Sorry, you need to enable JavaScript to visit this website.

ലൈവ് റിപ്പോർട്ട് ചെയ്യാം, മാങ്ങയും പറിക്കാം 

അച്ചടി മാധ്യമങ്ങളുടെ സ്ഥാനത്ത് ദൃശ്യ മാധ്യമങ്ങൾ മുന്നേറിയപ്പോൾ ലൈവ് കവറേജിനായി പ്രാധാന്യം. പത്ര റിപ്പോർട്ടർക്ക് നിശ്ചിത സമയത്ത് ഇടപാടും നിർത്തി പോകാമായിരുന്നു. വീട്ടിലുള്ള കുഞ്ഞ് നിലവിൡച്ചാലും സ്‌പോട്ടിൽ നിന്ന് ടിവി റിപ്പോർട്ടർക്ക് മാറാനാവില്ല. എന്താണ് യഥാർഥത്തിൽ അവിടെ സംഭവിക്കുന്നതെന്ന ഡെസ്‌കിൽ നിന്നുള്ള ചോദ്യം എപ്പോഴും പ്രതീക്ഷിക്കാം. ദാഹിച്ചും വിശന്നും ജോലി ചെയ്യേണ്ടി വരും. ആകെ ഒരു സമാധാനമുള്ളത് സംഭവ സ്ഥലത്ത് വല്ല ഫലവൃക്ഷവമുണ്ടെങ്കിൽ അതിനെ ആശ്രയിക്കാം. മലയാള ദൃശ്യ മാധ്യമ രംഗത്ത് മാറ്റത്തിന്റെ ശംഖൊലി മുഴക്കി കടന്നു വന്ന ചാനലിൽ ജോലി ചെയ്ത പ്രമുഖർ വരെ ഈ രീതി ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ മാങ്ങക്കൊക്കെ എന്താ വില? കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന റോഡരികിൽ സുലഭമായി ലഭിക്കുന്ന ഗുണനിലവാരമില്ലാത്തതിന് വരെ നൂറ് രൂപയുണ്ട് കിലോയ്ക്ക്. ശുദ്ധമായത്  തന്നെ വേണമെന്ന് നിർബന്ധമുള്ളവർക്ക് നമ്പ്യാർ മാങ്ങയെന്ന് വിളിക്കുന്ന കുറ്റിയാട്ടൂർ മാങ്ങയാവാം. കുറ്റിയാട്ടൂർ മാമ്പഴ പ്രദർശനവും വിൽപനയും നടത്തിയപ്പോൾ ഇതിന്റെ വില കിലോയ്ക്ക് 180 രൂപയായിരുന്നു. ഇലക്ഷൻ കവേറജിനിടെ മലയാള ചാനലിലെ പെൺകുട്ടി റിപ്പോർട്ട് ചെയ്ത രീതി സമൂഹ മാധ്യമങ്ങളുടെ പ്രശംസയ്ക്ക് കാരണമായി. റിപ്പോർട്ടർ ടിവി ലേഖിക അനഘയാണ് വോട്ടിംഗ് കണക്കുകൾ പ്രതിപാദിക്കുന്നതിനിടെ അടുത്ത് സംഭവിച്ച ഒരു അപകട സ്ഥലത്തേക്ക് കുതിച്ചത്. ക്ഷമിക്കണം, ഇപ്പോൾ വരാം എന്നു പറഞ്ഞാണ് ഇത് ചെയ്തത്. സോഷ്യൽ മീഡിയ അഭിനന്ദിച്ചത് നല്ല കാര്യം. അതിലും ശ്രദ്ധേയമായത് ഈ വാർത്തയ്ക്ക് ന്യൂസ് 18 നൽകിയ പ്രാധാന്യമാണ്. മറ്റേ പത്രത്തിലെ ആൾക്ക് അപകടം സംഭവിച്ചാൽ ഏതോ ഒരു പത്രത്തിന്റെ ആൾ എന്നു പറയുന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥം. 

