അമേരിക്കയിലെ പൊതു തെരഞ്ഞെടുപ്പിൽ ഒബാമ താരം പോലെ കുതിച്ചുയർന്നത് മാറ്റം എന്ന മുദ്രാവാക്യമുയർത്തി. ചെയ്ഞ്ച് ആഗ്രഹിക്കുന്നവർ വോട്ട് ചെയ്തപ്പോൾ ബരാക് ഒബാമ ഐക്യനാടുകളുടെ ഭരണ ചക്രം തിരിക്കാൻ തുടങ്ങി. ജനകോടികൾക്ക് സ്വപ്‌നങ്ങൾ വിൽക്കുന്ന കാര്യത്തിലെ മിടുക്കാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രധാനം. 2014 ൽ ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് നടന്നപ്പോൾ നരേന്ദ്ര മോഡി വിദേശത്തെ കള്ളപ്പണത്തിന്റെ കാര്യം എടുത്തിട്ടു. അധികാരത്തിലേറിയാൽ ഓരോ ഭാരതീയന്റേയും അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം രൂപ വീതം ഡെപ്പോസിറ്റ് ചെയ്യും. ഇത്രയും പ്രലോഭിപ്പിക്കുന്ന വാഗ്ദാനം കേട്ട് വോട്ട് ചെയ്യാതിരിക്കുന്നതെങ്ങനെ? പ്രസംഗ കലയിലെ പ്രാഗത്ഭ്യം ഏത് നേതാവിനും അനിവാര്യമാണ്. ജനക്കൂട്ടത്തെ പിടിച്ചിരുത്തിയാൽ മാത്രം പോരാ, താൻ പറയുന്നത് വിശ്വസിപ്പിക്കാനും കഴിയണം.
ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശിയപ്പോൾ കേരള സർക്കാരിന്റെ ദുരന്ത നിവാരണ സംവിധാനം ഫലപ്രദമല്ലെന്ന കുറ്റപ്പെടുത്തലുകളാണ് ഉയർന്നു കേട്ടത്. പ്രമുഖ ദൃശ്യ മാധ്യമങ്ങൾ ഇക്കാര്യത്തിൽ മത്സരിക്കുകയായിരുന്നു. മനോരമ ന്യൂസ് ചാനലിൽ ചർച്ചയ്‌ക്കെത്തിയ ഫിഷറീസ് മന്ത്രിയാണ് തിരുവനന്തപുരത്തെ വനിതകളുടെ പ്രത്യേക സിദ്ധിയെ കുറിച്ച് പ്രതിപാദിച്ചത്. പ്രശ്‌നം എല്ലായിടത്തുമുണ്ടെങ്കിലും തിരുവനന്തപുരത്തെ പെണ്ണുങ്ങൾക്ക് കരയുന്ന ശീലം ഇച്ചിരി കൂടുതലാണ്. പഴയ കാല സിനിമാനടി ശാരദയുടെ കഥാപാത്രങ്ങളെ പോലെ. ഇത് കഴിഞ്ഞപ്പോഴതാ തലസ്ഥാനത്തെ മറ്റൊരു മന്ത്രിയുടെ വക ബോംബ്. അമ്പലത്തിന്റെ കാര്യങ്ങൾ നോക്കുന്ന പേരിൽ പള്ളിയുള്ള മന്ത്രിയുടേതാണ് അടുത്ത കമന്റ്. കടലിൽ പോകരുതെന്ന് പറഞ്ഞാലും കടലിൽ പോകുന്നവരാണ് തിരുവനന്തപുരം തീരങ്ങളിലെന്നായിരുന്നു സാക്ഷ്യപത്രം. പ്രചാരണത്തിൽ ശ്രദ്ധിക്കാതെ ഉണർന്നു പ്രവർത്തിച്ച കേരള സർക്കാർ കടലിൽ പോയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുന്നുണ്ടായിരുന്നു. പ്രവർത്തനത്തിന്റെ ഏകോപനം മുഖ്യമന്ത്രിയും നിർവഹിച്ചു. എന്നാൽ രണ്ടോ മൂന്നോ ചാനലുകൾ വാശിയോടെ നടത്തിയ പ്രചാരണം ഏറ്റു. കേരള സർക്കാർ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന കാമ്പയിന്റെ പരിണത ഫലമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോൾ വിഴിഞ്ഞം കടപ്പുറത്ത് കണ്ടത്. അത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അടുത്ത ദിവസമെത്തിയത്. ബി.