പ്രസംഗിച്ചിടത്തെല്ലാം സദസ്യരെ പൊട്ടിച്ചിരിപ്പിച്ച സഞ്ജയന്റെ നാട്ടുകാരൻ കെ.പി. കുഞ്ഞിമൂസ മലബാറിലെ സാംസ്‌കാരിക രംഗത്ത് ശൂന്യത സൃഷ്ടിച്ചാണ് വിട വാങ്ങിയത്.
എല്ലാവരേയും സദാ ചിരിപ്പിക്കാറുള്ള കെ.പി കുഞ്ഞിമൂസ വിട പറഞ്ഞിട്ട് രണ്ട് വർഷമാകുന്നു. കോഴിക്കോട് നഗരമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. തലശ്ശേരി, ബ്രണ്ണൻ കോളജ്, തലശ്ശേരി വിഭവങ്ങൾ എന്നീ കാര്യങ്ങൾ സംസാരിക്കാൻ നൂറ് നാവായിരുന്നു. കോഴിക്കോട്ടെ വേദികളെ സജീവമാക്കാറുള്ള അദ്ദേഹത്തിന്റെ അഭാവം ശരിക്കും അറിയാനുണ്ട്. അല്ലെങ്കിലേ മനുഷ്യർ സദാ മൊബൈൽ ഫോണും കുത്തി സമയം പാഴാക്കുന്ന ഇക്കാലത്ത് തമ്മിൽ മിണ്ടിയും പറഞ്ഞും ജീവിക്കുന്നതെങ്ങിനെയെന്ന് പഠിപ്പിച്ച ഗുരുനാഥനായിരുന്നു അദ്ദേഹം. തലശ്ശേരിയിലെ ആത്മമിത്രങ്ങളായ പ്രൊഫ. എ.പി സുബൈറും അഡ്വ. പി.വി സൈനുദ്ദീനും മുൻകൈയടുത്ത്് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ഒരു ഓർമ പുസ്തകം പുറത്തിറക്കി. ഈ മാസാദ്യം തലശ്ശരിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനായത് മഹാഭാഗ്യമായി കരുതുന്നു.

കോഴിക്കോട്ടെ കാലിക്കറ്റ് ടൈംസിൽ പത്രപ്രവർത്തനത്തിന് ഹരിശ്രീ കുറിച്ചിട്ട് മൂന്ന് ദശകങ്ങളായി. പത്രവും ഡെസ്‌കും എന്താണെന്ന് മനസ്സിലാക്കി വരുന്ന കാലത്ത് ആദ്യമായി പരിചയപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.പി കുഞ്ഞിമൂസക്കയായിരുന്നു. കമ്മത്ത് ഇടവഴിയിലെ മൂന്ന് നില കെട്ടിടത്തിന്റെ താഴെ നിലയിലെ ഇടുങ്ങിയ മുറിയിലായിരുന്നു എഡിറ്റോറിയൽ. മാതൃഭൂമിയിൽ നിന്ന് വിരമിച്ച ഡെപ്യൂട്ടി എഡിറ്റർ വിംസി എന്ന വി.എം ബാലചന്ദ്രൻ ഞങ്ങളെ നയിക്കുന്നു. സബ് എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കും പുറമേ നഗരത്തിലെ അറിയപ്പെടുന്ന ഗസ്റ്റ് ജേണലിസ്റ്റുകൾ കോൺട്രിബ്യൂട്ടർമാരായുമുണ്ട്. തലശ്ശേരി കത്ത്, കാലിക്കറ്റ് ഡയറി എന്നീ രണ്ട് കോളങ്ങളാണ് അക്കാലത്ത് കുഞ്ഞിമൂസ പത്രത്തിൽ ചെയ്തു കൊണ്ടിരുന്നത്. ഇതേൽപിക്കാൻ ടൈംസിലെത്തുന്ന അദ്ദേഹം അധിക നേരം അവിടെയുണ്ടാവാറില്ല. മിന്നൽ വേഗത്തിൽ സ്‌കൂട്ടറിൽ പറക്കുകയായി. ചന്ദ്രിക, പ്രസ് ക്ലബ് എന്നീ ലക്ഷ്യങ്ങളിലേക്ക്.

