Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നീതി ലഭിച്ചില്ലെന്ന് ഇംഗ്ലണ്ട് സ്പിന്നര്‍

ലണ്ടന്‍ - കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ടീം മാനേജ്‌മെന്റ് തന്നോട് നീതി കാട്ടിയില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ഡോം ബെസ്. ഇക്കാര്യം ക്യാപ്റ്റന്‍് ജോ റൂട്ടുമായും കോച്ച് ക്രിസ് സില്‍വര്‍വുഡുമായും സംസാരിച്ചതായി സ്പിന്നര്‍ വെളിപ്പെടുത്തി. 
ഇംഗ്ലണ്ട് ജയിച്ച ആദ്യ ടെസ്റ്റില്‍ ഇരുപത്തിമൂന്നുകാരന്‍ കളിച്ചിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ പകരം മുഈന്‍അലിയെ ടീമിലെടുത്തു. മുഈന് രണ്ടാം ടെസ്റ്റിനു ശേഷം വിശ്രമം നല്‍കാനാണ് നേരത്തെയുള്ള തീരുമാനമെങ്കിലും ടീമിനൊപ്പം തുടരാന്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചു. എന്നാല്‍ നേരത്തെ നിശ്ചയിച്ച ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ മുഈന്‍ തയാറായില്ല. എന്നിട്ടും മൂന്നാം ടെസ്റ്റില്‍ ബെസ്സിന് അവസരം ലഭിച്ചില്ല. പാര്‍ട് ടൈം സ്പിന്നറായ ക്ാപ്റ്റന്‍ ജോ റൂട്ട് ആ മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്തു. നാലാമത്തെ ടെസ്റ്റിന് ബെസ്സിനെ തിരിച്ചുവിളിച്ചെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് ആ മത്സരം തോറ്റു. പരമ്പര 1-3 ന് അടിയറ വെക്കുകയും ചെയ്തു. 
ബെസ്സിനെ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്ത രീതിയില്‍ താന്‍ അതീവ നിരാശനാണെന്ന് മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ വിമര്‍ശിച്ചിരുന്നു. തൊട്ടുമുമ്പുള്ള ശ്രീലങ്കയിലെ പരമ്പരയില്‍ 17 വിക്കറ്റെടുത്ത ഹീറോ ആയിരുന്നു ബെസ്. കോച്ചിനോടും ക്യാപ്റ്റനുമായും സംസാരിച്ച ശേഷം സന്തോഷവാനാണെന്നും പിന്തുണ കിട്ടുമെന്ന പ്രതീതിയാണ് ലഭിച്ചതെന്നും ടീമില്‍ തിരിച്ചെത്താന്‍ എന്താണ് വേണ്ടതെന്ന് അവര്‍ നിര്‍ദേശിച്ചതായും ബെസ് പറഞ്ഞു. 

Latest News