ജെ.പി സാരഥി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ചാനൽ നിർമലയുടെ തമിഴ് പ്രസംഗം ദിവസം മുഴുവൻ ആവർത്തിച്ച് സംപ്രേഷണം ചെയ്ത് നിർവൃതിയടഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരും മന്ത്രിമാർക്കെതിരെ ആക്രോശിച്ചവരും കേന്ദ്ര പ്രതിരോധ മന്ത്രിക്ക് മുന്നിൽ ശാന്തരായി. അവർ തമിഴിൽ പറഞ്ഞതെല്ലാം കേട്ടു. ഒടുവിൽ കൈയടിയോടെ യാത്രയാക്കി. കന്യാകുമാരിയിലും തിരുവനന്തപുരത്തും മണിക്കൂറുകൾ ചെലവഴിച്ച കേന്ദ്ര മന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചില്ലെന്നത് വലിയ ന്യൂനതയായി. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് അറിയാമായിരുന്നു ദ്വീപ് സമൂഹത്തിന്റെ പ്രാധാന്യം. പ്രത്യേക അജണ്ടയോടെ റിപ്പോർട്ട് തയാറാക്കുമ്പോൾ മന്ത്രി ദ്വീപ് സന്ദർശിക്കാതിരുന്നതൊന്നും ഒരു ചാനലിലും പരാമർശിച്ചതുമില്ല. തലസ്ഥാനത്ത് നിന്ന് അര മണിക്കൂർ കൊണ്ട് പറന്നെത്താവുന്ന ദൂരത്തിലാണ് ദ്വീപുകൾ. കേരളത്തിലേതിനേക്കാൾ നാശം നേരിട്ടത് മൂന്ന് ദ്വീപുകളിലാണ്. ദ്വീപിലെ കടലിൽ പെട്ട മലയാളികളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അവിടത്തെ ജനങ്ങളാണ്.
തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനമായ മധുരയിൽ ജനിച്ച നിർമലയുടെ തമിഴ് സംഭാഷണം കടലിന്റെ മക്കളെ ഏറെ സ്വാധീനിച്ചു.
മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിഅമ്മയും കടകംപള്ളി സുരേന്ദ്രനും അവർക്കൊപ്പം ഉണ്ടായിരുന്നു. 'നിങ്ങളെല്ലാവരും ദുഃഖത്തിലാണെന്നെനിക്കറിയാം. കടലിൽ പോയ നിങ്ങളുടെ അച്ഛൻ, ചേട്ടൻ, മക്കൾ എല്ലാവരെയും തിരിച്ചു കൊണ്ടു വരണം' -മത്സ്യത്തൊഴിലാളികൾ ശാന്തരായി ഈ വാക്കുകൾ ശ്രവിച്ചു. സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടുന്ന സ്ത്രീകളെ നിർമല ആശ്വസിപ്പിച്ചു. ഞാനൊരു സ്ത്രീയാണ്. വീട്ടമ്മയാണ്, മകളാണ്. നിങ്ങളുടെ വേദന എനിക്കറിയാം.' നൂറു വർഷത്തിനിടയ്ക്ക് ഈ രീതിയിൽ കടൽ ക്ഷോഭം ഉണ്ടായിട്ടില്ല. ഒരു മാസം മുമ്പ് തന്നെ ഇതൊക്കെ മുൻകൂട്ടി അറിയാൻ സംവിധാനമൊന്നുമില്ല. നിങ്ങൾക്ക് കിട്ടേണ്ട സഹായമൊക്കെ കേന്ദ്രത്തിൽ നിന്നു ഞാൻ വാങ്ങിത്തരും. സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു'. കൈയടികളോടെയാണ് ഈ വാക്കുകളെ മത്സ്യത്തൊഴിലാളികൾ സ്വീകരിച്ചത്.
