Sorry, you need to enable JavaScript to visit this website.

സൂയസ് കനാലിലെ മലയാളി ഓട്ടോറിക്ഷ 

ഒരു കാലത്ത്് കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം നിത്യഹരിത നായകൻ പ്രേംനസീർ രാഷ്ട്രീയത്തിലിറങ്ങുമോ എന്നതായിരുന്നു. തൊട്ടടുത്ത തിമഴകത്ത് എം.ജി.ആറും മറ്റും കൊടികുത്തി വീണ കാലത്ത്് മലയാളിയ്ക്ക്് താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട്് ഒട്ടും താൽപര്യമില്ലായിരുന്നു. അതൊക്കെ പോട്ടെ പഴയ കഥ. എന്നാൽ സിനിമാതാരം മുരളി ആലപ്പുഴയിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച് തോറ്റു തുന്നം പാടുന്നതാണ് പുതിയ നൂറ്റാണ്ട്് പിറന്ന ശേഷവും കണ്ടത്. എന്നാൽ ആന്ധ്രാ പ്രദേശിനേയും തമിഴ്്‌നാട്ടിനേയും പിറകിലാക്കുന്ന വിധത്തിലാണ് കേരളത്തിലെ മുന്നണികളിപ്പോൾ. 
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപിടി കലാകാരന്മാരാണ് ഇത്തവണ ജനവിധി തേടുന്നത്. അഭിനേതാക്കളും ഗായകരും അടക്കം ഇത്തവണ പത്ത് പേരാണ് കലാരംഗത്ത് നിന്ന് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. കെ ബി ഗണേഷ് കുമാർ, എം മുകേഷ് , മാണി സി കാപ്പൻ എന്നിവരാണ് ഈ പട്ടികയിലുള്ള സിറ്റിംഗ്  എംഎൽഎമാർ. രാജ്യസഭാ എംപിയായ സുരേഷ് ഗോപിയും തൃശൂരിൽ നിന്ന് മത്സരിക്കുന്നു. 
 ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ തൃശൂരിൽ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടുന്നത്. ഇത്തവണ തൃശൂർ എടുക്കുകയല്ല, ജനങ്ങൾ തൃശൂർ തനിക്ക് തരുമെന്ന മാസ് ഡയലോഗുമായി താരം കളംനിറഞ്ഞു കഴിഞ്ഞു. അതിനിടയ്ക്ക്  ശ്രദ്ധേയമായത് റിപ്പോർട്ടർ ചാനലിലെ എം.വി നികേഷ് കുമാറിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ സിനിമയിലെ ആക്്ഷൻ ഹീറോയായി സുരേഷ് ഗോപി മാറി. മൂന്നു പതിറ്റാണ്ടിലേറെ കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ശേഷമാണ് 2016 ൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് മുകേഷ് കൊല്ലത്തുനിന്ന് എംഎൽഎയാകുന്നത്. ജനപ്രതിനിധിയായി പ്രവർത്തിക്കുമ്പോഴും സിനിമാ ടി വി രംഗത്ത് അദ്ദേഹം സജീവമായിരുന്നു. ഓഖി വന്ന കാലത്ത് എം.എൽ.എയെ ജനം സ്‌നേഹിച്ചു വീർപ്പു മുട്ടിച്ചതിന്റെ ടിവി ദൃശ്യങ്ങൾ നമുക്ക് മറക്കാം. 
1985ൽ കെ ജി ജോർജിന്റെ ഇരകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയതാണ് കെ ബി ഗണേഷ് കുമാർ. അന്നു മുതൽ ഇന്നു വരെ മലയാള സിനിമയ്‌ക്കൊപ്പമാണ് അദ്ദേഹം നടന്നത്. എംഎൽഎയും മന്ത്രിയുമായി പ്രവർത്തിച്ചപ്പോഴും സിനിമയെ കൈവിടാൻ ഗണേഷ് കുമാർ തയാറായില്ല.  2001 ൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ച ഗണേഷ് കുമാർ ഗതാഗതമന്ത്രിയായി. മുന്നണി മാറ്റമൊന്നും രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യമൊന്നുമല്ലല്ലോ. 
നിർമാതാവും അഭിനേതാവുമായ മാണി സി കാപ്പൻ  25 സിനിമകളിൽ വേഷമിട്ടു. ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് മാണി സി കാപ്പൻ എംഎൽഎയായി. ഇത്തവണ എൻസികെ എന്ന പുതിയ പാർട്ടിയുണ്ടാക്കിയാണ് പാലായിൽ മത്സരിക്കുന്നത്. ധർമജൻ ബോൾഗാട്ടി (ബാലുശ്ശേരി) മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിരവധി കോമഡി വേഷങ്ങൾ അവതരിപ്പിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ നടനാണ്. പക്ഷേ, ധർമജന്റെ ബാലുശ്ശേരിയിലെ പ്രചാരണ സ്ഥലങ്ങളിലെത്തിയാൽ കോൺഗ്രസ് സ്ഥാനാർഥി ധർമജൻ കോമഡിക്കാരനല്ല, ഗൗരവക്കാരനാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ബോൾഗാട്ടിയുടെ ഒരു ചെറു വീഡിയോയിൽ ഒപ്പമുള്ളത് മദ്രസ അധ്യാപകരാണ്. ഉസ്താദുമാർക്കൊപ്പം ജീവിച്ച ആളാണ്. അവരുടെ ജീവിത ശൈലി എനിക്കറിയാം. നാട്ടിൽ വൈകിയെത്തുന്ന രണ്ടാളുകൾ ഞാനും ഒരു ഉസ്താദുമാണ്. അദ്ദേഹത്തിനൊപ്പമാണ് സ്ഥലത്തെ പ്രമാണിയുടെ വീട്ടിൽ ഭക്ഷണം. ഉസ്താദുമാരുടെ ഫുഡിനെ പറ്റി പ്രത്യേകിച്ച് പറയണമോയെന്ന് ബോൾഗാട്ടി ഒപ്പമുള്ളവരോട് അന്വേഷിക്കുന്നുണ്ട്. 

