റിയാദ് - മൂല്യവർധിത നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് തടവും പിഴയും ലഭിക്കുമെന്ന് സകാത്ത്, നികുതി അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് ക്രിമിനൽ കുറ്റമാണെന്നും ഇതിന് തടവു ശിക്ഷ ലഭിക്കുമെന്നും സക്കാത്ത്, നികുതി അതോറിറ്റി പരോക്ഷ നികുതി ലീഗൽ ടീം പ്രസിഡന്റ് മിസ്ഫർ അൽദഹൈം പറഞ്ഞു.
നഷ്ടത്തിലുള്ള കമ്പനികൾക്ക് വാറ്റിൽ ഇളവ് ലഭിക്കില്ലെന്ന് മൂല്യവർധിത നികുതി വിഭാഗം മേധാവി ഹമൂദ് അൽഹർബി പറഞ്ഞു. വാർഷിക വരുമാനം 3,75,000 റിയാലിൽ കൂടുതലുള്ള മുഴുവൻ സ്ഥാപനങ്ങളും മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുക നിർബന്ധമാണ്. വാർഷിക വരുമാനം 1,85,000 റിയാലിൽ കുറഞ്ഞ സ്ഥാപനങ്ങൾക്ക് വാറ്റ് രജിസ്‌ട്രേഷൻ നിർബന്ധമില്ല. വാറ്റ് ബാധകമാക്കാത്ത അടിസ്ഥാന ഉൽപന്നങ്ങൾ ഗൾഫ് രാജ്യങ്ങൾ വൈകാതെ നിർണയിക്കും. 2020 വരെ വാറ്റ് അഞ്ചു ശതമാനത്തിൽ കൂടുതലായി ഉയർത്തുന്നതിന് നിലവിൽ യാതൊരുവിധ നീക്കവുമില്ല. വാറ്റ് നിയമം രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കും. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുള്ള വാറ്റ് സൗദി കസ്റ്റംസ് അതോറിറ്റിയാണ് ആണ് ഈടാക്കുക. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കുള്ള മൂല്യവർധിത നികുതി സക്കാത്ത്, നികുതി അതോറിറ്റി ഈടാക്കുമെന്നും ഹമൂദ് അൽഹർബി പറഞ്ഞു.
അടുത്ത വർഷം ജനുവരി ഒന്നു മുതൽ വാറ്റ് നടപ്പാക്കുന്നതിന് സക്കാത്ത്, നികുതി അതോറിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സക്കാത്ത്, നികുതി അതോറിറ്റിയിലെ പരോക്ഷ നികുതി വിഭാഗം മേധാവി സൗദ് അൽമുൽഹിം പറഞ്ഞു.
ബില്ലുകളുടെ അടിസ്ഥാനത്തിലാണ് വാറ്റ് കണക്കാക്കുക. കമ്പനികളുടെ വലിപ്പത്തിനനുസരിച്ച് മാസത്തിൽ ഒരിക്കലോ മൂന്നു മാസത്തിൽ ഒരിക്കലോ റിട്ടേണുകൾ സമർപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത സമയത്ത് നികുതി റിട്ടേൺ സമർപ്പിക്കാത്തതിനും രേഖകൾ സൂക്ഷിക്കാത്തതിനും ആയിരം റിയാൽ വീതം പിഴ ചുമത്തും. നികുതി റിട്ടേണുകളിൽ പിഴവ് സംഭവിച്ചാൽ വെളിപ്പെടുത്താത്ത നികുതിയുടെ 50 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തും.