കുറഞ്ഞ വേതനം ആയിരം റിയാല്‍, ഖത്തറില്‍ നിയമം നടപ്പായി

ദോഹ- ഖത്തറിലെ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാല്‍ ആക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമം പ്രാബല്യത്തിലായി. 2020 ലെ 17-ാം നമ്പര്‍ മിനിമം വേതന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലാളിക്ക് ഭക്ഷണ, താമസ സൗകര്യങ്ങള്‍ തൊഴിലുടമ നല്‍കുന്നില്ലെങ്കില്‍ മിനിമം വേതനം 1,000 റിയാലിന് (ഏകദേശം 19,700 ഇന്ത്യന്‍ രൂപ) പുറമേ  പ്രതിമാസം 500 റിയാല്‍ (ഏകദേശം 9,850 ഇന്ത്യന്‍ രൂപ) താമസത്തിനും 300 റിയാല്‍ (ഏകദേശം 5,910 രൂപ) ഭക്ഷണത്തിനുമായി നല്‍കണം. ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിയമം ബാധകമാണ്.

രാജ്യത്തെ എല്ലാ കമ്പനികളും പുതിയ നിയമ വ്യവസ്ഥ നിര്‍ബന്ധമായും പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. സെപ്റ്റംബറിലാണ് മിനിമം വേതനം 1,000 റിയാല്‍ ആക്കിയനിയമത്തില്‍ അമീര്‍ ഒപ്പുവച്ചത്. പുതിയ നിയമ വ്യവസ്ഥക്ക് അനുസൃതമായി തൊഴില്‍ കരാറുകളില്‍ മാറ്റം വരുത്താന്‍ സെപ്റ്റംബര്‍ മുതല്‍ 6 മാസത്തെ സമയം തൊഴിലുടമകള്‍ക്ക് അനുവദിച്ചിരുന്നു. നിയമം പ്രഖ്യാപിച്ച നാള്‍ മുതല്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ മന്ത്രാലയം സമഗ്ര ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.

ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ)സഹകരണത്തിലാണ് നിയമം നടപ്പാക്കിയത്.

 

Latest News