Sorry, you need to enable JavaScript to visit this website.

സ്വപ്‌നം വിതച്ചു, സ്വർണം കൊയ്തു

കണ്ണൂർ ജില്ലയിലെ ആലക്കോടിനടുത്ത ഉദയഗിരി താബോറിലെ പരുവിലാങ്കൽ അനീഷിന്റെ ജീവിതത്തിൽ ഒട്ടേറെ ഉയർച്ചത്താഴ്ചകളുണ്ടായിട്ടുണ്ട്. എന്നാൽ കൃഷിയിലുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ അദ്ദേഹത്തിന് കരുത്ത് നൽകിയത്. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്‌കാരത്തിന് അദ്ദേഹം അർഹനായിരിക്കുകയാണ്.


ചെയ്യുന്നതെന്തുമാകട്ടെ അതിൽ ഒന്നാമതെത്തുക എന്നതാണ് അനീഷിന്റെ പോളിസി. കൃഷിയിറക്കുന്നതിന് അനുയോജ്യമല്ലാത്ത ചെങ്കുത്തായ പ്രദേശം അതുപോലെ നിലനിർത്തിയാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. ഒരേക്കറിൽനിന്നും പത്തുവർഷംകൊണ്ട് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന കർഷകനാകുക എന്നതാണ് ഈ യുവാവിന്റെ ലക്ഷ്യം. അടുത്ത പത്തുവർഷം കഴിയുമ്പോൾ അത് ഇരട്ടിയാക്കുക. ആദ്യവർഷം പത്തുലക്ഷമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അടുത്ത പത്തുവർഷം കഴിയുമ്പോൾ ഇരുപതു ലക്ഷമാക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്. അഞ്ചേക്കറിൽനിന്നും 2030 ആകുന്നതോടെ ഏറ്റവും കൂടുതൽ വരുമാനം നേടുകയെന്ന റെക്കോർഡാണ് അദ്ദേഹം ഉന്നംവയ്ക്കുന്നത്.


ആറാം വയസ്സിൽ അയൽക്കാരൻ നൽകിയ ഒരു വാഴ നട്ടുകൊണ്ടാണ് അനീഷ് മണ്ണിലേയ്ക്കിറങ്ങിയത്. മണ്ണിനോടും കൃഷിയോടുമുള്ള പ്രണയം അവിടെ തുടങ്ങുകയായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയെങ്കിലും കൃഷിയെയും മണ്ണിനെയും സ്‌നേഹിച്ച് കഠിനാധ്വാനത്തിലൂടെ ജീവിതം ഉന്നതിയിലേയ്ക്കു നയിക്കുകയാണ് ഈ യുവകർഷകൻ.
ശാസ്ത്രീയമായി ചെയ്താൽ കൃഷിയോളം ലാഭകരമായി ഒന്നുമില്ല. അസാമാന്യ വിളവു നൽകുന്ന വിളകളെക്കുറിച്ച് അറിഞ്ഞാൽ അവയുടെ വിത്തുകൾ ശേഖരിക്കും. വിത്തു വാങ്ങാനുദ്ദേശിക്കുന്നതു മുതൽ അതിനെക്കുറിച്ച് കൃത്യമായി പഠിക്കും. നല്ലതെന്നു കണ്ടാൽ മാത്രമേ വാങ്ങുകയുള്ളു. അതിനായി എത്രദൂരം സഞ്ചരിക്കാനും മടിയില്ല. കാർഷിക വിളകൾ നടുന്നതു മുതലുള്ള കാര്യങ്ങൾ ഫയലാക്കി സൂക്ഷിക്കും. നട്ട ദിവസം, ആദ്യവിളവെടുപ്പ്, ചെയ്ത വളം, വളം കൃഷിയെ ദോഷകരമായി ബാധിച്ചുവോ... തുടങ്ങിയ കാര്യങ്ങൾ കമ്പ്യൂട്ടറിലെ ഫയലിലുണ്ടാവും. ഓരോ ചെടിക്കും ഒരു കോഡ് നമ്പർ നൽകും. ആ കോഡ് നമ്പർ നോക്കിയാൽ ചെടിയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഏതൊരാൾക്കും മനസ്സിലാക്കാനാവും.


കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്തതായിരുന്നു അനീഷിന്റെ കൈവശമുണ്ടായിരുന്ന അഞ്ചേക്കർ നിലം. കുത്തനെ ചെരിവുള്ള കൃഷിയിടത്തിലും നന്നായി കൃഷി ചെയ്യാമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കൃഷിയിടത്തിൽ വെള്ളമെത്തിക്കുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആദ്യകാലത്ത് അയൽക്കാരൻ നൽകിയ ഒരു മണിക്കൂർ നേരത്തെ വെള്ളമായിരുന്നു കൃഷിക്കും വീട്ടാവശ്യങ്ങൾക്കുമെല്ലാം ഉപയോഗിച്ചിരുന്നത്. ഒടുവിൽ ആ പ്രദേശത്തിന്റെ ഏറ്റവും മുകൾഭാഗത്ത് ഒരു ടാങ്ക് സ്ഥാപിച്ചു. വളം പമ്പ് ചെയ്ത് വിളകൾക്ക് എത്തിക്കുന്നതിനുള്ള ടാങ്ക്. ഓരോ വിളകളുടെയും ചുവട്ടിലേയ്ക്ക് പൈപ്പ് സ്ഥാപിച്ചാണ് ഈ വളമെത്തിക്കുന്നത്. വെള്ളവും ഇതുപോലെതന്നെ. ഓട്ടോമാറ്റിക് ഡ്രിപ്പ് ഇറിഗേഷനായതിനാൽ കൃഷിയിടം നനയ്ക്കുന്നതിനും വളമിടുന്നതിനും ഇത്രയും സ്ഥലം കയറിയിറങ്ങേണ്ടതില്ല. സമയവും ലാഭം. ഒരു ദിവസം പതിനായിരം ലിറ്റർ വെള്ളമാണ് കൃഷിക്കാവശ്യമുള്ളത്. ഒരു വർഷത്തേയ്ക്കുള്ള വെള്ളം ശേഖരിച്ചുവച്ചിട്ടുണ്ട്. മാത്രമല്ല, ഏഴുലക്ഷത്തോളം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്.


രണ്ടു കിണറും ഒരു കുളവും നിർമ്മിച്ചാണ് കൃഷിക്കാവശ്യമായ വെള്ളം കണ്ടെത്തിയത്. കിണറ്റിലേയ്ക്കു തുരങ്കമുണ്ടാക്കിയ ചരിത്രവും അനീഷിനുണ്ട്. പതിനാറ് കോൽ താഴ്ചയുള്ള കിണറ്റിൽനിന്നാണ് ഇപ്പോൾ വീട്ടാവശ്യത്തിന് വെള്ളമെടുക്കുന്നത്. മോട്ടോറിന്റെ സഹായമില്ലാതെ കിണറിന് അടിഭാഗത്തായി തുരങ്കം നിർമ്മിക്കുകയായിരുന്നു. ഈ തുരങ്കത്തിലൂടെ ഒരാൾക്ക് കിണറിനുള്ളിലേയ്ക്കു കടക്കാനാവും. ഒരാളുടെ ഉയരത്തിൽ മുപ്പത് മീറ്റർ നീളമുള്ള തുരങ്കം തൊണ്ണൂറു ദിവസംകൊണ്ടാണ് പൂർത്തീകരിച്ചത്. ഈ തുരങ്കത്തിലൂടെ കിണറിലേയ്ക്കു പൈപ്പിട്ടാണ് വെള്ളം ശേഖരിക്കുന്നത്.
ജീവിതത്തിൽ ഏറെ തിരിച്ചടികളെ നേരിടേണ്ടിവന്നിട്ടുണ്ടെന്നും അനീഷ് ഓർക്കുന്നു. തെങ്ങും കവുങ്ങുമെല്ലാമായിരുന്നു അച്ഛൻ കൃഷി ചെയ്തിരുന്നത്. എന്നാൽ ഇവയെല്ലാം നശിച്ചപ്പോൾ വലിയ പ്രതിസന്ധിയിലായി. സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായെടുത്ത ലോൺ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണിയിലായി. ഒടുവിൽ മറ്റൊരു ലോൺ എടുത്താണ് ആ ഭീഷണി ഒഴിവാക്കിയത്. കൂടാതെ പ്ലബിംഗ് വയറിംഗ് ജോലികളും ചെയ്തു. ഇവയിൽനിന്നു കിട്ടുന്ന വരുമാനവും കൃഷിയിലിറക്കി.


