മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ റിലീസിംഗ് പോസ്റ്റര്‍ ഏറ്റുവാങ്ങി കേരള പോലീസ്. 'കുറ്റവും ശിക്ഷയും' എന്ന സിനിമയുടെ റിലീസിംഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ പേജുകളിലും, ആസിഫ് അലി, ഷെറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്. നിരവധി പോലീസുകാരാണ് ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തത് .രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ജൂലൈ 2ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ.
കാസര്‍കോട്ട് നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക ത്രില്ലറാണ് സിനിമയുടെ പ്രമേയം. സിബി തോമസിന്റെ നേത്ര്വത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി വടക്കേയിന്ത്യയിലേക്ക് യാത്രയാവുകയും അവിടെ ജീവന്‍ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടുകയും ചെയ്യുന്നതാണ് കഥ.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.