Sorry, you need to enable JavaScript to visit this website.

പൂച്ചയ്ക്കാര് മണി കെട്ടും? 


1971 വരെ ഇന്ത്യയ്ക്ക് വലിയ തലവേദനയായിരുന്നു പടിഞ്ഞാറും കിഴക്കുമുള്ള ഓരോ പാക്കിസ്ഥാനുകൾ. ഭാരത ചരിത്രത്തിലെ ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലയളവിലാണ് ഇതിലൊന്നിന്റെ കഥ കഴിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയത്. യുദ്ധ നാളുകളിൽ നമ്മുടെ കൊച്ചി തുറമുഖവും ആഗ്രയിലെ താജ്മഹലുമെല്ലാം പല ദിവസങ്ങളിലും ബ്ലാക്ക് ഔട്ടായിരുന്നു. നീണ്ട യുദ്ധത്തിന് ശേഷമാണ് ഇന്ത്യ ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. സ്വാതന്ത്ര്യത്തിന്റെ ജൂബിലി വർഷത്തിലാണ് അയൽരാജ്യം. ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ധാക്കയിലേക്ക് പോയതാണ്. വെള്ളിയാഴ്ച വൈകുന്നേരം എൻഡിടിവിയിൽ മോഡിജിയുടെ ഒരു തുറന്നു പറച്ചിൽ കേട്ടു.  അന്നെനിക്ക് 20-22 വയസ്സായിക്കാണും. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടി ഞാൻ സത്യഗ്രഹമനുഷ്ഠിച്ചിട്ടുണ്ട്, തടവറയിൽ കഴിഞ്ഞിട്ടുമുണ്ട്. പാവം കണാരേട്ടൻ. 

                    ****        ****      ****      ****

പണ്ടുകാലത്ത് മലബാറിലേക്ക് ചെന്നൈയിൽ നിന്ന് കൊച്ചു വിമാനത്തിൽ ദ ഹിന്ദു പത്രം കൊണ്ടു വന്നിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോൾ മലപ്പുറം ജില്ലയിലുൾപ്പെടുന്ന ചേളാരിയിൽ ഒരു എയർസ്ട്രിപ്പും ഉണ്ടായിരുന്നു. അതിന് ശേഷം 1988ൽ പെരുമൺ ട്രെയിൻ ദുരന്തമുണ്ടായി. ബംഗളുരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് വരികയായിരുന്ന ഐലന്റ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത് കേരളത്തെ കരയിപ്പിച്ച മഹാദുരന്തമായിരുന്നു. അക്കാലത്ത് സംഭവം കവർ ചെയ്യാൻ ചില ദേശീയ മാധ്യമങ്ങളുടെ ലേഖകരും ഫോട്ടോഗ്രാഫറും ഹെലികോപ്ടറുകളിലെത്തിയാണ് സംഭവം കവർ ചെയ്തത്. 
ഇത്രയും വലിയ സംഭവങ്ങളുണ്ടാവുമ്പോൾ നിയന്ത്രണങ്ങളില്ലാതെ ചെലവ് ചെയ്യുന്നത് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. സോവനീർ പോലെ പത്രവും മാസികയും സൂക്ഷിക്കുന്ന ആയിരക്കണക്കിന് വായനക്കാരുണ്ടാവും. ബാലചന്ദ്രമേനോന്റെ കണ്ടതും കേട്ടതും സിനിമയിലെ റിപ്പോർട്ടറോട് കാർ വിളിച്ച് പോകേണ്ട കാര്യമില്ലെന്ന് ഉടമ പറയുന്നുണ്ട്. ദുരന്തമുണ്ടായ വീടിന്റെ അടുത്ത കവല വരെ ബസിൽ യാത്ര. അതു കഴിഞ്ഞ് നാട്ടുകാരുടെ മുമ്പിൽ ലേഖകനായി അവതരിക്കാനുള്ള ചെറിയ ദൂരത്തിന് ടാക്‌സി പിടിച്ചാൽ മതിയെന്നാണ് എം.ഡി ഉപദേശിക്കുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു സുഹൃത്ത് മലയാളത്തിലെ പുതിയ ഒരു ചാനലിലെ അവതാരകൻ ഇലക്ഷൻ കവർ ചെയ്യാൻ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നതിന്റെ ക്ലിപ്പ് പോസ്റ്റ് ചെയ്തത് കണ്ടു. ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സാധ്യത ധാരാളമായി ഉപയോഗപ്പെടുത്തുന്ന ചാനലാണ്. റിയലാവാനും സാധ്യതയുണ്ട്. ഒരു കാര്യം ഉറപ്പ്. കഴുത്തറപ്പൻ മത്സരത്തിന്റെ രംഗമായ ന്യൂസ് ചാനലുകളിലെ റിപ്പോർട്ടിംഗ് ചെലവേറിയ ഒന്നായി മാറുകയാണ്. 

