പാർവതി കണ്ട കുംഭമേള

വോട്ടെടുപ്പു നാളിൽ കേരളത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്് രണ്ടു ശതമാനം. പേരിന് ചില ജില്ലകളിൽ പുതിയ കേസുകൾ. പെട്ടെന്നാണ് ആകെ മാറിയത്. നിത്യേന പതിനയ്യായിരം പുതിയ കേസുകൾ. പോസിറ്റിവിറ്റി പതിനഞ്ച് ശതമാനത്തിലേക്ക്. എന്നും തെരഞ്ഞെടുപ്പായിരുന്നെങ്കിലെന്ന്് ആരും ആഗ്രഹിച്ചു പോകും. കോവിഡ് കാട്ടുതീ പോലെ പടർന്നത് ഏറ്റവും ബാധിച്ചത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് ഹൗസിനെയാണ്. മിക്കവാറും രണ്ടാം സീസണിന്റെ ഗതി തന്നെയാവും മൂന്നാമത്തേതിനും. നൂറ് ദിവസം തികയ്ക്കുമെന്ന കാര്യത്തിൽ പലർക്കും സംശയമായി. ബിഗ് ബോസിൽ നാടകീയ എലിമിനേഷൻ തകർക്കുകയാണ്. ഡബ്ബിംഗ് ചേച്ചി പുറത്തായതിന്റെ ക്ഷീണം മാറിയില്ല. ബിഗ് ബോസ് മലയാളം സീസൺ 3യിൽ നാടകീയ സംഭവങ്ങൾ. അപ്രതീക്ഷിതമായി വിഷു ദിനത്തിലെത്തിയ മോഹൻലാൽ ഫിറോസ്-സജ്‌ന ദമ്പതിമാരെ ബിഗ് ബോസ് ഹൗസിൽനിന്ന് പുറത്താക്കി.   മോഹൻലാൽ  മറ്റ് മത്സരാർത്ഥികളുടെ പരാതി കേട്ടു. എല്ലാവർക്കും ഒരേ പരാതി ഫിറോസിനെ കുറിച്ചും സജ്‌നയെ കുറിച്ചും. ഉള്ള പരാതികളെ കുറിച്ച് മറ്റ് വനിത മത്സരാർത്ഥികളോട് മോഹൻലാൽ ആരാഞ്ഞു. അതിന് ശേഷം ബാക്കിയുള്ളവരോടും ചോദിച്ചു. വ്യക്തിപരമായ നടത്തുന്ന ആക്ഷേപങ്ങളും, ബിഗ് ബോസ് ഹൗസിന് പുറത്തുള്ള കാര്യങ്ങളുടെ പരാമർശവും എല്ലാവരും ചൂണ്ടിക്കാണിച്ചു. ഒരാൾക്കും ഫിറോസിനേയും സജ്‌നയേയും കുറിച്ച് നല്ലത് പറയാൻ ഇല്ലായിരുന്നു. പുറത്തെ കാര്യങ്ങൾ പരാമർശിക്കുക എന്നത് ബിഗ് ബോസ് ഹൗസിലെ നിയമലംഘനം ആണെന്ന് മോഹൻലാൽ ആദ്യമേ പറഞ്ഞുവച്ചു. സ്ത്രീകൾക്കെതിരേയും മറ്റ് മത്സരാർത്ഥികൾക്കെതിരേയും ഉള്ള മോശം പരാമർശങ്ങൾ തെറ്റായ കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു. പുറത്താക്കലൊക്കെ ഒ.കെ. സീസൺ വേഗം നിർത്താലോ. രണ്ടാം സീസണിൽ രജികുമാറിനെ പുറത്താക്കിയ ശേഷം കൊച്ചി എയർപോർട്ടിൽ ഫാൻസ് സ്വീകരണം ഏർപ്പെടുത്തിയപ്പോൾ വൻ ജനക്കൂട്ടമുണ്ടായിരുന്നു. ഫിറോസിനേയും സജ്്‌നയേയും ഫാൻസ് വെറുതെ വിടുക. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ ക്വട്ടേഷൻ മെയ് രണ്ടിന് ശേഷം രാഷ്ട്രീയക്കാർ തന്നെ ഏറ്റെടുത്തോളും. 
