Sorry, you need to enable JavaScript to visit this website.

അടുത്ത ബെല്ലോടു കൂടി..... 

നാടകലോകത്തെ അനശ്വരനാമമായ കോഴിക്കോട് സംഗമം തിയേറ്റേഴ്‌സിന്  അമ്പത് വയസ്സ്. സംഗമം സാരഥി വിൽസൺ സാമുവലിന്റെ ഓർമകളിലൂടെ കെ.ടി മുഹമ്മദിന്റേയും കെ.ടി സെയ്ദിന്റേയും എം.ടിയുടേയുമൊക്കെ നാടകാവിഷ്‌കാരത്തിന്റെ തിളക്കമാർന്ന അനുഭവങ്ങളിലേക്ക് യവനിക ഉയരുന്നു... 

അര നൂറ്റാണ്ട് മുമ്പ്. കോഴിക്കോട്ടെ ഒരു നാടകകൃത്തിന്റെ അമച്വർ നാടകങ്ങളിലൊന്ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ അരങ്ങേറി. നാടകത്തിന്റെ സംവിധായകനും നടത്തിപ്പുകാരനുമായി രചയിതാവും കൂടെയുണ്ട്. കളികഴിഞ്ഞപ്പോൾ സംഘാടകർ അദ്ദേഹത്തിന് നൽകിയത് തുച്ഛമായ പ്രതിഫലം. സംഗീത സംവിധായകനും നടിമാർക്കും പണം കൊടുത്തപ്പൊഴേക്കും നടത്തിപ്പുകാരന്റെ കീശ കാലി. നാടകസംഘം സഞ്ചരിക്കേണ്ട വാനിന് പോലും കാശു തികയാത്ത അവസ്ഥ. ആ ദുരവസ്ഥ കണ്ടപ്പോൾ സംഗീത സംവിധായകൻ നടത്തിപ്പുകാരനോട് ചോദിച്ചു-എന്തിനാണ് പണമില്ലാതെ ഇങ്ങനെ നാടകം കളിക്കുന്നത്? ഇതുകൊണ്ട് നിങ്ങൾക്കും നാടകകലാകാരൻമാർ ക്കും എന്ത് ഗുണം?  നാടക നടത്തിപ്പുകാരൻ ദൈന്യതയോടെ പറഞ്ഞു-ശരിയാണ്. പക്ഷെ, നാടകം കളിപ്പിച്ചവർ പ്രതിഫലം തരാതിരുന്നാൽ എന്തു ചെയ്യും?  നമുക്കൊരു പ്രൊഫഷണൽ നാടക ട്രൂപ്പ് തുടങ്ങിയാലോ എന്നായി സംഗീത സംവിധായകൻ. നാടകം ബുക്ക് ചെയ്യുന്നവരോട് പ്രതിഫലം മുൻകൂട്ടി പറഞ്ഞുറപ്പിച്ച് കൃത്യമായി വാങ്ങിയാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകില്ലേ? കേരളത്തിലെ പ്രൊഫഷണൽ നാടകവേദിയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ കോഴിക്കോട് സംഗമം തിയേറ്റേഴ്‌സിന്റെ ജനനമായിരുന്നു അത്. മലയാളനാടക ലോകത്ത് കെ.ടി എന്ന രണ്ടക്ഷരത്തിൽ അനശ്വരനായ നാടകാചാര്യൻ കെ.ടി.മുഹമ്മദായിരുന്നു ആ നാടക നടത്തിപ്പുകാരൻ. പിൽ ക്കാലത്ത് പ്രൊഫഷണൽ നാടക രംഗത്ത് നിത്യവിസ്മയമായ 'സൃഷ്ടി' ആയിരുന്നു അവരന്ന് കളിച്ച നാടകം. 


പുതിയൊരു പ്രൊഫഷണൽ നാടകട്രൂപ്പ് തുടങ്ങാം എന്ന് കെ.ടിയെ  ഉപദേശിച്ച ആ സംഗീത സംവിധായകൻ അന്ന് കോഴിക്കോടൻ നാടക-ഗാന മേള ട്രൂപ്പുകളിലെ അറിയപ്പെടുന്ന വയലിനിസ്റ്റായ വിൽസൺ സാമുവൽ ആ ണ്. യേശുദാസും ജയചന്ദ്രനും കമുകറയും എസ്.ജാനകിയും മാധുരിയും ഉൾപ്പെടെയുള്ളവരുടെ കൂടെ ഓർക്കസ്ട്രയിൽ വയലിൻ വായിച്ച അതുല്യ പ്രതിഭ. തുടർന്നദ്ദേഹം ഏതാണ്ട് നാലര പതിറ്റാണ്ടു കാലം സംഗമം തീയ്യറ്റേഴ്‌സിന്റെ നാടകങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയും സമിതിയെ സജീവമായി നയിച്ചും സംഗമം വിൽസൺ എന്ന പേരിൽ അനശ്വരനായി. 1971-ൽ സംഗമം തീയ്യറ്റേഴ്‌സ് ഔദ്യോഗികമായി റജിസ്റ്റർ ചെയ്തു കളിതുടങ്ങി. 'സൃഷ്ടി' ആയിരുന്നു ആദ്യനാടകം. 


