Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

കരവിരുതിലെ ലിജി സ്പർശം

ഖത്തറിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലെ ക്രാഫ്റ്റ് അധ്യാപിക ലിജി അബ്ദുല്ല ആർട് ആന്റ് ക്രാഫ്റ്റിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന കലാകാരിയാണ്. വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ സാധനങ്ങളുപയോഗിച്ച് മനോഹരമായ വസ്തുക്കളുണ്ടാക്കുന്ന കരവിരുതിലെ ലിജി സ്പർശം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ മുഹമ്മദ് -ലൈല ദമ്പതികളുടെ മൂന്ന് മക്കളിലെ ഏക പെൺകുട്ടിയായ ലിജിക്ക് ചെറുപ്പം മുതലേ ആർട്ടിനോടും ക്രാഫ്റ്റിനോടും വല്ലാത്ത താൽപര്യമുണ്ടായിരുന്നു. ക്രാഫ്റ്റിലെ അത്ഭുതങ്ങളിൽ ആകൃഷ്ടയായി ക്രാഫ്റ്റ് വർക്കുകൾ എവിടെ കണ്ടാലും സസൂക്ഷ്മം വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുമായിരുന്നു.
ഉമ്മയിൽ നിന്നാകാം ലിജിക്ക് ക്രാഫിറ്റിനോടുള്ള താൽപര്യം ജനിച്ചത്. പാഴ് വസ്തുക്കളിൽ നിന്നും ക്രാഫ്റ്റ് ചെയ്യുന്ന പല ചെറിയ വിദ്യകളും ഉമ്മ കാണിക്കുമായിരുന്നു.
സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് പേപ്പറുകൾ ഉപയോഗിച്ച് പരിമിതമായ തോതിൽ ബൊക്കെയും കാർഡുകളും പൂക്കളുമൊക്കെ ഉണ്ടാക്കുമായിരുന്നെങ്കിലും വിവാഹാനന്തരം ദോഹയിലെത്തിയ ശേഷമാണ് ലിജി തന്റെ പാഷൻ തിരിച്ചറിഞ്ഞത്.
കതാറയിലെ ഖത് ആർട് എന്ന കൂട്ടായ്മയുമായി പരിചയപ്പെട്ടതാണ് ലിജിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. കരകൗശല വിദഗ്ധരായ കലാകാരൻമാർ തങ്ങളുടെ വർക്കുകൾ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയുമൊക്കെ ചെയ്യുന്ന വിവിധ രാജ്യക്കാരായ നിരവധി പ്രമുഖരുള്ള ഒരു കൂട്ടായ്മയാണത്. ലിജിയുടെ വർക്കുകൾ ഇഷ്ടപ്പെട്ട ഈ കൂട്ടായ്മയിൽ അംഗത്വം ലഭിച്ചതോടെ ക്രാഫ്റ്റിന്റെ അനന്ത സാധ്യതകൾ തിരിച്ചറിയാനായി. കേവലം ഹോബി എന്നതിനപ്പുറം പ്രൊഫഷനായും ബിസിനസായുമൊക്കെ വലിയ സാധ്യതകളാണ് ക്രാഫ്റ്റിലുള്ളതെന്ന് തിരിച്ചറിഞ്ഞു. ഈ കൂട്ടായ്മയുടെ ഭാഗമായി ചില വർക് ഷോപ്പുകൾ നടത്തിയപ്പോഴാണ് ക്രാഫ്റ്റ് പഠിപ്പിക്കാൻ കഴിയുമെന്ന് ബോധ്യമായത്. കതാറയിലും ഖത്തർ ഫൗണ്ടേഷനിലുമൊക്കെയായി നിരവധി വർക് ഷോപ്പുകൾ നടത്താനും പല വർക് ഷോപ്പുകളുടേയും ഭാഗമാകുവാനും സാധിച്ചപ്പോൾ ലിജി ഒരു അധ്യാപികയായും സർവോപരി ഒരു സംഘാടകയായും മാറുകയായിരുന്നു. വിവിധ ദേശക്കാരും ഭാഷക്കാരുമായ കലാകാരൻമാരുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചത് വ്യക്തിപരവും പ്രൊഫഷണലുമായ കാഴ്ചപ്പാടിൽ കാര്യമായ മാറ്റമുണ്ടാക്കി. ക്രാഫ്റ്റിനെക്കുറിച്ച് സംസാരിക്കാനും അറിയുന്ന കാര്യങ്ങൾ പങ്കുവെക്കുവാനും ശീലിച്ചാണ് അധ്യാപികയായി മാറിയത്. അങ്ങനെയാണ് ഇക്കണോമിക്സും ടാലിയുമൊക്കെ പഠിച്ച ലിജി ക്രാഫ്റ്റ് അധ്യാപികയായി മാറിയത്.
