സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഒരു പെൺകുട്ടി ജീവിതത്തിന്റെ ഔന്നത്യങ്ങൾ എത്തിപ്പിടിച്ച കഥ...
സോഫിയ എം. ജോ.
വിധിയെ പഴിക്കാതെ ആത്മധൈര്യവും അർപ്പണമനോഭാവവും കൊണ്ട് സമൂഹത്തിന് മാതൃകയാവുകയാണ് ഈ പെൺകുട്ടി. ജന്മനാ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാതിരുന്നിട്ടും അവൾ നടന്നു കയറിയത് ഉന്നതമായ നിരവധി പടവുകൾ. ഒടുവിലിതാ പ്രൊഫഷണൽ ബൈക്ക് റെയ്‌സ് ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കുന്നു സോഫിയ. ലോകത്തിൽ തന്നെ ഇത്തരമൊരു നേട്ടം കൈവരിച്ച ആദ്യ വനിതയായിരിക്കാം സോഫിയ.
വിശേഷണങ്ങൾ അവിടെയും തീരുന്നില്ല. ഫാഷൻ സ്്്‌റ്റെലിസ്റ്റ്, കേരളത്തിലാദ്യമായി വാഹനമോടിക്കാനുള്ള ലൈസൻസ് കരസ്ഥമാക്കിയ ഭിന്നശേഷിക്കാരി. മിസ് ഡെഫ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആറാം സ്ഥാനക്കാരി. മോഡൽ, അത്‌ലറ്റ്, അഭിനേത്രി.

തൃപ്പൂണിത്തുറ എരൂർ കല്ലുപുരക്കൽ ജോ ഫ്രാൻസിസിന്റെയും ഗെരെറ്റി ജോയുടെയും മൂത്തമകളാണ് സോഫിയ. പത്താം മാസത്തിലാണ് അവൾക്ക് കേൾവിശക്തിയില്ലെന്ന കാര്യം അവർ മനസ്സിലാക്കുന്നത്. വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് കതീന പൊട്ടിയപ്പോൾ മറ്റുകുട്ടികൾ കരഞ്ഞപ്പോൾ സോഫിയ കരഞ്ഞില്ല. അപ്പോഴാണ് അവർ കുഞ്ഞിന് കേൾവിത്തകരാറുണ്ടോ എന്ന് അന്വേഷിച്ച് തുടങ്ങിയത്. എറണാകുളത്തുള്ള ഡോ. കുര്യന്റെ പരിശോധനയിലാണ് കുഞ്ഞിന് കേൾവിത്തകരാറുള്ളത് കണ്ടെത്തുന്നത്. അദ്ദേഹം മൈസൂരിലെ നിഷിൽ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി നിർദ്ദേശിക്കുകയായിരുന്നു. അവിടെ നിന്നാണ് അവൾക്ക് കേൾക്കാനാവില്ലെന്ന സത്യം ആ മാതാപിതാക്കൾ മനസ്സിലാക്കുന്നത്. ഒരു വയസ്സുകഴിഞ്ഞപ്പോൾ ചുണ്ടുകളുടെ ചലനം മനസ്സിലാക്കി പഠിക്കാനായി ലയൺസ്‌ക്ലബിലെ സ്പീച്ച് തെറാപ്പിസ്റ്റായ രാധിക ടീച്ചറുടെ സഹായം സ്വീകരിക്കുകയായിരുന്നു. അങ്ങനെയാണ് സോഫിയ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയത്.

സോഫിയക്ക് അനുജൻ ജനിച്ചപ്പോൾ അവനെയും പരിശോധിപ്പിക്കാമെന്ന് അവർ തീരുമാനിച്ചു. കസ്തൂർബാ മെഡിക്കൽ കോളേജിൽ മകളുടെ ചികിത്സക്കെത്തിയപ്പോൾ മകൻ റിച്ചാർഡിനേയും പരിശോധിപ്പിച്ചു. അവനും ഭാഗികമായേ കേൾവി ശക്തിയുള്ളുവെന്ന് ആ മാതാപിതാക്കൾ തിരിച്ചറിയുകയായിരുന്നു. മക്കളെ സ്പീച്ച് തെറാപ്പിക്കയക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും പ്രവേശനത്തിനുള്ള കടമ്പകൾ മനസ്സിലാക്കിയ അവർ ആ ശ്രമത്തിൽനിന്നും പിൻതിരിഞ്ഞു. ഒടുവിൽ അമ്മ പഠിപ്പിക്കുന്ന എരൂർ ഭവൻസ് സ്‌കൂളിൽ എട്ടാം ക്ലാസ്സുവരെ അവരെ പഠിപ്പിച്ചു. പത്താം ക്ലാസ്സും പ്ലസ്ടൂവും നാഷണൽ ഓപ്പൺ സ്‌കൂളിങ്ങ് വഴിയാണ് ഇരുവരും പാസായത്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നും ബി.എ. ഇംഗ്ലീഷ് ബിരുദം നേടിയ സോഫിയ കമ്പ്യൂട്ടർ കോഴ്‌സും പാസായി. ബാംഗ്ലൂരിലെ ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രമായ ‘വിശേഷി'ൽ അഞ്ചുമാസത്തോളം ക്ലാസെടുത്തു.