കെ.ടിയെ മുന്നിൽ നിർത്തി ആരംഭിച്ച സംഗമം തിയേറ്റേഴ്‌സിൽ അദ്ദേഹത്തെ കൂടാതെ ആറ് പാർട്ട്ണർമാർ കൂടി ഉണ്ടായിരുന്നു. വിൽസൺ സാമുവൽ, നടൻ വിക്രമൻനായർ (പിൽക്കാലത്ത് സ്റ്റേജ് ഇന്ത്യയുടെ സാരഥി), പി.എം. ആലിക്കോയ (പി.എം.താജിന്റെ പിതാവ്, എ.എം.കോയ, സി.പി.ആലി ക്കോയ പിന്നെ എസ്.അനന്തകൃഷ്ണനും. (കെ.ടിയുടെ അനുജൻ കെ.ടി.സയ്യ്ദിനെയും പാർട്ട്ണറാക്കാൻ ശ്രമിച്ചെങ്കിലും അന്നദ്ദേഹം താൽപര്യം കാണിച്ചില്ല) അംഗങ്ങൾ 600 രൂപ വീതമെടുത്ത് സമിതിക്ക് മൂലധനം സ്വരൂപിക്കണമെന്ന് ധാരണയായെങ്കിലും പലർക്കും പല കാരണങ്ങളാലും അതിന് കഴിഞ്ഞില്ല. അതോടെ കെ.ടിയും വിൽസണും പറഞ്ഞ തുക മുടക്കി സമിതിയിലെ പ്രമുഖരായി. പക്ഷെ, കെ.ടിക്ക് വിചാരിച്ചതുപോലെ സമിതിക്ക് വേണ്ടി കൂടുതൽ പണമിറക്കാൻ കഴിയാതായപ്പോൾ വിൽസൺ തന്നെ പണം ചില വാക്കി കാര്യങ്ങൾ ഏറ്റെടുത്തു നടത്തി. അതിനാൽ തുടക്കം മുതലെ സംഗമം തിയേറ്റേഴ്‌സിന് മേൽ അദ്ദേഹത്തിനൊരു ഉടമസ്ഥാവകാശം ഉണ്ടായി. 
അച്ഛൻ, വീട്ടിലും പള്ളിയിലും വയലിൻ വായിക്കുന്നതു കണ്ടതാണ് വിൽസന്റെ പ്രചോദനം. എട്ടാം വയസിൽ എൻ. സുകുമാരൻ എന്നൊരു ഗുരുവിന് കീഴിൽ വയലിൻ ശാസ്ത്രീയമായി അഭ്യസിച്ചു തുടങ്ങി. അത് 12 വയസു വ രെ തുടർന്നു. ആ 4 വർഷത്തിനുള്ളിലാണ് അസാധാരണ സിദ്ധി വൈഭവമു ള്ള ഒരു വയലിൻ മാന്ത്രികനായി അദ്ദേഹം വളരുന്നത്. അന്ന് വയലിനിസ്റ്റുകൾ അപൂർവമായിരുന്നു. അതുകൊണ്ടു തന്നെ കോഴിക്കോട്ടെ അമച്വർ നാടക ങ്ങൾക്കും ഗാനമേള ട്രൂപ്പുകൾക്കും വിൽസൺ ഒഴിച്ചുകൂടാനാവാത്ത ഘടക മായി. മാസം മുഴുവൻ പരിപാടികൾ. വയലിൻ വായിച്ച് സ്വന്തമായി നല്ല വ രുമാനമുണ്ടാക്കാൻ വിൽസണ് അന്നേ കഴിഞ്ഞിരുന്നു. ആ സാമ്പത്തിക സ മൃദ്ധിയാണ് സംഗമം തീയ്യറ്റേഴ്‌സിന്റെ തുടക്കം മുതൽ അവശ്യഘട്ടങ്ങളിലൊ ക്കെ പണം മുടക്കാൻ വിൽസണെ പ്രാപ്തനാക്കിയത്.
