Sorry, you need to enable JavaScript to visit this website.

ഇങ്ങനെയൊക്കെ ആയാൽ മതിയോ

മനുഷ്യരിൽ ഭൂരിപക്ഷം പേർക്കും ജീവിതത്തിൽ പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ് ഞാൻ ഇങ്ങനെയങ്ങ് ജീവിച്ചാൽ മതിയോ എന്നത്.ഇങ്ങനെയൊക്കെ ആയാൽ മതിയോ എന്റെ ദൈനംദിന പ്രവർത്തനങ്ങൾ? ഉദാത്തമായ പലതും എനിക്കും ചെയ്യാൻ കഴിയുമല്ലോ,എന്നിട്ടും എന്തുകൊണ്ടാണ് ഞാനതിന് മുതിരാത്തത്? ആരാണ് എന്നിലെ എന്നെ എന്റെ കുതിപ്പിൽ നിന്നും തടയുന്നത്? കാര്യക്ഷമമായ ഒരഴിച്ചു പണിയൽ എന്റെ ചിന്തകളിലും വാക്കുകളിലും കർമ്മങ്ങളിലും വരുത്താൻ ഞാൻ സ്വീകരിക്കേണ്ട സത്വരമായ പ്രായോഗിക പദ്ധതികൾ എന്തൊക്കെയാണ്? എന്നിത്യാദി ചോദ്യങ്ങൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നവരും നമുക്കിടയിൽ കുറവല്ല. 


നമ്മുടെ അകത്തുള്ള യഥാർത്ഥ ശേഷിയെ വേണ്ടരീതിയിൽ വിനിയോഗിച്ച് ഏറെ കുറെ സന്തുഷ്ടവും സംതൃപ്തവും ഉല്ലാസപ്രദവുമായ ജീവിതം നയിക്കാൻ നമുക്കോരോരുത്തർക്കും കഴിയുമെന്നറിയുക. ജീവിത പകിട്ടിന്റെ കാര്യത്തിൽ ഒരു ശരാശരിയിൽ കുറഞ്ഞതനുഭവിച്ച്നിരാശയുടെ ഇരുണ്ട ഗഹ്വരങ്ങളിലേക്ക് ആപതിക്കേണ്ടതല്ലല്ലോ നമ്മുടെ ജീവിതം! 
അലസമായും അശ്രദ്ധമായും നാളുകൾ നിരുത്തരവാദപൂർവ്വം തള്ളി നീക്കിയാൽ ഒരിക്കലും തിരികെ വരാതെ കൊഴിഞ്ഞു പോകുന്നത് നമ്മുടെ ജീവിതത്തിൽ അനുവദിക്കപ്പെട്ടിരിക്കുന്ന നിർണിതമായ ആയുസ്സിലെ അമൂല്യമായ അവസരങ്ങളും പരിസരങ്ങളുമാണെന്നോർക്കണം. ജീവിതം യാന്ത്രികമായി ചെലവിടുന്നതിന് പകരം അതിന്റെ ഗതിവിഗതികളിൽ ബോധപൂർവ്വം ഇടപെട്ടുകൊണ്ട് വേണ്ട പുനഃപരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ അതാത് സമയത്ത് വരുത്തി മുന്നേറണം. അപ്പോൾ ആത്മസംതൃപ്തി നുകർന്ന് ജീവിത യാത്രയെ ഒരു പരിധി വരെ പാകപ്പെടുത്താൻ നമുക്കോരോരുത്തർക്കുംകഴിയും. 


ഞാനെന്തിന് ജീവിക്കുന്നു എന്നതിന് സ്വയം ചോദിച്ച് കണ്ടെത്തുന്ന ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത ആർജിക്കുകയാണ് അതിന് ആദ്യമായി വേണ്ടത്. എന്റെ സവിശേഷ ജീവിത ദൗത്യമെന്തായിരിക്കണം? യഥാർത്ഥത്തിൽ ജീവിത ദിശയറിയാതെ വഴിതെറ്റി ഉഴലുന്നവർ ഈ ചോദ്യം ചോദിക്കാനും ഉത്തരം കണ്ടെത്താനും പൊതുവേവിസമ്മതിക്കുന്നവരാണ്. 
പഠനത്തിൽ, പരീക്ഷകളിൽ, ആരോഗ്യത്തിൽ,കുടുംബ ബന്ധങ്ങളിൽ,തൊഴിലിൽ, സമ്പാദ്യത്തിൽ, സാമൂഹ്യ- സാംസ്‌ക്കാരിക- സേവന രംഗങ്ങളിൽ ഞാനെവിടെ നിൽക്കുന്നു എന്ന ആത്മ പരിശോധന ഇതിന് ഏറെ ഗുണം ചെയ്യും. പല കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ ദിനേന കൃത്യ നിഷ്ഠയോടെ ചെയ്ത് വിജയിപ്പിക്കുന്നതിലൂടെ ഉൽകൃഷ്ടമായ ജീവിതസരണി നമുക്ക് വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന പ്രാപഞ്ചിക സത്യമാണ് നമ്മൾ പലപ്പോഴും വിസ്മരിക്കുന്നത്. 
നിരവധി മഹിമയാർന്ന കാര്യങ്ങൾ ചെയ്യാനുള്ള ത്വര അകത്തും സാഹചര്യം പുറത്തും ഉണ്ടായിട്ടുപോലും ആ ദിശയിൽ വേണ്ടതൊന്നും ചെയ്ത് തുടങ്ങാതിരിക്കുന്ന തരത്തിൽ നമ്മെ നാമല്ലാതെ ആരാണ് കൂച്ചു വിലങ്ങിട്ട് തളച്ചിരിക്കുന്നത്? 


നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം കൂടുതൽ നിഷ്ഠയോടെ ഏറ്റെടുക്കാൻ നമുക്കല്ലാതെ മറ്റാർക്കു കഴിയും? പതിവ് അലസതകളിലും പിന്നീടാവാമെന്നുള്ള നീട്ടിവെക്കലുകളിലും അകപ്പെട്ട്നാം അതൊക്കെ വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണ്. അതിനാൽ ബോധപൂർവം തന്നെ നമ്മിലെ ഇച്ഛാശക്തിയേയുംകർമ്മ ശേഷിയേയും നവീകരിച്ച് പാകപ്പെടുത്തി നാം പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. 
ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള നിരന്തരമായ വിചിന്തനവും വായനയും അന്വേഷണവും അത് വഴി ലഭിക്കുന്ന തിരിച്ചറിവും ഇതിനാവശ്യമാണ്. ആന്തരികവും ബാഹ്യവുമായ തലങ്ങളിലും രഹസ്യവും പരസ്യവുമായ മേഖലകളിലും നമ്മെ പുതുക്കി പണിയാൻ ഇത് ഏറെ സഹായകമാണ്. 
ജീവിതത്തിനുമേൽ കാര്യമായ നിയന്ത്രണം ഉണ്ടാവണമെങ്കിൽ രാപ്പകലുകളിൽ നാം ഏറ്റവും കൂടുതൽസമയം ചെലവഴിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് ഗൗരവമായി ശ്രദ്ധിക്കണം. ഒരു കടലാസിൽ ഇടക്കൊക്കെ അവയൊന്ന് രേഖപ്പെടുത്തി അപഗ്രഥിച്ച് നോക്കണം. സവിശേഷഗുണമുള്ള സമയം ദിനേന നാം കുടുംബത്തോടൊത്ത് ചിലവിടാറുണ്ടോ? ബന്ധങ്ങളെയും സൗഹൃദങ്ങളെയും അനുദിനം മെച്ചപ്പെട്ടതാക്കുന്നതിന് ചിലവഴിക്കുന്ന സമയമെത്ര? ആരോഗ്യ പരിപാലനത്തിനും മാനസികോല്ലാസത്തിനും വേണ്ടത്ര നേരം കണ്ടെത്താറുണ്ടോ? 
സാമ്പത്തിക കാര്യങ്ങൾ കാര്യക്ഷമമായിട്ടാണോ കൈകാര്യം ചെയ്യുന്നത്? അവനവനെ സംബന്ധിക്കുന്ന മറ്റ് പ്രസക്ത തലങ്ങളിൽ നേട്ടങ്ങൾ കൈവരിക്കാനാവശ്യമായ കാര്യങ്ങൾ സമയ ബന്ധിതമായി ചെയ്ത് 


ആത്മ വിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും മുന്നേറുന്നുണ്ടോ? എന്ന് തുടങ്ങി ചില ലളിതമായ ചോദ്യങ്ങൾ ഇടക്കിടെ ചോദിച്ചു കൊണ്ടേയിരിക്കുക. ചെയ്യുന്ന പല കാര്യങ്ങളിലും കൂടുതൽ വ്യക്തത ഇത് വഴി ലഭ്യമാവും. 
ജീവിതത്തിൽ മുൻഗണനാക്രമങ്ങൾ നിർണയിക്കുന്നതിൽ വീഴ്ച പറ്റിയാൽ സ്വാഭാവികമായും ജീവിതാന്ത്യത്തിൽ നാം ഏറെ ദുഃഖിക്കേണ്ടിവരും എന്നതിൽ സംശയമില്ല. ജീവിതത്തിലെ മുൻഗണനകൾ നിശ്ചയിക്കുന്നതും പരമാവധി പാലിക്കുന്നതും ഏറെ നന്നായിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നമ്മുടെ കർമ്മങ്ങള വസ്തുനിഷ്ഠമായി ക്രമീകരിക്കാനും ആനന്ദപൂർവ്വം അവ വിജയിപ്പിച്ചെടുക്കാനും ഇത് നമ്മെ സഹായിക്കുന്നു. 
ഇതിനായി നമ്മുടെ ജീവിത ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം ലിസ്റ്റ് ചെയ്യണം. അവയ്ക്കായി ദൈനംദിനം ചെലവഴിക്കുന്ന ഏകദേശ സമയവും കുറിച്ചിടുക. നിർബന്ധമായും ചെയ്യേണ്ടത്, 