*** *** ***
ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകൾ വെറുംവയറ്റിൽ ജോലി ചെയ്യരുത് എന്ന് ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു തമിഴ്‌നാട്ടിലെ ‘ഇഡ്ഡലി അമ്മ'  വെറും ഒരു രൂപക്ക് സാമ്പാറും ചട്ണിയും അടക്കം ഇഡ്ഡലി വിറ്റിരുന്നത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചപ്പോൾ  അമ്മയ്ക്ക് ഒരു വർഷം കൊണ്ട് വീടായി.  ദേശീയ ചാനലായ എൻഡിടിവിയിൽ ഇത് വാർത്തയായി.  തന്റെ  പുതിയ വീട്ടിലേക്ക് താമസം മാറ്റാനൊരുങ്ങി തമിഴ്‌നാട്ടുകാരുടെ പ്രിയങ്കരിയായ ‘ഇഡ്ഡലി അമ്മ'.  ആളുകൾ സ്‌നേഹത്തോടെ ഇഡ്ഡലി അമ്മ എന്നു വിളിക്കുന്ന വയോധികയുടെ കഥ സോഷ്യൽ മീഡിയ വഴി അറിഞ്ഞ രാജ്യത്തെ പ്രമുഖ വ്യവസായി ആയ ആനന്ദ് മഹീന്ദ്ര ഇവർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പു നൽകിയിരുന്നു. ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. ആനന്ദ് മഹീന്ദ്ര നിർമ്മിച്ചു നൽകിയ പുതിയ വീട്ടിലേക്ക് ഉടൻ തന്നെ ചേക്കേറാൻ ഒരുങ്ങുകയാണ്  80 വയസ്സു പിന്നിട്ട ഈ വയോധിക. 2019 സെപ്റ്റംബറിലാണ് ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന ‘ഇഡ്ഡലി അമ്മ' എന്നറിയപ്പെടുന്ന കമലാദൾ എന്ന സ്ത്രീയുടെ വാർത്ത  ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വീഡിയോ സ്‌റ്റോറി വൈറൽ ആയതോടെ  ഇഡ്ഡലി അമ്മ തമിഴ്‌നാട്ടിലെ സുപരിചിത നാമമായി മാറുകയും ചെയ്തു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തുച്ഛമായ തുകയ്ക്ക് ഇഡ്ഡലി വിറ്റുപോരുന്ന ഈ സ്ത്രീക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരും ഉണ്ടായി. വീഡിയോ ശ്രദ്ധയിൽപ്പെട്ട മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര ഈ സ്ത്രീയുടെ മനോഹരമായ കഥ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.പേരുവിനടുത്തുള്ള വടിവേലം പാളയം ഗ്രാമക്കാരിയാണ് കമലാദൾ.  കുറഞ്ഞ പണത്തിന് ഭക്ഷണം കഴിച്ചാൽ അധ്വാനിച്ചുണ്ടാക്കുന്ന പണം കുടുംബം പോറ്റാൻ മാറ്റിവെക്കാമല്ലോ എന്നാണ് ഈ അമ്മ ചോദിക്കുന്നത്.'മറ്റൊരാൾക്ക് പ്രചോദനം നൽകുന്ന ജീവിതത്തിന്റെ  ഭാഗമാകാൻ വളരെ അപൂർവമായേ അവസരങ്ങൾ ലഭിക്കാറുള്ളൂ. ഇഡ്ഡലി അമ്മ എന്ന പേരിൽ അറിയപ്പെടുന്ന കമലാദൾ, തന്റെ ജീവിത കഥയുടെ ഭാഗമാകാൻ ഞങ്ങളെ അനുവദിച്ചതിന് അവർക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നു. അവർക്ക് ജോലി ചെയ്യാനും താമസിക്കാനും സ്വന്തമായി ഒരു വീട് ലഭിക്കാൻ പോവുകയാണ് -ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