1962-ൽ മെഴുകുതിരി എന്ന അമച്വർ നാടകത്തിന് മ്യൂസിക് കംപോസ് ചെയ്തു കൊണ്ടാണ് വിൽസൺ ഒരു സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. വയലിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അസാധാരണ മാസ്മകരികതയിൽ അദ്ദേഹമൊരുക്കിയ ഇന്ദ്രജാല സമമായ സംഗീതം, സദസ് സഹർ ഷം സ്വീകരിക്കുകയായിരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം 15. കേവലമൊരു പയ്യൻ, സംഗീതം ചിട്ടപ്പെടുത്തി, നാടകം ഉജ്വലമായി വിജയിപ്പിച്ചു എന്നത് കോഴിക്കോടൻ നാടക വേദികളിൽ വലിയ ചർച്ചയായി. 
അന്നദ്ദേഹം താമസിക്കുന്ന കോഴിക്കോട് ക്രൗൺ സിനിമാ തിയേറ്ററിനടുത്തുള്ള വീടിന് മുന്നിൽ 'ലിറിക്‌സ് കോർണർ' എന്ന പേരിൽ സിനിമാ പാട്ടു പുസ്തകങ്ങൾ വിൽക്കുന്ന ഒരു കടയുണ്ടായിരുന്നു. കെ.ടിയുടെ അനുജൻ, കെ.ടി. സെയ്്്ദ് ആയിരുന്നു കടയുടമ. വിൽസൺ അവിടുത്തെ നിത്യസന്ദർശക ൻ. കുഞ്ഞാവ, കുതിരവട്ടം പപ്പു, കെ.പി.ഉമ്മർ, ഉറൂബ്, തിക്കോടിയൻ,  കെ.എ.കൊടുങ്ങല്ലൂർ, അക്കിത്തം, എം.എസ്.ബാബുരാജ് തുടങ്ങി നിരവധി കലാകാരൻമാരുടെ സംഗമവേദിയായിരുന്നു അവിടം. പോസ്റ്റൽ വകുപ്പിലെ ജോലിക്കാരനായ കെ.ടി എല്ലാ ദിവസവും വൈകുന്നേരം കടയിൽ വരും. മെഴുകു തിരി എന്ന നാടകത്തിന് സംഗീതം നൽകിയതോടെ അവരുടെ ഇടയിൽ വിൽസണ് വലിയ സ്വീകാര്യത കിട്ടി.


കെ.ടിക്ക് അന്ന് 'എക്‌സ്‌പെരിമെന്റൽ തിയേറ്റർ' എന്ന പേരിൽ ഒരു അമച്വർ നാടകട്രൂപ്പുണ്ട്. 1965-ൽ ഈ സമിതിക്ക് വേണ്ടിയാണ് അദ്ദേഹം 'കാഫർ' എന്ന നാടകം എഴുതിയത്. നാടകത്തിന്റെ സംഗീതച്ചുമതല അദ്ദേഹം വിൽസണെ ഏൽപ്പിച്ചു. കോഴിക്കോട് ടൗൺഹാളിലായിരുന്നു നാടകത്തിന്റെ അരങ്ങേറ്റം. അതിലെ സംഗീതത്തിന്റെ സവിശേഷത പ്രത്യേകം ശ്രദ്ധിക്കപ്പെ ട്ടതോടെ സംഗീത സംവിധായകൻ എന്ന നിലയിൽ വിൽസൺ അംഗീകരിക്ക പ്പെട്ടു. തുടർന്ന് അദ്ദേഹം നാടകശാല പെരുമ്പാവൂരിന് വേണ്ടി കാലടി ഗോപി സംവിധാനം ചെയ്ത 'സമസ്യ' യിൽ സഹകരിച്ചു. അദ്ദേഹത്തിന്റെ ആദ്യ പ്രൊഫഷണൽ നാടക സംഗീത സംവിധാന സംരംഭമായിരുന്നു അത്.
1970-ലാണ് കെ.ടി തന്റെ മാസ്റ്റർപീസായ 'സൃഷ്ടി' എഴുതുന്നത്. അതി ന്റെ രചനയ്ക്ക് പിന്നിലെ ഒരു പ്രേരകശക്തിയായി താനുണ്ടായിരുന്നു എന്ന് വിൽസൺ പറഞ്ഞു. ഒരിക്കൽ വല്ലാതെ അസ്വസ്ഥമായ മനസുമായി കെ.ടി, വിൽസണെ കാണാൻ വന്നു. ഒരു നാടകത്തിന്റെ തീം തലയിലുണ്ട്. എഴുതാൻ സ്വകാര്യമായ ഒരിടം വേണം എന്നതായിരുന്നു കെ.ടിയുടെ ആവശ്യം. വിൽസൺ ഉടനെ കോഴിക്കോട്ടെ നളന്ദ ടൂറിസ്റ്റ് ഹോമിൽ ഒരു മുറി ഏർപ്പാടാക്കി. അഞ്ചു ദിവസം കൊണ്ട് താനിത് എഴുതി തീർക്കുമെന്ന് കെ.ടി പറഞ്ഞ പ്പോൾ അദ്ദേഹത്തെ ഒന്ന് ശുണ്ഠി പിടിപ്പിക്കാനാണ് വിൽസണ് തോന്നിയ ത്-അഞ്ചു ദിവസമല്ല, അഞ്ചുമാസമെടുത്താലും നിങ്ങൾ എഴുതില്ല, കെ.ടി. കാഫർ കഴിഞ്ഞ് കാലമെത്രയായി നിങ്ങളൊന്നുമെഴുതാതെ ഉഴപ്പി നടക്കുന്നു? അത് കേട്ട് ചൂടായ കെ.ടി, വിൽസണെ കാണിച്ചു തരാമെന്ന് പറഞ്ഞ് വെല്ലുവിളിച്ചു. എന്തായാലും സംഗതി ഏറ്റു. കൃത്യം മൂന്നാം ദിവസമുണ്ട് കെ.ടി വിളിക്കുന്നു, നാടകം എഴുതി പൂർത്തിയാക്കി എന്നു പറയാൻ!
