ശിൽപനിർമാണ രംഗത്ത് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന കലാകാരനാണ് സുബ്രഹ്മണ്യൻ. കളിമണ്ണിന് പുറമെ കമ്പി,നൂല്,ചാർട്ട് പേപ്പർ എന്നിവയൊക്കെ ശിൽപ നിർമാണത്തിന് ഉപയോഗിക്കുന്നു.ഉപയോഗ ശൂന്യമായ പല വസ്തുക്കളും കലാരൂപ നിർമിതികൾക്കായി ഉപയോഗപ്പെടുത്താറുണ്ട്.
സർഗഭാവനയുടെ വിരൽതുമ്പിൽ നിന്ന് പിറവിയെടുക്കുന്നത് മനോഹരമായ ശിൽപങ്ങൾ. നിശ്ചലമെങ്കിലും ജീവൻ തുടിക്കുന്ന സുന്ദര സൃഷ്ടികൾ.ചിത്രകലാ അധ്യാപകനായ സുബ്രഹ്മണ്യന്റെ കലാവൈഭവത്തിൽ രൂപമെടുക്കുന്നത് കലയുടെ സൗന്ദര്യം മാത്രമല്ല, ജീവിതത്തിലേക്കുള്ള വലിയ സന്ദേശങ്ങളുമാണ്.
മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലം മേമാട്ടുപാറ സ്വദേശിയായ ചിത്രകലാ അധ്യാപകൻ എം.വി.സുബ്രഹ്മണ്യന്റെ കളിമൺ ശിൽപങ്ങൾക്ക് സോഷ്യൽമീഡിയയിൽ ഏറെ അംഗീകാരം ലഭിച്ചു കൊണ്ടിരിക്കുകയാണ്.ഹൃദയഹാരിയായ ആ ശിൽപ്പങ്ങളെ പ്രകീർത്തിച്ചും സ്വന്തമാക്കാൻ ആഗ്രഹിച്ചും ഒട്ടേറെ പേരാണ് മുന്നോട്ടുവരുന്നത്.എം.വി.എസ് കണ്ണമംഗലം എന്ന പേരിലാണ് സോഷ്യൽമീഡിയയിലും ഈ യുവ കലാകാരൻ അറിയപ്പെടുന്നത്.

ചിത്രരചനയിൽ പഠനം നടത്തിയിട്ടുള്ള സുബ്രഹ്മണ്യൻ അടുത്ത കാലത്തായി കളിമൺ ശിൽപങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ചെറുതാണ് മനോഹരം എന്ന വിശ്വവാക്യം ഈ ശിൽപിയുടെ സൃഷ്ടികളെ അന്വർത്ഥമാക്കുന്നു. കൈവെള്ളയിൽ ഒതുക്കി നിൽത്താനാകുന്നതാണ് ശിൽപങ്ങളിലേറെയും.വിശിഷ്ടമായ രൂപലാവണ്യവും അതിനൊത്ത നിറവിന്ന്യാസവും സംഗമിക്കുമ്പോൾ ഓരോ ശിൽപങ്ങളും ജീവൽഗന്ധിയായി മാറുന്നു.
തന്റെ സൃഷ്ടികളിലൂടെ സമൂഹത്തിന് എന്തെങ്കിലും സന്ദേശം നൽകാനും സുബ്രഹ്മണ്യൻ ശ്രമിക്കാറുണ്ട്. ലോകത്ത് കൊറോണയുടെ വ്യാപനം തുടങ്ങിയതു മുതൽ മനുഷ്യജീവിതങ്ങൾ രക്ഷിക്കാനായി അഹോരാത്രം പാടുപെടുന്ന ദൈവത്തിന്റെ മാലാഖമാരെ ആദരിക്കുന്നതിനായി നിർമിച്ച ശിൽപം ഏറെ ശ്രദ്ധനേടിയിരുന്നു. കൈകളിൽ ലോകത്തിന്റെ മാതൃക സുരക്ഷിതമാക്കി മാസ്‌ക് ധരിച്ചു നിൽക്കുന്ന നഴ്്‌സിന്റെ ശിൽപം ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള സുബ്രഹ്മണ്യന്റെ ആദരം കൂടിയായിരുന്നു. കഴിഞ്ഞ തിരുവോണ കാലത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ പ്രസക്തി വിളിച്ചോതി നിർമ്മിച്ച മാസ്‌ക് ധരിച്ച മാവേലിയും സമൂഹത്തിന് വിലയേറിയ സന്ദേശമാണ് നൽകിയത്.നമ്മുടെ രാഷ്ട്രപിതാവ് മഹാത്്മാഗാന്ധി,പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എന്നിവരുടെ ജീവൻ തുടിക്കുന്ന ശിൽപങ്ങളും സുബ്രഹ്മണ്യൻ നിർമിച്ചിട്ടുണ്ട്.അധ്യാപിക,വിദ്യാർഥി,പോലീസുകാരൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ശിൽപങ്ങളും ഈ കരവിരുതിൽ പിറവിയെടുത്തു.

