തരീമി സൂപ്പര്‍ ഗോള്‍ വിഫലം, പോര്‍ടൊ പുറത്ത്

സെവിയ - മെഹ്ദി തരീമിയുടെ സൂപ്പര്‍ ഗോള്‍ ആരാധകര്‍ക്ക് സമ്മാനിച്ച് മുന്‍ ചാമ്പ്യന്മാരായ പോര്‍ടൊ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായി. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും മനോഹരമായ ഗോളില്‍ ചെല്‍സിയെ 1-0 ന് തോല്‍പിച്ചെങ്കിലും പോര്‍ടോക്ക് മുന്നേറാന്‍ അതു മതിയായില്ല. ആദ്യ പാദം 2-0 ന് ജയിച്ച ചെല്‍സി സെമി ഫൈനല്‍ ബെര്‍ത്ത് നേടി. 2014 നു ശേഷം ആദ്യമായാണ് ചെല്‍സി സെമി കളിക്കുക. റയല്‍ മഡ്രീഡോ ലിവര്‍പൂളോ ആയിരിക്കും എതിരാളികള്‍. 
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു തരീമിയുടെ ഗോള്‍. അതൊഴിച്ചാല്‍ പോര്‍ടോയുടെ എല്ലാ ശ്രമങ്ങളും വിഫലമാക്കാന്‍ ചെല്‍സിക്കു സാധിച്ചു. തോമസ് ടുഹേലിനു കീഴില്‍ ചാമ്പ്യന്‍സ് ലീഗിന്റെ നാല് നോക്കൗട്ട് മത്സരങ്ങളില്‍ ചെല്‍സി ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. 
 

Latest News