അടി കപ്പ്യാരേ കൂട്ടമണി എന്ന കോമഡി എന്റർടൈനറിനുശേഷം ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'പാതിരാ കുർബാന'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ, ക്രിസ്മസ് കാലങ്ങളിൽ അർധരാത്രിയുള്ള ക്രൈസ്തവ വിശ്വാസികളുടെ പാതിരാ കുർബാനയെ ഓർമ്മിപ്പിക്കുന്നതാണ് പോസ്റ്റർ.
നർമ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രം മെയ് 25ന് ഷൂട്ടിംഗ് തുടങ്ങും. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടത്തുന്ന പാതിരാ കുർബാനയിലെ നായികമാർ പുതുമുഖങ്ങളായിരിക്കും എന്നാണ് സൂചന.
ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. ധ്യാൻ ശ്രീനിവാസന്റെ കഥക്ക് സംവിധായകൻ തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ബ്ലൂലൈൻ മൂവീസിന്റെ ബാനറിൽ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ക്യാമറ അഖിൽ ജോർജ്, സംഗീതം ഷാൻ റഹ്മാൻ. എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, പ്രൊജക്റ്റ് ഡിസൈനർ രാജേഷ് തിലകം, പ്രൊഡക്ഷൻ കൺട്രോളർ സജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അരുൺ ഡി ജോസ്, വാർത്ത പ്രചരണം പി. ശിവപ്രസാദ്. അജു, വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫെന്റാസ്റ്റിക്ക് ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.