പാരീസ്- പ്രതീക്ഷകള്‍ ശരിവെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് തന്നെ ഈ വര്‍ഷത്തെ ബാലന്‍ഡിയോര്‍. ബദ്ധവൈരികളായ അര്‍ജന്റീനയുടെ ലിയോണല്‍ മെസ്സിയെയും ബ്രസീലിന്റെ നെയ്മാറിനെയും പിന്നിലാക്കി തുടര്‍ച്ചയായി രണ്ടാം തവണയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ബാലന്‍ ഡിയോറില്‍ മുത്തമിടുന്നത്. ഇതോടെ അഞ്ച് ബാലന്‍ ഡിയോര്‍ നേടിയ 32 കാരന്‍, മെസ്സിയുടെ റിക്കാര്‍ഡിനൊപ്പമെത്തി. പ്രശസ്തമായ ഫ്രാന്‍സ് ഫട്‌ബോള്‍ മാഗസിനാണ് ബാലന്‍ഡിയോര്‍ അവാര്‍ഡ് നല്‍കുന്നത്. ലോകത്തെ ഏറ്റവും മികച്ച 30 ഫുട്‌ബോള്‍ താരങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ബാലറ്റിലൂടെയാണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്നത്.
ഓരോ വര്‍ഷവും താന്‍ ആഗ്രഹിക്കുന്ന അംഗീകാരമാണിതെന്നും, അതുകൊണ്ടുതന്നെ അവാര്‍ഡ് ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും പാരീസിലെ ഈഫല്‍ ടവറില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ റൊണള്‍ഡോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഞാന്‍ കൈവരിച്ച നേട്ടങ്ങളാണ് എന്നെ ഈ അവാര്‍ഡിനര്‍ഹനാക്കിയത്. ഇതിന് എന്നെ സഹായിച്ച റയല്‍ മഡ്രീഡിലെ സഹകളിക്കാര്‍ക്കും, ഈ നിലയിലെത്താന്‍ എനിക്ക് പിന്തുണ നല്‍കിയ മറ്റെല്ലാവര്‍ക്കും നന്ദി -ക്രിസ്റ്റ്യാനോ തുടര്‍ന്നു.
കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗലിലെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയാണ് റൊണാള്‍ഡോ മികവ് കാട്ടിയതെങ്കില്‍, ഈ വര്‍ഷം റയല്‍ മഡ്രീഡിനെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, ലാ ലീഗ കിരീടങ്ങളിലേക്ക് നയിച്ചുകൊണ്ടാണ് 'സി.ആര്‍ 7' എന്ന ക്രിസ്റ്റ്യാനോ തന്റെ യോഗ്യത തെളിയിച്ചത്. ഈ നേട്ടങ്ങള്‍ കൊണ്ടുതന്നെ ക്രിസ്റ്റ്യാനോ ഇക്കുറി ബാലന്‍ ഡിയോര്‍ നേടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. മുമ്പ് 2008, 13, 14 വര്‍ഷങ്ങളിലും ക്രിസ്റ്റ്യാനോ ബാലന്‍ ഡിയോര്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഒക്‌ടോബറില്‍ ഫിഫ ലോക ഫുട്‌ബോളര്‍ അവാര്‍ഡും ക്രിസ്റ്റ്യാനോക്കാണ് ലഭിച്ചത്.