മൊഹാലി- ധർമശാലയിൽ നേരിട്ട നാണം കെട്ട തോൽവി ഇന്ത്യൻ ടീമിന്റെ കണ്ണു തുറപ്പിക്കുന്നതാണെന്ന് ആദ്യ ഏകദിനത്തിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങളെ നല്ല നിലയിൽ അതിജീവിക്കുക എന്നതാണ് പ്രധാനമെന്നും ശർമ പറഞ്ഞു.
ധർമശാലയിൽനിന്ന് അത്രയൊന്നും വ്യത്യസ്തമല്ലാത്ത സാഹചര്യം നിലനിൽക്കുന്ന മൊഹാലിയിൽ ശ്രീലങ്കക്കെതിരെ ഇന്ന് രണ്ടാം ഏകദിനം നടക്കാനിരിക്കേ, സ്വന്തം പ്രകടനത്തെക്കുറിച്ച് കണ്ണു തുറന്നു നോക്കാൻ ടീം ഇന്ത്യക്ക് കഴിയുമോ -പ്രത്യേകിച്ചും ഇന്നത്തേത് നിർണായക മത്സരമായ സാഹചര്യത്തിൽ.
ധർമശാലയിലെ അത്രയില്ലെങ്കിലും നല്ല തണുത്ത കാലാവസ്ഥയാണ് മൊഹാലിയിലും. രാവിലെ മഞ്ഞുള്ളതിനാൽ പ്രാദേശിക സമയം 11.30 ആണ് പകലും രാത്രിയുമായുള്ള മത്സരം ആരംഭിക്കുക. പിച്ചിന്റെ സ്വഭാവവും വ്യത്യസ്തമല്ല. ബൗൺസുള്ള, പന്ത് ടേൺ ചെയ്യുന്ന പിച്ച്. ധർമശാലയിലെ പോലെ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാൽ എന്തായിരിക്കും അവസ്ഥയെന്ന് പറയാനാവില്ല. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ തന്നെ ബൗൺസി പിച്ചിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ നിലവാരം വ്യക്തമായതാണ്. അതു തന്നെയായിരുന്നു ധർമശാലയിലും. സുരാംഗ ലക്മൽ ഓഫ് സ്റ്റംപിനു നേരെ ബൗൺസറുകൾ എറിഞ്ഞപ്പോഴെല്ലാം മറുപടിയില്ലാതെ കുനിഞ്ഞ് ഇരിക്കുകയായിരുന്നു ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ. പഴയ പടക്കുതിരയായ ധോണിയുടെ 65 ഇല്ലായിരുന്നെങ്കിൽ ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേട് നേടിരേണ്ടിവന്നേനേ ഇന്ത്യക്ക്.
ഓപ്പണർമാരായ രോഹിതും ശിഖർ ധവാനും പെട്ടെന്ന് പുറത്തായതോടെ കൈവന്ന അവസരം തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉപയോഗിക്കേണ്ടതായിരുന്നു യുവ താരങ്ങളായ ശ്രേയസ് അയ്യരും, ദിനേശ് കാർത്തിക്കും മനീഷ് പാണ്ഡേയുമെല്ലാം. പക്ഷേ അവരും അമ്പേ നിരാശപ്പെടുത്തി. ഒടുവിൽ ധോണി ഒറ്റക്കാണ് ഇന്ത്യയെ 100 കടത്തിയത്. ധോണിക്ക് പിന്തുണ കൊടുക്കാൻ ആരുമുണ്ടായില്ലെന്ന് രോഹിത് പിന്നീട് പരിതപിക്കുന്നുണ്ടായിരുന്നു.
വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ മധ്യനിരയിൽ നെടുംതൂണാവാൻ മറ്റൊരാൾ കൂടി ഉണ്ടായേ തീരൂ. യുവതാരങ്ങളിൽ ഒരാളെ മാറ്റി പകരം അജിങ്ക്യ രഹാനെയെ ഇന്ന് ഇറക്കിയേക്കാൻ സാധ്യതയുണ്ട്. ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയില്ലെങ്കിലും എല്ലാ തരം പന്തുകളെയും നേരിടാൻ കഴിയുംവിധം സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണ് രഹാനെ. ഏകദിനങ്ങളിൽ ഓപ്പണറായി മാത്രം പരിഗണിക്കുന്നതിനാലാണ് ധവാന്റെയും രോഹിതിന്റെയും സാന്നിധ്യത്തിൽ രഹാനെക്ക് അവസരം നൽകാതിരുന്നത്. ഇന്ന് കളിപ്പിക്കുന്ന പക്ഷം മധ്യനിരയിലാവും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനെ ഇറക്കുക.
ഇന്ത്യയുടെ മറ്റൊരു പ്രശ്‌നം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗായിരുന്നു. പ്രതിരോധിക്കാൻ 112 റൺസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പാണ്ഡ്യ ധാരാളം എക്‌സ്ട്രാ റണ്ണുകൾ വഴങ്ങി. ഓരോ പന്തും ഓരോ റണ്ണും വിലപ്പെട്ട ഏകദിനങ്ങളിൽ ഇത് കുറ്റകരമായ അപരാധമാണ്. വെറും 20.4 ഓവറിലായിരുന്നു ആദ്യ ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യൻ സ്‌കോർ മറികടന്നത്. അതുകൊണ്ടു തന്നെ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലിനും കുൽദീപ് യാദവിനും അധികം അവസരം കിട്ടിയില്ല. ഈ പിഴവുകളെല്ലാം കണ്ണു തുറന്ന് കണ്ട് തിരുത്തിയില്ലെങ്കിൽ ഇന്ന് നേരിടേണ്ടിവരിക വലിയ നാണക്കേടാവും.
ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ധർമശാലയിലെ വിജയം നൽകിയ ഊർജം ചെറുതല്ല. തുടർച്ചയായ 12 ഏകദിന തോൽവികൾക്കു ശേഷം ലഭിച്ച വിജയം ടെസ്റ്റ് പരമ്പരയിലെ തോൽവിക്കു ശേഷമുണ്ടായ തിരിച്ചുവരവ്... ലങ്കൻ സംഘം വലിയ ആത്മവിശ്വാസത്തിലാണ്. ആദ്യ ഏകദിനത്തിലെ പോലെ കളിച്ചാൽ തങ്ങൾക്ക് പരമ്പര നേടാനാവുമെന്നാണ് ലങ്കൻ ക്യാപ്റ്റൻ തിസര പെരേര പറഞ്ഞത്. ലക്മലും ആഞ്ചലോ മാത്യൂസും തന്നെയാവും ഇന്നും ലങ്കയുടെ പ്രധാന ആയുധങ്ങൾ. നുവാൻ പ്രദീപിനും ബൗൺസി പിച്ചുകളിൽ പന്ത് നന്നായി സ്വിംഗ് ചെയ്യിക്കാൻ കഴിയും.
എന്നാൽ ന്യൂസിലാന്റിനെതിരെ ഈയിടെ നടന്ന ഏകദിന പരമ്പരയിൽ ആദ്യ മത്സരം തോറ്റ ശേഷം ഇന്ത്യ ഉജ്വലമായി തിരിച്ചുവരികയും പരമ്പര ജയിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും ഒരു തിരിച്ചുവരവിന് പക്ഷേ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടണം.