Sorry, you need to enable JavaScript to visit this website.

സിദ്ദിഹയുടെ കാവ്യപ്രപഞ്ചം

സിദ്ദിഹ


കൗമാരത്തിന്റെ കൗതുകത്തിലും തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ ചുട്ടെടുത്ത ജ്വലിക്കുന്ന വരികളാൽ സഹൃദയ ലോകത്തെ വിസ്മയിപ്പിച്ച സിദ്ദിഹ പി.എസ് എന്ന കവയിത്രി പതിനാല് വർഷത്തെ മൗനത്തിന് ശേഷം കാവ്യങ്ങളുടെ മാസ്മരിക ലോകത്ത് സജീവമാകുന്നു. അളന്നുമുറിച്ച വാചകങ്ങളിലൂടെ മനോഹരമായ കവിതകൾ രചിച്ച് മാനവികതയുടേയും സ്വത്വത്തിന്റേയും വിശാലമായ ലോകം വരച്ചുവെക്കുകയും ചെയ്യുന്നു. ജീവിതം പലപ്പോഴും പൊള്ളയാണ്; പൊള്ളിക്കുന്നതും. ദുരന്തങ്ങളെ നേരിട്ടാണ് ജീവിതക്കരുത്ത് നേടുന്നത്. അതിനാൽ കാഴ്ചയിൽ ദുർബലയാണെങ്കിലും അനുഭവങ്ങളിൽ കാരിരുമ്പാണ് സിദ്ദിഹ. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് സിദ്ദിഹയുടെ കവിതകൾക്ക് കണ്ണീരുപ്പു പകർന്നത്. കവിതയും കാലവും പ്രകൃതിയും ഇഴചേർന്നുകിടക്കുന്ന ജീവിതാനുഭവങ്ങൾ മികച്ച രചനക്ക് പരിസരമൊരുക്കാതിരിക്കില്ല.

ഭാവനയുടെയും സർഗവൈഭവത്തിന്റേയും സിദ്ധിയിൽ ജീവിതത്തിന്റെ മണൽതരികളെ മുത്തുകളാക്കി മാറ്റാൻ ശ്രമിക്കുന്ന സിദ്ദിഹ ആധുനിക സമൂഹത്തിന് ഒരു പാഠപുസ്തകമാണ്. യൗവ്വനാരംഭത്തിൽ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ തിരിച്ചറിയാനാവാതെ പകച്ചുനിന്ന സമയത്താണ് 'എന്റെ കവിത എനിക്ക് വിലാസം' എന്ന ആദ്യ കവിതാസമാഹാരം സഹൃദയലോകത്തിന് സമ്മാനിച്ചത്. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളുമായി ഏറ്റുമുട്ടിയും സഹവസിച്ചും അക്ഷരങ്ങളുടെ മനോഹരമായ ലോകത്തുനിന്നും നിശബ്ദമായി മാറി നിന്ന് കയ്യിൽ വിളക്കേന്തിയ സേവനത്തിന്റെ മാലാഖയായി കർമരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. കുറച്ചുകാലം മക്കയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിച്ച ശേഷം നാട്ടിലേക്ക് തിരിച്ചുപോയ സിദ്ദിഹ തിരിച്ചെത്തിയത് ഖത്തറെന്ന പുണ്യ ഭൂമിയിലെ ഹമദ് മെഡിക്കൽ കോർപറേഷനെന്ന ആതുരസേവന കേന്ദ്രത്തിലാണ്. 

