ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നു

ദോഹ- ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ നിലവില്‍വരും. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത്.

സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലെ യോഗങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ പാടില്ല. വീടുകള്‍, മജ്ലിസുകള്‍ തുടങ്ങിയ അടച്ചിട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനങ്ങളും ഒത്തുകൂടലും പാടില്ല. ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളിലും തുറന്ന സ്ഥലങ്ങളിലും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിവാഹങ്ങള്‍ പാടില്ല.

പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളിലെ കളിക്കളങ്ങള്‍, വ്യായാമ ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ഇവിടങ്ങളില്‍ ഒത്തുകൂടല്‍ പരമാവധി 2 പേര്‍ക്ക് മാത്രം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഫെയ്സ് മാസ്‌ക്, സ്മാര്‍ട് ഫോണില്‍ ഇഹ്തെറാസ് ആപ് ആക്ടീവായിരിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ തുടരും. വാഹനത്തില്‍ ഒറ്റക്കാണെങ്കില്‍ മാസ്‌ക് നിര്‍ബന്ധമില്ല.

പള്ളികളില്‍ കോവിഡ് മുന്‍കരുതല്‍ പാലിച്ച് പ്രതിദിന, വെളളിയാഴ്ച പ്രാര്‍ഥനകള്‍ തുടരും. ശുചിമുറികളും അംഗശുദ്ധി വരുത്തുന്നതിനുള്ള ഇടങ്ങളും തുടര്‍ന്നും അടഞ്ഞു കിടക്കും.

വാഹനങ്ങളില്‍ ഡ്രൈവര്‍ ഒഴികെ നാലു പേരില്‍ കൂടാന്‍ പാടില്ല. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വ്യവസ്ഥ ബാധകമല്ല. ബസുകളില്‍ സീറ്റുകളുടെ പകുതി ശേഷിയിലെ യാത്രക്കാര്‍ പാടുള്ളു.  കോവിഡ് മുന്‍കരുതല്‍ നിര്‍ബന്ധം.
മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് 30 ശതമാനം ശേഷിയില്‍ തുടരാം. എന്നാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ 20 ശതമാനം മാത്രമേ പാടുള്ളു.

 

 

Latest News