***    ***    ***

റിപ്പോർട്ടിങിനിടെ ജോലി തടസ്സപ്പെടുന്നത് മാധ്യമപ്രവർത്തകരെ സംബന്ധിച്ച് അത്ര അപൂർവ കാര്യമൊന്നുമല്ല, പ്രകൃതിക്ഷോഭങ്ങൾക്കിടയിലും സമരങ്ങൾക്കിടയിലും ചാനൽ റിപ്പോർട്ടർമാർ കുറച്ചു കഷ്ടപ്പെട്ടാണ് ദൃശ്യങ്ങൾ പകർത്തുന്നതും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതും. എന്നാൽ റഷ്യയിലെ ഒരു ചാനൽ റിപ്പോർട്ടർക്ക് സംഭവിച്ചത് ഇതൊന്നുമല്ല. വാർത്തയ്ക്കിടെ എവിടെ നിന്നോ ഓടിയെത്തി റിപ്പോർട്ടറുടെ മൈക്കും കടിച്ചെടുത്തു സ്ഥലം വിട്ട നായയാണ് പണി പറ്റിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ചാനൽ തന്നെ പുറത്തു വിട്ടതോടെ സംഭവം അതിവേഗം വൈറലാകുകയും ചെയ്തു. റഷ്യൻ വാർത്താ ചാനലായ മിർ ടിവിയുടെ റിപ്പോർട്ടർ നടേസ്ഡ സെറസ്‌കിനയുടെ മൈക്കാണ് ക്യൂട്ടായ അക്രമി തട്ടിയെടുത്ത് ഓടിയത്. സംഭവം ലൈവായി സ്‌ക്രീനിൽ കണ്ട വാർത്താ അവതാരകയും ഒരു നിമിഷം സ്തംഭിച്ചു നിന്നു. എന്നാൽ മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോർട്ടറുടെ ദൃശ്യങ്ങളും ക്യാമറാമാൻ പകർത്തി. സംപ്രേഷണം നിർത്തി വെക്കാതിരുന്നതിനാൽ സംഭവത്തിന്റെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരും കണ്ടു. ഇതിനിടയിൽ റിപ്പോർട്ടറുമായുള്ള ബന്ധം നഷ്ടമായെന്നും ഉടൻ തിരിച്ചു വരാമെന്നും പറഞ്ഞ് വാർത്താ അവതാരകയും തടി തപ്പി. ലൈവ് റിപ്പോർട്ടിങിനിടെ സംഭവിച്ച രസകരമായ സംഭവം അലി ഓസ്‌കോക്ക് എന്ന റിപ്പോർട്ടർ ട്വിറ്ററിലൂടെ പുറത്തു വിട്ടതിനു പിന്നാലെയാണ് ഈ വീഡിയോ വൈറലായത്. കുറച്ചു സമയത്തിനുള്ളിൽ തന്നെ റിപ്പോർട്ടറായ നടേസ്ഡയ്ക്ക് നായയുടെ പക്കൽ നിന്നു മൈക്ക് തിരിച്ചു വാങ്ങാനായി.

