കോവിഡ് ഭീതിക്കിടയില്‍ ഐ.പി.എല്ലിന്  തുടക്കം

മുംബൈ - കോവിഡ് വ്യാപനം കനത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടയില്‍ ഐ.പി.എല്ലിന്റെ പതിനാലാം സീസണിന് വെള്ളിയാഴ്ച സമാരംഭം. ആറ് നഗരങ്ങളിലായി മെയ് 30 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുക. കഴിഞ്ഞ സീസണില്‍ യു.എ.ഇയിലെ മൂന്നു വേദികളിലായി നടത്തിയ ടൂര്‍ണമെന്റ് കോവിഡ് സാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ സ്ഥിതിഗതികള്‍ വഷളാവുകയാണ്. നിരവധി കളിക്കാര്‍ക്കും സപ്പോര്‍ട് സ്റ്റാഫിനും കോവിഡ് ബാധിച്ചു. ജൈവകവചത്തിനുള്ളില്‍ വരെ കോവിഡ് എത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിനായി തെരഞ്ഞെടുത്ത ആറ് നഗരങ്ങളിലൊന്നായ മുംബൈ ലോക്ഡൗണിലാണ്. പ്രത്യേക ഇളവ് നേടിയാണ് ഐ.പി.എല്‍ അവിടെ നടത്തുന്നത്. ആദ്യ ഘട്ടത്തിലെ എല്ലാ മത്സരങ്ങളും കാണികളില്ലാതെയാണ് നടത്തുക. അങ്ങനെ തന്നെ അവസാനം വരെ തുടരാനാണ് സാധ്യത. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ദല്‍ഹി, കൊല്‍ക്കത്ത എന്നിവയാണ് മറ്റു വേദികള്‍. ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. തുടര്‍ച്ചയായി മൂന്നു തവണ കിരീടം നേടുന്ന ആദ്യ ടീമാവാനുള്ള ശ്രമത്തിലാണ് മുംബൈ. 
തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനാല്‍ കൊല്‍ക്കത്തയില്‍ ആദ്യ ഘട്ടത്തില്‍ മത്സരങ്ങളില്ല. ലീഗ് ഘട്ടത്തിലെ 56 മത്സരങ്ങളുള്‍പ്പെടെ മൊത്തം 60 കളികളുണ്ടാവും. 
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ താരം ഡാനിയേല്‍ സാംസാണ് അവസാനം കോവിഡ് പട്ടികയില്‍ സ്ഥാനം നേടിയത്. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ശേഷം സാംസ് ടീമിലെ ആരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടില്ല. ഈ മാസം മൂന്നിന് ഇന്ത്യയിലെത്തിയ ശേഷം നടത്തിയ ആദ്യ ടെസ്റ്റ് നെഗറ്റിവായിരുന്നു. ഇന്നലെ നടത്തിയ രണ്ടാം ടെസ്റ്റ് പോസിറ്റിവായി. കോവിഡ് ബാധിതനായിരുന്ന ബാംഗ്ലൂരിന്റെ മലയാളി ഓപണര്‍ ദേവദത്ത് പടിക്കല്‍ സുഖം പ്രാപിച്ച് ജൈവകവചത്തില്‍ തിരികെ പ്രവേശിച്ചു. ഉദ്ഘാടന മത്സരം കളിക്കാന്‍ ദേവദത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണിന്റെ കണ്ടെത്തലായിരുന്നു കര്‍ണാടകയുടെ ഈ മലയാളി താരം. ആഭ്യന്തര മത്സരങ്ങളിലും ഉജ്വല ഫോമിലായിരുന്നു. ദല്‍ഹി കാപിറ്റല്‍സിന്റെ അക്‌സര്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതിഷ് റാണ എന്നിവരാണ് കോവിഡ് ബാധിച്ച മറ്റു കളിക്കാര്‍. ഓരോ ടീമിലെയും കളിക്കാര്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബി.സി.സി.ഐ പ്രത്യേകം മാനേജര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

Latest News