ശിൽപനിർമാണ രംഗത്ത് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന കലാകാരനാണ് സുബ്രഹ്മണ്യൻ. കളിമണ്ണിന് പുറമെ കമ്പി,നൂല്,ചാർട്ട് പേപ്പർ എന്നിവയൊക്കെ ശിൽപ നിർമാണത്തിന് ഉപയോഗിക്കുന്നു.ഉപയോഗ ശൂന്യമായ പല വസ്തുക്കളും കലാരൂപ നിർമിതികൾക്കായി ഉപയോഗപ്പെടുത്താറുണ്ട്.മഹാത്്മജിയുടെ ഒരു ശിൽപം നിർമിച്ചത് ചെമ്പ് കമ്പി ഉപയോഗിച്ചും മറ്റൊന്ന് നൂല് മാത്രം ഉപയോഗിച്ചുമാണ്.മനോഹരമായി പെയിന്റ് ചെയ്യുന്നതോടെ ഇവ സുന്ദര രൂപങ്ങളായി മാറും.
കവിതകളോടുള്ള പ്രണയമാണ് സുബ്രഹ്മണ്യനെ വൈലോപ്പിള്ളിയുടെ മാമ്പഴമെന്ന പ്രശസ്ത കവിതക്ക് ശിൽപരൂപമൊരുക്കാൻ പ്രേരിപ്പിച്ചത്. വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ പഴം വീഴുമ്പോൾ, മാസങ്ങൾക്ക് മുമ്പ് വിടപറഞ്ഞു പോയ മകനെയോർത്ത് ചുടുകണ്ണീർ ഉതിർക്കുന്ന അമ്മയുടെ നൊമ്പരമാണ് ഈ ശിൽപത്തിന്റെ പ്രമേയം. വീട്ടുമുറ്റത്ത് കായ്ച് നിൽക്കുന്ന മാവിൻചുവട്ടിലിരുന്നു കരയുന്ന അമ്മയുടെ ശിൽപം കാഴ്ചക്കാരിലും നൊമ്പരമുണർത്തും. സ്വന്തം നാടായ മലപ്പുറത്തിന്റെ പ്രധാന കായിക വിനോദമായ ഫുട്ബാളും ഈ കലാകാരന്റെ കലായാത്രയിൽ ഉൾപ്പെടുന്നു. ലോകപ്രശസ്ത ഫുട്ബാളർ നെയ്്മറെ നിർമിച്ചത് തണ്ണിമത്തന്റെ തോടിലാണ്.വിവിധ തരം പഴങ്ങൾ,പച്ചക്കറികൾ എന്നിവയുടെ കുഞ്ഞുശിൽപങ്ങളും സുബ്രഹ്മണ്യന്റെ ശേഖരത്തിലുണ്ട്.കോവിഡ് ലോക്ഡൗൺ കാലത്ത് ഒട്ടേറെ പ്രമേയങ്ങളിൽ ശിൽപങ്ങളൊരുക്കി ഈ ശിൽപി കലാസ്വാദകരുടെ പ്രശംസ നേടിയിരുന്നു. രണ്ടു വർഷം മുമ്പ് വേങ്ങര ഗവ.ഗേൾസ് സ്‌കൂളിൽ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചിരുന്നു. സുബ്രഹ്മണ്യന്റെ കലാശേഖരം കാണാൻ പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ അധ്യാപകരോടൊപ്പം എത്താറുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ നടപ്പാക്കിയ വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി വേങ്ങര മേഖലയിലെ മൂന്നു വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എത്തി ഈ അനുഗൃഹീത കലാകാരനെ ആദരിക്കുകയും ചെയ്തിരുന്നു.ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്ന സുബ്രഹ്മണ്യൻ സ്‌കൂൾ പഠനകാലത്ത് സബ് ജില്ലാ തലത്തിൽ മൽസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. സ്‌കൂൾ പഠനത്തിന് ശേഷം മഞ്ചേരിയിലെ ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് ചിത്രകലയിൽ പഠനം നടത്തി അധ്യാപക യോഗ്യത നേടി. ഓയിൽ,വാട്ടർകളർ തുടങ്ങി വിവിധ മാധ്യമങ്ങളിലായി ഒട്ടേറെ പെയിന്റിംഗുകൾ സുബ്രഹ്മണ്യൻ വരച്ചിട്ടുണ്ട്. കളിമൺശിൽപ നിർമാണം സ്വയം സ്വായത്തമാക്കുകയായിരുന്നു.

കണ്ണമംഗലം മേമാട്ടുപാറയിലെ പരേതനായ രാമചന്ദ്രൻ കുറുപ്പിന്റെയും ശ്രീദേവിയുടെയും മകനാണ്.നാട്ടിലെ വിദ്യാലയത്തിൽ ചിത്രകലാ അധ്യാപകനായി ജോലി ചെയ്യുകയാണിപ്പോൾ.കൂടുതൽ മികവുറ്റ സൃഷ്ടികൾ നടത്തി ചിത്ര-ശിൽപകലാ രംഗത്ത് ഇനിയുമേറെ അറിയപ്പെടുന്ന കലാകാരനായി മാറണമെന്നാണ് എം.വി.എസ് കണ്ണമംഗലത്തിന്റെ ആഗ്രഹം.
മൊബൈൽ നമ്പർ: 9562257118