***    ***    ***

ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെയുള്ള നടത്തത്തിന് പ്രസിദ്ധമായ ബ്രണ്ണൻ കോളജിനടുത്തുള്ള അങ്ങാടിയാണ് ചിറക്കുനി. മുഖ്യമന്ത്രി മത്സരിച്ച ധർമടം മണ്ഡലത്തിന്റെ ആസ്ഥാനം. കഴിഞ്ഞ നാലഞ്ച് ദശകങ്ങൾക്കിടെ കാര്യമായ മാറ്റമില്ലാത്ത നന്മയുടെ നാട്ടിൻപുറം. ഗൾഫ് പണത്തിന്റെ ഹുങ്ക് പ്രകടിപ്പിക്കുന്ന കോൺക്രിറ്റ് കാടുകൾ ഇപ്പോഴുമായിട്ടില്ല. പാർട്ടി ഓഫീസും ചായക്കടയും മാർക്കറ്റും എല്ലാമുണ്ട്. കാലപ്രവാഹത്തിൽ ചിറക്കുനിയിലെ സിനിമാശാല പോലും വിസ്മൃതിയിലായി. ഇവിടെയാണ് മുഖ്യമന്ത്രിയുടെ കാമ്പയിൻ സമാപനമായി ദക്ഷിണേന്ത്യയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുത്ത ഷോ അരങ്ങേറിയത്. എപ്പോഴും ഇടതുപക്ഷ പുരോഗമന ആശയങ്ങൾക്കൊപ്പം നിലയുറപ്പിച്ച  സുഹാസിനി മണി രത്‌നം, നവ്യ നായർ തുടങ്ങിയവരുണ്ടായിരുന്നു. അതു കഴിഞ്ഞ് നവ്യ ഒരു ചാനൽ അഭിമുഖത്തിൽ ധർമടം അനുഭവം വിവരക്കുന്നുണ്ട്. കണ്ണൂരിന്റെ ഭക്ഷണപ്പെരുമ അറിഞ്ഞത് കമല ടീച്ചറിൽ നിന്നാണ്. മുഖ്യമന്ത്രിയെ ഇന്റർവ്യൂ ചെയ്യാൻ ധൈര്യം പകർന്നു തന്നതും കമലേടത്തിയാണ്. അതിലൊക്കെ പുറമേ കണ്ണൂർ ഭാഷയുടെ ഫാൻ കൂടിയാണ് നവ്യ. പിണറായി മുഖ്യമന്ത്രിയായതിന്റെ ഒരു ഗുണം. എറണാകുളത്തെ ചില പ്രസിദ്ധ സിനിമക്കാരും ഇപ്പോൾ ആശയ വിനിമയം നടത്തുന്നത് തലശ്ശേരി ഭാഷയിലാണ്. ഇതിലെ കന്നഡ സ്വാധീനമൊക്കെ ഭാഷാ പണ്ഡിതർ ഗവേഷണം നടത്തിക്കോട്ടെ. 

***    ***    ***

സുഹാസിനിയ്ക്ക് ധർമടത്ത് വരാം സി.പി.എം നേതാവിന് വേണ്ടി കാമ്പയിൻ ചെയ്യാം. അവരുടെ ഇളയഛൻ കമൽ ഹാസൻ ഇതിലും വലിയ പിണറായി ഫാനായിരുന്നു. ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ചെന്നൈയിലെ മലയാളി പത്രക്കാരോട് ഉറപ്പിച്ചു പറഞ്ഞു. കേരളത്തിൽ പിണറായി അല്ലാതെ ആര് ജയിക്കാൻ? കമലിന്റെ പാർട്ടി മക്കൾ നീതി മയ്യം കോയമ്പത്തൂരിൽ മത്സരിക്കാൻ തീരുമാനിച്ചതിൽ പിന്നെ ഏറ്റവും വിമർശിച്ചത് തമിഴ്‌നാട്ടിലെ സി.പി.എമ്മിനെയാണ്. മുന്നണിയിൽ ചേരാൻ 25 കോടി രൂപ വരെ വാങ്ങിയെന്നാണ് ആരോപണം. ഇത് പ്രകാശ് കാരാട്ട് നിഷേധിച്ചെങ്കിലും കമൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. കോയമ്പത്തൂരിൽ ഫാസിസത്തിനെതിരെ പോരാടാൻ മത്സരിക്കുന്ന കമൽഹാസൻ പത്ര റിപ്പോർട്ടറെ സിനിമാ സ്‌റ്റൈലിൽ പെരുമാറിയതാണ് ലേറ്റസ്റ്റ്. മക്കളും മോശക്കാരല്ല. പോളിങ് ബൂത്തിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് കമൽഹാസന്റെ മകൾ ശ്രുതി ഹാസനെതിരേ ബിജെപി പരാതി നൽകി. മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനൊപ്പം കോയമ്പത്തൂർ സൗത്തിലെ പോളിങ് ബൂത്ത് സന്ദർശനം നടത്തിയതിനെതിരെയാണ് പരാതി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കമൽ ഹാസൻ ചെന്നൈയിലെ ആൾവാർപേട്ടയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ പോളിങ് ബൂത്തിൽ സന്ദർശനം നടത്തിയിരുന്നു. മക്കളായ ശ്രുതി, അക്ഷര എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വാനതി ശ്രീനീവാസന് വേണ്ടി ജില്ലാ പ്രസിഡന്റ് നന്ദകുമാറാണ് ശ്രുതിക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഓഫീസർക്ക് പരാതി നൽകിയത്.

