Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഹുറൂബില്‍ മാറ്റമില്ല; ചെലവ് വഹിക്കേണ്ടത് പുതിയ കമ്പനി

ജിദ്ദ- സൗദി അറേബ്യയിലെ പുതിയ തൊഴില്‍ നിയമങ്ങളുടെ പശ്ചാത്തലത്തിലും ഹുറൂബില്‍ മാറ്റമില്ല. തൊഴിലാളി ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ രേഖപ്പെടുത്തുന്നതാണ് ഹുറൂബ്. കഫാല സമ്പ്രദായം അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പഴയ ഹുറൂബ് കേസുകള്‍ എന്താകുമെന്നാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടത്. എന്നാല്‍ ഹുറൂബ് കേസുകള്‍ പഴയതു പോലെ തന്നെയായിരിക്കുമെന്നാണ് ജവാസാത്ത് നല്‍കുന്ന വിശദീകരണം.
കഫീലിന്റെ ഇടപെടല്‍ കൂടാതെയും ഹുറൂബ് നീക്കാമെന്നതുള്‍പ്പെടെ മൂന്ന് മാര്‍ഗങ്ങളാണ് ഇഖാമയില്‍നിന്ന് ഹുറൂബ് ഒഴിവാക്കാന്‍ നിലവിലുള്ളത്.
തൊഴിലാളിയുടെ ഒളിച്ചോട്ടം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അത് നീക്കുകയെന്നത് ഇപ്പോഴും പ്രയാസം തന്നെയാണ്. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ശിര്‍ വഴി ഹുറൂബ് നീക്കാന്‍ കഴിയില്ല. ഇതിനായി സ്‌പോണ്‍സര്‍ ജവാസാത്ത് സന്ദര്‍ശിക്കുക തന്നെ വേണം.
ഹുറൂബ് രേഖപ്പെടുത്തി 15 ദിവസം കഴിഞ്ഞാല്‍ സ്‌പോണ്‍സര്‍ ജവാസാത്തില്‍ എത്തിയാലും ഒഴിവാക്കാന്‍ സാധ്യമല്ല. നിയമവിരുദ്ധമായി സ്‌പോണ്‍സര്‍ എന്തെങ്കിലും ആവശ്യപ്പെട്ടതിന് വഴങ്ങാത്തതിന് പ്രതികാരമാണ് ഹുറൂബ് രേഖപ്പെടുത്തിയതെന്നും അന്യായമാണെന്നും തെളിയിക്കാനായാല്‍ മാത്രമേ സ്‌പോണ്‍സറുടെ ഇടപെടല്‍ ഇല്ലാതെ ഹുറൂബ് നീക്കാന്‍ കഴിയുകയുള്ളൂ.
15 ദിവസം പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ കഫീലിനെ അനുനയിപ്പിച്ച് ഹുറൂബ് നീക്കാനുള്ള നടപടി സ്വീകരിക്കുന്നതാണ് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം. ഇങ്ങനെ വരുമ്പോള്‍ സ്‌പോണ്‍സര്‍മാര്‍ പലപ്പോഴും അധികം പണം ആവശ്യപ്പെടാറുണ്ട്. ഹുറൂബ് നീക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് പ്രവാസി തൊഴിലാളികളില്‍നിന്ന് പണം പിടുങ്ങുന്ന ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്.

തര്‍ഹീലില്‍ റിപ്പോര്‍ട്ട് ചെയ്ത് നാട്ടിലേക്ക് മടങ്ങാമെന്നതാണ് ഹുറൂബുകാര്‍ക്ക് മുന്നിലുള്ള അവസാന മാര്‍ഗം. ഹുറൂബില്‍ കുടുങ്ങിയ പ്രവാസികളില്‍ പലരും ഈ മാര്‍ഗം സ്വീകരിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇങ്ങനെ പോകുന്നവർക്ക് പുതിയ തൊഴില്‍ വിസയില്‍ സൗദിയിലേക്ക് മടങ്ങാനാവില്ല.

നേരത്തെയുള്ളതുപോലെ പുതിയ സ്‌പോണ്‍സറാണ് വര്‍ക്ക് പെര്‍മിറ്റിന്റേയും ഇഖാമയുടേയും ഫീസ് നല്‍കേണ്ടതെന്ന് മാനാവ ശേഷി സാമൂഹിക വികസന മന്ത്രാലയം സ്ഥിരികരിച്ചു.
പുതിയ പരിഷ്‌കരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വന്നിട്ടില്ല. സ്‌പോണ്‍സര്‍ വിസമ്മതിച്ചതുകാരണം നാല് വര്‍ഷമായി ഇഖാമ പുതുക്കിയില്ലെന്നും പുതിയ ജോലി ലഭിച്ചാല്‍ ഫീസ് ആരു വഹിക്കണമെന്ന ചോദ്യത്തിനാണ് ഈ മറുപടി.

എന്നാല്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതകള്‍ വിരളമാണ്. കാലാവധിയുള്ള ഇഖാമ ഇല്ലാത്തവരെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ പൊതുവെ തയാറല്ല. ഇഖാമയില്‍ മൂന്ന് മാസത്തെ കാലാവധിയെങ്കിലും വേണമെന്നാണ് കമ്പനികള്‍ തൊഴിലന്വേഷകരുടെ മുന്നില്‍ വെക്കാറുള്ള നിബന്ധന.

 

Latest News