കോഴിക്കോട്ടെ പ്രസ് ക്ലബിന് ഒരു സവിശേഷതയുണ്ട്. കേരളത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രസ് ക്ലബാണ്. ഇപ്പോൾ അഞ്ഞൂറിന് പുറത്ത് അംഗങ്ങൾ. കുഞ്ഞിമൂസ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചപ്പോൾ ഇരുനൂറ്റി ഇരുപത് അംഗങ്ങളും. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ അച്ചടിച്ചിറങ്ങുന്ന കേന്ദ്രമായതിനാലാണ് കോഴിക്കോട് പ്രസ് ക്ലബിൽ അംഗ സംഖ്യ കൂടിയത്. മുൻ പ്രസിഡന്റുമാരുടെ പട്ടികയിൽ കെ.പി കുഞ്ഞിമൂസ എന്ന പേര് സ്ഥാനം പിടിച്ചത് എൺപതുകളിലാണ്. 90ന്റെ രണ്ടാം പാതിയിൽ അദ്ദേഹം വീണ്ടും മത്സരിച്ചു. വിരലിലെണ്ണാവുന്ന വോട്ടുകളുടെ വ്യത്യാസത്തിനാണ് മാതൃഭൂമിയിലെ ബി.എം ഗഫൂറിനോട് തോറ്റത്. വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു. പത്രക്കാരിൽ സ്വന്തമായി കാറുള്ളവർ വളരെ ചുരുക്കം. ഹിന്ദുവിലെ അജിത്തിന്റെ മാരുതി 800ൽ ഞങ്ങളും ബി.എം ഗഫൂറിന്റെ 800ൽ മറുപക്ഷവും വോട്ടുകൾ തേടി കറങ്ങി.

തെരഞ്ഞെടുപ്പു കാലത്ത് ഒരു രസകരമായ അനുഭവമുണ്ടായി. ദേശാഭിമാനിയിലെ കെ.എം അബ്ബാസിന്റെ വോട്ട് ഉറപ്പിക്കാൻ എതിർ ചേരിക്കാർ അങ്ങോട്ട് കുതിക്കുന്നു. അവർ പോകുന്നത് ഏത് ദിശയിലാണെന്ന് മനസ്സിലാക്കിയ കെ.പിയ്ക്ക് ചിരി അടക്കാനായില്ല. അബ്ബാസ്‌ക്കാക്ക് യൂനിയൻ അംഗത്വമില്ലായിരുന്നു. ഇതറിയാതെയാണ് ഗഫൂർക്കയും കമ്പനിയും അങ്ങോട്ട് കുതിച്ചത്.
പത്രപ്രവർത്തക യൂനിയൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, ദേശീയ നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് പിരിഞ്ഞ കെ.പി പിൽക്കാലത്ത് സീനിയർ ജേണലിസ്റ്റ് ഫോറം സെക്രട്ടറിയുമായിരുന്നു. പ്രസ് അക്കാദമി, ജേണലിസ്റ്റ് ഫാക്കൽറ്റി, അക്രഡിറ്റേഷൻ കമ്മിറ്റി, അവാർഡ് ജഡ്ജിംഗ് കമ്മിറ്റി എന്നീ സമിതികളിൽ പ്രവർത്തിച്ചും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനായ ഇദ്ദേഹം ഏതു വിഷയവും മണിക്കൂറുകളോളം സംസാരിക്കും. പത്രപ്രവർത്തനത്തെപ്പറ്റി വിശദമായി ക്ലാസെടുക്കാറുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകരെല്ലാം കുഞ്ഞിമൂസയുടെ ഉറ്റമിത്രങ്ങളായിരുന്നു. മനോരമയിലെ കെ. അബൂബക്കർ, മംഗളം ജനറൽ എഡിറ്ററായിരുന്ന കെ.എം റോയ്, ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന സി.എം അബ്ദുറഹിമാൻ, പരേതനായ വീക്ഷണത്തിലെ അമ്പലപ്പള്ളി മാമുക്കോയ, ദ ഹിന്ദുവിലെ ആർ. മാധവൻ നായർ എന്നിങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക.