വർക്‌ഷോപ്പുകൾക്ക് പ്രചാരം ലഭിക്കുകയും കൂടുതലാളുകൾ താൽപര്യത്തോടെ പങ്കെടുക്കുവാൻ തുടങ്ങുകയും ചെയ്തതോടെ ലിജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു. അങ്ങനെയാണ് താൻ മനസിലാക്കുന്ന കാര്യങ്ങൾ കൂടുതൽ ആളുകളുമായി പങ്കുവെക്കുവാൻ ക്രാഫ്റ്റ് വണ്ടേർസ് ലിജി എന്ന പേരിൽ ഒരു യു ട്യൂബ് ആരംഭിച്ചത്. നൂതനങ്ങളായ നിർമാണചാരുതയോടെയുളള വീഡിയോകൾ വളരെ വേഗം സ്വീകരിക്കപ്പെടുകയും ലിജിയുടെ ചാനൽ കലാലോകത്തിന്റെ പിന്തുണ നേടുകയും ചെയ്തു. ഇന്ന് ലിജിയുടെ യൂ ട്യൂബ് ചാനലിന് നാൽപതിനായിരത്തോളം ഫോളോവർമാരുണ്ട്.
ഫ്രന്റ്‌സ് കൾചറൽ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരിയെ പരിചയപ്പെട്ടത് ക്രാഫ്റ്റ് സംബന്ധമായ കാര്യങ്ങൾക്ക് പുറമേ ജനസേവന രംഗങ്ങളിലും സജീവമാകുവാൻ അവസരമൊരുക്കി. ഫ്രന്റ്‌സ് കൾചറൽ സെന്ററിന്റെ വനിതാവിഭാഗത്തിന്റെ ചുമതലയേറ്റെടുത്ത ലിജി വൈവിധ്യമാർന്ന പരിപാടികളോടെ സജീവമായ സാമൂഹ്യ പ്രവർത്തകയായി മാറി. കോവിഡ് വന്നപ്പോൾ ക്ളാസുകളൊക്കെ ഓൺലൈനിലേക്ക് മാറിയെങ്കിലും ക്രിയാത്മകമായ വർക്കുകൾ ചെയ്തും യൂട്യൂബ് ചാനലിൽ പുതിയ വീഡിയോകൾ പോസ്റ്റ് ചെയ്തുമൊക്കെ ലിജി തന്റെ സർഗാത്മകതയും ക്രിയാത്മകതയും ആഘോഷിക്കുകയാണ്.
ലിജിയും ഷാനും ചേർന്ന് രൂപീകരിച്ച ഖത്തർ മലയാളി യൂട്യൂബേഴ്‌സ് എന്ന കൂട്ടായ്മയിൽ ഏകദേശം 150 ഓളം അംഗങ്ങളുണ്ട്. പ്രമുഖ യൂട്യൂബറായ ഇബാദുറഹ്മാനെ ദോഹയിൽ കൊണ്ട് വന്ന് പ്രത്യേകം വർക് ഷോപ്പ് സംഘടിപ്പിച്ചത് ഈ കൂട്ടായ്മയായിരുന്നു.
ക്രാഫ്റ്റ് കുട്ടികൾക്ക് കഴിവ് വർധിപ്പിക്കുവാനും ആത്മവിശ്വാസം നേടാനുമൊക്കെ സഹായകമാകുമെന്നാണ് ലിജിയുടെ നിരീക്ഷണം. ഓൺലൈൻ ക്ളാസുകളിലൂടെ ഉണ്ടായേക്കാവുന്ന സ്‌ക്രീൻ അഡിക്ഷന് ഒരു പരിധിവരെ ഇടവേള നൽകാനും ഇത് സഹായകമാകും. കുട്ടികളെ സജീവമായും ക്രിയാത്മകമായും പ്രചോദിപ്പിക്കുന്ന ക്രാഫ്റ്റും ആർട്ടും ജീവിതം കൂടുതൽ മനോഹരവും ആസ്വാദ്യവുമാക്കുമെന്നാണ് അവർ കരുതുന്നത്.