*****             *****              *****
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥിയായ വീണ എസ് നായർക്കുമുണ്ടൊരു താരത്തിളക്കം. അത് ടെലിവിഷൻ ചാനലുകളിലൂടെയാണെന്നു മാത്രം. വിവിധ ചാനലുകളിൽ ദീർഘകാലം അവതാരകയായിരുന്നു. മത്സരിക്കാൻ കോൺഗ്രസിന്റെ ക്ഷണം വൈകിക്കിട്ടിയ വട്ടിയൂർക്കാവിൽ പരിചയപ്പെടുത്തലിന് ഈ അവതാരകത്തിളക്കവും പ്രയോജനപ്പെട്ടു. നിയമത്തിൽ ബിരുദാനന്തര ബിരുദവും സോഷ്യോളജിയിൽ ബിരുദവും നേടിയ വീണ വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയാണ്. വീണയും പ്രിയങ്ക ഗാന്ധിയും പിന്നിട്ട വാരത്തിൽ വാർത്താ പ്രാധാന്യം നേടി. ആറ്റുകാൽ ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ സാരിയിൽ തീപിടിച്ച വീണ എസ്. നായർക്ക് പ്രിയങ്ക ഗാന്ധിയുടെ കരുതൽ. പ്രവർത്തകർ സമ്മാനിച്ച ഷാൾ വീണയെ പുതപ്പിച്ച പ്രിയങ്ക തുടർന്നുള്ള യാത്രയിൽ ഒപ്പംകൂട്ടി. ആറ്റുകാൽ ക്ഷേത്രനട അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധിയും വീണ എസ്. നായർ ഉൾപ്പടെയുള്ള പ്രവർത്തകരും എത്തിയത്. തിക്കിലും തിരക്കിലുംപെട്ട് എല്ലാവരും വലഞ്ഞു. നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയിൽ തീ പിടിച്ചത്.
ഒപ്പമുണ്ടായിരുന്നവർ തീ അണച്ചു. ഉടൻതന്നെ പ്രിയങ്ക തനിക്ക് കിട്ടിയ ഷാൾ വീണയ്ക്കു നൽകി. അപ്രതീക്ഷിത അപകടത്തിൽ പകച്ച സ്ഥാനാർഥിയെ വാഹനത്തിലേക്ക് ക്ഷണിച്ചു. പൂന്തുറയിലെ സമ്മേളനത്തിന് ശേഷം താമസസ്ഥലത്ത് എത്തുന്നതുവരെ പ്രിയങ്ക വീണയെ ഒപ്പം കൂട്ടി. തന്റെ അനുഭവം വീണ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിട്ടുണ്ട്.  