ചന്ദ്രികയുടെ പ്രസിദ്ധീകരണങ്ങൾ വൻ വിജയമാക്കാൻ അദ്ദേഹം ഏറെ ഉത്സാഹിച്ചു. ചന്ദ്രിക ആഴ്ചപതിപ്പിന്റെ ചുമതലക്കാരനായിരുന്നപ്പോൾ മംഗളം ബ്യൂറോയിലെത്തി സ്വാതന്ത്ര്യദിന സ്‌പെഷ്യലിലും മറ്റു ലക്കങ്ങളിലും എഴുതാൻ പ്രോത്സാഹിപ്പിക്കുമായിരുന്നു. അക്കാലത്ത് ചന്ദ്രിക നൽകുന്ന പരമാവധി പ്രതിഫലമായ 75 രൂപയുടെ മണി ഓർഡർ ലഭിക്കുകയും ചെയ്യും. അച്ചടിച്ചു വരുമ്പോൾ ബ്യൂറോയിലെ ചെലവ് ഇതിലും കൂടുതൽ വരുമെന്ന് കെ.പിക്ക് നന്നായി അറിയാമെന്നത് വേറെ കാര്യം.
കെ.പി പത്രപ്രവർത്തനവും ടു വീലർ അസോസിയേഷനുമായി കോഴിക്കോട് നഗരത്തിൽ സജീവമായ നാളുകളിലാണ് കൂടുതൽ അടുത്തിട പഴകുന്നത്. നിർബന്ധ നമസ്‌കാരങ്ങൾ മുടക്കാത്ത അദ്ദേഹം കുടുംബമൊന്നിച്ച് വിനോദ പരിപാടികളും ആസ്വദിച്ചിരുന്നു. കോഴിക്കോട് രാധാ തിയേറ്ററിൽ പൂച്ചക്കൊരു മൂക്കുത്തി സിനിമ കാണാനെത്തിയപ്പോൾ പ്രിയതമയും ഒപ്പമുണ്ടായിരുന്നു. ഭക്ഷണ പ്രിയനായ കെ.പി സുഹൃത്തുക്കളെ സൽക്കരിക്കുന്ന കാര്യത്തിലും മിടുക്ക് പ്രകടിപ്പിച്ചു. പന്നിയങ്കര മൈത്രിയിലേയും തലശ്ശേരി പുന്നോലിലെ തറവാട്ടിലേയും ഭക്ഷ്യ വിഭവങ്ങളുടെ രുചിയും മറക്കാനാവില്ല.

കുഞ്ഞിമൂസക്കയോടൊപ്പം തലശ്ശരിയിൽ പല തവണ ചെന്നിട്ടുണ്ട്. ഭക്ഷണ കാര്യത്തിൽ നിയന്ത്രണങ്ങൾ വരുന്നതിന് മുമ്പ് ഏറ്റവും നല്ല കല്ലുമക്കായ ഫ്രൈ ലഭിക്കുന്നിടമായിരിക്കും യാത്രാ ലക്ഷ്യങ്ങൾ. അദ്ദേഹത്തിന്റെ ഉറ്റമിത്രം പ്രൊഫ.എ.പി സുബൈറിന് കണ്ണൂർ-തലശ്ശേരി സമാന്തര പാതയിൽ ഏറ്റവും രുചികരമായ ഐറ്റം ലഭിക്കുന്ന കടകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായതിന് കാരണം വേറെ അന്വേഷിക്കേണ്ടതില്ല. തലശ്ശേരിയിൽ നിന്ന് അഡ്വ.പി.വി സൈനുദ്ദീനും കുഞ്ഞിമൂസക്കുമൊപ്പം ഒരിക്കൽ മെരുവമ്പായിലേക്ക് ചെന്നു. സാംസ്‌കാരിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഉദ്ദേശ്യം. അത് കഴിഞ്ഞപ്പോൾ കമ്മിറ്റിക്കാർ മക്ബറ തുറന്നു കാണാൻ സൗകര്യം ചെയ്തു തന്നു. ഇതിന് മുമ്പ് സി.എം. ഇബ്രാഹിം വന്നപ്പോൾ മാത്രേമ ഇതു പോലെ ചെയ്തിട്ടുള്ളുവന്ന് അവർ പറഞ്ഞപ്പോൾ കെ.പിയുടെ സ്വീകാര്യത എത്രത്തോളമെന്ന് തിരിച്ചറിയാനായി. കെ.പി, അബു സാർ എന്നിവർക്കൊപ്പം കഴിഞ്ഞ കാലത്ത് ചെമ്മാട് ദാറുൽ ഹുദയിലും നന്തി ദാറുസ്സലാമിലും ചെന്ന് ജേണലിസം ക്ലാസെടുക്കാൻ അന്ന് ജൂനിയറായ ഈ കുറിപ്പുകാരന് കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെ സങ്കേതങ്ങളായിരുന്ന ശ്രീധരന്റെ എൻ.ബി.എസിലേയും രാംദാസ് വൈദ്യരുടേയും സ്ഥാപനത്തിലേയും ചിരി സദസ്സുകൾ സജീവമാക്കിയിരുന്നത് കെ.