*** *** ***
കേരളപ്പിറവി നവംബർ ഒന്നിനാണ്. കേരളത്തിന് വെളിയിൽ കഴിയുന്ന മലയാളികൾ ആഘോഷിക്കുന്ന അതേ ആവേശം നാട്ടിലെ മലയാളികൾക്ക് ഇക്കാര്യത്തിലുണ്ടോയെന്ന് സംശയമാണ്. ഇത് ബോധ്യപ്പെടാൻ  നവംബർ മാസത്തിലെ ആദ്യ ദിനത്തിൽ മുംബൈ ഛത്രപതി ശിവജി ടെർമിനസ് സ്റ്റേഷന് മുമ്പിൽ രാവിലെ ചെന്നു നോക്കുക. ജോലിയ്ക്ക്് പോകുന്ന മലയാളി പെണ്ണുങ്ങളെല്ലാം കേരള സാരിയുടുത്താണ് പോകുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിലും റിയാദിലും കഴിയുന്ന മലയാളികൾ അത്ര നിലവാരമില്ലാത്ത ഓണസദ്യയു വിഷുസദ്യയും വൻതുക മുടക്കി വാങ്ങാൻ തയാറാവുന്നതിനും കാരണം മറ്റൊന്നല്ല.  വിഷു ദിനത്തിൽ സാമ്പ്രദായിക രീതിയിൽ കേരള സാരി ധരിച്ചില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തക ശാലിനിയുടെ വസ്ത്രധാരണത്തിനെതിരെയാണ് അസഭ്യവർഷം ചൊരിഞ്ഞത്. ചാനലിൽ സംപ്രേഷണം ചെയ്യുന്ന നമസ്‌തേ കേരളം പരിപാടിയുടെ അവതരണത്തിനിടെ യൂട്യൂബ് ലൈവിലാണ് ആക്രമണം. തീർത്തും ഒരു വ്യക്തിയുടെ വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് ലൈവിൽ നിറയുന്നത്. ഇതൊക്കെ അവതാരകയുടെ സ്വാതന്ത്ര്യമല്ലേ. അവർ സഭ്യതയുടെ അതിർ വരമ്പ് ലംഘിക്കാത്തിടത്തോളം മിണ്ടാതിരുന്നു കൂടെ? 
     തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീനും ജാനകിയും എത്ര പെട്ടെന്നാണ് താരങ്ങളായത്? മിൽമ, കെ.എസ്.ഇബി തുടങ്ങിയ സ്ഥാപനങ്ങളുടെ പരസ്യത്തിലും ഇവരെ കണ്ടു. വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾക്ക് പിന്തുണയുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപവുമെത്തി. ചുവടുതെറ്റുന്ന മതേതര കേരളം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. സഹവർത്തിത്വത്തിന്റെ സന്തോഷം മതേതര കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റമാണെന്ന് ലേഖനത്തിൽ പറയുന്നു. വിഭാഗീയതയുടെ വിദ്വേഷ രാഷ്ട്രീയത്തിൽ മുഴുകുന്നവർക്ക് ഇളമുറക്കാരുടെ ഈ പ്രതികരണം പ്രചോദനമാകണമെന്നും ലേഖനത്തിലുണ്ട്. 