*****             *****              *****
യൂറോപ്പിനെ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ കപ്പൽ പാതയാണ് മനുഷ്യനിർമിതമായ സൂയസ് കനാൽ. ഇതില്ലായിരുന്നുവെങ്കിൽ പ്രതീക്ഷാ മുനമ്പ് ചുറ്റിവരാൻ സമയം എത്രയോ കൂടുതൽ വേണ്ടി വരുമായിരുന്നു. സൂയസ് കനാലിൽ  കപ്പൽ കുടുങ്ങി വാണിജ്യ പാതയിൽ ദിവസങ്ങളോളമാണ് സ്തംഭനമുണ്ടായത്. മാർച്ച് 23 നാണ് 400 മീറ്റർ നീളമുള്ള എവർഗിവൺ കപ്പൽ കനാലിൽ കുടുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച മണൽ തിട്ടകളിടിച്ചും മണൽ മാറ്റിയും കപ്പൽ ചലിപ്പിച്ചതോടെയാണ് വീണ്ടും കനാലിലൂടെയുള്ള ഗതാഗതം സാധ്യമായത്. 3.5 ബില്ല്യൻ ഡോളറിന്റെ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. തായ്‌ലവാൻ കമ്പനിയായ എവർഗിവൺ മറൈൻ കോർപ്പറ്റേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള എവർഗിവൺ എന്ന കപ്പലാണ് സൂയസ് കനാലിലെ മണൽ തിട്ടകളിൽ കുടുങ്ങിയത്. ഇതേ തുടർന്ന്  ഒരാഴ്ചയാണ് സൂയസ് കനാലിലൂടെയുള്ള കപ്പൽ ഗതാഗതം മുടങ്ങിയത്. ഇതിൽ മാത്രം സൂയസ് കനാൽ അതോറിറ്റിക് കോടി കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.  കനാലിന് കപ്പൽ വരുത്തിയ നാശനഷ്ടവും രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി ചിലവായ തുകയും നഷ്ടമായ ട്രാൻസിറ്റ് ഫീയും ഉൾപ്പെടുന്നതാണ് ഈജിപ്ത്  ആവശ്യപ്പെട്ട നഷ്ടപരിഹാര തുക. വിഷയം ഗുരുതരമാണെന്നും കനാൽ അതോറിറ്റിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ച പ്രശ്‌നമാണ് ഇതെന്നും സൂയസ് കനാൽ ചീഫ് എക്‌സിക്യൂട്ടിവ് ഒസാമ റാബി പറഞ്ഞു.  ആരിൽ നിന്നാണ് കനാൽ അതോറിറ്റി നഷ്ടപരിഹാരം വാങ്ങുക എന്നത് വ്യക്തമല്ല. കപ്പൽ കുടുങ്ങി ലോകം പ്രതിസന്ധിയിലേക്ക്് നീങ്ങിയ നാളുകളിൽ സമൂഹ മാധ്യമങ്ങളിൽ കണ്ട ഒരു ട്രോൾ രസകരമായി. കേരളത്തിൽ ഓട്ടോറിക്ഷ ഓടിച്ച് പരിചയമുള്ള ആളെ തേടിയായിരുന്നു പരസ്യ ട്രോൾ. 

*****             *****              *****
ബഹ്്‌റൈനിൽ പ്രവാസിയായിരുന്ന മുൻകാല ചലച്ചിത്ര താരം ജലജ ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥിയ്ക്ക് വേണ്ടി പ്രചാരണ രംഗത്തുണ്ട്. 
ഈ സ്ഥാനാർഥിയും മോശക്കാരനല്ല. ആലപ്പുഴയിലെ മത്സ്യ തൊഴിലാളി സ്ത്രീകളോട് ലൗ ജിഹാദ് ക്ലാസെടുത്ത മനുഷ്യൻ. തൃശൂരിൽ സുരേഷ് ഗോപിയ്ക്ക്് ഒട്ടും പേടിക്കേണ്ടതില്ല. ഗോപാലകൃഷ്ണനുള്ളത് കൊണ്ട് അവിടത്തെ കാര്യങ്ങൾ സേഫാണ്. ഒട്ടകംജിയുടെ ഇക്കണോമിക്‌സ് ക്ലാസിലിരുന്ന പള്ളീലച്ചനും കാര്യങ്ങൾ പിടികിട്ടി. 

*****             *****              *****
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞോ? തലശ്ശേരി നഗരത്തിൽ കണ്ട എൽഡിഎഫ് പോസ്റ്ററുകളിലെല്ലാം ക്യാപ്്ടൻ എന്ന വിശേഷണമാണ് കണ്ടത്. പ്രകാശ് കാരാട്ടും കോടിയേരിയുമൊന്നും ഇത് നിഷേധിച്ചിട്ട് കാര്യമില്ല. ആപൽഘട്ടത്തിൽ കേരളത്തെ രക്ഷിച്ച ക്യാപ്്റ്റനാണ് ആരാധകർക്ക്് അദ്ദേഹം. തലശ്ശേരി നഗരാതിർത്തിയായ കൊടുവള്ളിയും കഴിഞ്ഞ്് ധർമടം മണ്ഡലത്തിലെ മീത്തലെ പീടിക,  ബ്രണ്ണൻ കോളജ്, ചിറക്കുനി ഭാഗത്താണ് കുറച്ചു കൂടി കടുപ്പം കൂടിയ ഫഌക്‌സുകളുള്ളത്. ധർമടത്തിന്റെ തേജസ്, കേരളത്തിന്റെ അതിജീവന നായകൻ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ. പാവം കുറേക്കാലം മാധ്യമ വേട്ടയാടലുകൾക്കിരയായതല്ലേ, ഇതെങ്കിലുമിരിക്കട്ടെ ഒരാശ്വാസം.
 

Latest News