സംഗമം തീയ്യേറ്റേഴ്‌സ് തങ്ങളുടെ പ്രഥമനാടകമായി കളിച്ചു തുടങ്ങിയ തും പിന്നീട് മലയാള നാടകവേദിയിൽ ചരിത്രം തിരുത്തിക്കുറിച്ചതുമായ 'സൃഷ്ടി' പക്ഷെ, ആദ്യമൊന്നും ആസ്വാദകരെ ആകർഷിച്ചതേയില്ല. പലയിടത്തും കാണികൾ നാടകം തിരസ്‌കരിച്ചു. പിൽക്കാലത്ത് ഭരത് അവാർഡിലൂടെ മലയാള സിനിമയെ ധന്യമാക്കിയ ബാലൻ കെ നായരെ പോലുള്ള മഹാ നടനും ചേമഞ്ചേരി നാരായണൻ നായർ, വിക്രമൻ നായർ തുടങ്ങിയ നടന വിസ്മയങ്ങളും കുട്ട്യേടത്തി വിലാസിനിയെ പോലുളള മികച്ച നടിയും ഉ ണ്ടായിട്ടും കൂക്കുവിളിയും കല്ലേറുമാണ് 'സൃഷ്ടിക്ക്' കിട്ടിയത്. ഒരിക്കൽ കാ ലടിയിൽ നാടകം കളിച്ചപ്പോൾ കാണികളുടെ കൈയ്യാങ്കളിക്ക് വരെ ഇരയാ യി. ഒടുവിൽ നാടകം കഴിഞ്ഞപ്പോൾ പ്രതിഫലം തരില്ലെന്നായി സംഘാടകർ. കരഞ്ഞും കാലുപിടിച്ചുമാണ് അക്കുറി കുറച്ച് കാശൊപ്പിച്ചത്. 
കാണികൾ നിരന്തരമായി തിരസ്‌കരിക്കുന്ന 'സൃഷ്ടി'യുമായി മുന്നോട്ട് പോകാനാകുമോ എന്ന ആശങ്ക സംഗമത്തിനുണ്ടായി. അപ്പൊഴാണ് തിരു വല്ലയിലെ ഒരു ഫൈൻആർട്ട്‌സ് സൊസൈറ്റി 'സൃഷ്ടി' ബുക്കു ചെയ്യുന്നത്. നാടകത്തിന് കഴിഞ്ഞ അരങ്ങുകളിൽ നിന്നു കിട്ടിയ തിക്താനുഭവങ്ങളുടെ ക യ്പ്പും കണ്ണീരും ഓർത്തുകൊണ്ട് നാടകട്രൂപ്പ് അങ്ങോട്ട് യാത്ര തിരിച്ചു. അവിടെയും പരാജയപ്പെട്ടാൽ സംഗമം തീയ്യറ്റേഴ്‌സ് അടച്ചുപൂട്ടാം എന്നായിരു ന്നു തീരുമാനം. കഷ്ടിച്ച് 150-ഓളം വരുന്ന പ്രബുദ്ധരായ കാണികളായിരു ന്നു സദസ്സിൽ. വൈകുന്നേരം 7 മണിക്ക് മനസിലെ സകല ഗുരുക്കൻമാരെയും ധ്യാനിച്ച് കൊണ്ട് നാടകം തുടങ്ങി. സദസ്സ് കയ്യടിയോടെ ആദ്യാവസാനം നാടകം കണ്ടു. കളികഴിഞ്ഞപ്പോൾ കാണികളും സംഘാടകരും ആവേശത്തോടെ എത്തി അഭിനേതാക്കളെ തോളിലേറ്റി നടന്ന് ആഹ്ലാദം പങ്കിട്ടു. 