കോവിഡിന്റെ കരാള ഹസ്തങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുന്നതിന് സാക്ഷ്യം വഹിച്ചപ്പോഴാകും സിദ്ദിഹയിലെ ഉറങ്ങിക്കിടന്ന കവി രണ്ടാമതും ഉയർത്തെഴുനേറ്റത്. അന്നനുഭവിച്ച വൈകാരിക തീവ്രതയും നൊമ്പരങ്ങളും  അവാച്യമാണെന്നാണ് സിദ്ദിഹ പറഞ്ഞത്.  വാക്‌സിൻ കണ്ടെത്തുന്നതിന് മുമ്പുള്ള കോവിഡിന്റെ ആദ്യ കാലം ആരോഗ്യ പ്രവർത്തകർക്ക് എന്തുമാത്രം സമ്മർദ്ദങ്ങളാണ് നൽകിയതെന്നത് വിവരണാതീതമാണ്. ജനനവും മരണവും ജീവിതവും-മൂന്നും മൂന്നു അത്ഭുതങ്ങളായി തന്നെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഓരോന്നിനെ പറ്റിയും കൂടുതൽ അറിയുന്തോറും അത്ഭുതവും ഏറി വന്നു. എത്രയെത്ര ജനനങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. അതിലും എത്രയോ അധികം മരണങ്ങൾക്ക് ഒരു വർഷത്തിലേറെ നീണ്ട കോവിഡ് കാലാനുഭവം എന്നെ സാക്ഷിയാക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഓരോ മരണത്തിനും മുന്നിലും പിന്നിലും ജീവിതമെന്ന അത്ഭുതം അതിന്റെ എരിയുന്ന കണ്ണുകളുമായി എന്നെ തുറിച്ചുനോക്കി നിൽക്കാറുണ്ട്. കാരണം, ഒരു മരണവും  ഓരാളുടേത് മാത്രമല്ലല്ലോ.

ഒരൊറ്റ കവിത സമാഹാരത്തിലൂടെ മലയാളി മനസ്സിൽ ഹൃദയവികാരങ്ങളുടെ നവീനഭാവുകത്വം നിറച്ച സിദ്ദിഹയുടെ ഓരോ കവിതയും ഏറെ കൗതുകത്തോടെയാണ് അക്ഷരലോകം സ്വീകരിക്കുന്നത്. 
ഏതെങ്കിലും ഒരു കൃതി വായിക്കാൻ തുടങ്ങുമ്പോൾ അപരിചിതത്വം തോന്നിക്കുകയും എന്നാൽ തുടർന്നു വായിക്കാൻ നിർബന്ധിക്കുകയും ചെയ്യുകയാണെങ്കിൽ ആ രചന സാഹിത്യത്തിൽ മാറ്റമാണ് സൂചിപ്പിക്കുന്നത്.ഇന്ന് അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ആ അനുഭവം സിദ്ദിഹയുടെ എന്റെ വീട് എനിക്ക് വിലാസം എന്ന കവിത സമാഹാരത്തിൽ നിന്നും എനിക്ക് കിട്ടി. ഈ കവി ഭാവിയിൽ എന്താകും എന്നൊന്നും എനിക്കറിയില്ല. ഇന്ന്, ഇപ്പോൾ, ഈ നിമിഷം സിദ്ദിഹയെ വായിക്കുന്നത് എനിക്കിഷ്ടമാണ് എന്നാണ് 2006 സെപ്തംബർ 22 ന് എൻ.എസ്. മാധവൻ അദ്ദേഹത്തിന്റെ  വെള്ളിടി എന്ന കോളത്തിലൂടെ സിദ്ദിഹ എന്ന കുട്ടി കവയിത്രിയെ വായനാസമൂഹത്തിന്  പരിചയപ്പെടുത്തികൊണ്ട് കുറിച്ചത്.

സാഹിത്യവും കവിതയുമൊക്കെ സംബന്ധിച്ച സ്വന്തവും സ്വതന്ത്രവുമായ കാഴ്ചപ്പാടുകളാണ് സിദ്ദിഹയുടെ രചനകളുടെ വ്യതിരിക്തത. കവിത സർവവ്യാപിയാണ്. കവി കവിതയ്ക്ക് വേണ്ട മൂലകങ്ങൾ തിരയുന്നത് ജീവിതത്തിൽ നിന്നാണ്. കവിതയുടെ ഉത്‌പ്രേരകം മാത്രമാണ് കവിയുടേതായുള്ളത്. പദ്യമോ ഗദ്യമോ ചിത്രമോ ശിൽപമോ ഏതു പാത്രത്തിലേക്കെടുത്താലും ആ പാത്രത്തിന്റെ രൂപം കൈവരിക്കുന്ന വെള്ളമാണ് കവിത.

