Sorry, you need to enable JavaScript to visit this website.

അൽഉല -അഴകിന്റെ മാസ്മരിക ഭാവങ്ങൾ

മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അൽഉലയെ പരിവർത്തിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് അൽഉലയുടെ വികസനത്തിന് മാസങ്ങൾക്കു മുമ്പ് സൗദി അറേബ്യ റോയൽ കമ്മീഷൻ സ്ഥാപിച്ചിട്ടുണ്ട്. സൗദിയിൽ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലാണ് റോയൽ കമ്മീഷൻ സ്ഥാപിച്ചത് എന്നത് അൽ ഉലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് സർക്കാർ നൽകുന്ന പ്രത്യേക ശ്രദ്ധയും പരിഗണനയുമാണ് വ്യക്തമാക്കുന്നത്. 

 

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, പൈതൃക കേന്ദ്രമായ മദായിൻ സ്വാലിഹ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ചരിത്ര, പുരാവസ്തു ഗവേഷകരും സഞ്ചാരികളും ഓരോ വർഷവും സന്ദർശിക്കുന്നു. 2008 ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുകയും പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. 
സൗദിയിൽ നിന്ന് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യത്തെ കേന്ദ്രമാണ് മദായിൻ സ്വാലിഹ്. പ്രകൃതിയുടെ കരവിരുത് ശിൽപഭംഗി ചാർത്തിയ മദായിൻ സ്വാലിഹിലെ പുരാവസ്തുക്കളുടെയും കൊത്തുപണികളുടെയും പൂർണമായ കണക്കെടുപ്പ് ഇനിയും പൂർത്തിയായിട്ടില്ല. അത്രയധികമാണ് ഇവിടുത്തെ പുരാവസ്തുക്കളും ചരിത്ര അടയാളങ്ങളും. നിരവധി പുരാവസ്തുക്കൾ ഇനിയും കണ്ടെത്തപ്പെടാതെ കിടക്കുന്നുണ്ട്. അമൂല്യമായ നിരവധി പുരാവസ്തുക്കളാൽ സമ്പന്നമാണ് മദായിൻ സ്വാലിഹ്. പർവതങ്ങളിലെ കൂറ്റൻ പാറകളിൽ കൊത്തിയുണ്ടാക്കിയ നിർമിതികളാണ് അൽഉലയിലെയും മദായിൻ സ്വാലിഹിലെയും ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇവക്ക് ആയിരക്കണക്കിന് വർഷത്തെ പഴക്കമുണ്ട്. ദൈവ നിഷേധികളായ ജനതയെ നശിപ്പിച്ച് ദൈവിക ശിക്ഷ ഇറങ്ങിയ സ്ഥലമായതിനാൽ ഇവിടെ കൂടുതൽ നേരം ചെലവഴിക്കാൻ പാടില്ലെന്ന് പ്രവാചകൻ മുഹമ്മദ് നബി (സ) അരുൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ മദായിൻ സ്വാലിഹ് സന്ദർശിക്കുന്ന സഞ്ചാരികൾ ധൃതിയിലാണ് ഇവിടുത്തെ കാഴ്ചകൾ കണ്ടുതീർക്കുന്നത്. 


മദീന പ്രവിശ്യയിലെ സബ്ഗവർണറേറ്റ് ആയ അൽഉല മദീനക്ക് വടക്ക് 400 കിലോമീറ്റർ ദൂരെയാണ്. മനുഷ്യ വാസത്തിന് ആവശ്യമായ ജലം, വളക്കൂറുള്ള മണ്ണ്, തന്ത്രപ്രധാന സ്ഥാനം തുടങ്ങി അടിസ്ഥാന ഘടകങ്ങളെല്ലാം തികഞ്ഞ പ്രദേശമാണ് അൽഉല. ഈത്തപ്പനകളും ഫലവൃക്ഷങ്ങളും വളരുന്ന വളക്കൂറുള്ള താഴ്‌വരയിൽ രണ്ടു മലകൾക്ക് ഇടയിലാണ് അൽഉല നഗരമുള്ളത്. വളരെ കുറച്ചു മാത്രം മഴ ലഭിക്കുന്ന പ്രദേശമായിട്ടും ഇവിടെ ഭൂമിക്കടിയിൽ അധികം താഴ്ചയിലല്ലാതെ ജലം ലഭ്യമാണ്. അൽഉലക്കു കീഴിൽ മുന്നൂറോളം ഗ്രാമങ്ങളുണ്ട്. 

