം നടത്തി. കവിയരങ്ങുകൾ രംഗം അടക്കി വാഴുമ്പോൾ അന്ന് അത് ഒരു സാഹസമായിരുന്നു. പ്രശസ്ത കഥാകാരൻ സേതു ആയിരുന്നു അതിഥിയായി വന്നത്. അദ്ദേഹത്തിന്റെ  മുന്നിലാണ് ഞാൻ ആദ്യമായി ഒരു പബ്ലിക് സ്‌റ്റേജിൽ നിന്ന് എന്റെ കഥ വായിച്ചത്.
പിന്നെ കഥാകാരനെന്ന നിലയിൽ കിഷോറിന്റെ വളർച്ചക്ക് ഞാൻ സാക്ഷിയായി. അവൻ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായതും ജ്യോതി നാരായണിയെ വിവാഹം കഴിച്ചതും രണ്ടു കുട്ടികളുടെ അച്ഛനായതുമൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിലും, കഥകൾ വായിക്കുന്നുണ്ടായിരുന്നെങ്കിലും , നേരിട്ട് കാണാൻ അവസരമുണ്ടായില്ല. അതിനു അവസരം വന്നത് ഞങ്ങൾ പുതിയ വീട് വെച്ച് താമസം മാറിയപ്പോഴാണ്. ആ വീടിനടുത്തായിരുന്നു കിഷോർ താമസിച്ചിരുന്നത്. പരിചയം പുതുക്കാൻ ഒരു സന്ധ്യക്ക് അവൻ വന്നു. പിന്നെ ഇടയ്ക്കിടെ വന്ന് എന്റെ സായാഹ്നങ്ങളിൽ സാഹിത്യചർച്ചകൾ നിറച്ചു.
കഥയെഴുതാൻ കഴിയുന്നില്ല എന്ന്  അവൻ പലപ്പോഴും പരാതി പറഞ്ഞു. ചന്ദ്രമതിയായി ഞാൻ രംഗപ്രവേശം നടത്തിയ സമയമായിരുന്നു അത്.  ശുഭ്രമായ കടലാസുകൾക്കുമുമ്പിൽ രാ വെളുക്കുവോളം തപസ്സിരുന്ന് നിരാശയോടെ കരഞ്ഞുകൊണ്ട് പിന്മാറുന്ന മാനസികാവസ്ഥ എനിക്കും സുപരിചിതമായിരുന്നു. പ്രചോദനത്തിനായി താൻ ലഹരിയെ ആശ്രയിക്കാൻ തുടങ്ങിയെന്ന് അവൻ എന്നോടു പറഞ്ഞു. ഞാൻ എതിർത്തെങ്കിലും ഫലമുണ്ടായില്ല. 'എന്റെ  മനസ്സ് സങ്കീർണമാണ് '  - അവൻ പറഞ്ഞു.  എന്റെ പിടിയിൽ പോലും നിൽക്കുന്നില്ല. വിഷാദം കാരണം കുറച്ചുനാൾ ചികിത്സയിലായിരുന്നു. എനിക്ക് എഴുതിയേ പറ്റൂ. അതിനു ഞാൻ എന്തും ചെയ്യും.' ഓഫീസിലും അവനു പ്രശ്‌നങ്ങളുണ്ടായിരുന്നു. ഉപേക്ഷിക്കേണ്ടിവന്ന രാഷ്ട്രീയക്കുപ്പായത്തിന്റെ മണം അവനെ  പിന്തുടർന്ന് ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. 'സ്‌നേഹനാഥന്റെ മരണം' എന്ന കഥയിൽ ഈ പ്രശ്‌നങ്ങളുടെ അനുരണനങ്ങൾ കാണാനൊക്കും.
എന്നാൽ ഇടക്കൊക്കെ വഴിയിൽ ഒരു സ്‌കൂട്ടറിൽ ജ്യോതിയും കുഞ്ഞുങ്ങളുമൊത്തു ചിരിച്ചുകളിച്ച്   കിഷോർ  ചീറിപ്പാഞ്ഞുപോകുന്നതു കാണുമ്പോൾ ഒരു പ്രശ്‌നവും അവനെ അലട്ടുന്നെന്ന് തോന്നുകയേ ഇല്ലായിരുന്നു. 
ചിത്തിരവാധ്യാർ പുനർജനിക്കുകയും കഥകൾ വിരുന്ന് വരികയും ചെയ്തപ്പോൾ  അവൻ സന്തുഷ്ടനായി. എല്ലാം ശരിയായി എന്ന് വിചാരിച്ചപ്പോഴാണ് കിഷോർ അപ്രതീക്ഷിതമായി എല്ലാവരേയും നടുക്കിയത്.
