റിയാദ് - തവണ വ്യവസ്ഥയിൽ വാങ്ങുന്ന വാഹനങ്ങളുടെ വിലയിൽ ഈ വർഷം അവസാനിച്ച ശേഷം അവശേഷിക്കുന്ന തവണകൾക്ക് മൂല്യവർധിത നികുതി അടക്കേണ്ടിവരുമെന്ന് സക്കാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി.
ഈ വർഷം അവസാനക്കുന്നതിനു മുമ്പായി വാഹനങ്ങൾ വാങ്ങുകയും അടുത്ത വർഷം പിറക്കുന്നതിനു മുമ്പായി തവണകൾ അടച്ചുതീർക്കുകയും ചെയ്യാത്തവർക്ക് വാറ്റ് ബാധകമായിരിക്കും. വാഹനത്തിന്റെ അടിസ്ഥാന വിലക്കാണ് വാറ്റ് ബാധകമാക്കുക. പലിശക്ക് മൂല്യവർധിത നികുതി ബാധകമായിരിക്കില്ല. അടുത്ത വർഷം പിറക്കുമ്പോൾ എത്ര തവണകളാണോ അടക്കുന്നതിന് ബാക്കിയുള്ളതെങ്കിൽ അത്രയും തവണകൾക്ക് ഉടമകൾ വാറ്റ് അടക്കേണ്ടിവരും.
സൗദിയിൽ ജനുവരി ഒന്നു മുതലാണ് വാറ്റ് നിലവിൽവരിക. അഞ്ചു ശതമാനം വാറ്റ് ആണ് നടപ്പാക്കുന്നത്. ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്ന ഉൽപന്നങ്ങൾക്കും വാറ്റ് ബാധകമായിരിക്കും. ഇത്തരം ഉൽപന്നങ്ങൾ സൗദിയിൽ പ്രവേശിക്കുമ്പോൾ കസ്റ്റംസ് ആണ് വാറ്റ് ഈടാക്കുക. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് താൽക്കാലികമായി വാറ്റ് ബാധകമാക്കും.
ഗൾഫ് രാജ്യങ്ങളിലെ നികുതി സംവിധാനങ്ങളെയും അതോറിറ്റികളെയും ഓൺലൈൻ വഴി പരസ്പരം ബന്ധിപ്പിക്കുന്നതു വരെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വാറ്റ് ഈടാക്കുക.
കംപ്യൂട്ടർ പ്രോഗ്രാമുകൾ, ആപ്ലിക്കേഷനുകൾ, ഓൺലൈൻ ഉൽപന്നങ്ങളിൽ വരിചേരൽ പോലുള്ള സേവനങ്ങൾക്കെല്ലാം മൂല്യവർധിത നികുതി ബാധകമായിരിക്കും.
ചില ബാങ്കിംഗ് സേവനങ്ങൾക്ക് ഉപയോക്താക്കൾ മൂല്യവർധിത നികുതി അടക്കേണ്ടിവരും. എന്നാൽ പണം പിൻവലിക്കൽ, ബാങ്കിനകത്തെ ട്രാൻസ്ഫർ, ഡെപ്പോസിറ്റ് എന്നിവക്ക് വാറ്റ് ബാധകമായിരിക്കില്ല. സൗജന്യമല്ലാതെ, ഫീസ് ഈടാക്കി അനുവദിക്കുന്ന എ.ടി.എം കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്, ഇന്റർബാങ്ക് മണി ട്രാൻസ്ഫർ, ചെക്ക് ബുക്ക്, അറ്റസ്റ്റേഷൻ, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എന്നിവക്ക് ബാങ്കുകൾ ഈടാക്കുന്ന ഫീസുകൾക്ക് അഞ്ചു ശതമാനം വാറ്റ് ബാധകമായിരിക്കും. വായ്പകൾ അനുവദിക്കുന്നതിനുള്ള അഡ്മിനിസ്‌ട്രേഷൻ ഫീസുകൾക്കും അഞ്ചു ശതമാനം വാറ്റ് നൽകേണ്ടിവരും. എന്നാൽ വായ്പാ തുകക്ക് വാറ്റ് ബാധകമായിരിക്കില്ല.