'ഇന്ത്യൻ പെയ്‌സ് ബൗളിംഗിന്റെ ഭാവി' എന്നായിരുന്നു ബേസിൽ തമ്പിയെ കഴിഞ്ഞ ഐ.പി.എൽ സീസണിൽ ഗുജറാത്ത് ലയൺസിലെ സഹതാരമായിരുന്ന ഡെയ്ൻ ബ്രാവോ വിശേഷിപ്പിച്ചത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെയായ മത്സരത്തിൽ ബേസിലിന്റെ മികച്ച ബൗളിംഗ് കണ്ടായിരുന്നു വെസ്റ്റിൻഡീസ് താരത്തിന്റെ പ്രശംസ. ബേസിലിന്റെ കഴിവിനെ പുകഴ്ത്തിയ ബ്രാവോ, ഇന്ത്യൻ ടീമിൽ കളിക്കാൻ ഈ യുവതാരത്തിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്നും പറയുകയും ചെയ്തു.
ബ്രാവോയുടെ വാക്കുകൾ അന്വർഥമാക്കിക്കൊണ്ട് കഴിഞ്ഞയാഴ്ച ബേസിലിന് ഇന്ത്യൻ സെലക്ടർമാരുടെ വിളി വന്നു. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തു എന്നറിയിച്ചുകൊണ്ട്. സ്വപ്‌നം പൂവണിഞ്ഞ നിമിഷം.
ബേസിൽ തമ്പി ഇന്ത്യൻ ടീമിലെത്തുമ്പോൾ അഭിമാനമുയർത്തുന്ന പ്രകടനത്തിനായി കാത്തിരിക്കുകയാണ് കേരളവും. ഈ മാസം 20ന് ധർമശാലയിൽ ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽതന്നെ ഇന്ത്യൻ കുപ്പായമണിയാൻ ഭാഗ്യമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഈ പെരുമ്പാവൂരുകാരൻ. ശ്രീലങ്കയുടെ വിക്കറ്റുകൾ പിഴുതെടുക്കുന്ന സ്വപ്‌നം മാത്രമാണ് ഈ എമർജിങ് പ്ലയറുടെ മനസ്സിൽ. മത്സരത്തിൽ മിന്നിയാൽ ബേസിൽ തമ്പി സൂര്യശോഭയോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ നഭസിൽ ഉദിച്ചുയരും.
ഐ.പി.എല്ലിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് തെറിപ്പിച്ച യോർക്കർ കണ്ടവർ പറയും ബേസിലിന് ശ്രീലങ്കക്കെതിരെ അത്ഭുതം കാണിക്കാൻ കഴിയുമെന്ന്. ഗുജറാത്ത് ലയൺസിനുവേണ്ടി ഐ.പി.എല്ലിലെ അരങ്ങേറ്റത്തിൽതന്നെ മനോഹര യോർക്കറിലൂടെ ഗെയ്ലിന്റെ സർവ പ്രതിരോധവും തകർത്ത ബേസിൽ സെലക്ടർമാരുടെ ശ്രദ്ധയിൽപെട്ടിരുന്നു.
ഗെയ്‌ലടക്കം 11 വമ്പന്മാരാണ് ഐ.പി.എല്ലിൽ ബേസിലിനു മുന്നിൽ മുട്ടുമടക്കിയത്. സാക്ഷാൽ മഹേന്ദ്രസിംഗ് ധോണി, വിരാട് കോഹ്ലി, കീരൺ പൊള്ളാർഡ്, ഹാഷിം അംല എന്നിവരുടേതുൾപ്പെടെ 12 കളികളിൽ 11 വിക്കറ്റ്. ഏതൊരു ഫാസ്റ്റ് ബോളറുടെയും സ്വപ്‌ന തുല്യമായ അരങ്ങേറ്റം. ഐ.പി.എല്ലിലെയും, രഞ്ജി ട്രോഫിയിലെയും പ്രകടനങ്ങളാണ് 24കാരനെ ടീം ഇന്ത്യയിലെത്തിക്കുന്നതും.

ബേസിൽ തമ്പി ഐ.എസ്.എല്ലിൽ ക്രിസ് ഗെയിലിനെ പുറത്താക്കിയപ്പോൾ
തന്റെ നേട്ടത്തിന് ബേസിൽ ആദ്യമായി നന്ദി പറയുന്നത് ഓസ്‌ട്രേലിയൻ പെയ്‌സ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിനോടാണ്. സ്പീഡാണ് തന്റെ പ്രത്യേകതയെന്ന് മഗ്രാത്ത് പറഞ്ഞതാണ് കരിയറിൽ വഴിത്തിരിവായത്. നായകൻ സുരേഷ് റെയ്നയും ഗുജറാത്ത് ലയൺസും തന്ന പിന്തുണയും കരിയറിൽ നിർണായക നേട്ടം കൈവരിക്കാൻ സഹായിച്ചുവെന്ന് ബേസിൽ പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന നാലാമത്തെ മലയാളി താരമാണ് ബേസിൽ തമ്പി. കരിയറിൽ വലിയ കയറ്റിറക്കങ്ങൾ കാണുകയും ഒരു ഘട്ടത്തിൽ ക്രിക്കറ്റ് വിടാൻ പോലും ആലോചിക്കുകയും ചെയ്തിടത്തുനിന്നാണ് ഈ സ്വപ്‌നതുല്യമായ കുതിപ്പ്. 'ഐ.പി.എല്ലിലെ പ്രകടനത്തോടെ ഇനി ഇന്ത്യൻ ടീമിലെത്താൻ സമയത്തിന്റെ പ്രശ്നമേ ഉള്ളുവെന്ന് എനിക്ക് മനസ്സിലായിരുന്നു. ഈ സമയത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ഈ അവസരം നൽകിയ ദൈവത്തിന് നന്ദി' -ബേസിൽ പറയുന്നു.