അതൊരു പുതിയ അനുഭവമായി. അതോടെ ആൾക്കൂട്ടത്തി ലും അമ്പലപ്പറമ്പുകളിലും ഇനി നാടകം കളിക്കേണ്ടതില്ലെന്നും ഫൈൻ ആ ർട്ട്‌സ് സൊസൈറ്റികൾ ഒരുക്കുന്ന പ്രബുദ്ധരായ കാണികൾക്ക് മുന്നിൽ മാ ത്രം നാടകം കളിച്ചാൽ മതി എന്നും വിൽസൺ തീരുമാനിച്ചു. നയപരമായ ആ തീരുമാനം സംഗമം തീയ്യറ്റേഴ്‌സിന്റെ വളർച്ചയിലെ നിർണായക ഘടകമായി. സൃഷ്ടിക്ക് നിരന്തരം സ്റ്റേജുകൾ കിട്ടി. തുടർന്നുള്ള ഓരോ വർഷവും കെ.ടി, സംഗമത്തിന് വേണ്ടി ഓരോ നാടകങ്ങൾ എഴുതി ഹിറ്റാക്കി. സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സന്നാഹം എന്നിങ്ങനെ ഏഴു നാടകങ്ങൾ. 
സംഗമത്തിന്റെ ഖ്യാതി കേരളക്കരയാകെ പരന്നു. കാസർകോട് മുതൽ കന്യാകുമാരി വരെ കളികൾക്ക് ബുക്കിംഗ് കിട്ടി. പല ദിവസങ്ങളിലും രണ്ടു കളികളുണ്ടായി. വർഷത്തിൽ 200-250 അരങ്ങുകൾ വരെ കിട്ടി. വൈകുന്നേരം 6.30-7 മണിക്ക് തുടങ്ങി 9-9.30 ന് അവസാനിപ്പിക്കുന്ന രീതിയിലാണ് നാടക ത്തിന്റെ സമയം ക്ലിപ്തപ്പെടുത്തിയത്. സംഗമം കേരളത്തിന് പുറത്തും അറിയ പ്പെട്ടു തുടങ്ങി. അതോടെ കന്യാകുമാരി മുതൽ ദൽഹിവരേയും കൽക്കത്ത മുതൽ അഹമ്മദാബാദ് വരേയും നാടകവുമായി നിരന്തര യാത്രകൾ. തിരുവ നന്തപുരത്ത് കാർത്തിക തിരുനാൾ തിയേറ്ററിൽ തുടർച്ചയായി 30 ദിവസം നാ ടകം കളിച്ച ചരിത്രവും സംഗമം തീയ്യറ്റേഴ്‌സിനുണ്ട്.  
ആദ്യകാലത്ത് സംഗമത്തിൽ പങ്കാളിയാകാതെ മാറി നിന്ന കെ.ടി.സെയ്ദ്്, സമിതി പച്ചപിടിച്ചപ്പോൾ പതുക്കെ അതുമായി അടുക്കാനായി ശ്രമം. പക്ഷെ കെ.ടി അതിന് സമ്മതിച്ചില്ല. തുടക്കത്തിൽ മാറി നിന്നിട്ട്, സമിതി വളരുമ്പോൾ പങ്കാളിത്തം ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് കെ.ടി അനുജനോട് പറഞ്ഞു. എങ്കിൽ നമുക്ക് മാത്രമായി ഒരു നാടകസമിതി തുടങ്ങാം എന്നായി സെയ്ദ്്. അനുജനോടുള്ള അടുപ്പവും കുടുംബം കെട്ടുറപ്പോടെ നിലനിർത്തി കൊണ്ടുപോകേണ്ട ആവശ്യകതയും അത് അംഗീകരിക്കാൻ കെ.ടിയെ നിർ ബന്ധിതനാക്കി. അങ്ങനെയാണ് കോഴിക്കോട് കലിംഗ തിയേറ്റേഴ്‌സ് രൂപം കൊള്ളുന്നത്. 1977-ൽ സംഗമത്തിന് 'സന്നാഹം' എന്ന നാടകം എഴുതി നൽ കിയ ശേഷം കെ.ടി കലിംഗയിലേക്ക് മാറി. 
