കുറ്റിയാടിപ്പുഴ വീണ്ടും ചുവന്നപ്പോൾ 

മാതൃഭൂമി ന്യൂസും സി ഫോറും ചേർന്ന് നടത്തിയ സർവേ ഫലങ്ങളാണ് വെള്ളിയാഴ്ച രാത്രി പുറത്തുവന്നത്. മീഡിയ വണ്ണിന്റേത് അതിന് മുമ്പും വന്നു. രണ്ടു സർവേകളുടേയും സവിശേഷത ഇതിന് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ലീഡ് എൽ.ഡി.എഫിന് ലഭിക്കില്ലെന്നതാണ്. 75-79 റെയ്്ഞ്ചിലേക്ക്് ഭൂരിപക്ഷം താഴാനാണ് സാധ്യത.  മറ്റെല്ലാവരും ചെയ്തത് പോലെ ഭരണതുടർച്ച എന്ന ഒറ്റ ഉത്തരം കണ്ടെത്തുന്ന രീതിയായിരുന്നില്ല മാതൃഭൂമിയ്ക്ക്. ഏറ്റവും വെറുക്കപ്പെട്ട (മോസ്റ്റ് ഹേറ്റഡ്) കക്ഷി ഏതെന്ന് മനസിലാക്കാനും സർവേയ്ക്ക് ചുമതലപ്പെടുത്തിയ ഏജൻസി ശ്രമിച്ചു. 34 ശതമാനം നേടിയ  ബി.ജെ.പിയാണ് ഏറ്റവും വെറുക്കപ്പെട്ട കക്ഷി. മാതൃഭൂമി ന്യൂസിൽ ലൈവായി ഫലം വരുമ്പോൾ ഇത് പാനലിലെ ബി.ജെ.പി പ്രതിനിധിയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. അവതാരകൻ ഏറെ പ്രയാസപ്പെട്ടാണ് പറഞ്ഞു മനസ്സിലാക്കിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കുന്നവരുടെ എണ്ണം കൂടിയതും ശ്രദ്ധേയമായി. കേരളത്തിലെ തെരഞ്ഞെടുപ്പ് അമേരിക്കൻ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെ വ്യക്തിയിൽ കേന്ദ്രീകരിക്കുന്നത് ഇതാദ്യമാണ്. പിണറായി ഒരു വശത്തും എതിരാളികൾ മറുപക്ഷത്തും. സർവേ ഫലം കണ്ട്് ആശ്വസിക്കാൻ വരട്ടെ. പത്തിൽ താഴെ ഭൂരിപക്ഷവുമായി പുതിയ എൽ.ഡി.എഫ് സർക്കാർ വന്നുവെന്നിരിക്കട്ടെ. പഴയത് പോലെ സി.പി.ഐയുടെ കൂടി പിൻബലത്തിൽ ഭരിക്കാവുന്ന അവസ്ഥയല്ല. നോട്ടെണ്ണുന്ന മെഷീൻ കൈവശമുള്ള ചെറു പാർട്ടിയുമുണ്ട്. ഇതെങ്ങാനും അഞ്ചാറ് സീറ്റുകൾ നേടി വില പേശാൻ തുടങ്ങിയാൽ എന്താവും സ്ഥിതി? വലിയ പുള്ളി ജീവിച്ചിരുന്ന കാലത്ത് കേന്ദ്ര മന്ത്രിയാക്കാൻ മോഡിജിയുടെ പാർട്ടിയെ വരെ സമീപിച്ചിരുന്നുവെന്നാണ് കരക്കമ്പി. നാടകമേ ഉലകം. ഏതായാലും കുറ്റിയാടിക്കാർ പാർട്ടിയെ തിരുത്തി. ബൂത്തിലിരിക്കാൻ പോലും ആളില്ലാത്ത പാർട്ടിയെ ഒഴിവാക്കി അരിവാളും മുട്ടിയും തന്നെ കരസ്ഥമാക്കി. ഇപ്പോൾ വരുന്ന സർവേകളെയൊന്നും നമ്പേണ്ടതില്ലെന്ന്് പറഞ്ഞത് ചെന്നിത്തല മാത്രമല്ല, ഏറ്റവും വിഷമം പിടിച്ച ദിവസങ്ങളിൽ സംസ്ഥാന ഭരണത്തെ ചാനലുകളിൽ ന്യായീകരിച്ച എ.എ റഹീം കൂടിയാണ്. കുറ്റിയാടി സീറ്റ് ജോസ് മോൻ വേണ്ടെന്ന്് പറഞ്ഞപ്പോൾ റഹീമിന്റെ പേര് കേട്ടിരുന്നു. ഇതിന്റെ ക്രെഡിറ്റ് ഞങ്ങൾക്കാണെന്ന് സോഷ്യൽ മീഡിയയിൽ ബഹളവുമുണ്ടായിരുന്നു. 
