വെയിലിൽ കുളിരുന്ന കവിതകൾ 

ആന്തരിക ചോദനകളാൽ ബഹിർസ്ഫുരിക്കുന്നവയാണ് കവിതകൾ. ഉള്ളകങ്ങളിൽ ജ്വലിച്ച് നിൽക്കുന്ന കാവ്യപ്രവാഹത്തെ തടഞ്ഞു നിർത്താൻ കഴിയാതെ വരുമ്പോൾ, ഒരു വിസ്‌ഫോടനമായി അത് ബഹിർഗമിക്കുന്നു. അത്തരം സ്‌ഫോടനാത്മകമകമായ കവിതകൾ സമൂഹത്തെയും വ്യക്തികളെയും നിരന്തരം പ്രകമ്പനം കൊള്ളിക്കുന്നു. ദാർശനികമായും കാൽപനികമായും അവ നമ്മുടെ ചുറ്റുപാടുകളിൽ അദൃശ്യ സാന്നിധ്യമറിയിക്കുന്നു.അത്തരം കവിതകൾ കാലാതിവർത്തിയും ദേശാതിവർത്തിയുമായി പരിണമിക്കുമെന്ന് നിസ്സംശയം പറയാം.
ബഹിയയുടെ കവിതകൾ ആന്തരികമായ ചോദനയിൽ അകമുറിയിൽ പിറവിയെടുത്ത് ഇങ്ങനെ ബഹിർസ്ഫുരണം സംഭവിച്ചവയാണ്. സുന്ദരമായിക്കുമ്പോൾ തന്നെ തീവ്രവുമായിരിക്കുന്നവയാണ് ബഹിയയുടെ ഫുൾ ജാർ ആസിഡ് നന്ദികൾ എന്ന സമാഹാരത്തിലെ കവിതകൾ. വായനക്കാരന്റെ സ്വസ്ഥതകളിൽ ജ്വലിച്ചിറങ്ങുന്ന ഈ കവിതകൾ അവന്റെ ഭൗതികമായ എല്ലാത്തരം അഭിവാഞ്്്ഛകളെയും അണച്ചുകളയുന്നു. പിന്നീടവന്റെ അന്തഃരംഗം നിരന്തരമായ സംഘർഷങ്ങൾക്ക് വേദിയാകുന്നു. ഈ കവിതകളിലൂടെ ബഹിയ വായനക്കാരിലേക്ക് വാക്കുകൾ കൊണ്ട് പടർന്ന് കയറുകയാണ്.
ആതുരമായ ആകുലതകളേയും നിത്യസത്യമായ മരണത്തേയും പ്രണയാർദ്രമായ മനസ്സ് കൊണ്ട് തന്നെ സമീപിച്ച് രോഗക്രീഢകളെ സുന്ദരപുഷ്പങ്ങളാക്കി പരിവർത്തനപ്പെടുത്താൻ ബഹിയയ്ക്ക് കഴിയുന്നുണ്ട് എന്നതിനുള്ള മികച്ച ഉദാഹരണമാണ് 'വിട' എന്ന കവിത..മരണത്തിന്റെ മാസ്മരികമായ സൗന്ദര്യത്തെ , ഒരു പ്രണയിനിയുടെ കവിമനസ്സ് കൊണ്ടാണ് ഈ കവിതയിൽ വരച്ചിടുന്നത്. അർബുദത്തിന്റെ വേദനകളെ ഞണ്ട് കറിയാക്കി രൂപാന്തരപ്പെടുത്തി , ജീവിതത്തിന്റെ സ്വാദ് അനുഭവിപ്പിക്കുകയാണ് കവി.  ഈ വരികളിലൂടെ, ദാർശനികതയും പ്രണയവും ഒരേ വരികളുടെ ഇരു നിഴലുകളാക്കി മാറ്റുന്നതിൽ ബഹിയ ഏറെ സാമർത്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. 