2006 ലാണ് നിർമല ബി.ജെ.പിയിൽ ചേരുന്നത്. 80 കളിൽ ദൽഹി ജെ.എൻ.യു വിദ്യാർത്ഥിയായിരുന്നു. ഗാട്ട് കരാറിന്റെ സ്വാധീനം ഇന്തോ - യൂറോപ്പ് വസ്ത്ര വിപണിയിൽ എന്ന വിഷയത്തിലാണ് പിഎച്ച്.ഡി. ഭർത്താവ് പ്രഭാകറിന്റെ നാടായ ഹൈദരബാദിൽ ജീവിച്ചു. നിർമല 2006 ൽ ബി.ജെ.പി അംഗമായി. 2004 ലെയും 2009 ലെയും പൊതു തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേരിട്ട തിരിച്ചടിയ്ക്ക് ശേഷമാണ് വിദ്യാഭ്യാസ കാലത്തിന് ശേഷം ദൽഹി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2010 മുതൽ പാർട്ടിയുടെ ദേശീയ വക്താവെന്ന നിലയിൽ മാധ്യമങ്ങളുമായി അടുത്ത ബന്ധം. മോഡി തരംഗമുണ്ടായിരുന്ന 2014 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭാഗ്യമുണ്ടായില്ല. കേന്ദ്ര മന്ത്രിസഭയിൽ ആദ്യം വാണിജ്യ വകുപ്പിലായിരുന്നു. പുനഃസംഘടനയിൽ സുപ്രധാന വകുപ്പായ പ്രതിരോധത്തിന്റെ ചുമതലക്കാരിയായി. ഒറ്റ സന്ദർശനം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ കേന്ദ്ര മന്ത്രിയിൽ നിന്ന് പഠിക്കാനേറെയുണ്ട്. രണ്ടാഴ്ച മുമ്പ് കേരളത്തിലെ മാധ്യമ പ്രവർത്തകർ അക്രഡിറ്റേഷൻ പുതുക്കാൻ തുടർ വിദ്യാഭ്യാസ പദ്ധതിയിൽ ചേരേണ്ടതിന്റെ ആവശ്യകത പിണറായി പറയുകയുണ്ടായി. യഥാർഥത്തിൽ ഇതിന്റെ ആവശ്യം തലസ്ഥാനത്തിരുന്ന് ഭരണ ചക്രം തിരിക്കുന്നവരുടെ സഹായികൾക്കും ഉപദേഷ്ടാക്കൾക്കുമാണ്. ആരുടേയോ ഭാവനയിൽ വിരിഞ്ഞ ജപ്പാൻ കപ്പലിന്റെ രക്ഷാ പ്രവർത്തനത്തെ കുറിച്ച് പോലും ചാനലിലിരുന്ന് വിശദീകരിച്ച ഭരണാധികാരികളുണ്ട് ഈ നാട്ടിൽ. ഗുജറാത്തിലെ വെരാവലിലും മഹാരാഷ്ട്രയിലെ രത്‌നഗിരിയിലും നങ്കൂരമിട്ട മലയാളികളൂടെ നൂറുകണക്കിന് ബോട്ടുകൾ ഇനി തിരിച്ചു വരില്ലെന്നുണ്ടോ? അവിടത്തെ ജീവിതം വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു പോയോ എന്നാർക്കറിയാം? നൂറുകണക്കിന് ബോട്ടുകളെത്തിയെന്ന് റിപ്പോർട്ട് ചെയ്ത മാതൃഭൂമി ന്യൂസിൽ കേരളത്തിൽ തിരിച്ചെത്തിയതിനെ കുറിച്ചുള്ള ഫോളോ അപ്പ് ഒന്നും കണ്ടതുമില്ല. തമിഴുനാട്ടിലെ മയിലാട്തുറൈ, കന്യാകുമാരി പ്രദേശങ്ങളിൽ ആയിരത്തിലേറെ പേർ തിരിച്ചെത്താനുണ്ടെന്ന് റിപ്പോർട്ടർ ടിവിയിൽ വെള്ളിയാഴ്ച വാർത്തയുണ്ടായിരുന്നു. കന്യാകുമാരിയിൽ യാത്ര അവസാനിപ്പിക്കേണ്ട ദീർഘ ദൂര ട്രെയിനുകൾ പലതും തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നു. പ്രസ് ബ്രീഫിംഗിന് മുമ്പ് നമ്മുടെ മന്ത്രിമാരെ ബോധവൽക്കരിക്കാൻ ആരുമില്ലാതായോ? പ്രസംഗത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് കൈരളി ടിവിയിലെ മാന്യമഹാജനങ്ങളേ എന്ന പരിപാടി. ഡിബേറ്റ്, ഇലക്യൂഷൻ എന്നിവയിൽ മത്സരിക്കുന്ന വിദ്യാർഥികൾക്ക് റാഡോ വാച്ചും മറ്റുമാണ് സമ്മാനമായി നൽകുന്നത്. രാഹുൽ ഈശ്വർ, പേളി മാണി തുടങ്ങിയവർ ജഡ്ജിംഗ് പാനലിൽ. ഫുട്‌ബോളോ, ക്രിക്കറ്റോ മികച്ചത് എന്നിത്യാദി വിഷയങ്ങൾ നൽകി അഭിരുചിയുള്ള കുട്ടികളെ പരിശീലിപ്പിച്ചെടുക്കാനുള്ള ശ്രമം പ്രശംസനീയമാണ്.
*** *** ***
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് ബോളിവുഡിലെ എവർഗ്രീൻ നായകന്മാരിൽ ഒരാളായ ശശി കപൂർ അന്തരിച്ചത്. നടനെന്ന നിലയിൽ മാത്രമല്ല നിർമാതാവായും ബോളിവുഡിൽ അദ്ദേഹം തിളങ്ങി.