പിയാണ്. പുഞ്ചിരി തൂകുന്ന ഭാവവുമായി മാത്രമേ കുഞ്ഞിമൂസക്കയെ കണ്ടിട്ടുള്ളു. എന്റെ പ്രവാസ ജീവിതം ആരംഭിച്ചത് 1999ൽ. കഴിഞ്ഞ രണ്ട് ദശകങ്ങൾക്കിടെ രണ്ടു തവണ സൗദി അറേബ്യ സന്ദർശിക്കാൻ അദ്ദേഹമെത്തിയിരുന്നു. മലയാളം ന്യൂസ് പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ കെ.പി കുഞ്ഞിമൂസ എന്ന ബൈലൈനായി പത്രം അന്വേഷിച്ച് നടക്കുന്നവരെ കണ്ടിട്ടുണ്ട്. വിട പറഞ്ഞ മലയാളം ന്യൂസ് സ്ഥാപക പത്രാധിപർ ഫാറൂഖ് ലുഖ്മാനുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു. ജിദ്ദയിലെ വിവിധ വേദികളിൽ പ്രസംഗിച്ച അദ്ദേഹം പോയ കാലത്തെ മഹാന്മാരായ ലീഗ് നേതാക്കളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി. ഇഫ്താർ സംഗമങ്ങളിലെ സാന്നിധ്യവും രസകരമായ ഓർമയാണ്. പിന്നീട് സുഹൃത്ത് അമ്പലപ്പള്ളിയ്‌ക്കൊപ്പം ഹജ് നിർവഹിക്കാനെത്തിയ വേളയിലെ അനുഭവങ്ങളെ ആധാരമാക്കി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹജ് തീർഥാടകർക്ക് വഴികാട്ടിയായി മലയാളത്തിൽ ധാരാളം ഗ്രന്ഥങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. സമൂഹത്തിന് വേണ്ടി കണ്ണും കാതും തുറന്നിരിക്കുന്ന ഒരു മുതിർന്ന പത്രപ്രവർത്തകന്റെ രചന എന്ന നിലയിലാണ് കെ.പി കുഞ്ഞിമൂസയുടെ തീർഥാടന സ്മൃതികൾ വ്യത്യസ്തമാകുന്നത്. തീർഥാടകരുടെ പാർപ്പിട കേന്ദ്രങ്ങളിലെ സ്പന്ദനം ഹജ് ദിനങ്ങളിൽ ഒപ്പിയെടുത്തത് പ്രസിദ്ധപ്പെടുത്തിയതാണ് ഈ പുസ്തകം. തലശ്ശേരിയിലാണ് ജനനമെങ്കിലും കോഴിക്കോട് നഗരമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. കേരളത്തിലെ മിക്ക പത്രം ഓഫീസുകളിലും ചാനൽ സ്റ്റുഡിയോകളിലും റേഡിയോ സ്റ്റേഷനുകളിലുമുള്ളവരെ സംബന്ധിച്ചിടത്തോളം അപൂർവ വിവരങ്ങൾ ശേഖരിക്കാനുള്ള സർവ വിജ്ഞാനകോശമായിരുന്നു അദ്ദേഹം. കൊച്ചിയിലും തിരുവനന്തപുരത്തുമായി ആരംഭിച്ച പുതിയ മലയാളം ടെലിവിഷൻ ചാനലുകളെല്ലാം ഉത്തര കേരളത്തിന്റെ സവിശേഷതകളെ കുറിച്ച് റഫറൻസിനായി സമീപിച്ചിരുന്നത് ഈ മുതിർന്ന പത്രക്കാരനെയായിരുന്നു. ഇന്റർനെറ്റ് സർച്ച് എൻജിനുകളായ ഗൂഗിളിലോ, ബിംഗിലോ, മമ്മായിലോ തെരഞ്ഞാൽ ലഭിക്കുന്നതല്ല ഇത്തരം കാര്യങ്ങൾ. സുവർണ ജൂബിലി സംസ്ഥാന സ്‌കൂൾ യുവജനോത്സവം കോഴിക്കോട്ട് അരങ്ങേറിയപ്പോൾ എഴുത്തുകാരുടെ സംഗമത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബിൽ തലമുറകളുടെ സംഗമം സംഘടിപ്പിക്കാനും മുൻപന്തിയിലുണ്ടായിരുന്നു. ചന്ദ്രികയിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ഒരു പ്രസിദ്ധീകരണാലയം സ്ഥാപിച്ചു. കടലാസും പേനയുമില്ലാത്ത ഇ-കാലത്ത് എന്തിനാണ് ഇത്രയും പണം മുടക്കി സാഹസികത എന്ന് ചോദിച്ചവരുണ്ടായിരുന്നു.