ധാരാളം ക്രാഫ്റ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും ഷൂ ബോക്സിൽ തീർത്ത അക്വേറിയമാണ് തന്റെ മാസ്റ്റർപീസെന്നാണ് ലിജി പറയുക. വർഷങ്ങൾക്ക് മുമ്പ് ചെയ്ത് യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ആ വീഡിയോക്ക് ഇപ്പോഴും ആസ്വാദകരുണ്ടാകുന്നുവെന്നത് വല്ലാത്ത സന്തോഷം നൽകുന്ന കാര്യമാണ് .
പൂക്കളും ബൊക്കെകളുമാണ് തുടക്കത്തിൽ കൂടുതലായും ചെയ്തിരുന്നതെങ്കിലും ഫാബ്രിക് ഡിസൈനിലും മെഴുകുതിരികൊണ്ട് വൈവിധ്യമാർന്ന വർക്കുകൾ ചെയ്യുന്നതിലും ലിജി സമർഥയാണ്. ബോട്ടിൽ പെയിന്റ്‌സ്, ജ്വല്ലറി ഡിസൈനിംഗ്, ക്ളേ ആർട്, പേപ്പർ ഫയൽ, പേപ്പർ പെൻ, ചുമർ ചിത്രങ്ങൾ, മുത്തുകൾകൊണ്ടുള്ള വിവിധ ക്രാഫ്റ്റ് വർക്കുകൾ തുടങ്ങി നൂതനങ്ങളായ ആശങ്ങളും വിദ്യകളും സമന്വയിച്ചാണ് ഈ കലാകാരി വ്യത്യസ്തയാകുന്നത്. ഇപ്പോൾ അധ്യാപികയെന്ന നിലക്ക് കൂടുതലും സ്‌ക്കൂളുമായി ബന്ധപ്പെട്ട ക്രാഫ്റ്റുകളാണ് ചെയ്യുന്നത്.
മിയ പാർക്കിൽ നടന്ന പാസേജ് ടു ഇന്ത്യ പരിപാടിയുടെ ഭാഗമായി നടന്ന എക്സിബിഷനിൽ ലിജിയുടെ പല വർക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖത്തർ ഫൗണ്ടേഷൻ, കതാറ, ഫ്രന്റ്‌സ് കൾചറൽ സെന്റർ, കമ്മ്യൂണിറ്റി സെന്ററുകൾ, സ്‌ക്കൂളുകൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ക്രാഫ്റ്റ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.
ക്രാഫ്റ്റ് മേഖലയിലുണ്ടാകുന്ന പുതിയ ട്രൻഡുകളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചുമൊക്കെ വായിച്ചും കണ്ട് പരസ്പരം പങ്കുവെച്ചും അപ്ഡേറ്റ് ചെയ്യുന്ന കരവിരുതിന്റെ ലിജി സ്പർശം ജീവിതം കൂടുതൽ മനോഹരവും ഒതുക്കമുള്ളതുമാക്കും. മനുഷ്യ ജീവിതത്തിന്റെ എല്ലാ പുതുമകളേയും തുറന്ന മനസോടെ സ്നേഹിക്കുന്ന സഹൃദയനായ പ്രിയതമൻ അബ്ദുല്ലയാണ് ലിജിയുടെ ഏറ്റവും വലിയ കരുത്ത്. തന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും അദ്ദേഹത്തിന്റെ അകമഴിത്ത പിന്തുണയും പ്രോൽസാഹനവുമാണെന്ന കാര്യം ലിജി അഭിമാനത്തോടെ അനുസ്മരിക്കുന്നു. ടെലിഫോൺ കാർഡുകൾ ശേഖരിക്കുന്നത് ഹോബിയാക്കിയ അബ്ദുല്ലയുടെ ശേഖരത്തിൽ വിവിധ വിഷയങ്ങളിലുള്ള ധാരാളം കാർഡുകളുണ്ട്. തന്റെ വികാരവിചാരങ്ങളെ ബ്ളോഗിലൂടെയാണ് അബ്ദുല്ല പ്രകടിപ്പിക്കാറുള്ളത്. നർമിൻ, നസ്ലിൻ എന്നിവർ മക്കളാണ്.

Latest News