സാഹിത്യത്തിന്റെ  പൊക്കിൾബന്ധമില്ലാതെ എഴുത്തിന്റെ ലോകത്തേക്ക് പെരുമഴയത്തെന്ന പോലെ ഓടിക്കയറുന്ന ഒരുവൾക്ക്, തികച്ചും അപരിചിതമായിടത്തു ഉടുതുണി വാരിപ്പിടിച്ചൊതുങ്ങി നിൽക്കുന്ന ഒരുവൾക്ക്, ജനായത്തബോധ്യമുള്ള സമൂഹത്തിൽ ഒരിടം ഒരുക്കാനാവും എന്ന ആത്മവിശ്വാസമാണ് സാഹിത്യലോകത്തെ  എന്റെ മൂലധനം. സ്വയം കവിതയാവുമ്പോൾ നമ്മെ ഉൾക്കൊള്ളുന്ന പാത്രത്തെ നമ്മൾ തന്നെ പൊരുതിയൊരുക്കേണ്ടതുണ്ട് എന്നതാണ് എഴുത്തു തന്ന വലിയ പാഠം. അതത്ര എളുപ്പമല്ല; എങ്കിലും അസാധ്യമല്ല എന്ന ഉറച്ച ബോധ്യമാണ് സിദ്ദിഹ എന്ന യുവ കവയിത്രിയെ അടയാളപ്പെടുത്തുന്നത്.  വാചാലതയല്ല മിതത്വമാണ് സിദ്ദിഹ കവിതകളുടെ സൗന്ദര്യം.

രുചിക്കും തോറും ആസ്വാദനം വർദ്ധിക്കുന്ന മനോഹരമായൊരു സർഗവ്യാപാരമാണ് കവിത. ശക്തമായ  വികാരത്തിന്റെ 'അനർഗ്ഗളമായ കുത്തൊഴുക്കാണ് കവിത'എന്നാണല്ലോ  വേർഡ്‌സ് വർത് കവിതയെ നിർവചിച്ചത്. 'മനുഷ്യന്റെ സർഗ്ഗക്രിയയ്ക്ക് പ്രാപ്യമാവുന്ന ഏറ്റവും ആനന്ദകരവും ഭദ്രവുമായ ഭാഷണമാണ് കവിത'എന്ന ഷെല്ലിയുടെ വിശകലനവും ശ്രദ്ധേയമാണ്. വാക്കുകളും വികാരങ്ങളും ഒരു പ്രത്യേക വൈകാരിക തീക്ഷ്ണതയിൽ സമജ്ഞസമായി സമ്മേളിക്കുമ്പോഴാണ് കവിത ജനിക്കുന്നത്. വൈകാരിക പ്രേരണയും ഭാവനയും   ലയാത്മകമായി പ്രയോഗിക്കുമ്പോഴാണ് കവിതയുടെ ഗന്ധർവ്വലോകത്ത് വിരാചിക്കാനാവുന്നത്. ആ അവാച്യമായ താളവും ലയവുമാണ് നമ്മെ ആസ്വാദനത്തിന്റെ അവിസ്മരണീയത  ബോധ്യപ്പെടുത്തുന്നത്. 