കോഴിക്കോട്ട് നിന്നു ജെ . ആർ . പ്രസാദാണ് മരണവാർത്ത ഫോണിലൂടെ അറിയിച്ചത്. ആത്മഹത്യ! ഒരു വല്ലാത്ത തളർച്ച എന്നെ ബാധിച്ചു.
കുറേ  വർഷങ്ങൾക്കുമുമ്പ് കോസ്‌മോ ആശുപത്രിയിൽ എന്റെയും കിഷോറിന്റേയും അമ്മമാർ രോഗികളായി കിടന്നിരുന്നു. അന്ന് ഒരു പ്രഭാതത്തിൽ ആശുപത്രിവരാന്തയിൽനിന്ന്  സംസാരിക്കുകയായിരുന്നു കിഷോറും എന്റെ ഭർത്താവും ഞാനും. ആശുപത്രിവാസവും വീട്ടിൽ രോഗിയായ അച്ഛനെയും കുട്ടികളെയും  നോക്കാൻ ആരുമില്ലാത്ത അവസ്ഥയും എല്ലാംകൂടി എന്നെ അസ്വസ്ഥയാക്കിയിരുന്നു അപ്പോൾ. അതുകൊണ്ടു ഞാൻ പറഞ്ഞു ' ജീവിതം മടുത്തു കിഷോർ. എല്ലാം കൂടി എനിക്ക് പറ്റുന്നില്ല. ആത്മഹത്യ ചെയ്യാൻ വരെ തോന്നിപ്പോകുന്നു. ഓൾ സെയിൻറ്‌സ് കോളേജിന്റെ മുൻപിലുള്ള റെയിൽപ്പാളം ക്രോസ്സ് ചെയ്യുമ്പോൾ തീവണ്ടി തട്ടി  മരിച്ചാലെങ്കിലും എത്ര നന്ന്!'
ഞങ്ങളെ നടുക്കിക്കൊണ്ട് കിഷോർ ക്ഷുഭിതനായി. 'ആത്മഹത്യയെക്കുറിച്ച് ഇങ്ങനെ ലൈറ്റ് ആയി സംസാരിക്കരുത്.' തുടർന്ന് അവൻ ആത്മഹത്യയുടെ അപദാനങ്ങളെ വാഴ്ത്താൻ തുടങ്ങി. അവന്റെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകുന്നതും വാക്കുകൾ പരസ്പര ബന്ധമില്ലാതെ പോകുന്നതും  ശ്രദ്ധിച്ച് എന്റെ ഭർത്താവ് അന്തരീക്ഷം ലാഘവപ്പെടുത്താൻ വേണ്ടി പറഞ്ഞു 
'കിഷോർ, ചന്ദ്രിക പറയുന്നത് കാര്യമായെടുക്കേണ്ട. ഇവളുടെ ദേഹത്ത് തീവണ്ടി മുട്ടിയാൽ ഇവൾക്കൊന്നും സംഭവിക്കില്ല; തീവണ്ടി മറിയുകയേ ഉള്ളൂ.'
(പിന്നീട് ആ സ്മരണയിൽ ഞാൻ 'അഞ്ചാമന്റെ വരവ്'' എന്ന കഥ എഴുതി.) അന്ന് കിഷോറിന്റെ കണ്ണുകളിൽ കണ്ട വന്യപ്രകാശം ഇന്ന് അവനെയും കൊണ്ട് പോയിരിക്കുന്നു. 'മരണത്തിനപ്പുറം എന്തെന്നറിയണമെന്ന അഹന്ത' യാണ് തന്നെ ഇതിനു പ്രേരിപ്പിക്കുന്നതെന്ന് അവൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിവെച്ചു.
ജീവനറ്റ ആ ദേഹം കാണാൻ ഞാൻ പോയില്ല. പിറ്റേന്ന് ദുഃഖം പങ്കുവയ്ക്കാനെത്തിയ എന്നെ ലത കിഷോറിന്റെ മുറിവാതിൽക്കലേക്കു കൊണ്ടുപോയി. അവിടെ കട്ടിലിൽ ജ്യോതിയും കുട്ടികളും. നടുക്ക് ചാരിവച്ചിരിക്കുന്നു കിഷോറിന്റെ  പച്ച ടീഷർട് ധരിപ്പിച്ച തലയിണ. എല്ലാവരുടെയും കൈകൾ അതിന്മേൽ.
ഞാൻ ആ മുറിയിൽ കയറിയില്ല. 

 

Latest News