തലശ്ശേരിയ്ക്കടുത്ത ധർമടം മണ്ഡലം മുഴുവൻ പര്യടനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ മറ്റു ജില്ലകളിലെ പ്രചാരണ തിരക്കിലാണ്. ധർമടത്ത്് ആരാവും എതിരാളിയെന്നത് നോക്കി താൽപര്യപൂർവം ഇരിക്കുകയായിരുന്നു മലയാളികൾ. അപ്പോഴതാ കെ.പി.സി.സി പ്രസിഡന്റ് കരുത്തനാണ് വരികയെന്ന് പറയുന്നു. നേമത്തെ പോലെ അപ്രതീക്ഷിതൻ വരുമെന്നായി ഫ്ഌഷ്. വാളയാറിലെ അമ്മയെ അല്ലേ ഉദ്ദേശിച്ചതെന്നായി ആദ്യ സംശയം. തുടർന്ന് ക്യാമറകളത്രയും കണ്ണൂരിലെ കരുത്തനെ ഫോക്കസ് ചെയ്തു. ഇതിപ്പോൾ എല്ലാം കൂടി പഞ്ചാബി ഹൗസ് സിനിമയിലെ ഗുസ്തി രംഗം പോലെയായി. സോണിയയാരെന്ന്് വ്യക്തമായ കൊച്ചിൻ ഹനീഫ ഹരിശ്രീയെ ഗോദയിലിറക്കി തടി സലാമത്താക്കിയത് പോലൊരു അനുഭവം. 
*** *** ***
നമ്മളെ നയിച്ചവർ ജയിക്കണം, തുടർച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം  ഗായിക സിതാര പാടി അവസാനിപ്പിച്ചത് തെരഞ്ഞെടുപ്പ് കാലത്തെ ഒരു ഹിറ്റ് ഗാനം കൂടിയായിരുന്നു. ലക്ഷത്തിനടുത്ത്്   പേരാണ് പാട്ട് ഇത് വരെ  എൽ.ഡി.എഫ് കേരളത്തിന്റെ   യൂടൂബ് ചാനലിൽ കണ്ടത്.  പാട്ടിന് മികച്ച പ്രതികരണമാണ്  സാമൂഹിക മാധ്യമങ്ങളിലെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നത്.  പാട്ടിന് ലഭിച്ച മികച്ച  പ്രതികരണത്തിന്  പിന്നണിയിലുണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചു സിതാര ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അഞ്ച് വർഷത്തിനുള്ളിലെ എൽ.ഡി.എഫിന്റെ ഭരണ നേട്ടങ്ങളെല്ലാം വിവരിക്കുന്നതാണ് ഗാനം. പാട്ട് കേട്ട് പോളിങ്ങ് ബൂത്തിലെത്തിയാൽ അറിയാതെ എൽ.ഡി.എഫിന് വോട്ട് ചെയ്ത് പോകും എന്ന് വരെയുള്ള കമന്റുകളും പാട്ടിന് ലഭിച്ചു.
*** *** ***
അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ്് നടക്കുന്നതിന് ഒരു ഗുണമുണ്ടായി. കഴിഞ്ഞ മൂന്നാഴ്ചയായി പെട്രോൾ-ഡീസൽ വില കൂടുന്നതേയില്ല. നിത്യേന രണ്ടും മൂന്നും രൂപ കൂടിയ സാധനമാണിപ്പോൾ മര്യാദക്കാരനായത്. എങ്ങനെയും ഭരണം പിടിക്കാനിറങ്ങിയ സർക്കാർ കഴിഞ്ഞ 20 ദിവസമായി എണ്ണവില വർധന മരവിപ്പിച്ചത് കാരണം പണി കിട്ടിയിരിക്കുന്നത് എണ്ണക്കമ്പനികൾക്കാണ്. ദിനംപ്രതി കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന ഇന്ധനവില എന്ന ചർച്ചാവിഷയം കുറച്ചു ദിവസമായി കേൾക്കാനില്ല.  അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ച് ഇന്ത്യയിൽ വില കൂട്ടാൻ സർക്കാർ കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. ഇത് മുതലെടുത്ത് ഓരോ ദിവസവും തുടർച്ചയായി വില കൂട്ടിക്കൊണ്ടിരുന്ന കമ്പനികൾക്ക് ലാഭം ഇരട്ടിയാക്കാനുള്ള അവസരമാണ്  വിലവർധന മരവിപ്പിച്ചതിനാൽ തത്കാലം മുടങ്ങിയത്.