കസ്തൂരിമാൻ കസ്തൂരിയുടെ സുഗന്ധം തേടിയലയുന്നത് പോലെ മനുഷ്യർ സന്തോഷം തേടിയലയുകയാണ്. ആനന്ദത്തിന്റെ പൊരുൾ തേടിയലയുന്ന മനുഷ്യന്റെ നിശ്ശബ്്ദമായ ചോദ്യങ്ങളാണ് 'എവിടെയാണ് നീ ' എന്ന കവിതയിൽ ബഹിയ പറഞ്ഞു വെക്കുന്നത്. മനുഷ്യ മനസ്സകളിൽ അകന്നകന്ന് പോകുന്ന സന്തോഷത്തിന്റെ അസ്തിത്വം തേടിയലയുകയാണ് കവി. ഹൃദയത്തെ ഒരു അപ്പൂപ്പൻ താടിയാക്കി, ഭാരമില്ലാതെ തെളിഞ്ഞ നീലാകാശത്ത് പറന്ന് പരമമായ ആനന്ദത്തെ ഗാഢമായി പുണരാൻ കൊതിക്കുന്ന കവി മനസ്സിനെ ഈ കവിതയിൽ നമുക്ക് കാണാൻ കഴിയും. പണ്ട്, പണ്ട് നടക്കാതെ പോയ ഒരു കഥയുടെ കവിതയിലൂടെ , സ്‌നേഹത്തിന്റേയും കരുണയുടെയും കൃതജ്ഞതയുടെയും കൃതഘ്‌നതയുടെയും നേർച്ചിത്രങ്ങൾ വരച്ചിടുകയാണ് 'നന്ദി കെട്ട നായ' എന്ന കവിതയിൽ. കഥയെ കവിതയാക്കി മാറ്റുകയാണോ, കവിതയെ കഥയാക്കി മാറ്റുകയാണോ എന്ന സംശയം വായനക്കാരിൽ ജനിപ്പിക്കുന്ന വിധത്തിലുള്ള രചനാവൈഭവമാണ് ബഹിയ ഈ കവിതയിൽ പ്രകടിപ്പിച്ചിട്ടുള്ളത്. 
പെൺമനസ്സിന്റെ ഉള്ളറകളിൽ ഒരിക്കലും അണയാത്ത കനൽ ജ്വലിച്ചു നിൽക്കുന്നുണ്ടെന്നും, മൃതമായിക്കിടക്കുമ്പോൾ പോലും ആ കനൽ അങ്ങനെത്തന്നെയുണ്ടാകുമെന്നും സാക്ഷ്യപ്പെടുത്തുകയാണ് 'പിശുക്കന്റെ കൈയിലെ നാണയങ്ങൾ' എന്ന കവിത. സ്ത്രീ നിത്യനിദ്രയിലായിരിക്കുന്ന കുഴിമാടത്തിനരികിലെ മൺതരികൾ പോലും ചൂളയിലെന്നത് പോലെ വെന്ത് പൊള്ളുന്നത് നമുക്ക് അനുഭവിച്ചറിയാൻ കഴിയും. മൃതമായി മാറിയതിന് ശേഷം മാത്രം ചൊരിയുന്ന സ്‌നേഹത്തിന്റെ നിരർത്ഥകതയ്ക്ക് നേരെ, ആ പൊള്ളുന്ന മൺതരികൾ അവൾ വാരിയെറിഞ്ഞേക്കാം. 