റബർ, തെങ്ങ്, കവുങ്ങ്, ജാതി, കൊക്കോ എന്നിവയാണ് പ്രധാന കൃഷികൾ. ഒൻപത് ഇനത്തിലുള്ള ജാതിക്കയും മുപ്പത്തഞ്ചിനം പ്ലാവും മുപ്പത്തഞ്ചിനം പഴവർഗ്ഗങ്ങളും ആറിനം കരിമ്പും മുപ്പതിനം കിഴങ്ങുവർഗ്ഗങ്ങളും ഒട്ടേറെയിനം ഇഞ്ചിയും കാച്ചിലും കൈതച്ചക്കയും കപ്പയും ചേമ്പും ചേനയുമെല്ലാം ഈ കൃഷിയിടത്തിലുണ്ട്. കൂടാതെ വിദേശയിനം പഴവർഗങ്ങൾ വേറെയും. മിൽക്ക് ഫ്രൂട്ട്, അവക്കാഡോ, മിറാക്കിൾ ഫ്രൂട്ട്, റൊളീനിയ, സാന്തോൾ, ഓസ്‌ട്രേലിയൻ അബിയു, ബ്രസീലിയൻ മൾബറി, കെപ്പൽ തുടങ്ങിയവ വിദേശികളാണ്. മാവ്, സപ്പോട്ട, പപ്പായ, പേര, മുള്ളാത്ത തുടങ്ങിയവ വേറെയും.


മത്സ്യവും പക്ഷികളും മൃഗങ്ങളുമെല്ലാം അനീഷിന്റെ കൃഷിയിടത്തിലുണ്ട്. മൂന്നു കുളങ്ങളിലായി നാലായിരം മത്സ്യങ്ങളെ വളർത്തുന്നു. വാളയും നട്ടറും ഗൗരയുമെല്ലാമാണ് വളർത്തുന്നത്. വളത്തിനായി കാസർകോട് കുള്ളൻപശുവുണ്ട്. പാലിനായി രണ്ട് എച്ച്.എഫ് പശുക്കളും. കൂടാതെ മുയൽ, ഗിനിപ്പന്നി, കോഴി, കരിങ്കോഴി, താറാവ്, കാട, അരയന്നങ്ങൾ തുടങ്ങിയവ വേറെയും. ചെറുതേനും ശേഖരിക്കുന്നുണ്ട്.


സ്വന്തം സ്ഥലത്തിലുപരി പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്. ശ്രീകണ്ഠാപുരത്ത് കപ്പയും തളിപ്പറമ്പിൽ നെൽകൃഷിയുമുണ്ട്. താബോറിന് രണ്ടു കിലോമീറ്റർ അകലെ ജോസ് ഗിരിയിൽ ഇരുപത്താറ് ഏക്കർ സ്ഥലം കണ്ണൂരിലുള്ള ഒരാളും ചേർന്ന് സ്വന്തമായി വാങ്ങിയിട്ടുണ്ട്. കാടുപിടിച്ചുകിടക്കുന്ന അവിടെ നിലമൊരുക്കിക്കൊണ്ടിരിക്കുന്നു. ഓറഞ്ചും കാപ്പിയും കൃഷി ചെയ്യാൻ അനുയോജ്യമായ സ്ഥലമാണിതെന്നും അവിടെ ഒരു ഫാം ഒരുക്കാനാണ് ആഗ്രഹമെന്നും അനീഷ് പറയുന്നു.