ഫെബ്രുവരി 27നു ശേഷം ഇന്ധന വില ഉയർത്തിയിട്ടില്ല. അന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 64.68 ഡോളറായിരുന്നു. ഇടക്ക് 68.42 ഡോളർ വരെയെത്തി. എന്നിട്ടും വില വർധിച്ചില്ല. ഇന്ധന കമ്പനികൾ ഇതേ കുറിച്ച് പ്രതികരിക്കുന്നുമില്ല. മുമ്പ് രാജ്യാന്തര വിപണിയിൽ കുറഞ്ഞപ്പോഴും ഇന്ത്യയിൽ വില ഉയർത്തുന്നത് തുടർക്കഥയായിരുന്നു. ഫെബ്രുവരി 17നാണ് ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില 100 കടന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും, മധ്യപ്രദേശിലെ ഭോപാലിലുമായിരുന്നു ആദ്യം ഇന്ധനവില സെഞ്ച്വറിയടിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റിടങ്ങളിലും വില മൂന്നക്കം കടന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 90 രൂപക്ക് മുകളിലാണ് ഇപ്പോൾ ഇന്ധന വില. എണ്ണവില മാത്രമല്ല, പാചക വാതക വിലയും ഡിസംബറിനു ശേഷം മാത്രം 175 രൂപ ഉയർന്നിട്ടുണ്ട്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 2018ലും സമാനമായി കേന്ദ്രം ഇടപെട്ട് വില വർധന 19 ദിവസത്തേക്ക് അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു.
*** *** ***
തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണന  സാധ്യത  വർദ്ധിപ്പിക്കുന്നതിനും  പ്രചാരം കൂട്ടുന്നതിനുമുള്ള ഏറ്റവും വലിയ   മാർഗമാണ് പരസ്യങ്ങൾ.  പരസ്യങ്ങൾ ഉപഭോക്താവിൽ ചെലുത്തുന്ന സ്വാധീനം വളരെയാണ്. എന്നാൽ, പരസ്യങ്ങൾക്ക്  ഏറ്റവുമധികം സ്വാധീനം ചെലുത്താൻ കഴിയുന്നത് കുട്ടികളെയാണ് എന്ന  വസ്തുത വിസ്മരിക്കാനാവില്ല.  കുട്ടികളിലൂടെ വിപണി പിടിച്ചടക്കാൻ വ്യാപാരികൾ നടത്തുന്ന തന്ത്രങ്ങൾ ചിലപ്പോൾ അവർക്ക് തന്നെ വിനയായി മാറും. അത്തരത്തിലൊരു സംഭവമാണ്  രാജസ്ഥാനിലെ  ജയ്പൂരിൽനിന്നും പുറത്തു വരുന്നത്.