ശശി കപൂർ മരിച്ചതിനു പിന്നാലെ പ്രമുഖ ദേശീയ ചാനലിനു വലിയൊരു അബദ്ധം പിണഞ്ഞു. ശശി കപൂറിനു പകരം കേരളത്തിൽ നിന്നുള്ള എം. പി കൂടിയായ ശശി തരൂരെന്ന് ചാനൽ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതോടെ തരൂരിന് ആദരാഞ്ജലികൾ അർപ്പിച്ച് പലരും രംഗത്തു വരികയും ചെയ്തു. ശ്രദ്ധേയമായ ന്യൂസ് ചാനൽ ടൈംസ് നൗവാണ് തങ്ങളുടെ ട്വിറ്റർ പേജിൽ ശശി കപൂറിനു പകരം ശശി തരൂരെന്ന് ട്വീറ്റ് ചെയ്തത്. സിനിമയെ മുന്നിൽ നിന്നു നയിച്ച ശശി തരൂരിനെ സംവിധായകൻ മധുർ ഭണ്ഡാർക്കർ അനുസ്മരിക്കുന്നു എന്നായിരുന്നു ടൈംസ് നൗവിന്റെ വിവാദ ട്വീറ്റ്. ഈ ട്വീറ്റ് ശ്രദ്ധയിൽപെട്ടതോടെയാണ് പലരും തരൂരാണ് മരിച്ചതെന്നു കരുതി അനുശോചനം അറിയിച്ചു. എൻഐഎ വാർത്താ ഏജൻസിയിലെ മാധ്യമ പ്രവർത്തകനായ നിഷാന്ത് സിംഗാണ് ടൈംസ് നൗവിന് പറ്റിയ അബദ്ധം ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് അദ്ദേഹം ടൈംസ് നൗ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് തതൂരിന് ട്വീറ്റ് ചെയ്യുകയായിരുന്നു. തുടർന്നു തന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അനവസരത്തിലുള്ളതാണെന്ന് തരൂർ ട്വീറ്റ് ചെയ്യുകയും ചെയ്തു. ടൈംസ് നൗവിന്റെ ട്വീറ്റ് വരുന്നതിനു മുമ്പ് തന്നെ ശശി കപൂറിന്റെ മരണത്തിൽ അനുശോചിച്ച് തരൂർ ട്വീറ്റ് ചെയ്തതിങ്ങനെ- തന്റെ ശരീരത്തിന്റെ ഒരു ഭാഗം നഷ്ടമായതു പോലെയാണ് തോന്നുന്നത്. സുമുഖനും മികച്ച നടനുമായിരുന്ന അദ്ദേഹം എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. തന്റെയും അദ്ദേഹത്തിന്റെയും പേര് കാരണം പലർക്കും ആശയക്കുഴപ്പമുണ്ടാവാറുണ്ട്. ശശി കപൂറിനെ തീർച്ചയായും മിസ്സ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം അറിയിക്കുന്നുവെന്നും തരൂർ ട്വീറ്റ് ചെയ്തു.
*** *** ***
കർണാടക ദാവൺഗെരെയിലെ ഗ്രാമങ്ങളിലെ സ്ത്രീ കൂട്ടായ്മയുടെ വിജയമാണ് ന്യൂസ് 18 ചാനലിൽ പ്രത്യേക വാർത്തയായി സംപ്രേഷണം ചെയ്തത്. കോഴിക്കോട് സ്വദേശിനി അശ്വതി ഐ.എ.എസാണ് വനികളുടെ സംരംഭങ്ങൾക്ക് പ്രചോദനമാകുന്നത്. ന്യൂസ് 18 ന് പ്രമുഖ തെലുങ്ക് പത്രമായ ഈനാടുവിന്റെ പങ്കാളിത്തം കൂടിയുണ്ടല്ലോ. നിലവിലെ പത്രങ്ങളെയെല്ലാം പിന്നിലാക്കി ആന്ധ്രാ പ്രദേശിൽ ഈനാടു വിജയക്കൊടി പാറിച്ചതിന് പിന്നിൽ നിത്യേന പ്രസിദ്ധീകരിച്ച വസുന്ധര എന്ന സപ്ലിമെന്റും കാരണമായിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ഥ രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്ത്രീകളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതായിരുന്നു ഈനാടുവിന്റെ സപ്ലിമെന്റ്. മാതൃഭൂമിയുടെ ഷി ന്യൂസിലും കണ്ടു മറ്റൊരു മലയാളി വനിതാ ഐ.എ.എസ് ഓഫീസറെ. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ കച്ച് ജില്ലാ കലക്ടർ രമ്യാ മോഹന്റെ അഭിമുഖമാണ് മാതൃഭൂമി ന്യൂസ് ഉൾപ്പെടുത്തിയത്.