കെ.ടിയുടെ ഗംഭീരനാടകങ്ങൾ കളിച്ച് ശീലിച്ച സംഗമത്തിന് അത് കനത്ത അടിയായി. അക്ഷരാർഥത്തിൽ അതവരെ പ്രതിസന്ധിയിലാക്കി. കെ.ടിയെ പോലെ ശക്തനായ ഒരു പകരക്കാരനെ കിട്ടുക അന്ന് എളുപ്പമായിരുന്നില്ല. തങ്ങളെ യത്തീംമക്കളാക്കിയിട്ടാണ് താങ്കൾ പോകുന്നത് എന്നൊരു പരിഭവം വിൽസൺ കെ.ടിയോട് പറഞ്ഞു. കാരണം അദ്ദേഹവും വിക്രമൻനായരും പഠനം കഴിഞ്ഞ് മറ്റൊരു ജോലിക്കും പോകാതെ നാടകമേ ശരണം എന്നു പറഞ്ഞ് ഇരിപ്പായിരുന്നു. നാടകമല്ലാതെ മറ്റൊരു ജോലിയും അറിയുക യുമില്ല. കെ.ടിയുടെ അഭാവത്തിൽ സംഗമം അടച്ചുപൂട്ടേണ്ടി വന്നാൽ ജീവിതം ഗതിമുട്ടും എന്ന ചിന്ത അവരെ വല്ലാതെ അലട്ടി. എങ്കിലും അവർ കെ. ടിക്ക് ഒരു പകരക്കാരനെ തേടി അന്വേഷണം തുടങ്ങി. അങ്ങനെ ഒടുവിൽ സംഗമത്തിന് എം.ടി.വാസുദേവൻ നായരെ കിട്ടി. 1978-ൽ എം.ടിയുടെ ഒരേ യൊരു നാടകം, 'ഗോപുരനടയിൽ' അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ സംഗമം തീയ്യറ്റേഴ്‌സ് അരങ്ങിലേറ്റി. ആ വർഷം 60 കളികൾ മാത്രമെ ആ നാ ടകം കളിച്ചുള്ളു എങ്കിലും അത് സംഗമത്തെ ആ പ്രതിസന്ധിയിൽ നിന്ന് ര ക്ഷിച്ചു. എ.കെ.ആന്റണി സർക്കാർ കേരളത്തിൽ ആദ്യമായി സംഘടിപ്പിച്ച പ്രൊഫഷണൽ നാടകമത്സരത്തിൽ 'ഗോപുരനടയിൽ' ഒന്നാം സമ്മാനം നേ ടിയതോടെ സംഗമം തീയ്യറ്റേഴ്‌സ് വീണ്ടും ഉണർന്നു.
തുടർന്ന് സംഗമം തീയ്യറ്റേഴ്‌സ് 32 നാടകങ്ങൾ കൂടി കളിച്ചു. അങ്ങനെ അതിന്റെ 45 വർഷങ്ങളുടെ ജൈത്രയാത്രയ്ക്കിടയിൽ കളിച്ചത് 40 നാടകങ്ങ ൾ. കെ.ടിയേയും എം.ടിയേയും കൂടാതെ തിക്കൊടിയൻ, ജമാൽ കൊച്ചങ്ങാ ടി, ഹാഷിം മയ്യനാട്, ചന്ദ്രശേഖരൻ തിക്കോടി, ജോസ് ചിറമേൽ, എം.കെ. രവിവർമ, വാസുപ്രദീപ് തുടങ്ങിയവരുടെ നാടകങ്ങൾ സംഗമം അരങ്ങിലെ ത്തിച്ചു. 
മലയാള പ്രൊഫഷണൽ നാടകവേദിക്ക് സംഗമം നൽകിയ അതുല്യ സംഭാവനകളായിരുന്നു അവ. കോഴിക്കോട് നിന്നുള്ള നാടകങ്ങൾ എന്ന് പറഞ്ഞാൽ അക്കാലത്ത് കേരളത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. കെ.ടി യൊക്കെ കൊണ്ടു നടന്ന ഒരു നാടകപാരമ്പര്യത്തിന്റെ മഹത്വമാണത്. സംഗ മം തീയ്യറ്റേഴ്‌സ് ആ പാരമ്പര്യത്തിന്റെ പിൻതുടർച്ച നിലനിർത്തിയാണ് ആ സ്വാദകരുടെ ഇടയിൽ പേരും പെരുമയും നേടിയത്. 
സംഗമത്തിന്റെ തുടക്കം മുതൽ കെ.ടിക്കൊപ്പം കാണികളുടെ മനസിൽ പതിഞ്ഞ പേരാണ് വിൽസൺ സാമുവലിന്റേത്. അത് പക്ഷെ, സംഗമത്തിന്റെ സാരഥിയായിട്ടല്ല, മറിച്ച് അവരുടെ നാടകങ്ങളുടെ സ്ഥിരം സംഗീതസംവിധാ യകൻ എന്ന നിലയിലാണ്. കെപിഎസിയെ പോലുള്ള നാടക സമിതികൾ ഇ മ്പമാർന്ന ഗാനങ്ങളിലൂടെ കാണികളെ കീഴടക്കാൻ ശ്രമിച്ച കാലത്ത് പശ്ചാ ത്തല സംഗീതത്തിന്റെ അനുഭൂതിദായകമായ അന്തരീക്ഷം സൃഷ്ടിച്ചു കൊ ണ്ട് ആസ്വാദകരെ കൈയ്യിലെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പാട്ടുകൾ ഇ ല്ലെങ്കിൽ നാടകം പരാജയപ്പെടാം എന്ന് വിശ്വസിച്ചിരുന്ന കാലത്ത് അവയി ല്ലാതെ, എന്നാൽ അതിന്റെ ന്യൂനതകളെല്ലാം പശ്ചാത്തല സംഗീതത്തിന്റെ പിൻബലത്തിൽ നാടകം വിജയിപ്പിക്കാനാകുമെന്ന് വിൽസൺ തെളിയിച്ചു. 