മൂർച്ചയുള്ള വാക്കുകൾ കൊണ്ടുള്ള തീവ്രമായ പ്രതിഷേധമാണ് ബഹിയയുടെ കവിതകളുടെ സവിശേഷത. ആ വാക്കുകൾക്ക് മുമ്പിൽ ഭയചകിതരായി നിൽക്കാനേ, പുരുഷകേന്ദ്രീകൃത സമൂഹത്തിന് സാധ്യമാവുകയുള്ളൂ. അങ്ങനെയവൻ 'ചത്തവളുടെ കാട്' തേടി ഭ്രാന്തമായി അലയേണ്ടി വരുന്നു. അത് പുരുഷനാകാം, പുരുഷകേന്ദ്രീകൃത സമൂഹമാകാം. ആത്മഹത്യ ചെയ്ത ഓരോ പെണ്ണിന്റെയും കണ്ണീരുകൾ നിറഞ്ഞൊഴുകുകയാണ് ഇവിടം. അവരുടെ സ്മരണകളിൽ ഓരോ വൃക്ഷത്തൈ നട്ടു വളർത്തിയാൽ അതെല്ലാം ചേർന്ന് മരിച്ച പെണ്ണുങ്ങളുടെ കാടായി മാറും. അഥവാ , ചത്ത പെണ്ണുങ്ങളുടെ കാട്. സ്ത്രീയോടും പരിസ്ഥിതിയോടുമുള്ള കരുതലുകളെ ഒരേ സമയം ഒരു കവിതയുടെ ഇരു വശങ്ങളിലായി ചേർത്ത് വെച്ചിരിക്കുകയാണ് കവി. പെണ്ണും കാടും അത്രമേൽ തന്നിൽ അന്തർലീനമായിരിക്കുകയാണെന്ന് കവി വെളിപ്പെടുത്തുന്നു. താൻ സ്ത്രീയായിരിക്കുമ്പോൾ തന്നെ പ്രകൃതിയായി മാറുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
കർമ്മങ്ങളെ ധർമ്മത്തിന് തീറെഴുതി, ലോകത്തെ പുതുക്കിപ്പണിയാൻ കൊതിക്കുന്ന ഒരു കവിയെ ‘ അനന്തരം ' എന്ന കവിതയിൽ കാണാൻ സാധിക്കും. കവിയിൽ നിറസാന്നിധ്യമായി മാറിയ ഈശ്വരപ്രേമത്തെ വേർതിരിച്ചെടുക്കാൻ സാധിക്കുന്ന കവിതയാണ് ആദിപാപം. കല്ലറയുടെ നിത്യമായ ഏകാന്തതയിൽ , ഈശ്വരനെ മാത്രം ധ്യാനിക്കാൻ കൊതിക്കുന്ന ഒരു കവി മനസ്സിനെ ഇവിടെ കാണാൻ സാധിക്കുന്നു. അതേ സമയം, ഒരു കവിത വ്യത്യസ്മായ മാനങ്ങളിൽ വായിച്ചെടുക്കുമ്പോൾ, മനുഷ്യപ്രണയത്തിന്റെ സാധ്യതകളിലേക്കും ഈ കവിതയിലൂടെ ഇറങ്ങി നടക്കാൻ കഴിയും. ഒരേ സമയം നശ്വരതയും അനശ്വരതയും മുഖാമുഖം നിൽക്കുന്ന കവിത. മനുഷ്യൻ എപ്പോഴും , അവന്റെ കണ്ണുകൾക്ക് സുഖം പകരുന്നവയേയും മനസ്സിനും ശരീരത്തിനും കുളിര് പകരുന്നവയേയും മാത്രം ഇഷ്ടപ്പെടുകയും അതിൽ നിന്നും അനുഭൂതി നുകരാനും ആഗ്രഹിക്കുന്നു. മഴയോട് എതിരിട്ട് നിൽക്കുന്ന വെയിലിനെ അവനെപ്പോഴും തന്നിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുന്നു. മഴയുടെ കുളിരെന്ന പോലെ വെയിലിന്റെ പൊള്ളലുകളേയും ഇരു വശങ്ങളിലേക്കും കൈകൾ നീട്ടി സ്വീകരിക്കാൻ കവി പറയുന്നുണ്ട്, വെയിൽ നനയുന്നവൾ എന്ന കവിതയിൽ. മഴയും വെയിലും യഥാക്രമം ജീവിതത്തേയും മരണത്തേയും പ്രതിനിധീകരിക്കുന്നു. ജീവിതത്തോട് നാം എത്രത്തോളം ആസക്തിയുള്ളവരായിരിക്കുന്നുവോ, അത്രത്തോളം തന്നെ മരണത്തോടും ആസക്തിയും അനുരാഗവുമുള്ളവരായിത്തീരുക. സുഖങ്ങളോടെന്ന പോലെ ദുഖങ്ങളോടും അനുരഞ്ജിതരാകാൻ കവി പ്രേരിപ്പിക്കുന്നു. വെയിലിൽ കുളിരാൻ കഴിയുമ്പോഴാണ് ജീവിതം സാർത്ഥകമാകുന്നത്. സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ തേടിയലയുന്ന എന്നെ  ആവിഷ്‌കരിക്കുന്നു, ഒരു ഞാനുണ്ടായിരുന്നു എന്ന കവിതയിൽ .