 


ഒരു കാലത്ത് പ്രതാപത്തിന്റെ കൊടുമുടിയിൽ വിരാജിക്കുകയും പിന്നീട് ചരിത്രത്തിന്റെ ഭാഗമായി നാമാവശേഷമാവുകയും ചെയ്ത മദായിൻ സ്വാലിഹ് അൽഉലയുടെ ഭാഗമാണ്. അൽഉലയിൽ നിന്ന് 23 കിലോമീറ്റർ ദൂരെയാണ് മദായിൻ സ്വാലിഹ്. ജോർദാനിലെ പെട്ര ആസ്ഥാനമായി നിലവിലുണ്ടായിരുന്ന നബ്തിയൻ സാമ്രാജ്യത്തിന്റെ രണ്ടാം നഗരമോ കോളനിയോ ആയിരുന്നു ഈ പ്രദേശം. വിശുദ്ധ ഖുർആനിൽ അൽഹിജ്ർ എന്നാണ് മദായിൻ സ്വാലിഹിനെ വിളിച്ചിരിക്കുന്നത്. പുരാതന കാലത്ത് മദായിൻ സ്വാലിഹിന്റെ മധ്യത്തിലൂടെയാണ് കച്ചവട സംഘങ്ങൾ കടന്നുപോയിരുന്നത്. തബൂക്ക് യുദ്ധവേളയിൽ പ്രവാചകനും അനുചരന്മാരും ഇതിലൂടെ കടന്നുപോയി. ഈ സമയത്താണ് മദായിൻ സ്വാലിഹിൽ നിന്ന് എത്രയും വേഗം കടന്നുപോകുന്നതിന് പ്രവാചകൻ നിർദേശിച്ചത്. സ്വാലിഹ് നബിയെയും അല്ലാഹുവിനെയും ധിക്കരിച്ചതിനാലാണ് മദായിൻ സ്വാലിഹിലെ സമൂദ് ഗോത്രത്തെ ദൈവം നശിപ്പിച്ചത്. നബ്തികളുടെ കാലത്ത് പെട്രയിൽ നിന്നും മക്കയിലേക്കുള്ള വ്യാപാര മാർഗത്തിലെ പ്രധാന കേന്ദ്രമായിരുന്നു മദായിൻ സ്വാലിഹ്. ക്രിസ്തുവർഷം 106 ൽ പെട്ര റോമക്കാർ കീഴടക്കിയതോടെ മദായിൻ സ്വാലിഹിന്റെ പ്രാധാന്യവും കുറഞ്ഞു. പഴയ കാലത്ത് ദമാസ്‌കസിൽ നിന്ന് മക്കയിലേക്കുള്ള തീർഥാടകരും മദായിൻ സ്വാലിഹ് വഴിയാണ് കടന്നുപോയിരുന്നത്. ദമാസ്‌കസ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച ഹിജാസ് റെയിൽവേയും ഇതിലൂടെയാണ് കടന്നുപോയിരുന്നത്. സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാചീന നാഗരികതയാണ് മദായിൻ സ്വാലിഹ് ഉൾപ്പെട്ട അൽഉല. ലോകത്തു തന്നെ ഏറ്റവും വിശാലമായ പുരാതന നാഗരികതകളിൽ ഒന്നാണ് അൽഉല. രണ്ടു കൂറ്റൻ മലകൾ അൽഉലയെ വലയം ചെയ്തിരിക്കുന്നു. ഈ പർവതങ്ങൾക്കിടയിലെ വളക്കൂറുള്ള താഴ്‌വരയിൽ ഈത്തപ്പനകളും പഴവർഗങ്ങളും കൃഷി ചെയ്യുന്നു. 

 


14.6 ചതുരശ്ര കിലോമീറ്ററാണ് മദായിൻ സ്വാലിഹിന്റെ വിസ്തീർണം. ശിലായുഗത്തിലെ മനുഷ്യ വാസത്തിന്റെ അടയാളങ്ങൾ ഇവിടെയുണ്ട്. ബി.സി പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള കാലത്ത് സമൂദ് ഗോത്രക്കാരും ലഹ്‌യാനികളും മുഈനിയ വിഭാഗക്കാരും മദായിൻ സ്വാലിഹിൽ താമസിച്ചിരുന്നു. രണ്ടാം നൂറ്റാണ്ടിൽ നബ്തികൾ മദായിൻ സ്വാലിഹ് കീഴടക്കി. പുരാതന കാലത്ത് അൽഹിജ്ർ എന്ന പേരിലാണ് മദായിൻ സ്വാലിഹ് അറിയപ്പെട്ടിരുന്നത്. നബ്തികൾ ഇവിടുത്തെ പാറകൾ തുരന്ന് ആരാധനാലയങ്ങളും ശവകുടീരങ്ങളും നിർമിച്ചു. ഇവിടുത്തെ ശിലാലിഖിതങ്ങളിലൂടെ അൽഹിജ്ർ നഗര സ്ഥാപനത്തിന്റെ പിതൃത്വം നബ്തികൾ അവകാശപ്പെടുന്നു. എന്നാൽ മുഈനിയകളുടെയും ലഹ്‌യാനികളുടെയും എമ്പാടും ശിലാലിഖിതങ്ങൾ ഇവിടെയുണ്ട്. അൽഉല, ദീദാൻ, അൽഖുറൈബ എന്നിവിടങ്ങളിൽ ലഹ്‌യാനികളുടെ പുരാവസ്തുക്കളുണ്ട്. ഇവക്ക് ബി.സി 1700 വരെ പഴക്കമുണ്ട്. 