പിതാവിന്റെ വാക്കുകൾ അവഗണിച്ച ആറാം ക്ലാസുകാരനായ ഒരു ആൺകുട്ടിയാണ് സംഭവത്തിലെ മുഖ്യ കഥാപാത്രം.   പിതാവ് പറഞ്ഞ കാര്യം ആദ്യം അവൻ അവഗണിച്ചു. പിന്നീട് പിതാവ് ഇതേ കാര്യം വീണ്ടും ചെയ്യാൻ  പിതാവ് ആവർത്തിച്ചപ്പോൾ   വീണ്ടും  അവഗണിച്ചു.  പിതാവ് ചോദ്യം ചെയ്തപ്പോൾ    ഈ  കാഡ്ബറി ചോക്ലേറ്റ് പരസ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കുട്ടി, ‘ജോലി ചെയ്യാതിരുന്നും സഹായിക്കാൻ സാധിക്കും '  എന്ന് മറുപടി നൽകി. കുട്ടിയുടെ ഈ മറുപടിയിൽനിന്നും  കാഡ്ബറി പരസ്യം തന്റെ കുട്ടിയെ  എത്രമാത്രം  സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കിയ പിതാവ് പരാതിയുമായി  ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് നൽകിയ അദ്ദേഹം   അഞ്ച് ലക്ഷം നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. ചില പരസ്യങ്ങൾ സമൂഹത്തിന് തെറ്റായ  സന്ദേശം നൽകുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചിരിയ്ക്കുന്നത്. അതേ പോലെ മലയാളം ചാനലുകളിൽ വരുന്ന നായർ മാട്രിമോണി പരസ്യത്തിൽ ഒരു പുരുഷ വിരുദ്ധതതയില്ലേയെന്ന്് ചിലർക്കൊക്കെ സംശയം. നായർ മാട്രിമോണിയിൽ കൂടിയാണ് ഞാൻ ഹരിയെ കണ്ടെത്തിയതെന്ന്് പറയുന്ന സ്ത്രീ നല്ല പവറിൽ കടന്നു പോകുന്നു. വിമാന പൈലറ്റോ, എയർഹോസ്റ്റസോ ആണ് ഇവരുടെ ജോലി. പാവം ഹരി വീട്ടിൽ സാമ്പാറും തോരനുമുണ്ടാക്കിയിരിക്കാം. 
*** *** ***
ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് നിഖില വിമൽ. ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലും ഒരു സുപ്രധാന വേഷത്തിൽ നിഖില എത്തിയിരുന്നു. ഇപ്പോൾ ബിഗ്‌ബോസ് ഷോയിൽ തനിക്കും ക്ഷണം ലഭിച്ചിരുന്നു എന്ന് പറയുകയാണ് നിഖില വിമൽ. ബിഗ്‌ബോസിന്റെ തമിഴ് പതിപ്പിലേക്കാണ് താരത്തിന് ക്ഷണം ലഭിച്ചത്. എന്നാൽ അത് നിരസിക്കുകയായിരുന്നെന്നും ഒരഭിമുഖത്തിൽ നടി പറഞ്ഞു.ബിഗ്‌ബോസിൽ വൈൽഡ് കാർഡ് എൻട്രി ലഭിച്ചാൽ പോകുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'ഇല്ല. ബിഗ്‌ബോസിലേക്ക് പലപ്രാവശ്യം എൻട്രി കിട്ടിയിട്ടുണ്ട് പോയിട്ടില്ല. തമിഴ് ബിഗ്‌ബോസിലേക്ക് വിളിച്ചിട്ടുണ്ട്. എനിക്ക് താൽപര്യമില്ലായിരുന്നു', നിഖില പറഞ്ഞു.
ബാലതാരമായാണ് നിഖില സിനിമയിലെത്തിയത്. ലവ് 24*7 എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. എന്തിനാ വെറുതേ ബിഗ്‌ബോസിലൊക്കെ ചെന്ന് സമയം കളയുന്നു? മമ്മുക്കയുടെ കൂടെ ഒരു പത്രസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ലഭിച്ച കവറേജ് വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്? 
*** *** ***
പനിയെല്ലാം മാറി സുരേഷ് ഗോപി വീണ്ടും സ്ഥാനാർഥിയാവാനെത്തി. തൃശൂർ ഞാനിങ്ങെടുക്കുവാ എന്നത് തന്നെ പരിപാടി. സ്്‌മോൾ സ്‌കെയിലായി ചുരുക്കിയിട്ടുണ്ട്. പാർലമെന്ററി വ്യാമോഹം കളഞ്ഞ് നിയമസഭയിലേക്കാണ് മത്സരം. ഇപ്രാവശ്യം എടുക്കാനുറപ്പിച്ചു വന്നതിനാൽ ഹെലികോപ്്ടറിലാണ് ലാൻഡ് ചെയ്തത്. കണ്ണന്റെ ഗുരുവായൂരിനോട് ചെയ്തത് അനീതിയായി. വേറൊരാൾ കൂടിയുണ്ട് ഹെലികോപ്്ടറിൽ പറക്കാൻ. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
 രണ്ടിടത്തും തോൽക്കാനായി നിൽക്കുന്ന ആളെന്ന്് വിശേഷിപ്പിച്ച്് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഒരു ഫാൻ പറയുന്നത് ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളുവെന്നാണ്.
 

Latest News