ചെയ്താൽ പ്രയോജനമുള്ളത്, ചെയ്യാൻ കഴിഞ്ഞെങ്കിൽ നല്ലത്. എന്നിങ്ങനെ മൂന്നു വിഭാഗത്തിൽ നമ്മുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ വർഗ്ഗീകരിക്കുക. കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്നത്, മക്കളുടെ വൈകാരികവും മാനസികവും സാമൂഹികവുമായ കഴിവുകൾ മെച്ചപ്പെടുത്താൻ പ്രത്യേകമായി സമയം ചെലവഴിക്കുന്നത്, 
കുട്ടികൾക്ക് ഉറങ്ങാൻ നേരത്ത് സദുപദേശ കഥകളും മഹാന്മാരുടെ ജീവചരിത്രങ്ങളും പറഞ്ഞു കൊടുക്കുന്നത് തുടങ്ങിയവ ഉദാഹരണമായെടുക്കാം.
ഈ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി ഒന്ന് വിലയിരുത്തിയാൽ തന്നെ നമുക്കറിയാം മക്കളെ വളർത്തുന്ന കാര്യത്തിൽ നാം ചെലുത്തുന്ന ശ്രദ്ധയുടെ ഏറ്റ കുറച്ചിലുകൾ. നമ്മുടെ വിവിധ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നാം ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് ഇത്തരം ഒരു പരിശോധന നടത്തുന്നതിലൂടെ വിലയിരുത്താൻ നമുക്ക് കഴിയും. തുടർന്ന് അതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളേയും പരിശ്രമങ്ങളെയും പുനഃക്രമീകരിക്കാനും എളുപ്പമാവും. 
ആത്മ ശാക്തീകരണത്തിന് ഉതകുന്ന വൈജ്ഞാനികവും വൈകാരികവും കായികവുമായ പഠന പരിശീലന പ്രവർത്തനങ്ങളിൽ നമ്മൾ നിത്യേന ഏർപ്പെടാറുണ്ടോ?ആത്മനിയന്ത്രണം ശീലിക്കാനുതകുന്ന കാര്യങ്ങളിൽ നാം ശ്രദ്ധിക്കുന്നുണ്ടോ?ആത്മശേഷിയെ വർധിപ്പിക്കാൻ ആവശ്യമായ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാറുണ്ടോ? വൈകാരികമായ വേലിയേറ്റങ്ങളെയും വേലിയിറക്കങ്ങളേയും സമർത്ഥമായി കൈകാര്യം ചെയ്യുന്നുണ്ടോ? 


വിവിധ കാര്യങ്ങളെ ഏകാഗ്രതയോടെ സമീപിക്കാറുണ്ടോ? സമയം കൊല്ലികളായ പാഴ് വിനോദങ്ങളിൽ അഭിരമിച്ച് നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്താറുണ്ടോ?
മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോവാനുള്ള മെയ് വഴക്കം വേണ്ടത്ര ആർജ്ജിക്കുന്നുണ്ടോ? സൃഷ്ടിപരമായ ചിന്തയിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സർഗ്ഗശേഷി പരിപോഷിപ്പിക്കാറുണ്ടോ? നിസ്സാര കാര്യങ്ങൾ ആലോചിച്ച് തല പുണ്ണാക്കാറുണ്ടോ? 
ആത്മീയമായ ഉൾവെളിച്ചം ലഭിക്കാൻ വേദഗ്രന്ഥങ്ങൾ തരുന്ന വഴിയടയാളങ്ങൾ ഗൗരവമായെടുക്കാറുണ്ടോ? ഇങ്ങനെ തുടങ്ങി കാതലായ ചില ചോദ്യങ്ങൾക്കു കൂടി സ്വയം ഉത്തരം ആരായുമ്പോൾ കൂടുതൽ ആസ്വാദ്യകരമായ തരത്തിൽ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്താനും അഭിവൃദ്ധിയും ഐശ്വര്യവും അനുഭവിക്കാനും കഴിയുമെന്നതിൽ ഒട്ടും സംശയിക്കേണ്ടതില്ലെന്ന് ഈ രംഗത്ത് പഠനം നടത്തിയവരും നേരനുഭവമുള്ളവരും ഓർമ്മിപ്പിക്കുന്നുണ്ടെന്ന് കൂടി അറിയുക.

Latest News