കോട്ടയം ജില്ലയിൽ പൊൻകുന്നത്ത് പലചരക്ക് വ്യാപാരിയായ ഷാഹുൽ ഹമീദ്- ആമിന ദമ്പതികളുടെ മകളായി ജനിച്ച സിദ്ദിഹ ചെറുപ്പം മുതലേ കഷ്ടപ്പാടുകളുടേയും അനിശ്ചിതത്വങ്ങളുടേയുമിടയിലാണ് ജീവിച്ചത്.വിവിധ സ്ഥലങ്ങളിലെ സ്‌ക്കൂളുകളിലായിരുന്നു പഠനം. സ്വന്തമായി വീടിന്റെ മേൽവിലാസം പറയാനില്ലാതിരുന്നത് പഠനത്തിൽ മിടുക്കിയായ സിദ്ദിഹയെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. വാടക വീടുകളിൽ നിന്നും വാടക വീടുകളിലേക്കുള്ള യാത്ര. അനിശ്ചിതത്വങ്ങളും ആശങ്കകളും നിറഞ്ഞ ദിനങ്ങൾ. വായിക്കാൻ ഇഷ്ടമായിരുന്നെങ്കിലും പുസ്തകങ്ങളോ സൗകര്യങ്ങളോ ലഭ്യമായിരുന്നില്ല. പിതാവിന്റെ പീടികയിൽ സാധനങ്ങൾ പൊതിയുവാൻ കൊണ്ടുവരുന്ന പഴയ പേപ്പറുകളായിരുന്നു പാഠപുസ്തകങ്ങൾ കഴിഞ്ഞാൽ കാര്യമായും വായിച്ചിരുന്നത്. 

ആറാം കഌസിൽ പഠിക്കുമ്പോൾ ആധുനിക വിദ്യാഭ്യാസവും കുട്ടികളും എന്ന വിഷയത്തെ അധികരിച്ച് നടന്ന പ്രബന്ധമൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതാകാം എഴുത്ത് രംഗത്തെ സിദ്ദിഹയുടെ ആദ്യ ശ്രമം. പ്രബന്ധത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും മുതിർന്ന കുട്ടികളേക്കാളും മികച്ച കാഴ്ചപ്പാടും അവതരണവുമാണെന്ന്  പ്രിയപ്പെട്ട അധ്യാപകൻ ഗഫൂർ മാഷ് അഭിപ്രായപ്പെട്ടത് സിദ്ദിഹ ഇന്നും ഓർക്കുന്നു. മാധ്യമം ദിനപത്രം മുഖ്യ പത്രാധിപരായിരുന്ന സി.രാധാകൃഷ്ണനാണ് സിദ്ദിഹ ആദ്യം വായിച്ചവരിൽ പേരോർമിക്കുന്ന പ്രധാന സാഹിത്യകാരൻ. 

പത്താം ക്ലാസുവരെ ഒരു കുട്ടിക്കവിത പോലും കുറിച്ചിട്ടില്ലാത്തൊരു സിദ്ദിഹ എന്ന പെൺകുട്ടി.പതിനൊന്നാം ക്ലാസ്സിൽ ബയോളജി പരീക്ഷയിൽ നിന്നും രക്ഷപ്പെടാൻ കവിതയെഴുത്ത് മത്സരത്തിന് പോയതാകാം സിദ്ദിഹയുടെ ജീവിതത്തിലെ വഴിത്തിരിവായത്. കവിതാ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് വീണ്ടും എഴുതാൻ പ്രചോദനമായി. പിന്നൊരിക്കൽ കൂട്ടുകാരി തലയിൽ ചൂടാൻ കൊടുത്ത റോസാപൂവിന്റെ തണ്ടൊടിഞ്ഞതു കണ്ട് ആ വേദന പുസ്തകത്തിൽ പകർത്തി. പിന്നീട് ജീവിതത്തിലെ ഓരോ അനുഭവങ്ങളും കുത്തിക്കുറിച്ചു തുടങ്ങി. 

