ദുബായ് - ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആന്റ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളിക്ക് ഭാഗ്യ സമ്മാനം. 10 ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം ഏഴ് കോടിയിലേറെ രൂപ) കൊച്ചി സ്വദേശി ജോർജ് തോമസിന് ലഭിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഏഴു വർഷമായി ഷാർജയിൽ താമസിക്കുന്ന 43 വയസ്സുള്ള ജോർജ് തോമസ് കഴിഞ്ഞ ആറ് വർഷമായി പതിവായി ടിക്കറ്റ് എടുക്കാറുണ്ട്. ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം അടുത്ത കാലത്താണ് നാട്ടിലേക്ക് പോയത്. നാലാമത്തെ കുഞ്ഞ് ജനിക്കാൻ ഇരിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. ഷാർജയിലെ ഇന്ത്യക്കാരൻ ദീപക് ശർമ രഘുനാഥ് ശർമക്കും ഇന്ത്യൻ പ്ലസ് ടു വിദ്യാർഥി ആര്യൻ രവീന്ദ്ര ഷേണായിക്കും ആഡംബര മോട്ടോർ ബൈക്കുകളും സമ്മാനമായി ലഭിച്ചു.