                   ****        ****      ****      ****

കോഴിക്കോട് എലത്തൂരിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച കോലാഹലങ്ങൾ കെട്ടടങ്ങി. ഏതാണീ സുൽഫിഖർ മയൂരി, ഇയാളെ അംഗീകരിക്കുന്ന പ്രശ്‌നമേയില്ലെന്നാണ് രാഘവേട്ടൻ പറഞ്ഞിരുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഇലക്ഷൻ സ്‌പെഷ്യൽ തല്ലു നടന്നു. വിമത സ്ഥാനാർഥിയുടെ നോമിനേഷന്  പിന്നിൽ ലോക്കൽ എം.പിയാണെന്ന് വരെ സംസാരമുണ്ടായിരുന്നു. പയ്യന്നൂരിൽ നിന്നെത്തി കഴിഞ്ഞ പതിനഞ്ച് വർഷമായി കോഴിക്കോടിന്റെ എം.പിയായ രാഘവേട്ടൻ ഒരു യോഗത്തിൽ നിന്ന് പിണങ്ങിപ്പോവുകയും ചെയ്തു. വരത്തനെ വേണ്ടെന്ന് എം.പി പറഞ്ഞുവെന്ന് പത്രക്കാർ. രാഘവേട്ടാ പതിനഞ്ച് കൊല്ലം മുമ്പ് നിങ്ങളുമൊരു വരത്തനായിരുന്നില്ലേയെന്ന് സ്ഥാനാർഥിയും. ഈ അടിപിടിയെല്ലാം കണ്ട് സൂത്രത്തിൽ പൂച്ച പാല് കുടിക്കാനൊരുങ്ങിയപ്പോഴാണ് എല്ലാം പഞ്ചായത്തായത്. കോഴിക്കോട് നഗരത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പോസ്റ്ററിൽ നന്മയുടെ നല്ല കോഴിക്കോട്ടുകാരിയെന്നൊരു പ്രയോഗം കണ്ടു. എതിരാളി ദേവലോകത്ത് നിന്ന് വന്നതൊന്നുമല്ലല്ലോ. കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയ്ക്കടുത്താണല്ലോ ദേവർകോവിൽ. 

                   ****        ****      ****      ****

ദേശീയ ചാനലായ ടൈംസ് നൗ അടക്കം കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രീ പോൾ സർവേ പുറത്തിറക്കി. പിണറായി വരുമെന്ന ഉറപ്പാണ് അവർക്കും പറയാനുള്ളത്. രസമതല്ല, മനോരമ ന്യൂസ് ദിവസങ്ങളായി സർവേ ഫലം വിളമ്പുന്നു. കോഴിക്കോട് ജില്ലയിൽ പതിമൂന്ന് സീറ്റുകളിലും എൽ.ഡി.എഫ് എന്നൊക്കെയാണ് തട്ട്. എലത്തൂരിലെ സ്ഥാനാർഥിയെ അന്തിമമായി തീരുമാനിക്കുന്നതിന് മുമ്പെയാണീ ഫല പ്രഖ്യാപനം. വടകരയിൽ രമയുടെ സ്ഥാനാർഥിത്വം വരുന്നതിന് മുമ്പാണ് തങ്ങൾ സർവേ തയാറാക്കിയതെന്ന് സംഘാടകർ തന്നെ പറയുന്നു. എറണാകുളത്തെ തൃപ്പുണിത്തുറയുടെ കാര്യത്തിലും കെ. ബാബുവിന്റെ സ്ഥാനാർഥിത്വം വരുന്നതിന് മുമ്പെയാണ് ഇത് തയാറാക്കിയതെന്ന്  പറയുന്നത് കേട്ടു.. നായനാരുടെ ഭാഷയിൽ റെഡ് ഫോർട്ടായ തൃക്കരിപ്പൂർ വരെ യു.ഡി. എഫിന് കൊടുത്തിട്ടുണ്ട്. ഈ പറയുന്നതിനൊക്കെ ആധികാരികത വരുത്താൻ ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരു മിസ്റ്ററിനെ മുംബൈയിലേക്ക് വിൡച്ച് തിരക്കുന്നുമുണ്ട്. ഒരു കാര്യത്തിൽ മനോരമ ന്യൂസിന് ആഹ്ലാദിക്കാം. നമ്പർ വൺ പത്രത്തിന്റെ ചാനലിന് ഇതേവരെ ശ്രദ്ധേയമായ ഒരു സ്ഥാനം ലഭിച്ചിട്ടില്ല. റേറ്റിംഗിൽ ഇന്നലെ പിറന്ന 24 ന്യൂസിനും ഏറെ പിന്നിൽ. രണ്ടു മൂന്ന് ദിവസത്തേക്കെങ്കിലും മനോരമ ന്യൂസ് പോൾ കേരളം ചർച്ച ചെയ്തത് ചെറിയ കാര്യമൊന്നുമല്ല. 