 

പലപ്പോഴായി കുത്തിക്കുറിച്ച വരികൾ ചെന്നൈ കേരള വിദ്യാലയത്തിലെ അദ്ധ്യാപക ദമ്പതികളായ അജയൻ മാഷിനും, സുഹാസിനി ടീച്ചർക്കും വായിക്കാൻ കൊടുത്തു. സിദ്ദിഹയുടെ സിദ്ധിയിലും അവതരണ ചാരുതയിലും ആകൃഷ്ടരായ മാഷും ടീച്ചറും വായിക്കാൻ നിരന്തരം പുസ്തകങ്ങൾ കൊടുത്തും എഴുതാൻ പ്രോൽസാഹിപ്പിച്ചും  സിദ്ദിഹയിലെ കവിയെ പുറത്തുകൊണ്ടുവരികയായിരുന്നുവെന്ന് വേണം പറയാൻ. റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്സ്‌കിയുടെ ജീവ ചരിത്രമാണ് ആദ്യമായി ആസ്വദിച്ച സാഹിത്യ സൃഷ്ടി. പിന്നീടങ്ങോട് വായനയുടെ വസന്തമായിരുന്നു. ചിന്തകൾക്ക്  പരിമളം പകരുന്ന വായനയാണ് കവിതാരചനക്ക് കരുത്ത് പകർന്നത്. മുപ്പതോളം കവിതകളായപ്പോഴാണ് അജയൻ മാഷും, സുഹാസിനി ടീച്ചറും മുൻകൈയെടുത്ത്  'എന്റെ കവിത എനിക്ക് വിലാസം' എന്ന കവിതസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടത്. അതീവ സാധാരണ കൗമാരാനുഭവങ്ങളുടെ ലളിതമായ ആഖ്യാനമെന്നാണ് അദ്ദേഹം പുസ്തകത്തെ വിശേഷിപ്പിച്ചത്. എഴുത്തു പാരമ്പര്യമോ വായനാ സാഹചര്യമോ അവകാശപ്പെടാനില്ലാതിരുന്നിട്ടും, അവൾ താൻ ജീവിക്കുന്ന കാലത്തെ ആകുലതകൾക്ക് മനോഹരമായ കാവ്യഭാഷ നൽകി. സാഹിത്യ നിരൂപകൻ ഡോ ആസാദ് അവതാരിക എഴുതി. കോഴിക്കോട് ഇൻസൈറ്റ് ബുക്‌സാണ് പുസ്തകം  പ്രസിദ്ധീകരിച്ചത്. 

'എന്റെ കവിതകൾ
എന്റെ പ്രേമം പോലെ തീവ്രമെങ്കിൽ
കവിതയുടെ കാടുകൾ പൂക്കട്ടെ
എന്റെ കവിതകൾ എനിക്കു വിലാസമാകട്ടെ'

എന്നാണ് സിദ്ദിഹ കുറിച്ചത്. ഇത് വാസ്തവത്തിൽ അവരുടെ ജീവിതാനുഭവത്തിന്റെ നിസ്സഹായതയായിരുന്നു. സ്വന്തമായൊരു വീടോ വിലാസമോ ഇല്ലാത്ത ഒരു കൗമാരക്കാരിയുടെ മനസിന്റെ നിഷ്‌കളങ്കമായ നിദർശനം. കാവ്യ സമാഹാരത്തിൽ സിദ്ദിഹ അന്ന് സ്‌ക്കൂളിന്റെ വിലാസമാണ് നൽകിയത്. അജയൻ മാഷും, സുഹാസിനി ടീച്ചറും സിദ്ദിഹക്ക് വഴികാട്ടിയായി, ഉറച്ചു നിന്നു. 2005 ൽ ഇൻസൈറ്റ് പബ്ലിക്കയിലൂടെ. പുസ്തകത്തിൽ ചേർക്കാൻ സ്ഥിരമേൽവിലാസം തരൂ എന്ന് ഇൻസൈറ്റ് പബ്ലിക്കയുടെ സുമേഷേട്ടൻ ആവശ്യപ്പെട്ടു. അങ്ങനെയൊന്നില്ലല്ലോ എന്ന ചിന്തയിൽ നിന്നാണ് 'എന്റെ കവിത എനിക്ക് വിലാസം' എന്ന പുസ്തകത്തിന്റെ തലക്കെട്ട് ഉയിർക്കൊണ്ടത്- സിദ്ദിഹ പറഞ്ഞു. ഇതിലെ കവിതകളെല്ലാം ആത്മനിഷ്ഠങ്ങളാണെന്ന് നിസ്സംശയം പറയാം. കാരണം തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നാണ് ഈ കവിതകളോരോന്നും രചിക്കപ്പെട്ടിരിക്കുന്നത്. ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രതയാകാം സിദ്ദിഹയുടെ കവിതകളെ  അനശ്വരമാക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്.  