കോഴിക്കോട്-വയനാട് റോഡിൽ വ്യാപാരഭവനിലുള്ള മൈത്രി ബുക്‌സ് എന്ന പ്രസിദ്ധീകരണ ശാലയുടെ തുടക്കം എന്തിനായിരുന്നുവെന്ന് കാലം തെളിയിച്ചു. ബാലൻസ് ഷീറ്റോ, അക്കൗണ്ട് ബുക്കോ സൂക്ഷിക്കാനില്ലാത്ത ഈ പുസ്തകശാല പണം കൊയ്യാനുള്ള ഉപാധിയല്ല. സീനിയർ ജേണലിസ്റ്റുകളും ഗ്രന്ഥകർത്താക്കളും സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം അവിടെ സംഗമിച്ചു.

കെ.പി. കുഞ്ഞിമൂസ ഇതിനകം നിരവധി കൃതികൾ രചിച്ചു. ഈത്തപ്പഴത്തിന്റെ നാട്ടിലൂടെ എന്ന യാത്രാവിവരണ ഗ്രന്ഥമാണ് പ്രഥമ കൃതി. ഗൾഫ് നാടുകൾ സന്ദർശിച്ചെഴുതിയതാണിത്. 1986-ൽ പ്രസിദ്ധീകരിച്ച കല്ലായ് മുതൽ ബ്രഹ്മപുത്ര വരെ എന്ന യാത്രാവിവരണ കൃതിയുടെ അവതാരിക എഴുതിയ പ്രശസ്ത പത്രപ്രവർത്തകൻ കെ.എം. റോയ് ഗ്രന്ഥകാരന്റെ പ്രത്യേക ശൈലിയെ പരാമർശിക്കുന്നു. പത്രപ്രവർത്തകൻ എഴുതിയ യാത്രാവിവരണ കൃതിയായതിനാലാണ് പ്രകൃതിഭംഗി വർണിക്കുന്നതിനൊപ്പം ജീവിത യാഥാർഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതെന്നും റോയ് എടുത്തു പറഞ്ഞിട്ടുണ്ട്. ചിരിക്കാൻ മറന്നവരെ ചിരിപ്പിക്കാൻ കോഴിക്കോട്ട് യശഃശരീരനായ രാമദാസ് വൈദ്യർ മുൻകൈയെടുത്ത് രൂപീകരിച്ച ഹാസ്യവേദിയുടെ മുൻ നിര പ്രവർത്തകനായിരുന്ന ഇദ്ദേഹത്തിന്റെ സ്ഥായിയായ ഭാവവും നർമം തന്നെ. ഇരുചക്ര വാഹനക്കാർക്ക് പ്രതികരിക്കാൻ ടു വീലേഴ്‌സ് അസോസിയേഷനുണ്ടാക്കിയപ്പോഴും മുൻപന്തിയിൽ ഇദ്ദേഹമുണ്ടായിരുന്നു. അസുഖം ബാധിച്ച് കിടപ്പിലായവരെ സന്ദർശിക്കാൻ ജാതി, മത, അവാന്തര വിഭാഗ പരിഗണനകളില്ലാതെ സമയം കണ്ടെത്തുന്നുവെന്നതും ഉത്തമ മാതൃകയാണ്. കാര്യങ്ങൾ ഓർത്തുവെക്കാനുള്ള അത്ഭുതകരമായ കഴിവ്, നിസ്സാരമെന്നു തോന്നാവുന്നതിന്റെ വിശദാംശങ്ങൾ അന്വേഷിക്കാനുള്ള ത്വര, ഊർജസ്വലത, സംഘാടക പ്രതിഭ എന്നിവയാണ് വ്യത്യസ്തനാക്കിയത്. എഴുതിയ പത്രമാസികകളുടെ എണ്ണത്തിന്റെ കാര്യത്തിലും കുഞ്ഞിമൂസയ്ക്ക് റിക്കാർഡുണ്ട്. അഞ്ചര പതിറ്റാണ്ടിനിടയിൽ നൂറിൽപരം വ്യത്യസ്ത പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിന് ലേഖനങ്ങൾ അച്ചടിച്ചു.