*** *** ***
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തബ്‌ലീഗ് ജമാഅത്തിനെയും കുംഭമേളയേയും താരതമ്യം ചെയ്തതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. കോവിഡ് ഒന്നാം വ്യാപനത്തിനിടെ തബ്‌ലീഗ് ജമാഅത്തിനെതിരെ വിമർശനം നടത്തിയവർ കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോൾ മൗനം പാലിക്കുകയാണെന്ന് പാർവതി പറഞ്ഞു. ഇൻസ്റ്റഗ്രാമിലായിരുന്നു പാർവതിയുടെ പ്രതികരണം.കുംഭമേളയുടെ ദൃശ്യങ്ങൾക്കൊപ്പം അർണബ് ഗോസ്വാമി തബ്‌ലീഗ് ജമാഅത്തിനെതിരെ സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേർത്തുള്ള വീഡിയോയും പാർവതി പങ്കുവെച്ചിരുന്നു. ഏപ്രിൽ 30 വരെ കുംഭമേള ഗംഭീരമായി നടത്തുമെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. ചടങ്ങുകൾക്ക്് നേതൃത്വം നൽകിയ പൂജാരിയ്ക്ക്് ഉൾപ്പെടെ കോവിഡ് പിടിപെട്ടപ്പോൾ ചെറുതായി മയപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പ്രതീകാത്മകമായി നടത്തിയാൽ പോരെയെന്ന്് പ്രധാനമന്ത്രിജി ചോദിച്ചത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. എല്ലാറ്റിനേയും വിശ്വാസത്തിന്റെ പേര് പറഞ്ഞു അനുവദിച്ചാൽ ഇന്ത്യയിലെ ജനസംഖ്യ എപ്പോൾ കുറഞ്ഞുവെന്ന് ചോദിച്ചാൽ മതി. അല്ലേലും പാർവതി പല കാര്യത്തിലും നമ്മുടെ താരങ്ങളുടെ ഇടയിൽ മാതൃകയാണ്, വഴികാട്ടിയും.  
*** *** ***
നാട്ടിലിപ്പോൾ ബാങ്ക് അവധികളുടെ ഘോഷയാത്രയാണ്. ഈസ്റ്ററും വിഷുവും വാർഷിക അക്കൗണ്ട് അടവ്, പെസഹ, സെക്കൻഡ് സാറ്റർഡേ, പെരുന്നാൾ എന്നിങ്ങനെ പല വക. ബാങ്കിന്റെ ബ്രാഞ്ചിൽ പോകാതെ കാര്യം സാധിക്കാനാണല്ലോ നഗരത്തിൽ പലേടങ്ങളിലുമായി ബാങ്കിന്റെ എടിഎമ്മുകളും സിഡിഎമ്മുകളും. ഏത് ദിവസവും 24 മണിക്കൂറും പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം. ഇതെല്ലാം പ്രായോഗികമാണെങ്കിൽ ഭൂമി ഒരു സ്വർഗമായേനെ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ദേശസാൽകൃത ബാങ്കിന്റെ കോഴിക്കോട് നഗരത്തിലെ മൂന്ന്് എടിഎമ്മുകളും സിഡിഎമ്മുകളും ഏപ്രിൽ ആദ്യ വാരത്തിൽ ദിവസങ്ങളോളം പ്രവർത്തിച്ചില്ല. ഇതിലൊന്ന് മെയിൻ ബ്രാഞ്ചിനോട് ചേർന്നുള്ളതാണ്. പിന്നെ മനുഷ്യൻ അത്യാവശ്യത്തിന് പണം കിട്ടാനെന്ത് ചെയ്യും? സ്വന്തം ബെഡ് റൂമിൽ കട്ടിലിനടിയിൽ രഹസ്യ അറ ഉണ്ടാക്കി സൂക്ഷിക്കാം. ഇതിലെ പണമെടുക്കാൻ ഒരു സീക്രട്ട് കോഡിന്റെ ആവശ്യവുമില്ല. നമ്മുടെ പാവം അഴീക്കോട് എം.എൽ.എയും ഇത് മാത്രമേ ചെയ്തുള്ളു. അതിനാണ് വെറുതെ സാധുവിനെ വേട്ടയാടുന്നത്. 2011 -2020 കാലഘട്ടത്തിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർദ്ധനവുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നൽകിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്.  എന്നാൽ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഷാജി. വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടാക്കിയ ആദ്യ രാഷ്ട്രീയ നേതാവെന്ന ബഹുമതിയ്ക്കും ഷാജി അർഹനായി.
 

Latest News