എം.എസ് ധോണി വിക്കറ്റ് കാക്കുമ്പോൾ ബൗൾ ചെയ്യണമെന്നതായിരുന്നു ബേസിലിന്റെ വലിയ സ്വപ്‌നങ്ങളിലൊന്ന്. ധോണിയില്ലെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ കളിക്കാൻ അവസരം കിട്ടിയാൽ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാകുമെന്ന് ബേസിലിന് ആത്മവിശ്വാസം.
ഐ.പി.എൽ പത്താം സീസണിലെ എമർജിങ് പ്ലയർ അവാർഡിലൂടെ മലയാളികൾക്ക് ഓർത്തുവെക്കാനുള്ള സീസണാണ് ബേസിൽ തമ്പി സമ്മാനിച്ചത്. സഞ്ജു സാംസണിനുശേഷം ഈ അവാർഡ് കിട്ടുന്ന രണ്ടാമത്തെ മലയാളി.
കഴിഞ്ഞ സീസണിൽ 85 ലക്ഷം രൂപക്കാണ് ഗുജറാത്ത് ലയൺസ് ബേസിലിനെ സ്വന്തമാക്കിയത്. അടിസ്ഥാന വില 10 ലക്ഷം മാത്രമുണ്ടായിരുന്ന ബേസിലിനായി ടീമുകൾ മത്സരിച്ചതോടെയാണ് വില കുത്തനെ ഉയർന്നത്.
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഐ.പി.എല്ലിൽ ഇതുവരെയുള്ള മികച്ച പ്രകടനം. നിർണായക ഘട്ടത്തിലായിരുന്നു ആ മൂന്നു വിക്കറ്റും വീഴ്ത്തിയത്. സ്ലോ ബോളുകൾ കൊണ്ടും മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ബേസിൽ ഐ.പി.എൽ തുടക്കം തൊട്ടേ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീപാറുന്ന യോർക്കറുകളായിരുന്നു താരത്തിന്റെ വജ്രായുധം.
1993 സെപ്തംബർ 11നാണ് പെരുമ്പാവൂർ ഇരിങ്ങോളിൽ എം.എം. തമ്പിയുടെയും ലിസിയുടെയും മകനായി ബേസിലിന്റെ ജനനം. പെരുമ്പാവൂർ ആശ്രമം ഹൈസ്‌കൂൾ, കുറുപ്പംപടി എം.ജി.എം സ്‌കൂൾ, കളമശേരി സെന്റ് പോൾസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ടെന്നീസ് ബോൾ കൊണ്ട് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ബേസിൽ 16-ാം വയസിലാണ് യഥാർത്ഥ ക്രിക്കറ്റ് പന്തുപയോഗിച്ചു കളിക്കുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ പെരുമ്പാവൂർ ക്രിക്കറ്റ് ക്ലബ്ബ് താരമായി ജില്ലാ ലീഗിലായിരുന്നു ബേസിലിന്റെ കരിയർ തുടക്കം. അതിവേഗത്തിൽ പന്തെറിയുന്നതിൽ മിടുക്ക് കാണിച്ചതോടെ അധികം കാത്തിരിക്കാതെ തന്നെ ജില്ലാ ടീമിലേക്കും കേരള ടീമിലേക്കുമുള്ള വിളിയെത്തി. 2013ലായിരുന്നു കേരള സീനിയർ ടീമിലെ അരങ്ങേറ്റം. ആദ്യ 23 മത്സരങ്ങളിൽനിന്ന് 26 വിക്കറ്റുകൾ വീഴ്ത്തി ടീമിലെ സ്ഥാനമുറപ്പിച്ചു. അണ്ടർ 19 കളിക്കാൻ തുടങ്ങിയതോടെയാണ് ക്രിക്കറ്റിനെ സീരിയസായി കാണാൻ തുടങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16 മത്സരങ്ങളിൽ 28 വിക്കറ്റുകൾ വീഴ്ത്തി. 3.37 ആണ് ഇക്കോണമി റേറ്റ്.
വിദർഭക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി ക്വാർട്ടറിൽ കളിച്ചുവരുന്ന ബേസിൽ അതു കഴിഞ്ഞാലുടൻ ഇന്ത്യൻ ക്യാമ്പിലേക്ക് പുറപ്പെടും.