 


ഓൾഡ് അൽഉലക്ക് വാദി അൽഖുറ എന്നും പേരുണ്ട്. പുരാതന വാസ്തുശിൽപ ശൈലി ഇന്നും ഓൾഡ് അൽഉല നിലനിർത്തുന്നുണ്ട്. മദീന-ഖൈബർ-തബൂക്ക് റോഡിൽ നിന്ന് അൽഉലയിലേക്ക് പോകുന്ന റോഡിൽ മലഞ്ചെരിവുകൾക്കിടയിലാണ് ഓൾഡ് അൽഉലയുള്ളത്. മദീനയിൽ നിന്ന് 400 ഉം തബൂക്കിൽ നിന്ന് 450 ഉം ഹായിലിൽ നിന്ന് 380 ഉം അൽവജിൽ നിന്ന് 170 ഉം കിലോമീറ്റർ ദൂരെയാണ് അൽഉല. പുരാതന കാലത്ത് ശുദ്ധ വെള്ളം ഒഴുകിയിരുന്ന രണ്ടു അരുവികൾ അൽഉലയിലുണ്ടായിരുന്നെന്നും ഇവയുടെ തീരങ്ങളിൽ ഉയരം കൂടിയ ഈത്തപ്പനകളുണ്ടായിരുന്നെന്നും ഇത് സൂചിപ്പിച്ചാണ് അൽഉല എന്ന പേര് ഗ്രാമത്തിന് ലഭിച്ചതെന്നും പറയപ്പെടുന്നു. 

 


പർവതങ്ങളിലെ കൂറ്റൻ പാറകളിൽ ഇത്രയധികം ലിഖിതങ്ങളും കൊത്തുപണികളുമുള്ള മറ്റൊരു സ്ഥലം ലോകത്തില്ലെന്ന് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി പുരാവസ്തു വിഭാഗം അസോഷ്യേറ്റ് പ്രൊഫസർ ഡോ. അഹ്മദ് അൽഅബൂദി പറയുന്നു. ഏതാനും ഗ്രാമങ്ങൾ ഇവിടെ മണ്ണിനടിയിൽ പെട്ടു പോയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവ കണ്ടെത്തുന്നതിന് ഖനനങ്ങൾ നടക്കേണ്ടതുണ്ട്. മദായിൻ സ്വാലിഹ് അടക്കം അൽഉലയിലെ പുരാവസ്തുക്കളിൽ നല്ലൊരു പങ്കും ഇനിയും കണ്ടെത്തിയിട്ടില്ല. അറേബ്യൻ ഉപദ്വീപിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ഏറെ പ്രാധാന്യമേറിയ അൽഉലയിലെ പുരാവസ്തുക്കൾ കണ്ടെത്തുന്നതിന് ഏറെ ശ്രമങ്ങൾ ആവശ്യമാണ്. 

 


യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സൗദിയിലെ ആദ്യ കേന്ദ്രമായ മദായിൻ സ്വാലിഹ് ഉൾപ്പെട്ട അൽഉല ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ഓരോ വർഷവും സന്ദർശിക്കുന്നു. അൽഉലയുടെ വികസനത്തിന് റോയൽ കമ്മീഷൻ സ്ഥാപിക്കുന്നതിനുള്ള രാജാവിന്റെ ഉത്തരവ് സമ്പന്നമായ ചരിത്രമുള്ള ഈ പ്രദേശത്തിന്റെ പ്രാധാന്യമാണ് എടുത്തുകാട്ടുന്നത്. 

 


