മുംബൈ- ടീം ഇന്ത്യയിലേക്ക് മറ്റൊരു മലയാളി താരം കൂടി. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ പെയ്‌സ് ബൗളർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി. രഞ്ജി ട്രോഫിയിലെയും, ന്യൂസിലാന്റ് എക്കെതിരെ കളിച്ച ഇന്ത്യ എ ടീമിലെയും മികച്ച പ്രകടനങ്ങളാണ് 24കാരന് തുണയായത്.
ഇന്ത്യൻ ടീമിലെത്തുന്ന നാലാമത്തെ കേരള താരമാണ് ബേസിൽ തമ്പി. മൂന്നാമത്തെ പെയ്‌സ് ബൗളറും. ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവരാണ് മുമ്പ് ഇന്ത്യൻ കുപ്പായമണിഞ്ഞ കേരള താരങ്ങൾ. ഐ.പി.എല്ലിൽ ഗുജറാത്ത് ലയൺസ് താരമാണ് ഈ എറണാകുളം സ്വദേശി.
ബേസിലിനുപുറമെ പുതുമുഖങ്ങളായ വാഷിംഗ്ടൺ സുന്ദർ, ദീപക് ഹൂഡ എന്നിവരെയും പതിനഞ്ചംഗ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.പി.എല്ലിൽ പൂനെയുടെ താരമാണ് പതിനെട്ടുകാരനായ സുന്ദർ. ഹരിയാനക്കാരനാണെങ്കിലും ബറോഡക്ക് കളിക്കുന്ന താരമാണ് ഹൂഡ.
വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയാണ് ക്യാപ്റ്റൻ. മുൻ ക്യാപ്റ്റൻ മഹേന്ദ്ര ധോണിയും ടീമിലുണ്ടാവും. ശ്രീലങ്കക്കെതിരെ മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
ഇതിനുപുറെ ദക്ഷിണാഫ്രിക്കക്കെതിരായ പതിനേഴംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ഇതാദ്യമായി ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്കൻ പിച്ചുകളുടെ സ്വഭാവം കണക്കിലെടുത്ത് അഞ്ച് പെയ്‌സ് ബൗളർമാരെയാണ് ടീമിലെടുത്തിരിക്കുന്നത്. മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഇശാന്ത് ശർമ എന്നിവരാണ് മറ്റുള്ളവർ. കോഹ്‌ലി നയിക്കുന്ന ടീമിൽ ഒപ്പണർമാരാവാൻ മൂന്ന് പേരുണ്ട്: ശിഖർ ധവാൻ, മുരളി വിജയ്, ലോകേഷ് രാഹുൽ. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയും, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പാർഥിവ് പട്ടേലിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ കളിക്കാരെയും ഫോമിന്റെ അടിസ്ഥാനത്തിലാണ് ടീമിൽ ഇടം നല്കിയതെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ് പറഞ്ഞു. ടെസ്റ്റ് മത്സരങ്ങൾക്ക് രണ്ടാം വിക്കറ്റ് കീപ്പർ ആവശ്യമാണെന്നതിനാലാണ് വൃദ്ധിമാൻ സാഹക്കുപുറമെ പാർഥിവിനെ കൂടി എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.