***    ***    ***

കേരളത്തിലെ കോൺഗ്രസിനെ ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ് ടൈംസ് നൌ ചാനലിനോട് രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നു പറഞ്ഞത്. കോൺഗ്രസിനെ മടുത്ത അണികളാണ് ബിജെപിയിലേയ്ക്ക് ഒഴുകുന്നത് എന്നദ്ദേഹം സാക്ഷ്യപ്പെടുത്തുമ്പോൾ, അടുത്ത ഊഴം നേതാക്കളുടേതാണ് എന്ന്  കൂട്ടിവായിക്കാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയിൽ നിന്ന് ഒട്ടും ഭിന്നമല്ല കേരളത്തിലെയും കോൺഗ്രസിന്റെ സ്ഥിതി. ഇന്ത്യയിലാകെ കോൺഗ്രസിന്റെ നേതാക്കളെയും അണികളെയും ഒന്നിച്ചാണ് ബിജെപി വിഴുങ്ങുന്നത്. ഈ പ്രതിഭാസത്തെ ചെറുക്കാനുള്ള ഒരു വഴിയും രാഹുൽ ഗാന്ധി മുതൽ താഴോട്ടുള്ള ഒരു നേതാവിനുമില്ല. കോൺഗ്രസിലെ ഗ്രസിച്ചിരിക്കുന്ന ഈ അത്യാപത്ത് തിരിച്ചറിയാതെ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്ന തിരക്കിലാണ് മുതിർന്ന നേതാക്കൾ എന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ ഗൗരവത്തോടെ വേണം കാണാൻ. അധികാരവും അതിന്റെ സൗകര്യങ്ങളും എന്ന ഇത്തിരിവട്ടത്തിനപ്പുറം ചിന്തിക്കാൻ കഴിവില്ലാത്തവരാണ് നേതാക്കൾ. 
അതുകൊണ്ടാണ് അവർ ഗ്രൂപ്പിൽ മാത്രം അഭിരമിക്കുന്നത്. ഇതേ അധികാരവും സൗകര്യങ്ങളും നാളെ ബിജെപി വെച്ചു നീട്ടിയാൽ അതു തിരസ്‌കരിക്കാനുള്ള ആത്മബലം സ്വാഭാവികമായും ഉണ്ടാവുകയില്ല. ബിജെപി ഉയർത്തുന്ന വർഗീയ വെല്ലുവിളിയെ ചെറുക്കാൻ കോൺഗ്രസിന് കഴിയില്ല. അസമിൽ ആരാണ് എം.എൽ.എയാവുകയെന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ കോൺഗ്രസ് നേതൃത്വം ബേജാറിലാണ്. സ്ഥാനാർഥികളെ തന്നെ ബി.ജെ.പി റാഞ്ചുമോ എന്നാണ് ഭീതി. എളുപ്പവഴിയും കണ്ടെത്തി. 26 സ്ഥാനാർഥികളെ ഒറ്റയടിക്ക് രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി. ഇത്രയ്ക്ക് ഉറപ്പില്ലാത്തവനെയൊക്കെ ഇലക്ഷന് നിർത്തേണ്ട കാര്യമുണ്ടായിരുന്നുവോ?

Latest News