ജോർദാനിലെ പെട്ര കഴിഞ്ഞാൽ നബ്തികളുടെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര അടയാളമാണ് മദായിൻ സ്വാലിഹ്. നബ്തി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പെട്ര. നബ്തി സാമ്രാജ്യത്തിലെ ദക്ഷിണ ദേശത്തെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായിരുന്നു മദായിൻ സ്വാലിഹ്. ബി.സി ഒന്നും രണ്ടും നൂറ്റാണ്ടുകളിലാണ് നബ്തി നാഗരികതയുടെ സുവർണ കാലം. മദായിൻ സ്വാലിഹിൽ കൂറ്റൻ പാറയിൽ കൊത്തിയുണ്ടാക്കിയ 153 നിർമിതികളുണ്ട്. നബ്തി കാലത്തെ പുരാവസ്തുക്കൾ മാത്രമല്ല, ഏതാനും കോട്ടകൾ അടക്കമുള്ള ഇസ്‌ലാമിക പുരാവസ്തുക്കളും ഇവിടെയുണ്ട്. ദീദാനികളും പിന്നീട് ലഹ്‌യാനികളും മദായിൻ സ്വാലിഹിൽ വസിച്ചു. ഇതിനു ശേഷമാണ് നബ്തികൾ മദായിൻ സ്വാലിഹിൽ തങ്ങളുടെ സംസ്‌കാരം കെട്ടിപ്പടുത്തത്. മദായിൻ സ്വാലിഹിൽ പാറകൾ തുരന്ന് ഖബർസ്ഥാനുകൾ നിർമിച്ചത് നബ്തികളായിരുന്നെന്നും അൽഉലയിൽ മണ്ണിനടിയിലായ ഗ്രാമമുള്ളതായി ഗവേഷണങ്ങളും പഠനങ്ങളും സൂചിപ്പിക്കുന്നു. എന്നാൽ ഇത് ഇതുവരെയും കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ല. ബി.സി അഞ്ചാം നൂറ്റാണ്ടിൽ മദായിൻ സ്വാലിഹിലും അറേബ്യൻ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറു ഭാഗങ്ങളിലും നിലവിലുണ്ടായിരുന്ന മുഈൻ സാമ്രാജ്യത്തിനു കീഴിലെ കോളനിയായിരുന്നു ദീദാൻ രാജ്യം. സമൂദ് ജനതയാണ് മദായിൻ സ്വാലിഹിൽ ആദ്യമായി വാസം തുടങ്ങിയത്. ആദ്യമായി പാറയിൽ കൊത്തുപണികൾ നടത്തിയതും ഇവരാണ്. ഇവർക്കു ശേഷമാണ് ദീദാനികളും പിന്നീട് ലഹ്‌യാനികളും നബ്തികളും മദായിൻ സ്വാലിഹിൽ എത്തിയത്. സമൂദ് ജനതയെയും പാറകൾ കൊത്തി ശിലാഭവനങ്ങൾ നിർമിച്ചതിനെയും കുറിച്ച് വിശുദ്ധ ഖുർആനിൽ ഒന്നിലധികം സ്ഥലങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഖുർആനിൽ പറയുന്ന അതേ കാഴ്ചയാണ് മദായിൽ സ്വാലിഹിലെ മലകളിൽ നമുക്ക് കാണാൻ സാധിക്കുന്നതെന്ന് ഡോ. അഹ്മദ് അൽഅബൂദി പറയുന്നു. 

 


യഹൂദ, ക്രിസ്തീയ, ഇസ്‌ലാം മതങ്ങളുടെ പുരാവസ്തുക്കൾ ഉണ്ട് എന്നത് മദായിൻ സ്വാലിഹിന്റെ പ്രത്യേകതയാണ്. മദായിൻ സ്വാലിഹിലെ ഒറ്റ പർവതത്തിൽ മാത്രം 450 ലേറെ ശിലാലിഖിതങ്ങളുണ്ട്. ആദ്യ ഇസ്‌ലാമിക കാലഘട്ടത്തിലെ ലിഖിതങ്ങളാണിവ. മദായിൻ സ്വാലിഹിന് വടക്കുള്ള അൽഅഖ്‌റഅ് പർവതത്തെ ലിഖിതങ്ങളുടെ ആധിക്യം മൂലം അബുൽകിതാബ പർവതം എന്നാണ് ഗ്രാമവാസികൾ വിളിക്കുന്നത്. മദായിൻ സ്വാലിഹ് നാഗരികതക്ക് തുടക്കം കുറിച്ചവർ ദീദാനികളാകാമെന്നും ഡോ. അഹ്മദ് അൽഅബൂദി പറയുന്നു. 

 


മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അൽഉലയെ പരിവർത്തിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് അൽഉലയുടെ വികസനത്തിന് മാസങ്ങൾക്കു മുമ്പ് സൗദി അറേബ്യ റോയൽ കമ്മീഷൻ സ്ഥാപിച്ചിട്ടുണ്ട്. സൗദിയിൽ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലാണ് റോയൽ കമ്മീഷൻ സ്ഥാപിച്ചത് എന്നത് അൽ ഉലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് സർക്കാർ നൽകുന്ന പ്രത്യേക ശ്രദ്ധയും പരിഗണനയുമാണ് വ്യക്തമാക്കുന്നത്. എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ പദ്ധതികളും നടപ്പാക്കി സൗദിക്കകത്തു നിന്നും വിദേശത്തു നിന്നുമായി പ്രതിവർഷം പത്തു ലക്ഷത്തിലേറെ വിനോദ സഞ്ചാരികളെ അൽഉലയിലേക്ക് ആകർഷിക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 
 

Latest News