എനിക്ക് എന്നെ നഷ്ടപ്പെടുമ്പോഴുള്ള ആത്മരോദനത്തിന്റെ നേർത്ത രോദനമാണ് ഈ കവിത. വൈരുധ്യാത്മക സാമൂഹ്യബോധത്തിന് നേരെയുള്ള വാക്കേറാണ്  ‘ ഒറ്റയ്ക്ക് വ്യഭിചരിക്കുന്നവൾ ' എന്ന കവിത. സ്ത്രീയെ പുരുഷൻ പിഴപ്പിക്കുമ്പോഴും സ്ത്രീ മാത്രം വിചാരണ ചെയ്യപ്പെടുന്ന ഏകപക്ഷീയ നീതിബോധത്തെ വക്രോക്തികമായി പരിഹസിക്കുകയാണ് കവി. പുരുഷൻ ഉധൃതവികാരത്തിന് ശമനം തേടിയലയുമ്പോഴും , അവൻ അവളെ , പുരുഷനെ തേടിയലയുന്നവളായി ചിത്രീകരിക്കുകയാണ്.  ' പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ' എന്ന് യേശു പറയുന്നിടത്തും വ്യഭിചാര ശിക്ഷാവിധിക്ക് സത്യസന്ധരായ നാല് നേർസാക്ഷികളുണ്ടാകണമെന്ന് മുഹമ്മദ് നബി നിയമം ക്രോഡീകരിക്കുമ്പോഴുമെല്ലാം ലക്ഷ്യം വെച്ചിരുന്നത്. കാലങ്ങളായി സ്ത്രീകൾ മാത്രം വിചാരണ ചെയ്യപ്പെടുന്നതിലെ അനീതി നിർമ്മാർജ്ജനം ചെയ്യുക എന്നതായിരുന്നുവെന്ന് അസന്ദിഗ്ധം രേഖപ്പെടുത്താൻ സാധിക്കും.
ഒരു പെണ്ണ് ജനിച്ച്, ജീവിച്ച്, മരിച്ച് പോകുമ്പോൾ , നടക്കാതെ പോയതിനോടുള്ള പരിഹാസ രൂപത്തിലുള്ള നന്ദിയോതലാണ് 'ഫുൾ ജാർ ആസിഡ് നന്ദികൾ'. നിസ്സഹായതയുടെ കരവലയത്തിൽ അമർന്ന് പോയ ഓരോ പെൺ ജീവിതങ്ങളുടെയും ചിന്തകളുടെ ആവിഷ്‌കാരമാണ് ഈ കവിത. 
ആസിഡുകളിലും കഠാരകളിലും തീർന്ന് പോയവളുമാരുടെ നിലയ്ക്കാത്ത കരച്ചിലുകളുടെ സംയോജനം ഒരു കവിതയായി മാറിയിരിക്കുന്നു. 
ബാഹ്യമായ വാഗ്കൂനകൾക്കപ്പുറം ഗുപ്തമായൊഴുകുന്ന ആശയസമുദ്രമാണ് ബഹിയയുടെ കവിതകൾ . ദ്വിമാനങ്ങളിലൂടെ വായിച്ചെടുക്കേണ്ടവയാണ് ഓരോ കവിതകളും. സ്ത്രീ എന്ന സമസ്യയും ഈശ്വരൻ എന്ന അനശ്വരതയും സമൂഹമെന്ന ക്രൗര്യവും പ്രകൃതിയെന്ന എന്ന തരളിതയും നിറഞ്ഞൊഴുകുന്നു എന്നതാണ് ബഹിയയുടെ കവിതകളുടെ പൊതു സവിശേഷത. ചില കവിതകളിലെങ്കിലും ഭക്തിയും പ്രണയവും ഇഴ പിരിഞ്ഞിരിക്കുന്നത് കാണാം. പറയാതെ പറഞ്ഞ സൂഫീഗീതങ്ങളുടെ ആർദ്രത ഈ കവിതകളിൽ കാണാം.
മലയാള കാവ്യശാഖയ്ക്ക് മൗനമായ ഒരു വാഗ്ദാനമാണ് ബഹിയയുടെ കവിതകൾ. കാലത്തിനും ദേശത്തിനുമപ്പുറത്തേക്ക് സ്വയം സഞ്ചരിക്കുന്ന ഒട്ടേറെ കവിതകൾ ഇനിയും പിറവിയെടുക്കട്ടെ എന്ന ആഗ്രഹത്തോടെ, കവിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
 

Latest News