കവിത ഏറെ ചർച്ച ചെയ്യപ്പെട്ടു. വി.ആർ. സുധീഷ്, സച്ചിദാനന്ദൻ, കുരിപ്പുഴ ശ്രീകുമാർ, പവിത്രൻ തീക്കുനി തുടങ്ങി പ്രമുഖരായ പലരും സിദ്ദിഹയുടെ ആത്മാവിനെ പകർത്തുന്ന ആഖ്യാനശൈലിയെ അഭിനന്ദിച്ചു. 

ചിന്തകളും പ്രതീക്ഷകളും തുറന്ന് വിട്ട  പ്‌ളസ് ടു വിന് ശേഷം നഴ്‌സിംഗ് പഠിക്കാനാണ് സിദ്ദിഹ തിരിഞ്ഞത്. നഴ്‌സിംഗ് കോളേജിലെ അച്ചടക്കത്തിന്റെ തടവിൽ ശ്വാസം  മുട്ടികഴിഞ്ഞ നാളുകളിൽ സിദ്ദിഹ കവിതയെ മറക്കുകയോ മാറ്റി നിർത്തുകയോ ആയിരുന്നു. സാഹിത്യത്തിൽ ബിരുദം ആഗ്രഹിച്ച എനിക്ക് വീട്ടിലെ സാമ്പത്തിക നില മാനിച്ചു നഴ്‌സിംഗ് പഠനത്തിന് പോകേണ്ടിവന്നു. ആ ചുവടുമാറ്റം സർഗാത്മകതയുടെ കതകുകൾ വിരലറ്റുപോകുമാറു വലിച്ചടച്ചു എന്നാണ് അതിനെക്കുറിച്ച് സിദ്ദിഹ പറഞ്ഞത്. 

തികച്ചും യാന്ത്രികമായ നഴ്‌സിംഗ്  ദിനങ്ങൾ സൃഷ്ടിച്ച മരവിപ്പാകാം സിദ്ദിഹയെ ഇത്രയും  കാലം എഴുതാതിരിക്കുവാൻ പ്രേരിപ്പിച്ചത്. വായനലോകത്തെ സംഭവവികാസങ്ങളൊന്നും സിദ്ദിഹ അറിഞ്ഞിരുന്നില്ല. മൂന്നാം വർഷം നഴ്‌സിംഗ് വിദ്യാർഥിയായിരിക്കെ തികച്ചും യാദൃഛികമായാണ് തന്റെ കവിതാസമാഹാരത്തെക്കുറിച്ച് എൻ.എസ്. മാധവൻ എഴുതിയ കുറിപ്പ് കോളേജ് കാന്റീനിലെ ജീവനക്കാർ ശ്രദ്ധയിൽപ്പെടുത്തിയത്. 

ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള കോവിഡ് ആശുപത്രിയായ ഹസം മെബൈരിക് ആശുപത്രിയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന സിദ്ദിഹ ക്രിയാത്മക രംഗത്ത് രചനാത്മകമായ പ്രവർത്തനങ്ങളുമായി സജീവമാവുകയാണ്. എഴുത്ത്, ജീവിതത്തിന് മനോഹരഭാവം നൽകുന്നുവെങ്കിൽ അതറിയുന്നവർക്ക് അധിക നാൾ നിശബ്ദമായി തുടരാനാവില്ല.