                   ****        ****      ****      ****

അതിനിടയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമങ്ങളിലെ എക്‌സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്‌സിറ്റ് പോളുകൾ നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റു മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്. അസം, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും ലോക്‌സഭയിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ എന്നിവയ്ക്കാണ് വിലക്ക് ബാധകം. ഇതേതായാലും നന്നായി. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി.

                   ****        ****      ****      ****

കേരളത്തിലെ ഉയർന്ന സാക്ഷരതയാണ് ബിജെപിയുടെ വളർച്ചക്ക് പ്രധാന തടസ്സമെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. സത്യം പറയാൻ തനിക്ക് രാഷ്ട്രീയം തടസ്സമല്ലെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ത്രിപുര, ബംഗാൾ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് എന്തുകൊണ്ട് കേരളത്തിൽ പ്രധാന ശക്തിയാകാൻ സാധിക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. രണ്ടോ മൂന്നോ ഘടകങ്ങൾ ഉണ്ട്. ഇവിടെ 90 ശതമാനം സാക്ഷരതയുണ്ട്. ഇവിടെയുള്ളവർ ചിന്തിക്കും, സംവദിക്കും, ഇത് വിദ്യാസമ്പന്നരായ സമൂഹത്തിന്റെ ശീലങ്ങളാണ്. അതൊരു പ്രശ്‌നമാണ്. രണ്ടാമത്, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. എല്ലാ കണക്കുകൂട്ടലിലും ഈ വസ്തുത കടന്ന് വരും. അതിനാൽ കേരളത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഒ. രാജഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് ഇടത് മുന്നണിക്കാണ് തെരഞ്ഞെടുപ്പിൽ മുൻതൂക്കമെന്നും ഒ. രാജഗോപാൽ പറഞ്ഞു. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ദുർബലരായ കോൺഗ്രസുമായി സഹകരിക്കാൻ ജനങ്ങൾ താൽപ്പര്യം കാണിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചത് രാഷ്ട്രീയമായി കാണേണ്ടെന്നും ഒ. രാജഗോപാൽ പറയുന്നു. ഒരാൾ നല്ലത് ചെയ്താൽ അതിനെ അഭിനന്ദിക്കുന്നത് സത്യസന്ധതയാണ്. രാഷ്ട്രീയ പ്രവർത്തനം നുണയല്ല, അത് സത്യമായിരിക്കണം.- ഒ.രാജഗോപാൽ പറഞ്ഞു.

                   ****        ****      ****      ****

ലാലേട്ടൻ സിനിമയിൽ പാടി അദ്ഭുതം സൃഷ്ടിച്ച കലാകാരനാണ്. കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം എന്ന  ചിത്രത്തിന് റിലീസിന് മുമ്പു തന്നെ അംഗീകാരവും ലഭിച്ചു. ഈ സിനിമ പൂർണമായും പ്രിവ്യൂ ഷോ കാണാനായില്ലെന്നതാണ് ലാലിന്റെ ദുഃഖം. മോഹൻലാൽ സ്വന്തമായി സിനിമ സംവിധാനം ചെയ്യാനും തുടങ്ങിയെന്നതാണ് പുതിയ വൃത്താന്തം. ഉദയനാണ് താരം വന്ന കാലം മുതൽ ഫാൻസ് ആഗ്രഹിച്ചിരുന്നതാണ് യാഥാർഥ്യമായിരിക്കുന്നത്. കാൽ നൂറ്റാണ്ടിലേറെയായി മലയാള സിനിമാ രംഗത്തുള്ള മഞ്ജു വാരിയർ ബോളിവുഡിലേക്കും കാലെടുത്ത് വെക്കുയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ മുന്നേറിയ മഞ്ജുവാണ് താരം. 

                   ****        ****      ****      ****

നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കാൻ അധിക നാൾ കാത്തുനിൽക്കേണ്ടതില്ല. ധാരാളം സവിശേഷതകളുള്ളതായിരിക്കും പുതിയ സഭ. മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യമായി മകളുടെ ഭർത്താവും അഛനും സഭയിലെത്തുന്നുവെന്ന പുതുമയുണ്ട്. അതേ പോലെ തൃശൂരിലെ പത്മജയും നേമത്ത് കെ. മുരളീധരനും ജയിച്ചാൽ ആങ്ങളയും പെങ്ങളും നിയമസഭാംഗങ്ങളാവുന്നുവെന്ന പ്രത്യേകതയുമുണ്ട്.
 

Latest News