കുട്ടിക്കാലം തൊട്ടേ വിജയങ്ങളുടെ കൂട്ടുകാരായിരുന്നു ഈ സഹോദരങ്ങൾ. വീട്ടിലെ ഷോകേസിനെ അലങ്കരിക്കുന്നത് സോഫിയയ്ക്കും റിച്ചാർഡിനും ലഭിച്ച മെഡലുകളും ട്രോഫികളുമാണ്. നൃത്തത്തിലും പെയിന്റിങ്ങിലുമെല്ലാം പ്രതിഭ തെളിയിച്ച സോഫിയ ഗ്ലാസ്്് പെയിന്റിങ്ങും ഫാബ്രിക്ക് പെയിന്റിങ്ങും ജ്വല്ലറി മേക്കിങ്ങും, ഫാഷൻ ഡിസൈനിങ്ങും സ്വയം പഠിച്ചെടുക്കുകയായിരുന്നു.
കായിക മത്സരങ്ങളിലും സോഫിയയും റിച്ചാർഡും ഒട്ടും പിറകിലായിരുന്നില്ല. ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോയിലും മുൻപന്തിയിലെത്തി. സോഫിയ ഷോട്ട്പുട്ടിൽ എട്ടുവർഷം സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. മൂന്നുവട്ടം സ്വർണ്ണമെഡലോടെ ദേശീയതലത്തിലും ചാമ്പ്യനായി. ഡിസ്‌കസ് ത്രോയിലും മുന്നിട്ടുനിന്നിരുന്നു.

ഫാഷൻ ലോകത്തും സോഫിയ എത്തിയിരുന്നു. 2010ൽ സ്വകാര്യചാനൽ നടത്തിയ സൗന്ദര്യ മത്സരത്തിൽ സൂപ്പർ മോഡൽ വിജയിയായി കൊച്ചിയിൽ നടന്ന മിസ് മലയാളി വേൾഡ് വൈസ് ഗ്ലോബൽ മത്സരത്തിൽ സെക്കന്റ് റണ്ണറപ്പായി. വേൾഡ് ഡഫ് കോൺഗ്രസിലും പങ്കാളിയായി. കൂടാതെ മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ മിസ് കൺജീനിയാലിറ്റിയായി സോഫിയ തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ ശീമാട്ടി സംഘടിപ്പിച്ച ഫോയിലും ഷോസ് ടോപ്പറായിരുന്നു.
സിനിമയിലും തന്റെ സാന്നിധ്യമറിയിക്കാൻ സോഫിയക്ക് കഴിഞ്ഞു. പ്രമോദ് പപ്പൻ സംവിധാനം ചെയ്ത ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിന് വേണ്ടി ഡബ് ചെയ്തു. ശബ്ദം എന്ന ചിത്രത്തിൽ സോഫിയയും റിച്ചാർഡും വേഷമിടുകയും ചെയ്തിട്ടുണ്ട്.
ജീവിതത്തിൽ തിരിച്ചടികളെ അതിജീവിക്കാനുളള കരുത്താണ് ഇരുവർക്കും തുണയായത്. കേൾവിശക്തിയില്ലാത്തവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് ലൈസൻസ് നൽകാമെന്ന ദൽഹി ഹൈക്കോടതിയുടെ വിധി പിന്തുടർന്നാണ് ജോ ഫ്രാൻസിസ് മക്കൾക്കായി ലൈസൻസിന് അപേക്ഷിച്ചത്. എന്നാൽ വലിയൊരു പോരാട്ടമാണ് ഇതിനു വേണ്ടിവന്നത്. ഓഡിയോഗ്രാം നടത്താൻ കൊച്ചിയിലെ ഇ.എൻ.ടി ഡോക്ടർ വിസമ്മതിച്ചതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോകേണ്ടിവന്നു. പലരും നിരുത്സാഹപ്പെടുത്തി. എ.എം.വി. പോലും എങ്ങനെ ഓടിക്കുമെന്നു ചോദിച്ചു. ഒടുവിൽ അവർ ഓടിച്ചു കാണിച്ചുകൊടുത്തു. ആദ്യ ടെസ്റ്റിൽ തന്നെ ടൂ വീലർ, 4 വീലർ ലൈസൻസ് സോഫിയ സ്വന്തമാക്കി. കേരളത്തിൽ ആദ്യമായി വാഹനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ബധിര പെൺകുട്ടിയാണ് സോഫിയ.