അടവിരിയിച്ചു കഴിഞ്ഞാൽ പിന്നെ കൊത്തിയോടിക്കുമ്പോലെയാണ് നഴ്‌സിംഗ്. പഠനത്തിന് വേണ്ട ഭീമമായ ചിലവും തുച്ഛമായ ശമ്പളവും സമരസപ്പെടില്ല. പലായനങ്ങളുടെ നാളുകളിൽ കൂടെയെപ്പോഴും പഴകിയയൊരു ഡയറി കരുതിയിരുന്നു. പഴകിപ്പഴകി വീഞ്ഞായിപ്പോയ ഒന്ന്. ഇടയ്ക്കിടെ ദ്രവിച്ചു തുടങ്ങിയ പേജുകൾ മറിച്ചു കവിതയുടെ അന്ത്യശ്വാസം വലിച്ചു. ഇനിയൊരിക്കലും തിരിച്ചുപോക്കുണ്ടാവില്ലെന്ന് തോന്നി. ജീവിതത്തിൽ നിസ്സംഗയായ എന്നെ പല സംഭവങ്ങളും ഉഴുതുമറിച്ചു കടന്നുപോയി. 

കൊറോണക്കാലത്തു പിന്നെയും ചില വരികൾ കുത്തിക്കുറിച്ചു. അയക്കണമെന്ന് തോന്നിയതൊക്കെ അയച്ചു. അങ്ങനെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വാക്കുത്സവത്തിൽ പതിനാലുവർഷ വനവാസത്തിൽ നിന്നുള്ള തിരിച്ചുവരവെന്നോണം കവിതകൾ കെ.പി റഷീദിന്റെ കുറിപ്പോടു കൂടി വന്നത്. എന്നെയോർക്കുന്നവർ, സ്‌നേഹിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവിൽ ഉൾക്കനലിൽ വെന്തു കിടന്ന ചില്ലകൾ നിറയെപ്പൂത്തു. പഴയ പച്ചമനുഷ്യരിൽ ചിലരെ വീണ്ടെടുത്തു. പുതിയ സൗഹൃദങ്ങളുണ്ടായി. എഴുത്തിലേക്ക് ഉണങ്ങാത്ത മുറിവുകളോടെ തിരിച്ചു നടക്കുന്നു; പഴയമുറിവെണ്ണക്കുപ്പി ഇടയ്ക്കിടെ നിറച്ചു വെക്കുന്നു. 

ഇപ്പോൾ കേരള പെൺ കവികൾ ഫോറം എന്ന കൂട്ടായ്മയിൽ സജീവമാണ് സിദ്ദിഹ. വായിക്കപ്പെടേണ്ട കൃതികൾ കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യുന്ന സർഗവേദിയാണത്. സ്ത്രീ പക്ഷത്തുനിന്നും  സ്വതന്ത്രമായ മൗലിക രചനകളുണ്ടാകണമെങ്കിൽ തുല്യനീതിയെന്നത് സങ്കൽപത്തിൽ നിന്നും യാഥാർഥ്യത്തിലേക്കെത്തണം. തങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും സംബന്ധിച്ച് പല തരത്തിലുള്ള സാമൂഹിക പ്രതിസന്ധികളും സ്ത്രീ സമൂഹം അനുഭവിക്കുന്നുണ്ട്. തലച്ചോറിനെ ആർക്കും കടം കൊടുക്കാതെ സ്വതന്ത്രമായി  ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള അവസരങ്ങളാണ് ആവശ്യം.

കോഴിക്കോടുകാരൻ ഷംഷീറാണ് ഭർത്താവ്, ഹനീൻ മകളാണ്. 

 

 

Latest News