ഗൾഫിലെത്തിയപ്പോൾ പലപ്പോഴും ഓർമപ്പെടുത്താറുള്ളത് സ്വന്തമായി വീട് വേണമെന്ന കാര്യമാണ്. കോഴിക്കോട് കല്ലായിയിൽ 2018 സെപ്തംബറിൽ ഗൃഹപ്രവേശന ചടങ്ങിലായിരുന്നു ഏറ്റവും ഒടുവിലത്തെ കൂടിക്കാഴ്ച. കെ പി കുഞ്ഞിമൂസയെ കുറിച്ചുള്ള ഓർമ്മപ്പുസ്തകം മാർച്ച് ആദ്യ വാരത്തിൽ തലശ്ശേരിയിൽ ഇ ടി മുഹമ്മദ് ബഷീർ എം പി സഹൃദയസമക്ഷം സമർപ്പിച്ചു. കെ.പിയുടെ മകൾ വി.എം ഷെമി ആദ്യ പ്രതി ഏറ്റുവാങ്ങി.നമ്മുടെ ഇടയിൽ ഏറെ സജീവ സാന്നിധ്യമായിരുന്ന ഒരാൾ നമ്മെ വേർപെട്ടു ഓർമ്മയായി മാറിയ പ്രകരണത്തിലാണ് ഈ ഓർമ്മ ചിത്രങ്ങളുടെ പ്രസിദ്ധീകരണമെന്നു പുസ്തകത്തിന്റെ എഡിറ്ററും അനുസ്മരണ സമിതി ചെയർമാനായ പ്രൊഫ.എ.പി സുബൈർ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.
മൂന്നു ഭാഗങ്ങളായി രൂപ കല്പന ചെയ്ത ഈ ഗ്രന്ഥത്തിൽ ആദ്യഭാഗത്തിൽ ചരിത്രത്തിന്റെ പുറമ്പോക്കിൽ ഒറ്റപ്പെട്ടുപോയ ആയിരങ്ങളെ ചരിത്രത്തിലേക്ക് ചേർത്തുവെച്ച കെ. പി കുഞ്ഞിമൂസയെ കുറിച്ച് സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ 55 എഴുത്തുകാർ ഓർമ്മകൾ പങ്കു വെക്കുന്നു. മറ്റു രണ്ടു ഭാഗങ്ങളിൽ കെ. പി യുടെ രചനാ വൈഭവത്തെ കുറിച്ചും ഹാസ്യ വൈഭവത്തെ കുറിച്ചും പ്രതിപാദിക്കുന്നു .പഴയ തലശ്ശേരി ബ്രണ്ണൻ കോളേജ് സഹപാഠിയെ മുഖ്യമന്ത്രി പിണറായി വിജയനും, താൻ കെ എസ് യു പ്രസിഡണ്ട് ആയിരുന്ന കാലത്തു എം എസ് എഫിന്റെ അമരക്കാരനായിരുന്ന കെ പിയെ കുറിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ജീവിതത്തിലുടനീളം എല്ലാവരെയും സ്‌നേഹിക്കാനും തെറ്റുകൾ കാണുമ്പോൾ വിമർശിക്കാനും മടികാണിക്കാത്ത കുഞ്ഞിമൂസ പുതുതലമുറക്ക് മികച്ച മാതൃകയാണെന്നു പൊതുജീവിതത്തിൽ കുഞ്ഞിമൂസയുടെ സ്‌നേഹാദരങ്ങൾ ആവോളം അനുഭവിച്ച മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും അനുസ്മരിക്കുന്നു. 272 പേജുകളുള്ളതാണ് ഈ പുസ്തകം. പ്രകാശന ചടങ്ങിൽ പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ എം. സി വടകര അനുസ്മരണ പ്രഭാഷണം നടത്തി. കെ. കെ മാരാർ, ഷംസുദ്ദീൻ തിരൂർക്കാട്, സി. ഒ. ടി അസീസ് ,ശ്രീധരൻ, ചൂര്യായി ചന്ദ്രൻ, പ്രൊഫ. എ. പി സുബൈർ ,അഡ്വ.പി. വി സൈനുദ്ദീൻ, കെ.പി യുടെ മകൾ ഷെമി തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു.






