ഖത്തറിലെ പ്രമുഖ വ്യവസായി പി.ടി മുഹമ്മദ് അസ്‌ലം അന്തരിച്ചു

ദോഹ - ഖത്തറിലെ പ്രമുഖ വ്യവസായിയും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്, റീട്ടൈല്‍ മാര്‍ട്ട് ഗ്രൂപ്പുകളുടെ മാനേജിംഗ് ഡയറക്ടറുമായ പി.ടി മുഹമ്മദ് അസ്‌ലം അന്തരിച്ചു. 55 വയസ്സായിരുന്നു. ദീര്‍ഘ നാളായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു.

മലപ്പുറം ജില്ലയില്‍ തിരൂരിനടുത്ത് തലക്കടത്തൂര്‍ പരേതനായ പി.ടി സൈതാലിഹാജിയുടെ മകനാണ്.

ഖത്തറില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും പ്രചാരത്തിലാകുന്നതിന് മുമ്പ് തന്നെ സൈതാലിഹാജിയും സഹോദരങ്ങളും ചേര്‍ന്ന് സ്ഥാപിച്ച ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ മലയാളികളുടെ ഇഷ്ട ഷോപ്പിംഗ് കേന്ദ്രമായിരുന്നു.

ചെറുപ്പം മുതലേ പിതാവിനോടൊപ്പം വ്യാപാരത്തിലിറങ്ങിയ മുഹമ്മദ് അസ്‌ലം ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ ഉപഭോക്താക്കളുടെയും ഇടപാടുകാരുടെയും ഇഷ്ടമിത്രമായി മാറി. അസ്‌ലമിന്റെ നേതൃത്തിലാണ് സ്ഥാപനം വളര്‍ന്ന് വലുതായത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുള്ള റീട്ടൈല്‍ മാര്‍ട്ട് അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതിയായിരുന്നു.

അല്‍ അന്‍സാരി ആന്റ് പാര്‍ട്‌ണേഴ്‌സ്, അരോമ ഇന്റര്‍നാഷണല്‍ എന്നീ സംരഭങ്ങളിലും അദ്ധേഹത്തിന്റെ പങ്കാളിത്തമുണ്ട്. ഒരു വ്യാവസായിക പ്രമുഖന്‍ എന്നതോടൊപ്പം തന്നെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും അദ്ധേഹത്തിന്റെ സവിശേഷതയാണ്.

സമീനയാണ് ഭാര്യ, റാസിം അഹമ്മദ്, ആയിഷ റിസ മക്കളാണ്.

Latest News