Sorry, you need to enable JavaScript to visit this website.

പുണ്യ റമദാനെ വരവേൽക്കാനൊരുങ്ങി യു.എ.ഇ; കോവിഡ് സുരക്ഷ ഉറപ്പാക്കും

സർക്കാർ ഓഫീസുകൾ രാവിലെ ഒമ്പത് മുതൽ രണ്ട് വരെ 
ദുബായ്- പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തെ വരവേൽക്കാൻ യു.എ.ഇയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത്തവണ റമദാൻ പരിപാടികൾ. റമദാന് മുന്നോടിയായി പള്ളികളും വീടുകളും മോടി പിടിപ്പിക്കൂന്നുണ്ട്. പുതിയ കാർപറ്റുകൾ വിരിച്ചും പെയിന്റടിച്ചുമാണ് പള്ളികൾ ഒരുങ്ങുന്നത്. പൂർണമായും അണുനശീകരണം നടത്തിയ ശേഷമായിരിക്കും പള്ളികൾ ഉപയോഗിക്കുന്നത്. ഇതിന് പ്രത്യേകം ജീവനക്കാരെ നിയമിക്കും. സാമൂഹിക അകലം പാലിച്ച് 30 ശതമാനം പേർക്ക് മാത്രമാണ് പള്ളികളിൽ പ്രവേശനം അനുവദിക്കുക. കോവിഡ് കാലത്ത് വരുന്ന രണ്ടാമത്തെ റമദാനാണിത്. കഴിഞ്ഞ വർഷം ഇതിനേക്കാൾ കർശനമായാണ് മാനദണ്ഡങ്ങൾ നടപ്പിലാക്കിയത്.
റമദാന് മുന്നോടിയായി മന്ത്രാലയങ്ങളിലെയും മറ്റും ജീവനക്കാരുടെ സമയക്രമം പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയായിരിക്കും ഓഫീസ് സമയം. പുണ്യമാസത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സ്വദേശികളുടെയോ വിദേശികളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് മതകാര്യ വിഭാഗം ഓർമിപ്പിച്ചു. സാമൂഹിക അകലവും ശുചിത്വവും പാലിച്ച് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. 
അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ റമദാനോടനുബന്ധിച്ച് തെരുവുകൾ മോടി പിടിപ്പിച്ചിട്ടുണ്ട്. പലയിടത്തും വർണം വിതറുന്ന തെരുവ് വിളക്കുകൾ സ്ഥാപിച്ചു. ഷോപ്പുകളും മാളുകളും റമദാന് വേണ്ടി ഒരുങ്ങിയിട്ടുണ്ട്. മതപ്രഭാഷണങ്ങളും മറ്റും ഓൺലൈനിൽ മാത്രമായിരിക്കണമെന്നാണ് നിർദേശം. നിർബന്ധിത നിസ്‌കാര സമയങ്ങളിൽ വളരെ വൈകാതെ പ്രാർഥനകൾ പൂർത്തീകരിക്കണം. ബാങ്ക് വിളിച്ച് അഞ്ച് മിനിറ്റിനു ശേഷം നിസ്‌കാരം നിർവഹിക്കണം. തറാവീഹ് നിസ്‌കാരം കഴിഞ്ഞയുടൻ മസ്ജിദുകൾ അടച്ചിടണം. ഇശാ, തറാവീഹ് നിസ്‌കാരങ്ങൾ അര മണിക്കൂറിനകം തീർക്കണമെന്നാണ് നിർദേശം. ദുബായ് മുനിസിപ്പാലിറ്റി അറവുശാലകളും സജ്ജമാക്കിയിട്ടുണ്ട്. സ്മാർട്ട് ആപ്ലിക്കേഷനിലൂടെ മാംസം വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മുനിസിപ്പാലിറ്റി മുന്നോട്ടു വെക്കുന്നത്. 
ഒത്തുചേരലുകളും കൂട്ടായ്മകളും ഈ റമദാനിൽ അനുവദിക്കില്ല. ഇഫ്താർ ടെന്റുകളും ഉണ്ടാവില്ല. തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നവർ പ്രത്യേകം അനുമതി വാങ്ങണം. നിസ്‌കാരത്തിന് മുമ്പും ശേഷവും പള്ളികൾ അണുവിമുക്തമാക്കണം. പള്ളികളിൽ ഖുർആൻ പ്രതികൾ അനുവദനീയമല്ലാത്തതിനാൽ വിശ്വാസികൾ സ്മാർട്ട് ഫോണുകളിൽ ഖുർആൻ പാരായണം ചെയ്യണം. അവസാന പത്തു ദിവസത്തെ ഇഅ്തികാഫ് അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കും. റമദാനിൽ പരിശോധന വ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
 

Tags

Latest News