സംഗീതത്തിന്റെ മർമ്മമറിഞ്ഞ മാന്ത്രികനായിരുന്നു വിൽസൺ. ഒരു ക ഥാപാത്രം രംഗത്തു വരുമ്പോൾ പശ്ചാത്തലത്തിൽ ഏതുതരം സംഗീതം എ ങ്ങനെ, എത്രതീവ്രമായി നൽകിയാൽ ആ കഥാപാത്രം സദസ്യരുടെ മനസ് കീഴടക്കും എന്ന് തിരിച്ചറിയാൻ കെൽപ്പുള്ള മ്യൂസിക് കംപോസർ. സംഗമ ത്തിന്റെ നാടകങ്ങൾ കാണാൻ വരുന്നവരെ അതിലെ സംഗീതം കൂടി ആസ്വ ദിക്കാൻ പ്രാപ്തരാക്കും വിധം കഴിവുള്ളവരാക്കാൻ വിൽസണ് കഴിഞ്ഞു. സംഗമത്തിന്റെ നാടകങ്ങൾ പലതും നേടിയ അഭൂതപൂർവമായ വിജയത്തിന് പിന്നിൽ അവയുടെ രചനയുടേയും സംവിധാനത്തിന്റെയും കരുത്തിലുപരി യായി അദ്ദേഹം നൽകിയ അവാച്യമായ പശ്ചാത്തല സംഗീതത്തിന്റെ ആഴ വും പരപ്പുമുള്ള മേളക്കൊഴുപ്പിന്റെ മായാത്ത മുദ്രകളുമുണ്ടായിരുന്നു.
സംഗീതത്തിൽ തനിക്കുള്ള പരിമിതമായ കഴിവു വച്ച് അത് ആസ്വാദക ർക്ക് തൃപ്തികരമാം വിധം അവതരിപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുക മാ ത്രമെ താൻ ചെയ്തുള്ളു എന്നാണ് വിൽസന്റെ പക്ഷം. അതേസമയം രചയി താവ്, സംവിധായകൻ എന്നിവർക്ക് തുല്യമായ സ്ഥാനമാണ് നാടക സംഗീത സംവിധായകന്റേത് എന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊ ണ്ടാണ് പ്രതിഭാശാലികളായ നാടകകൃത്തുക്കളും സംവിധായകരും ആദ്യ റി ഹേഴ്‌സൽ സമയം മുതൽ മ്യൂസിക് കംപോസറെ ഒപ്പമിരുത്തുന്നതും അവരു ടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ ആരായുന്നതും. കെ.ടിയൊക്കെ അത് കീഴ്‌വഴക്കം പോലെ കൃത്യമായി അനുഷ്ഠിക്കുമായിരുന്നു. 


നാടകം എന്ന കലയെ ക്രിയാത്മകമായി പരിപോഷിപ്പിക്കുന്നതിൽ സം ഗീതത്തിനുള്ള പങ്കിന്റെ പ്രാധാന്യം കണ്ടറിഞ്ഞ ആളായിരുന്നു വിൽസൺ. സമിതിയുടെ ഉടമയായി നിൽക്കുമ്പോഴും സ്വയം സംഗീത സംവിധായകന്റെ വേഷമണിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകവും അത് തന്നെ. അപ്പൊഴും സംഗീതം നാടകത്തിന് മേലെ മുഴച്ചു നിൽക്കരുത് എന്ന അഭിപ്രായക്കാരനാ ണ് അദ്ദേഹം. നാടകവും സംഗീതവും വേർതിരിച്ചറിയാൻ കഴിയാത്തവിധം പരസ്പരം പുരകമാക്കി, സംഗീതമാണോ നന്നായത് അതോ നാടകമോ എ ന്ന് കാണികളെ അമ്പരപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതിന്റെ യൊക്കെ അംഗീകാരം എന്ന നിലയിലാണ് 2010-ൽ നല്ല സംഗീത സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് 'മാട്രിമോണിയൽ ഡോട്ട് കോം' എന്ന നാടകത്തിലൂടെ വിൽസണെ തേടി വന്നത്. 2014- ൽ കേരള സംഗീത അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള ഗുരുപൂജ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.  