കൃഷിയിടത്തിലെ വന്യമൃഗങ്ങളെയും പക്ഷികളെയും തുരത്താൻ സ്വന്തമായി രൂപപ്പെടുത്തിയ പി.വി.സി പൈപ്പുകൊണ്ടുള്ള ഉപകരണവും ശ്രദ്ധേയം. ബോഡി സ്‌പ്രേ, പേപ്പർ, മെറ്റൽ എന്നിവയാണ് ആവശ്യം. പീരങ്കിയെന്നു വിളിക്കുന്ന ഈ ഉപകരണം വലിയ ശബ്ദത്തോടെ പൊട്ടുമ്പോൾ കതിനവെടിയെപോലും വെല്ലുന്നതാണ്. അകത്തുള്ള മെറ്റലുകൾ മുന്നൂറു മീറ്റർ അകലേയ്ക്കാണ് ചിതറിത്തെറിക്കുന്നത്. കൂടാതെ സോളാർ കമ്പിവേലിയുമുണ്ട്. ചെങ്കുത്തായ സ്ഥലമായതിനാൽ മുകളിലേയ്ക്ക് സാധനങ്ങളെത്തിക്കാൻ റോപ് വേ സംവിധാനവും ഒരുക്കിയിട്ടുണ്ട്.


കൃഷിയിലേയ്ക്കുള്ള പ്രചോദനം അമ്മയായിരുന്നു. കൃഷിയിടത്തിലിറങ്ങി അമ്മ ഓരോരോ ജോലികൾ ചെയ്യുന്നതു കുട്ടിക്കാലംതൊട്ടേ കാണുന്നതാണ്. മണ്ണിൽ പണിയെടുത്ത് മികച്ച കർഷകനാകണമെന്ന അമ്മയുടെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. അമ്മ മേരിയും അച്ഛൻ ബേബിയുമാണ് തന്നിലെ കർഷകന് മാതൃകയെന്നും അനീഷ് പറയുന്നു.
ഉന്നതബിരുദം നേടിയിട്ടും എന്തുകൊണ്ട് സർക്കാർ ജോലി തിരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിനുള്ള അനീഷിന്റെ ഉത്തരം വ്യത്യസ്തമാണ്. കൃഷിയിൽനിന്നുള്ള വരുമാനം മറ്റൊരു ജോലിയിൽനിന്നും ലഭിക്കില്ല. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. സർക്കാർ ജോലിയുടെ വരുമാനത്തിന് ഒരു പരിധിയുണ്ട്. മാത്രമല്ല, ഒരു ചട്ടക്കൂടിലിരുന്നാണ് ജോലി ചെയ്യേണ്ടത്. കൃഷിയുടെ പ്രത്യേകത നമ്മൾ ആർക്കും അടിമപ്പെട്ടയാളല്ല എന്നതാണ്. സൗകര്യമുണ്ടെങ്കിൽ ജോലി ചെയ്താൽ മതി. നമുക്ക് എന്തും കൃഷി ചെയ്യാം. ഈ ഒരു സ്വാതന്ത്ര്യം ഒന്നിലുമില്ല. കൂടാതെ പരിധിയില്ലാതെ വരുമാനമുണ്ടാക്കാനുമാവും.


2019 ൽ സരോജിനി ദാമോദർ ഫൗണ്ടേഷന്റെ സംസ്ഥാനത്തെ മികച്ച ജൈവകർഷകനുള്ള അക്ഷയശ്രീ പുരസ്‌കാരത്തിനും അനീഷ് അർഹനായിരുന്നു. ആത്മ പുരസ്‌കാരമടക്കം ജില്ലയുടെയും ബ്‌ളോക്കിന്റെയും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കർഷകോത്തമ അവാർഡ് സമ്മാനിച്ചത് കൃഷിവകുപ്പുമന്ത്രി സുനിൽകുമാറായിരുന്നു. രണ്ടു ലക്ഷം രൂപയും മെഡലും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു അവാർഡ്.
അറുപതുകളിൽ കോട്ടയം ജില്ലയിലെ പാലായിൽനിന്നും ആലക്കോടേയ്ക്ക് കുടിയേറിപ്പാർത്തവരാണ് അനീഷിന്റെ മാതാപിതാക്കൾ. എഴുപത്തിരണ്ടുകാരനായ അച്ഛൻ ബേബി വീട്ടുകാര്യങ്ങൾ നോക്കിനടത്തുമ്പോൾ അമ്മ മേരിയാണ് പറമ്പിലുള്ള കൃഷിയിൽ സഹായിയാകുന്നത്. ഭാര്യ ട്രീസ ഉദയഗിരി പി.എച്ച്.സിയിലെ നഴ്‌സാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന എയ്ബലും ഒന്നാം ക്ലാസുകാരി എയ്ഞ്ചലുമാണ് മക്കൾ. 
 

Latest News