ജീവിതത്തിൽ ഏറെ വൈതരണികൾ അതിജീവിച്ചെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ ഒരു തൊഴിൽ ലഭിച്ചില്ല. ഒടുവിൽ മനസ്സ് മടുത്താണ് കടവന്ത്രയിൽ സോഫ് എൻ. റിച്ച് എന്നൊരു ബ്യൂട്ടി ക്ലിനിക്ക് തുടങ്ങിയത്. ഞങ്ങളെല്ലാം കൂടിയായിരുന്നു നടത്തിയത്. സോഫിയയുടെ പരീക്ഷണം അനുജൻ റിച്ചാർഡിലൂടെയായിരുന്നു. മുടിമുറിക്കാനും ഷേവ് ചെയ്യാനും അവർ മടിച്ചില്ല. തികഞ്ഞ കൈയടക്കത്തോടെ ചെയ്യുന്നതുകണ്ട് പലരും അത്ഭുതപ്പെട്ടു. പലരും സങ്കടത്തോടെയാണിത് കണ്ടത്. എട്ടുമാസത്തോളമായി സ്ഥാപനം പ്രവർത്തിക്കുന്നു. എന്നാൽ ആരോഗ്യപരമായി ഞങ്ങൾക്ക് സഹകരിക്കാനാവാതെ വന്നപ്പോൾ അവർ സ്വന്തമായി മാനേജ് ചെയ്യുന്നു. മറ്റൊരാളെ നിർത്തി സ്ഥാപനം പ്രവർത്തിക്കുന്നത്.
ഇതിനിടയിൽ റേസിംഗ് ട്രാക്കിൽ പരിശീലനം നേടണമെന്നായി. അതിനായി പലയിടത്തും അന്വേഷിച്ചിട്ടും നല്ലൊരു ട്രെയിനറെ കിട്ടിയില്ല. ഒടുവിൽ ബാംഗ്ലൂരിൽനിന്നും അനിൽ എന്നൊരാൾ സഹായിക്കാമെന്നേറ്റു. മാസത്തിലൊരിക്കൽ പരിശീലനത്തിന് അഞ്ചു ലക്ഷത്തോളം ചെലവാകും. ബൈക്ക്, ട്രാക്ക്, ട്രാക്ക് സ്യൂട്ട്, ട്രെയിനർ എന്നിവക്കെല്ലാം വാടക നൽകണം. ഒരു വർഷത്തോളം പരിശീലനം നടത്തി. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ റാലി നടത്താനാവുന്നില്ല.
ഹിമാലയത്തിലേക്ക് ബൈക്ക് യാത്ര നടത്തണമെന്ന സ്വപ്നവും സോഫിയക്കുണ്ട്. അതിനും പരിശീലനം ആവശ്യമാണ്. നല്ലൊരു ട്രെയിനറെ കണ്ടെത്തണം. കോയമ്പത്തൂരിൽ നിന്ന് ഒരാൾ എത്തിയെങ്കിലും പ്രതിഫലം നൽകാൻ പണമില്ല. നല്ലൊരു സ്‌പോൺസറെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു- ജോ പറയുന്നു.

സോഫിയയും റിച്ചാർഡും ഓരോ വിജയങ്ങൾ നേടുമ്പോഴും ആ മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ ഉപ്പുരസമുണ്ട്. ഹിന്ദുസ്ഥാൻ പ്രെട്രോളിയത്തിലെ ജോലിയിൽ പ്രമോഷൻ വേണ്ടെന്നുവെച്ച് മക്കൾക്കുവേണ്ടി ജീവിക്കുകയായിരുന്നു അവർ. സ്വന്തമായി വീടുപോലുമില്ല. ഇപ്പോഴും വാടകവീട്ടിലാണ് ജീവിതം. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുള്ളവർ തങ്ങളുടെ ജീവിതം കണ്ടുപഠിക്കണം എന്നാണിവർക്ക് പറയാനുള്ളത്. ഒരിക്കലും അവരെ അവഗണിക്കരുത്. മക്കളെ തന്നില്ലെങ്കിലും ഇത്തരം മക്കളെ വേണ്ടായിരുന്നു എന്ന ചിന്തയും പാടില്ല. അവരെ അവഗണിക്കാതെ അവരുടെ പ്രതിഭ കണ്ടെത്താൻ ശ്രമിക്കുകയാണ് വേണ്ടത് - ജോ പറയുന്നു.
2017 ലെ സ്വാമിവിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് സോഫിയ അർഹയായിരുന്നു. 14 പേരിൽ സ്‌പെഷ്യൽ അവാർഡുണ്ടായിരുന്നു സോഫിയക്ക്. അതുകൊണ്ടുതന്നെ അവൾക്കുമാത്രം കാഷ് പ്രൈസ് കൊടുത്തില്ല. ഈ വിവേചനവും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ട്രോഫികൾ കിട്ടിയിട്ട് എന്തു കാര്യം. ജീവിക്കാനൊരു മാർഗമാണ് അവർക്കു വേണ്ടത്.
എവിടെ പോയാലും അവരെ നോക്കാനുള്ള കഴിവ് അവർക്കുണ്ട് എന്നതാണ് ധൈര്യം. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഏറെ അലട്ടുന്ന ആ പിതാവ് പറഞ്ഞുനിർത്തി.