 45 വർഷത്തെ സ്തുത്യർഹമായ നാടകപാരമ്പര്യം അവകാശപ്പെടാൻ അർഹത നേടിയ ശേഷം 2015-ൽ വിൽസൺ സംഗമം തീയ്യറ്റേഴ്‌സ് അടച്ചു പൂട്ടി. കഴിഞ്ഞ 6 വർഷമായി സംഗമം തീയ്യറ്റേഴ്‌സ് ഒരു നാടകവും അരങ്ങി ലെത്തിച്ചില്ല. അതിന് രണ്ട് കാരണങ്ങളുണ്ട് എന്ന് വിൽസൺ വ്യക്തമാക്കി. ഒന്ന്, നമ്മുടെ നാടക സംഗീത രംഗത്തുണ്ടായ ചില ദുഷ്പ്രവണതകളാണ്. നാടക സംഗീതം സംശുദ്ധിയും ലക്ഷ്യവും മാർഗവും തെറ്റിപ്പോയ ഒന്നായി മാറി. ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയിലെ സാധ്യതകൾ ദുരുപ യോഗപ്പെടുത്തി സംഗീതത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്ന രീതികൾ ഇന്ന് ശക്തിപ്പെടുകയാണ്. 
നാടക സംഗീതം അതിന്റെ തനതു പാരമ്പര്യം, മൂല്യബോധം എന്നിവയിൽ നിന്നൊക്കെ അകന്നു. അതുമായി പൊരുത്തപ്പെടാൻ പറ്റാത്തതിനാലാണ് നാടക ജീവിതത്തിന് തിരശ്ശീലയിടാൻ താൻ തീ രുമാനിച്ചത് എന്നദ്ദേഹം പറഞ്ഞു. നാടകത്തിൽ സംഗീതത്തിന്റെ പ്രസക്തി യും പ്രാധാന്യവും എത്രത്തോളമുണ്ട് എന്ന് കാണികളെ ബോധ്യപ്പെടുത്തി ക്കൊണ്ട് തന്റെ എളിയ ജീവിതം ധന്യമാക്കിയ ആളെന്ന നിലയിൽ അതിന് സാധ്യമാകാതെ വരുമ്പോൾ അതിൽ നിന്ന് സ്വയം പിൻമാറുകയല്ലാതെ മറ്റെ ന്താണ് ചെയ്യുക എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.  
മറ്റൊരു കാരണം, നാടകരംഗത്ത് കൂടിവന്ന അച്ചടക്കരാഹിത്യമാണ്. അനുസരണശീലം മുഖമുദ്രയാക്കിയ പഴയ കലാകാരൻമാരിൽ പലരും സമിതി യിൽനിന്നും കൊഴിഞ്ഞു പോയി. തന്നേക്കാൾ എട്ടു വയസ് കൂടുതലുണ്ടായിരുന്ന ബാലൻ കെ നായരെ പോലുള്ള നടൻമാർ വരെ സംഗമത്തിന്റെ നടത്തി പ്പുകാരൻ എന്ന നിലയിൽ തന്നെ അണുവിട തെറ്റാതെ അനുസരിക്കുമായിരുന്നു എന്ന് വിൽസൺ വ്യക്തമാക്കി. കെ.ടി പോലും അങ്ങനെ ചെയ്യുമായിരു ന്നു. അത് ഉത്തരവാദിത്തം പോലെ അവർ കൊണ്ടു നടന്ന സ്വഭാവമഹിമയാണ്. തന്റെ കഴിവിനപ്പുറം സംഗമം എല്ലാകാലത്തും വിജയിച്ചു വന്നത് അണിയറ പ്രവർത്തകരുടെ ഈ സഹകരണമനോഭാവം കൊണ്ടു കൂടിയാണ് എന്ന് വിൽസൺ കരുതുന്നു. പക്ഷെ, പുതിയ തലമുറയിലെ കലാകാരൻമാരിൽ പലർക്കും അതില്ലെന്നും അവരെ നിയന്ത്രിക്കുക അസാധ്യമാണെന്നും തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹം സംഗമത്തിന് താഴിടാൻ തീരുമാനിച്ചത്. എന്നാലത് എന്നന്നേക്കുമായുള്ള ഒരു അടച്ചുപൂട്ടലല്ല. കോവിഡിന്റെ അനിശ്ചിതത്വം അവസാനിക്കുമ്പോൾ കേരളത്തിന്റെ പ്രൊഫഷണൽ നാടക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ സംഗമം തീയ്യറ്റേഴ്‌സ് വീണ്ടും അരങ്ങിലെത്തുമെന്ന പ്രതീക്ഷ തന്നെ വിൽസൺ സാമുവൽ പങ്കുവെച്ചു.

Latest News